ചെറുചിന്ത : പഴുപ്പു മാറണം | ഷൈൻ കടമക്കുടി

കുട്ടിക്കാലത്ത് കളികൾ നമുക്ക് എല്ലാവർക്കും ഒരു ലഹരിയാണ്. ക്ലാസ്സ് കഴിഞ്ഞു വന്നാലുടൻ പലതരം കളികളുടെ പൂരമാണ്. കോൽക്കളി, കോഴിക്കുഞ്ഞും മക്കളും, പന്തേറ് കളി , കച്ച് കളി , തുടങ്ങിയ രസകരമായ പലതരം കളികൾ .

ഇന്ന് മൊബൈലാണ് കുട്ടികളുടെ കളിക്കളം . അവരിന്ന് ആനന്ദം കണ്ടെത്തുന്നത് മൊബൈലിൽ ആയിതീർന്നിരിക്കുന്നു. സമൂഹത്തിന്റെ തുടിപ്പുകൾ അറിയുവാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം.

നേരത്തെ സൂചിപ്പിച്ച കളികളിൽ ഒന്നാണ് മരത്തടിയുടെ മുകളിലൂടെയുള്ള നടത്തം . അതായത് മുറിച്ചു കഷണങ്ങളാക്കിയ മരത്തടിയുടെ മുകളിലൂടെയുള്ള നടത്തം .അങ്ങനെ കളിയിൽ മുഴുകി നിൽക്കുമ്പോൾ പെട്ടെന്ന് എന്റെ കാൽ വഴുതിവീണു. കളി കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ, സേഫിറ്റി പിന്നു കുത്തിയ എന്റെ ബാഗിനെ ഒന്നു കണ്ണോടിച്ചു അടുക്കളയിലേക്ക് ഓടി , പഠിക്കാൻ മടിയാണെ!
ആമാശയത്തിന്റെ നിലവിളികൾക്കു വിരാമമിടാൻ കപ്പയും അയലക്കറിയും എന്നെ സഹായിച്ചു !

രാത്രിയായപ്പോൾ വീഴ്ചയുടെ മുറിവ് പഴുപ്പായി മാറി.ഏകദേശം ഒരു മാസത്തോളം പഴുപ്പ് നിറഞ്ഞു വേദനിക്കുന്ന കാലുമായി ഞാൻ കഴിച്ചുകൂട്ടി.

ഒരു ദിവസം എന്റെയും ചേട്ടന്റെയും സുഹൃത്തും നാട്ടുകാരനുമായ ബൈജു ചേട്ടന്റെ കടയിലെത്തി. പുഴയോടു ചേർന്നാണ് കട സ്ഥിതിചെയ്യുന്നത്. നാട്ടു വർത്തമാനങ്ങൾക്കിടയിൽ കാലിലെ മുറിവ് തന്റെ ശ്രദ്ധയിൽപ്പെട്ടു. അപകടം മനസ്സിലാക്കിയ അദ്ദേഹം എന്നെ പുഴയോടു ചേർത്തുനിർത്തി ഒരു കടലാസെടുത്ത് പുഴവെള്ളത്തിൽ മുക്കി എന്റെ കാലിലെ മുറിവു നിറഞ്ഞ ഭാഗത്തെ ചർമ്മം മുഴുവൻ ഉരച്ചു കളഞ്ഞു. പഴുപ്പു മുഴുവൻ താൻ ഞ്ഞെക്കി പുറത്താക്കി.

അപ്പോൾ എന്റെ കണ്ണിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കണ്ണുനീർ ഒഴുകി വന്നു. അണകെട്ടി കിടന്ന എന്റെ പഴുപ്പു മുഴുവൻ താൻ നീക്കിക്കളഞ്ഞു. അപ്പോൾ തന്നെ വേദന ശമിക്കുകയും ചെയ്തു. ശേഷം എനിക്ക് വേണ്ട മുറിവെണ്ണയും മറ്റും തന്നു വിട്ടു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.

പഴുപ്പ് മാറിയ ദിവസം ഞാൻ സുഖമായി കിടന്നുറങ്ങി.

പ്രിയരേ, കേവലം ദ്രവിച്ചു പോകുന്ന ശരീരത്തിനു വേണ്ടി ഇത്രത്തോളം വേദന സഹിച്ചു എങ്കിൽ, നമ്മുടെ അകത്തെ മനുഷ്യനുവേണ്ടി നാം എത്രത്തോളം ശ്രദ്ധ കൊടുക്കണം ?

അപ്പോസ്തലനായ പത്രോസ്, തന്റെ ലേഖനത്തിൽ ഓർമിപ്പിച്ച ജഡ മോഹങ്ങളെ വിട്ടൊഴിയണം എന്നുള്ള കാര്യം ഒരിക്കൽ കൂടി നാം ചിന്തിക്കണം.

നമ്മെ അടിമകളാക്കി മാറ്റുന്ന പാപമെന്ന് പഴുപ്പിനെ ദിനംപ്രതി ക്രിസ്തുവിൻറെ രക്തത്താൽ കഴുകി ശുദ്ധീകരിക്കേണ്ടതും,മാനസാന്തരത്തിന്റെ ചുടു കണ്ണീർ ഒഴുകേണ്ടതും അതിപ്രധാനമായ കാര്യമാണ്. യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നുവെന്ന് യോഹന്നാൻ അപ്പോസ്തലൻ തന്റെ ലേഖനത്തിൽ നമ്മോട് പറഞ്ഞിട്ടുള്ളതാണ്. പൂർണ്ണ പ്രത്യാശ നമുക്ക് ക്രിസ്തുവിൽ ഉണ്ട്.

ഓർക്കുക ! പാപമെന്ന പഴുപ്പിനെ നീക്കുമ്പോൾ സമാധാനം നമ്മിലേക്ക് ഒഴുകിവരും.

അതിനു ദൈവം ഏവരെയും സഹായിക്കട്ടെ .

ഷൈൻ കടമക്കുടി

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading