സമകാലികം: ദുബായിൽ ആദ്യ ഔദ്യോഗിക സിനഗോഗ് ഉടൻ | പാസ്റ്റർ സണ്ണി പി. സാമുവൽ

ദുബായ് എമിറേറ്റിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സിനഗോഗ് ഉടൻ ഉണ്ടാകുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അബ്ദുൽ കരീം ഹനീഫ തയ്യാറാക്കിയ വിശദമായ വാർത്ത 2020 ഓഗസ്റ്റ് 26ന് അതിരാവിലെ 6.20 നാണ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സിനഗോഗ് തുറക്കുന്നതിനായി ദുബായ് സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യൂദ കൗൺസിൽ ഓഫ് എമിറേറ്റ്സ് പ്രസിഡൻറ് റോസ് ക്രീയേൽ പറയുന്നു.

post watermark60x60

“അബ്രഹാമിൿ ഫാമിലി ഹൗസ്” എന്ന പേരിൽ അബുദാബിയിലെ സാദിയാത് ദ്വീപിൽ ആരംഭിക്കുന്ന പ്രത്യേക പ്രോജക്ട് ആണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് ആരംഭം കുറിച്ചത്. അബ്രഹാമിന്റെ കുടുംബ വീട് പദ്ധതിപ്രകാരം മതസഹിഷ്ണുതയുടെ പ്രതീകമായി ഒരു പള്ളിയും ഒരു മോസ്കും ഒരു സിനഗോഗും ഒരേ ക്യാമ്പസിൽ തന്നെ ഉണ്ടാകും. ഈ കൂറ്റൻ ഇൻറർ ഫെയ്ത്ത് കോംപ്ലക്സിനായുള്ള പദ്ധതികൾ അനാവരണം ചെയ്തത് 2019-ൽ ആയിരുന്നു. പോപ്പ് ഫ്രാൻസിസ് അബുദാബി സന്ദർശിച്ച വേളയിൽ പോപ്പും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയെബും ഒപ്പിട്ട പദ്ധതിയാണ് “അബ്രഹാമിൿ ഫാമിലി ഹൗസ്.” 2022 -ൽ പണി പൂർത്തിയാകുന്ന ഈ പദ്ധതി സുപ്രസിദ്ധ ബ്രിട്ടീഷ് ആർക്കിടെക്റ്റ് സർ ഡേവിഡ് അദ്ജായെ ആണ് ഡിസൈൻ ചെയ്തത്. മോസ്ക് മക്കയിലെ ക്ആബയിലേക്കും സിനഗോഗിന്റെ പ്രസംഗപീഠം യെരൂശലേമിലേക്കും പള്ളിയുടെ അൾത്താര സൂര്യന് അഭിമുഖമായും ദർശനം വരത്തക്കവിധം ആയിരിക്കും പണി കഴിപ്പിക്കുക. ഓരോ ആരാധനാലയത്തിലേക്കും തെരുവിൽ നിന്നും പ്രത്യേകം പ്രത്യേകം പ്രധാന പ്രവേശന കവാടങ്ങൾ ഉണ്ടായിരിക്കും.

