ഫീച്ചർ: നൂറ് തൊട്ട വിർച്ച്വൽ മീറ്റിംഗ് | എഡിസൺ ബി.ഇടയ്ക്കാട്

കൊറോണയും ലോക്ക്ഡൗണും സമ്മാനിച്ചത് വിരസതയാണെന്ന് പറയുമ്പോഴും അനിയന്ത്രിതമായ ആരാധനയ്ക്കും സാധ്യത ഒരുക്കി എന്നത് സത്യമല്ലേ. ആഴ്ചകളിൽ മുൻ നിശ്ചയിക്കപ്പെട്ട നിലയിൽ നടത്തുന്ന മീറ്റിംഗുകൾ നിലച്ചെങ്കിലും വിർച്ച്വൽ മീറ്റിംഗിലൂടെ ആരാധനകൾ സജീവമാണെന്ന് കാലം തെളിയിച്ചു. കോവിഡ് കാലത്തെ ഓൺലൈൻ ആരാധനകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിനോടൊപ്പം ചേർക്കുന്ന ഒരു വിർച്ച്വൽ മീറ്റിംഗിന്റെ റിപ്പോർട്ട്. ഓൺലൈൻ മീറ്റിംഗ് പരമ്പര 100 തൊട്ടതിന്റെ സന്തോഷത്തിൽ എഴുതിയ റിപ്പോർട്ടാണിത്.

കടപ്പാട് : ഷാജൻ ജോൺ, ഇടയ്ക്കാട്

ഞങ്ങളുടെ ആലുവിളയിൽ കുടുംബയോഗം ഇന്ന് നൂറിൻ്റെ നിറവിൽ

ഇതോടൊപ്പം ഞാൻ പോസ്റ്റ് ചെയ്യുന്ന കാർഡ് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടിയാണ്

ലോക്ഡൗൺ നാളുകളിൽ ഞങ്ങൾ കുടുംബമായി തീരുമാനിച്ചു വിർച്വൽ കുടുംബ പ്രാർത്ഥന ആരംഭിച്ചു. കുടുംബം എന്നാൽ അല്പം വിശാല അർത്ഥത്തിലാണ് അതായത് വിശാല കുടുംബം.

ആദ്യഘട്ടത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാത്രി 9 മുതൽ 10.30 വരെയായിരുന്നു യോഗം.

രണ്ടാം ഘട്ടം ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കി.

10 മുതൽ 15 ലൊക്കേഷനുകളിൽ നിന്നായി 20 മുതൽ 35 പേർ വരെ സംബന്ധിക്കുന്ന രീതിയിലാണ് ക്രമീകരണം.

പരമാവധി പങ്കാളിത്തം കാര്യക്രമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
എല്ലാവരും ഒന്നിച്ചു വളരാനും ആശ്വാസം പ്രാപിപ്പാനും കഴിയുന്ന ഡിസൈൻ മീറ്റിംഗുകൾക്കുണ്ടായിരുന്നു.

എല്ലാ ദിവസവും എല്ലാവരും സംബന്ധിക്കുമെങ്കിലും ബുധനാഴ്ചകൾ പൂർണമായും മീറ്റിംഗ്‌ സഹോദരിമാരും വെള്ളിയാഴ്ച കുട്ടികളും മാത്രമാണ് കാര്യപരിപാടിയിൽ ഉൾക്കൊണ്ടിരുന്നത്.
ബാക്കി ദിവസങ്ങൾ എല്ലാവർക്കും തുല്യ പങ്കാളിത്തവും. ചുരുക്കത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ അവസരങ്ങൾ നല്കി അവരെ കൂടുതൽ കർമ്മോത്സുകരാക്കുവാൻ കുടുംബ പ്രാർത്ഥനയിൽ പ്രത്യേകം ശ്രദ്ധിച്ചു.

എല്ലാവരുടെയും വിശേഷാൽ പ്രോഗ്രാമുകൾ വിലയിരുത്തുന്നതിനും സൌകര്യമൊരുക്കിയിരുന്നു. കുട്ടികൾ സന്തോഷത്തോടെ പ്രോഗ്രാം അവതരിപ്പിച്ചിട്ട് വിലയിരുത്തലിനായി കാത്തിരിക്കുമായിരുന്നു.

ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം പ്രോഗ്രാമുകൾ കണ്ട് ഞങ്ങളുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ട്.

വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഒട്ടനവധി ആത്മീക പരിപാടികൾ രൂപപ്പെടുത്തുന്നതിനും അവതരിപ്പിക്കുന്നതിനും വേദിയൊരുക്കി.

വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നടത്തിയ ബൈബിൾ ക്വിസുകൾ കൗതുകമുണർത്തി.

