താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു.

കോഴിക്കോട്: താമരശേരി രൂപതയുടെ മൂന്നാമത് മെത്രാനായിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച രാത്രി കോഴിക്കോട് നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച താമരശേരി മേരീ മാതാ കത്തീഡ്രൽ ദേവാലയത്തിൽ.
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി കുടുംബത്തിൽ 1934 ഫെബ്രുവരി 7 ന് പോൾ ജനിച്ചു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം വൈദീക പരിശീലനത്തിനായി 1953 ൽ തൃശൂർ മൈനർ സെമിനാരിയിൽ ചേർന്നു. ഫിലോസഫി പഠനം ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കി ദൈവശാസ്ത്ര പഠനത്തിനായി റോമിലെ പ്രൊപഗാന്തെ ഫീദെ കോളേജിലെത്തി. 1961 ഒക്ടോബർ 18 ന് റോമിൽ വച്ച് വൈദികനായി. 1966 ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്റ്ററേറ്റ് സ്വീകരിച്ച് നാട്ടിൽ തിരിച്ചെത്തി.

post watermark60x60

തൃശുർ അതിരൂപതയിലെ ആളൂർ, വല്ലച്ചിറ എന്നീ ഇടവകകളിലെ ശുശ്രൂഷയ്ക്കു ശേഷം അതിരൂപത ജുഡീഷ്യൽ വികാർ, ചാൻസലർ എന്നീ നിലകളിൽ സേവനം ചെയ്ത ഫാ പോൾ ചിറ്റിലപ്പിള്ളിയെ മാർ ജോസഫ് കുണ്ടുകുളം 1978 ൽ രൂപത വികാരി ജനറലായി നിയമിച്ചു. ഈ കാലഘട്ടത്തിൻ തൃശൂർ സെൻ്റ് തോമസ് കോളേജിൻ്റെ മാനേജറായും പ്രവർത്തിച്ചു.

1988 ആഗസ്റ്റ് 24 ന് സീറോ മലബാർ സഭയുടെ കല്യാൺ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാക്കപ്പെട്ടു. 9 വർഷത്തെ കല്യാൺ രൂപതയിലെ സേവനത്തിന് ശേഷം 1997 ഫെബ്രുവരി 8 ന് താമരശ്ശേരി രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2010 ഏപ്രിൽ 8 ന് രൂപത അദ്ധ്യക്ഷ പദവിയിൽ നിന്നും വിരമിച്ച് താമരശ്ശേരിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു .

-ADVERTISEMENT-

You might also like