നിന്റെ അയല്ക്കാരനെ സ്നേഹിക്കുക, അവനു നന്മ ചെയ്യുക, അവനെ സഹായിക്കുക. പരസ്പരം ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്ന ലോകത്തിൽ നാം അന്യോന്യം വിഘടിക്കപ്പെട്ടു കിടക്കുന്നു.” യുഎഇ ഡിപ്പാർട്ട്മെൻറ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറയുന്നു. “അബ്രഹാമിന്റെ കുടുംബ വീട് പദ്ധതി ജനങ്ങളെ തമ്മിൽ അടുപ്പിക്കും. യു.എ.ഇ.യിൽ യെഹൂദാ, ക്രിസ്ത്യൻ, മുസ്ലിം വിശ്വാസ സമൂഹങ്ങൾ ഉണ്ട്. അവർക്ക് അവരുടെ മത വിശ്വാസങ്ങൾ സ്വാതന്ത്ര്യത്തോടെ ആചരിക്കുന്നതിനും അപ്പോൾ തന്നെ മറ്റ് വിശ്വാസങ്ങളിൽ നിന്നും കൂടുതൽ പഠിക്കുന്നതിനും ഒരിടമാണ് ഞങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം പറയുന്നത് വെറും വീൺ വാക്കല്ല എന്ന് നമുക്കറിയാം. ക്രൈസ്തവ ആരാധനാലയങ്ങൾ അനുവദിക്കുകയും ശുശ്രൂഷകന്മാരെ ഔദ്യോഗികമായി അംഗീകരിച്ചു അവർക്ക് പ്രീസ്റ്റ് വിസ നല്കുകയും ചെയ്യുന്ന ഏക അറബ് രാജ്യം യു.എ.ഈ ആണല്ലോ.

Download Our Android App | iOS App

ചരിത്രപരമായ യു.എ.ഇ-യിസ്രായേൽ സമാധാന ഉടമ്പടി മൂലം (അബ്രഹാമിൿ അക്കോർഡ്) ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതോടെ, എമിറേറ്റ്‌സിൽ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനുള്ള അവസരം കൈവന്നതായി സമൂഹം ഇപ്പോൾ വിശ്വസിക്കുന്നു.

“ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയിൽ നിന്ന് അനുമതി തേടുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ഔപചാരികമാക്കുന്നതിന് സർക്കാർ ശക്തമായി പിന്തുണച്ചിട്ടുണ്ട്,” ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കമ്മ്യൂണിറ്റി നേതാവ് ക്രിയേൽ പറഞ്ഞു.

ആയിരത്തോളം അംഗങ്ങൾ ഉള്ള ഇരുന്നൂറോളം കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ജൂത സമൂഹമാണ് യു.എ.ഈ-യിൽ ഉള്ളത്. 2015 മുതൽ അവർ ബർ-ദുബായിയിലെ ഒരു വില്ലയിൽ കൂടി വരികയും പ്രാർത്ഥന യോഗങ്ങൾ നടത്തുകയും പെരുന്നാൾ അത്താഴം ആചരിക്കുകയും ചെയ്തു വരുന്നു. പുതിയ സിനഗോഗ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആരാധനാലയമായി മാറുമ്പോൾ സമൂഹത്തിന്റെ ഒത്തു ചേരുന്നതിന് വിശാലമായ ഇടമാണ് ലഭിക്കുവാൻ പോകുന്നത്.

പുതിയ സിനഗോഗിന്റെ ഔദ്യോഗിക ഉദ്ഘാടന തീയതി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യഹൂദരുടെ ‘ഹൈ ഹോളിഡേയ്‌സ്’ എന്നറിയപ്പെടുന്ന പെരുന്നാൾ കാലഘട്ടത്തിൽ തങ്ങൾക്ക് ഉടൻ തന്നെ സന്തോഷവാർത്ത ലഭിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. 2020 സെപ്റ്റംബർ18-ന് വെള്ളിയാഴ്ച സന്ധ്യയോടെ ആരംഭിച്ച് 20 ഞായറാഴ്ച സന്ധ്യയോടെ അവസാനിക്കുന്ന യെഹൂദാ പുതുവൽസരാരംഭം (രോശ് ഹശാന) സദ് വാർത്ത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.

2019 മെയ് 27ന് റബ്ബി യെഹൂദ സർന യു.എ.ഇ-യിലെ യഹൂദ കുടിയേറ്റ സമൂഹത്തിന്റെ ആദ്യത്തെ ചീഫ് റബ്ബിയായി നിയമിക്കപ്പെട്ടിരുന്നു.

“യു.എ.ഇ-യും യിസ്രായേലും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപിച്ചതിനാൽ രാജ്യത്തെ ജൂതന്മാർക്ക് അവരുടെ സ്വത്വത്തെക്കുറിച്ച് കൂടുതൽ ആശ്വാസം തോന്നുന്നു,” ക്രിയേൽ പറഞ്ഞു. “യു.എ.ഈ., യിസ്രായേലിനെ അംഗീകരിക്കുന്നതു വരെ, ഞങ്ങളുടെ സമൂഹത്തിലെ പല അംഗങ്ങൾക്കും തങ്ങളുടെ യഹൂദ സ്വത്വം പൂർണ്ണമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് തോന്നി. അബ്രഹാമിക് ഉടമ്പടിയുടെ ഈ സുപ്രധാന പ്രഖ്യാപനത്തിലൂടെ, ആളുകൾ തങ്ങളുടെ വിശ്വാസം പ്രഖ്യാപിച്ച് ഞങ്ങളുടെ സ്വീകാര്യത ഏറ്റെടുക്കുമെന്നും, യു.എ.ഇ.യിലെ മറ്റെല്ല മനോഹരമായ മതങ്ങളുടെ ഇടയിൽ ഇടം നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചർത്തു.

കമ്മ്യൂണിറ്റിയുടെ ആരംഭം

കോവിഡ് -19 മഹാമാരിക്കു നടുവിലും വലുതും സ്ഥിരവുമായ ഒരു സ്ഥലത്തേക്ക് മാറുന്നതിന്, സിനഗോഗ് ക്രയേലിന്റെ സ്വകാര്യ വസതിയിലേക്ക് മാറ്റി. 2013 ൽ കമ്മ്യൂണിറ്റി ആദ്യമായി കൂടി വന്നതും ഇവിടെയാണ്. പ്രാർത്ഥന സംഘത്തിന്റെ രൂപീകരണത്തിന് പിന്നിൽ ക്രിയേലും ബെൽജിയൻ പൗരനായ അലക്സ് പീറ്റർഫ്രണ്ടും ഉണ്ട്.
കമ്മ്യൂണിറ്റി പ്രാർത്ഥനകളെ നയിക്കുന്ന, ശുശ്രൂഷാ മദ്ധ്യേ ആരാധനാക്രമം ആലപിക്കുന്ന ക്യാന്ററായും അലെക്സ് പ്രവർത്തിക്കുന്നു.

“എന്റെ പ്രിയ സുഹൃത്ത് അലക്സിനൊപ്പം എന്റെ വീട്ടിൽ ഒരു കമ്മ്യൂണിറ്റി തുടങ്ങി. അവിടെ ഇപ്പോൾ എല്ലാ ശനിയാഴ്ചയും ഞങ്ങളുടെ പ്രധാന ആരാധനയ്ക്കായി കൂടി വരുന്നു. അത് ശബ്ബത്തിന്റെ പ്രഭാതത്തിലാണ്,” ക്രിയേൽ കൂട്ടിച്ചേർത്തു.

ജൂത കൗൺസിൽ ഓഫ് എമിറേറ്റ്‌സ് പറയുന്നതനുസരിച്ച്, ദുബായ് സിനഗോഗ് തുറക്കുന്നതോടെ, ലോകമെമ്പാടുമുള്ള ജൂതന്മാർക്ക് യു.എ.ഇ സന്ദർശിക്കാൻ സാവകാശം സിദ്ധിക്കും.

റോസിന്റെ സ്വകാര്യ വസതിയിൽ, വിശുദ്ധ തിരുവെഴുത്ത് തോറ (Holy script Torah) ചുരുളുകളുടെ രൂപത്തിൽ ‘ആരോൻ കോദേശ്’ (Aaron Kodesh) എന്നറിയപ്പെടുന്ന അലങ്കാര പെട്ടകത്തിലാണ് സൂക്ഷിക്കുന്നത്. ‘വിശുദ്ധ പെട്ടകം’ എന്ന് അതിന്നർത്ഥം.

