ലേഖനം : എന്റെ ആത്മാവ് ദാഹിക്കുന്നു | സോനു സക്കറിയ, ഏഴംകുളം

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ, ചൂടേറിയ കാലഹരി മരുഭൂമി. പല വന്യമൃഗങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. എല്ലാവർഷവും ഫെബ്രുവരി മുതൽ ഏപ്രിൽ വരെ പെരുമഴക്കാലമാണ്. പിന്നീടുള്ള മാസങ്ങളിൽ പതിയെപ്പതിയെ കാലാവസ്ഥ ചൂടിലേക്ക് മാറും.

post watermark60x60

മഴക്കാലത്ത്, ചെറുതും വലുതുമായ കാലഹരി നദികൾ നിറഞ്ഞൊഴുകും. മഴ മാറുന്നതോടെ മിക്ക നദികളും വറ്റിവരളും. ചില വലിയ നദികളിൽ മാത്രം കുറഞ്ഞ അളവിൽ ജലം ശേഷിക്കും.

നദികളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികൾക്ക് ചൂടുകാലം പരീക്ഷണത്തിൻ്റെതാണ്. ഏറ്റവും അടുത്തുള്ള ശ്രോതസ്സ് വറ്റുമ്പോൾ, അവ ജലം അന്വേഷിച്ചുള്ള യാത്ര ആരംഭിക്കും. അനേകമൈലുകൾ അവയ്ക്ക് താണ്ടേണ്ടി വന്നേക്കാം. ഇവിടങ്ങളിലെ മൃഗങ്ങളിൽ പലതിനും ജലലഭ്യതയുള്ള ദിക്ക് മനസ്സിലാക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. അതിൽത്തന്നെ, സർവ്വസാധാരണ ജീവിയായ മാനിൻ്റെ കാര്യം എടുത്തു പറയേണ്ടതാണ്.

Download Our Android App | iOS App

സങ്കീർത്തനങ്ങൾ 42-ൽ നാം കാണുന്നതുപോലെ, മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ എപ്പോഴും കാംക്ഷിക്കും. ജലം ലഭിക്കാതിരുന്നാൽ തൻ്റെ ജീവൻ നഷ്ടപ്പെടുമെന്ന് തിരിച്ചറിവുള്ള ആ ജീവി, കാതങ്ങൾ താണ്ടി നീർത്തോടുകളിലേക്ക് യാത്രയാകുന്നു. വഴിയിൽ കടിച്ചുകീറുവാൻ കാത്തിരിക്കുന്ന ദുഷ്ടജന്തുക്കളുണ്ട് എന്നതോ, താണ്ടേണ്ട ദൂരം വളരെയുണ്ട് എന്ന വസ്തുതയോ, യാത്ര അതികഠിനമാണ് എന്നുള്ളതോ, മാനിനെ പുറകോട്ട് വലിക്കുന്നില്ല.

ദൈവത്തോടു ചേരുവാൻ അതിയായി കാംക്ഷിക്കുന്ന ഭക്തൻ്റെ ആത്മാവിനും മറ്റുള്ളതൊന്നും ഒരു വിഷയമല്ല. ദൈവസാന്നിധ്യമാണ് അവൻ്റെ ഒരേയൊരു വാഞ്ച. സാഹചര്യങ്ങൾ നോക്കാതെ, പ്രതിബന്ധങ്ങളെ ഭയക്കാതെ, ദൈവസാന്നിധ്യം എന്ന അതിവാഞ്ചയിൽ ഓടുന്ന ഭക്തൻ.

ദൈവസാന്നിധ്യത്തിൽ അല്ലെങ്കിൽ തനിക്ക് നിലനിൽപ്പിലെന്ന തിരിച്ചറിവ് വന്നാൽ, ഒരു ദൈവപൈതൽ ഉദാസീനനാവുകയില്ല. കഴിയുന്ന സമയത്തെല്ലാം ദൈവത്തോട് ചേർന്നിരിപ്പാനുള്ള അത്യാർത്തി തന്നിലുണ്ടാകും. മറ്റുള്ളവർ നിന്ദിച്ചാലും, ശത്രു വെല്ലുവിളിച്ചാലും, ജീവിതച്ചൂട് തളർത്തിക്കളഞ്ഞാലും, അവൻ പിന്മാറുകയില്ല.

എൻ്റെ വാഞ്ച എന്താണ് എന്ന് നോക്കിയാൽ, ഞാൻ ആരാണ് എന്ന് മനസ്സിലാക്കാം. ജഢികമനുഷ്യൻ ശരീരത്തിന് വേണ്ടിയോ, ഭൗതികത്തിന് വേണ്ടിയോ, ലോകത്തിന് വേണ്ടിയോ ഓടുമ്പോൾ, യഥാർത്ഥ ആത്മീയൻ ദൈവത്തോടു ചേർന്നിരിക്കുവാനുള്ള അതിയായ വാഞ്ചയോടെയാണ് ഓടുന്നത്. വല്ലപ്പോഴുമല്ല, സാഹചര്യം അനുകൂലമാകുമ്പോൾ മാത്രമല്ല, എല്ലാസമയങ്ങളിലും ദൈവത്തിനായി ആഗ്രഹിക്കുന്ന ദൈവപൈതൽ.

എന്താണ് നമ്മുടെ ആഗ്രഹം? ദാഹം? എല്ലായ്‌പ്പോഴും ഉറപ്പോടെ, ഇപ്രകാരം പറയാൻ നാം പ്രാഗൽഭ്യമുള്ളവരായിരിക്കട്ടെ –
“എൻ്റെ ആത്മാവു ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ, ദാഹിക്കുന്നു.”

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

You might also like