തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം !(ഭാഗം -8 ) |സജോ കൊച്ചുപറമ്പിൽ

അതിരാവിലെ വെട്ടുകത്തിയും എടുത്ത് റബ്ബര്‍ ടാപ്പിംഗിന് പോവുമ്പോള്‍ ഉപദേശിയുടെ പ്രസംഗം തീര്‍ന്നിട്ടില്ലായിരുന്നു,
പാട്ടും പ്രസംഗവും ഇതിനു മുമ്പും കേട്ടിട്ടുണ്ടെങ്കിലും പൂര്‍ത്തിയായോരു പ്രസംഗം അന്നാണ് അയാള്‍ മുഴുവനായി കേള്‍ക്കുന്നത്, “നിന്റെ ജീവിതത്തിന്റെ തകര്‍ച്ചയില്‍
നിന്നെ കരുതുന്നോരു യേശുവുണ്ട്….
നിന്റെ പാപങ്ങളെ അവന്‍ വഹിച്ചു…
നിന്റെ രേഗങ്ങളെ അവന്‍ ചുമന്നു ….
നിനക്കായി അവന്‍ മഹായാഗമായി …
തന്റെ ചുടുനിണത്താല്‍ അവന്‍ നിന്നെ വീണ്ടെടുത്തു …
അല്ലയോ സഹോദരന്‍മാരെ …
സഹോദരിമാരെ ….
എന്റെ യേശുകര്‍ത്താവ് നിങ്ങളെ സ്നേഹിക്കുന്നു ….
നമുക്ക് ആ രക്ഷകന്റെ പാദപീഠത്തിലേക്ക് ഒന്ന് അടുത്തുചെല്ലാം ….
അവന്റെ പാദപിന്‍തുടരാം…. ”

ആ മലമടക്കുകളെ ,റബ്ബര്‍തോട്ടങ്ങളെ, ഇടവഴികളെ ,നാട്ടിന്‍പുറങ്ങളെ പ്രകമ്പനം കൊള്ളിച്ച ഉപദേശിയുടെ വാക്കുകള്‍, റബ്ബര്‍ടാപ്പിംഗ് നടത്തികൊണ്ടിരുന്ന അയാളുടെ മനസ്സു പറഞ്ഞു .,
ഓ നാശം… ഒന്നു തീര്‍ന്നു കിട്ടിയെല്ലോ… സമാധാനമായി …!
ഉപദേശി പ്രസംഗത്തിനു ശേഷം മടങ്ങി.

കഴിഞ്ഞ ദിനങ്ങളില്‍ എങ്ങനെ മറിയാമ്മയുടെ മകനെ മാനസാന്തരപ്പെടുത്താം എന്ന ആലോചനയില്‍ നിന്നാണ് പരസ്യയോഗം എന്ന ആശയം ഉപദേശിയുടെ മനസ്സില്‍ തങ്ങുന്നത് , നേരെ വീട്ടില്‍ പോയി പ്രാര്‍ത്ഥിക്കാനോ സുവിശേഷം പറയാനോ പറ്റില്ല തല്ല് ഉറപ്പ് ഇതാകുമ്പോള്‍ കേള്‍വിയെ തടയുവാന്‍ കഴികയില്ല ,
“വിശ്വാസം കേള്‍വിയാലും കേള്‍വി ദൈവത്തിന്റെ വചനത്താലും വരുന്നു.”
എന്ന വാക്യത്തെ മുറുകെ പിടിച്ച ഉപദേശി എങ്ങനെയും വചനം അയാളുടെ ചെവികളിലെത്താന്‍ പ്രയത്നിച്ചു .

അടുത്ത ദിവസം പതിവുപോലെ റബ്ബര്‍ വെട്ടികൊണ്ടിരിക്കുമ്പോള്‍ വീണ്ടും അന്തരീക്ഷത്തിലൂടെ ആ ശബ്ദം ഒഴുകി എത്തി, “സകല ദേശവാസികള്‍ക്കും വീണ്ടും വരുന്നവനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എന്റെ സ്നേഹവന്ദനം ”
ഇന്ന് അയാളുടെ നാവുകളില്‍ നാശം എന്നോരു വാക്ക് വന്നില്ല പകരം അയാളുടെ ചെവികള്‍
ആ വാക്കുകള്‍ക്ക് ശ്രദ്ധവെച്ചു,

ക്രിസ്തു സഭയെ ക്രിസ്തുമാര്‍ഗ്ഗക്കാരെ ഉപദ്രവിക്കാന്‍ അധികാര പത്രവും വാങ്ങി ഇറങ്ങിയോരു ശൗലിനെ ദമസ്സ്ക്കോസിന്റെ പടിവാതില്‍ക്കല്‍ വെച്ചു രൂപാന്തരപ്പെടുത്തി ക്രിസ്തുസഭയുടെ അപ്പോസ്തോലനാക്കിയോരു മാനസാന്തരത്തിന്റെ ശബ്ദം,
ഇതുവരെ തെരുവിലൂടെ പോകുമ്പോള്‍ ഉപദേശിമാര്‍ തെരുവില്‍ പ്രസംഗിക്കുന്നതിന്റെ അറ്റവും മുറിയും കേട്ടിടുള്ള അയാളുടെ ഉള്ളില്‍ ആകെപ്പാടെ ഒരു വിങ്ങല്‍,
ഈ ഉപദേശി പ്രസംഗിക്കുന്നത് ഞാന്‍ എന്ന വ്യക്തിയെ കുറിച്ച് എന്നോടു തന്നെ ആണെന്നോരു തോന്നല്‍ അയാളെ ഉലയ്ക്കാന്‍ തുടങ്ങി,

ഉപദേശി പതിവു പോലെ പ്രസംഗം അവസാനിപ്പിച്ചു മടങ്ങി പക്ഷെ പതിവില്ലാതെ അയാളുടെ മനസ്സ് ചാഞ്ചാടി തുടങ്ങി, അന്തരീക്ഷം ആകെ ഇരുളുന്നോരു അനുഭവം അയാള്‍ കരുതി മദ്യപിക്കാന്‍ കഴിയാത്തതിനാല്‍ ആണെന്ന് അയാള്‍ പതിവുപോലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യം ഗ്ലാസിലേക്കു പകര്‍ന്നു,
പക്ഷെ അതിന്റെ മണം അയാളെ വല്ലാതെ അസ്വസ്ഥനാക്കി മനസ്സില്ലാ മനസ്സോടെ അയാള്‍ അത് കുടിച്ചിറക്കി,
എന്നിട്ടും മനസ്സിനെ നിയന്ത്രിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലായിരുന്നു.
ആ ഒരുദിനം മുഴുവന്‍ പലതരം ചിന്തകളാല്‍ അയാളുടെ മനസ്സ് പാഞ്ഞു,
ഒടുക്കം രാത്രിയുടെ നിദ്രയില്‍ ഉയര്‍ന്നു കേട്ട ചോദ്യം അയാളെ ആകെ അസ്വസ്ഥനാക്കി.

ശൗലെ …..ശൗലെ ……
നീ എന്നെ ഉപദ്രവിക്കുന്നതെന്ത് ..???

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.