ആചാരമനുസരിച്ച് ന്യായപ്രമാണം വായിക്കണമെങ്കിൽ കുറഞ്ഞത് 10 പുരുഷന്മാരുള്ള ഒരു സഭ ആവശ്യമാണ്. അവർ യെരൂശലേമിന്റെ ദിശയിൽ അഭിമുഖമായി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനാ ശുശ്രൂഷ എങ്ങനെയെന്ന് വിശദീകരിച്ച റോസ് പറഞ്ഞു: “യജമാനൻ ഉയർന്ന സ്ഥലത്ത് നിന്ന് തോറയിൽ നിന്ന് വായിക്കുന്നു, മറ്റുള്ളവർ പ്രാർത്ഥനയിൽ പങ്കുചേരുന്നു. വിവാഹിതർ താലിറ്റ് എന്നു വിളിക്കുന്ന അവരുടെ പ്രാർത്ഥന ഷാളുകൾ ധരിക്കുന്നു. ഓർത്തഡോക്സ് ജൂതന്മാർ ആരാധനാ സമയം പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഇരിക്കുന്നു.”

യിസ്രായേലിനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി യു.എഈ., അംഗീകരിച്ചത് യിസ്രായേൽ ചരിത്രത്തിലും ബൈബിൾ പ്രവചനത്തിലും സുപ്രധാന സംഭവമാണ്. “എന്നാൽ അവരുടെ ലംഘനം ലോകത്തിന് ധനവും അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? (റോമർ:11:12). കൂടാതെ, “അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന് ഹേതുമായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പ് എന്നല്ലാതെ എന്താകും?” (റോമർ:11:15). യിസ്രായേലിന്റെ യഥാസ്ഥാനം അഥവാ രാഷ്ട്രസ്ഥാപനം ദൈവത്തിന്റെ പ്രവർത്തന പദ്ധതിയുടെ മികവായിരുന്നു. “ദൈവം ഉണ്ട് എന്നതിന് തെളിവ് എന്ത്” എന്ന് ഹിറ്റ്ലർ മുസോളിനിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “ദ ജ്യൂ ദെഹ് ഫൂറെർ ദ ജ്യൂ (യെഹൂദൻ അല്ലയോ നേതാവേ യെഹൂദൻ).” അതെ യെഹൂദൻ ദൈവത്തിന്റെ ഘടികാരം ആണ്. യിസ്രായേൽ എന്ന രാഷ്ട്രത്തെ ഒരു അറബ് രാജ്യം അംഗീകരിച്ചിരിക്കുന്നു. ഈ അംഗീകാരം മരിച്ചവരുടെ ഉയർപ്പ് ഉണ്ടാകും എന്നതിന്റെയും അത് ആസന്നമായി എന്നതിന്റെയും വ്യക്തമായ തെളിവാണ് എന്നാണ് പൗലോസ് ശ്ളീഹാ നമ്മെ ഓർമിപ്പിക്കുന്നത്.
തീർന്നില്ല: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലും നിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടു കൂടെ പോരുന്നു എന്നു പറയും” (സെഖർയ്യാവു:8:23). അതെ, ആസന്ന ഭാവികാല ലോകസംഭവങ്ങളിൽ യെഹൂദന് ഉള്ള പങ്ക് എന്താണെന്ന് ഈ പ്രവചനങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ഇതൊക്കെയും സംഭവിക്കുന്നതിനു മുമ്പ് വിശുദ്ധന്മാരുടെ പുനരുത്ഥാനവും ഉയർത്തെഴുന്നേൽപ്പും നടക്കുമല്ലോ. അതത്രെ നമ്മുടെ ഏക പ്രത്യാശ. അതിനായി നമുക്ക് ധൈര്യത്തോടെ മുന്നേറാം. ദൈവം അതിനായി നമ്മെ സഹായിക്കുമാറാകട്ടെ.

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ.

-ADVERTISEMENT-

You might also like