കണ്ടതും കേട്ടതും: മനുഷ്വത്വം മരിക്കാതിരിക്കട്ടെ | പ്രിൻസി വർഗ്ഗീസ്

കോവിഡ് എന്നത് ഒരു രോഗത്തിന്റെ പേരാണെങ്കിലും അത് ഒരു കാലം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. “കോവിഡ് കാലം”

ഈ കോവിഡ് കാലത്ത് നാം കേട്ടിട്ടില്ലാത്തതായ പുതിയ കാര്യങ്ങൾ മനുഷ്യ ജീവിതത്തിലേക്ക് കടന്നുവന്നു. മാസ്ക് ഉപയോഗം, സാനിറ്റൈസർ, സാമൂഹിക അകലം അങ്ങനെ പലതും മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

മനുഷ്യത്വത്തിന്റെയും മനുഷ്യത്വം ഇല്ലായ്മയുടെയും പല തലങ്ങൾ നമുക്ക് ഈ കോവിഡ് കാലത്ത് മനസ്സിലാക്കുവാൻ കഴിഞ്ഞു. ആശുപത്രികളിൽ ദിവസങ്ങളായി വീട്ടിൽ പോകാതെ ബന്ധുമിത്രാദികളെ കാണാതെ രാവും പകലും ജോലിചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, പോലീസുകാർ രാഷ്ട്രീയനേതാക്കൾ, മൃതദേഹങ്ങൾ സംസ്കരിക്കുന്നവർ അങ്ങനെ ഒരുപാട് പേർ.

പേരെടുത്തു പറയേണ്ട കുറേപ്പേർ നന്മയുടെ പ്രതീകമായി നമ്മുടെ ഇടയിൽ ഉണ്ട്. അതിൽ ഒരാളാണ് ആറുമാസം പ്രായമായ കുഞ്ഞിനെ രക്ഷിതാക്കൾക്ക് കോവിഡ് നെഗറ്റീവ് ആകും വരെ സംരക്ഷിച്ച എറണാകുളം സ്വദേശിയായ സാമൂഹ്യപ്രവർത്തക മേരി അനിത. ക്വറന്റീനിൽ ഇരിക്കെ പാമ്പുകടിച്ച ഒന്നര വയസ്സുകാരിയെ രക്ഷിച്ച് ജനൽ മാത്യു.

അതുപോലെ മറ്റുള്ളവരുടെ സഹായവും പ്രതിഫലവും പ്രതീക്ഷിക്കാതെയും സഹായഹസ്തങ്ങൾ നീട്ടുന്ന ഒരുപാടു പേർ നമുക്ക് ചുറ്റും ഉണ്ട്. കോവിഡ് കാലത്തെ പല മനുഷ്യത്വം ഇല്ലായ്മയും നാം ഇതിനോടകം കണ്ടു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം, ഡോക്ടർമാരായ ദമ്പതികളെ വീട്ടിൽ പൂട്ടിയിടുക, കോവിഡ് മൂലം മരിച്ച ആളുകളുടെ മൃതദേഹം സംസ്കരിക്കുന്ന പ്രശ്നമുണ്ടാക്കുന്ന നാട്ടുകാർ, പ്രവാസിയെ വീട്ടിൽ കയറ്റാത്തവർ അങ്ങനെ ഒരുപാട് നീചമായ പ്രവർത്തികൾ (ഫേസ്ബുക്ക് പോസ്റ്റുകളിലും വാട്സപ്പ് സ്റ്റാറ്റസുകളും കോവിഡിനെ പറ്റിയുള്ള അനേകം സന്ദേശങ്ങൾ എന്നാൽ പ്രവർത്തിയിൽ അത് എവിടെയും കാണാൻ കഴിയുന്നില്ല.)

ക്വറന്റീനിൽ ഇരിക്കുന്ന ഒരു വ്യക്തി വീട്ടിലുണ്ടെങ്കിൽ ആ കുടുംബങ്ങളെ അവഗണിക്കുക എന്നു തുടങ്ങി പലരീതിയിൽ ഉള്ള മനുഷ്യത്വമില്ലായ്മ കൾ ഇപ്പോൾ പുതിയതായി കണ്ടു വരുന്ന ഒരു തരം പ്രവർത്തി കൂടിയാണ്.

ആൾതാമസം ഇല്ലാത്ത പല വീടുകളും ഇപ്പോൾ ക്വറന്റീനിൽ സൗകര്യത്തിനായി എടുക്കുന്നുണ്ട്. വീട്ടിൽ ക്വറന്റീനിൽ സൗകര്യമില്ലാത്തവർക്കുവേണ്ടിയാണിത്, അങ്ങനെയുള്ളവർ ഇതുപോലെയുള്ള വീടുകളെ ആശ്രയിക്കുന്നു. എന്നാൽ തങ്ങളുടെ വീടുകൾ ഇതുപോലെ കൊടുക്കേണ്ടി വരുമോ എന്ന ചിന്തയിൽ കോവിഡ് നെ പോലും ഭയക്കാതെ പലരും അന്യസംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു(യാത്ര ചെയ്യുന്നത് ഈ അവസരത്തിൽ യോജിച്ചതല്ല എന്നറിഞ്ഞിട്ടും) അവരുടെ അടഞ്ഞു കിടക്കുന്ന ഭവനങ്ങളിൽ താമസിക്കാനായി വരുന്നു.

പ്രീയമുള്ളവരെ അന്യസംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും ജോലി നഷ്ടപ്പെട്ടു അവിടെ നിൽക്കാൻ കഴിയാതെ വരുന്നവർ ആണ് പലരും. അങ്ങനെയുള്ളവർക്ക് അവരുടെ വീട്ടിൽ സൗകര്യമില്ലാതെ വരുമ്പോൾ ആണ് അവർ മറ്റു വീടുകളെ ആശ്രയിക്കുന്നത്.