കുട്ടികൾ പാട്ടുകൾ എഴുതി ട്യൂൺ ചെയ്തു പാടുന്നതിനും വേദിയൊരുങ്ങി.

ഹൃദ്യമായ ചിന്തകളുമായി എന്നും ഓരോരുത്തർ ലഘു പ്രസംഗങ്ങളുമായെത്തി.
മിക്കവരും അദ്ധ്യക്ഷരും പ്രസംഗകരുമായി ഒരു തവണയെങ്കിലും പ്രാർത്ഥനയെ ധന്യമാക്കി.

ബന്ധങ്ങളുടെ ഊഷ്മളത വർദ്ധിച്ചു. അവധിക്കു നാട്ടിൽ വരുമ്പോൾ പോലും പലർക്കും ഒന്നിച്ചു കാണാൻ പോലും കഴിയാറില്ലായിരുന്നല്ലോ.

വിവിധയിടങ്ങളിൽ പാർക്കുന്നവർ ഒത്തൊരുമിച്ചു നാട്ടിലെത്തിയിരുന്നേയില്ലായിരുന്നല്ലോ.

Zoom മുറിയിലൂടെ പ്രാർത്ഥനയ്ക്കെത്തുമ്പോൾ അടുത്തടുത്ത മുറിയിൽ ഇരിക്കുന്ന പ്രതീതി, എത്ര ഹൃദ്യം ആനന്ദം.

മാതാപിതാക്കൾ പോലും മ്യൂട്ടും അൺ മുട്ടും ഒക്കെ കൃത്യമായി ചെയ്തെന്നു മാത്രമല്ല. ജോയിൻ മീറ്റിംഗൊക്കെ ചിരപരിചിതരെ പോലെ ഹൃദിസ്ഥമാക്കി.

ലോക്ഡൗണിൻ്റെ വിരസ ദിനങ്ങളിൽ ഉടുത്തൊരുങ്ങി ചർച്ചിൽ പോകുന്ന പോലെയാണ് പലരും പ്രാർത്ഥനയ്ക്കെത്തിയത്.

ഒറ്റയ്ക്കും കുടുംബമായും വിവിധ രാജ്യങ്ങളിൽ ചിതറിപ്പാർക്കുന്നവർ വിവരങ്ങൾ പങ്കുവച്ചു ബന്ധം ദൃഢമാക്കി. പ്രാർത്ഥനയിലൂടെ പരസ്പരം താങ്ങായി.

സ്നേഹവും പ്രാർത്ഥനയും കുടുംബത്തിൻ്റെ അതിർവരമ്പുകളും താണ്ടുന്നവയായിരുന്നു.

പല ശരീരമായവർ ഒരു മനസ്സോടെ ജീവിതത്തിൻ്റെ കഠിന നാളുകൾ താണ്ടിയപ്പോൾ മനസിൽ ആശ്വാസത്തിൻ്റെ കുളിർമഴ പെയ്തു കൊണ്ടേയിരുന്നു.

ആ മഴയുടെ തണുപ്പും ജീവനും
തുടരുന്നു……
അതു തുടർന്നും ജീവിതത്തിൽ പച്ച വിരിയിക്കും എന്നാശിക്കുന്നു.

ഇന്ന്
ഞങ്ങൾ നൂറാം ദിവസത്തിൽ എത്തുന്നു. ഞങ്ങളുടെ കുട്ടികൾ ഇന്നത്തെ പ്രോഗ്രാം മനോഹരമാക്കും.
അതാണു സന്തോഷം
മക്കളുടെ മുന്നേറ്റം കണ്ടു സായൂജ്യമടയാൻ കഴിയുന്നതെത്ര ഭാഗ്യം.

സകല പുകഴ്ചയും ദൈവത്തിന്
ഇത്തരം ഒരു ആശയം നല്കിയതിന്
ഞങ്ങളെ ഇത്രത്തോളമെത്തിച്ചതിന്.

ഈ വിഷയം ഇന്നു വരെ പൊതുയിടത്തിൽ പറഞ്ഞില്ല.
ഇന്നു പറഞ്ഞത് മറ്റൊന്നിന്നുമല്ല.
വിജയിച്ച ഈ പരീക്ഷണം
നടത്തി നോക്കുവാൻ
എൻ്റെ സ്നേഹിതരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രം.

നമ്മുടെ കുട്ടികളെ മുൻനിർത്തി കുടുംബ പ്രാർത്ഥനകൾ രൂപപ്പെടുത്തുവാൻ സന്തോഷത്തോടെ ഞാൻ വീണ്ടും ഉത്സാഹിപ്പിക്കുന്നു.

തയ്യാറാക്കിയത് : എഡിസൺ ബി.ഇടയ്ക്കാട്
കടപ്പാട് : ഷാജൻ ജോൺ, ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.