നമ്മളിൽ പലർക്കും വീട് ഉണ്ടായിട്ടും പുറത്തു ജോലിയോടനുബന്ധിച്ച് ആയിരിക്കുന്നവരായിരിക്കും. നിങ്ങളുടെ വീട് 14 ദിവസത്തേക്ക് ഒരു വ്യക്തിക്ക് താമസിക്കാൻ കൊടുത്തു എന്നുവച്ച് ഒന്നും സംഭവിക്കാനില്ല. നിങ്ങൾക്ക് ഉടനെ നാട്ടിലേക്ക് വരാനുള്ള പദ്ധതി ഇല്ലെങ്കിൽ നിങ്ങളുടെ വീട് ഒരാൾക്കെങ്കിലും ഉപകരിക്കട്ടെ. ഒരുപാട് കഷ്ടപ്പെട്ടും ആഗ്രഹിച്ചും ആണ് എല്ലാവരും വീട് വയ്ക്കുന്നത്. നിങ്ങൾ അതിൽ ഒരു ദിവസം പോലും ഉറങ്ങിയിട്ടുണ്ടാവില്ലെങ്കിലും നിങ്ങൾ വെച്ച വീട് മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ അതിൽ പരം നന്മയില്ല.

ദൈവം നമുക്ക് ദാനം നൽകിയ വീടുകൾ സാമൂഹിക നന്മയ്ക്കായി ഉപകരിക്കുക. ഒന്നു ഭയക്കാനില്ല. വീട്ടിൽ താമസിക്കുന്ന വ്യക്തി അഥവാ പോസിറ്റീവ് ആവുകയാണെങ്കിൽ വീടു മുഴുവനും അണുവിമുക്തം ആക്കും.

നാളെ നിങ്ങൾക്കോ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കോ ആണ് ഇങ്ങനെ ഒരു ആവശ്യം വരുന്നതെങ്കിലോ? ഒരു പ്രളയം വന്നാൽ തീരാവുന്നതേയുള്ളൂ പല സമ്പാദ്യങ്ങളും.

നാം കെട്ടി ഉറപ്പിച്ചിരിക്കുന്ന പലതും നഷ്ടപ്പെട്ടു പോകും. അത് മറ്റൊരാൾക്ക് ഉപകാരപ്പെടുന്നതല്ലേ നല്ലത്. കൊറോണ എന്ന രോഗം ചിലർക്കുമാത്രം വരാവുന്ന ഒന്നല്ല. ലോകത്തുതന്നെ 24 മണിക്കൂറും ഹെൽത്ത് ടീം കൂടെയുള്ള വലിയ പ്രശസ്തരായ വ്യക്തികൾക്കും വരുന്നു. നാളെ എനിക്കും നിങ്ങൾക്കും വന്നേക്കാം. രോഗിയുടെ ശവസംസ്കാരത്തിന് അനുവദിക്കാത്ത നാട്ടുകാരെ നാളെ ഞാനോ നിങ്ങളോ ഈ രോഗം വന്ന് മരിച്ചേക്കാം.

കോവിഡ് രോഗം സമ്പർക്കത്തിലൂടെ വരുന്ന ഒന്നാണ്. എനിക്ക് വരില്ല എന്ന ചിന്തയാണ് പലർക്കും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. ആളുകൾ കൂടുന്നിടത്ത് ആവശ്യമില്ലാതെ സഞ്ചരിച്ചു രോഗം വന്നു കഴിയുമ്പോൾ പ്രവാസികളെയും ഗവൺമെൻറ് നെയും അല്ല കുറ്റപ്പെടുത്തേണ്ടത്.

അനാവശ്യമായ യാത്രകൾ ആഘോഷങ്ങൾ മാറ്റിവയ്ക്കുക, കല്യാണവും, ശവസംസ്കാരവും പോലുള്ളവ നിർദ്ദേശിച്ചിട്ടുള്ള ആളുകളുടെ എണ്ണത്തിൽ നടത്തുക, ബന്ധുവീടുകൾ സന്ദർശിക്കുമ്പോൾ മാസ്കുകൾ വയ്ക്കുക. പലരും ബന്ധുവീടുകൾ സന്ദർശിക്കുമ്പോൾ മാസ്ക് വയ്ക്കാറില്ല. പുറത്തുനിന്ന് ഏതു വ്യക്തി നിങ്ങളുടെ വീട്ടിൽ വന്നാലും അത് സ്വന്തം മാതാപിതാക്കൾ ആകട്ടെ, സഹോദരങ്ങൾ ആകട്ടെ മാസ്ക് നിർബന്ധമായി ഉപയോഗിക്കുക. നമ്മുടെ ഒരു ചെറിയ അശ്രദ്ധ മൂലം വലിയൊരു വിപത്തിനെ വിളിച്ചു വരുത്താതിരിക്കുക.

മാസങ്ങളായി വീടുകളിൽ പോകാതെയും ഉറ്റവരെ കാണാതെയും പുറത്തിറങ്ങാതെയും ജോലിചെയ്യുന്ന നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും നാമോർക്കണം. നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് അവർ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നത്. അതുകൊണ്ട് എനിക്കും എൻറെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല ബാക്കിയുള്ളവർക്ക് എന്തുസംഭവിച്ചാലും അതെനിക്ക് വിഷയമല്ല എന്ന മനോഭാവം മാറ്റിയെ തീരു.

പ്രിൻസി വർഗ്ഗീസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.