പ്രചോദന സന്ദേശം: ജീവിതവിജയത്തിനുള്ള പഞ്ചശീലങ്ങൾ | പാ. സൈമൺ തോമസ്, കൊട്ടാരക്കര

ജീവിതവിജയമാണ് എല്ലാവരുടെയും ആഗ്രഹം. ആരും തോൽവി ആഗ്രഹിക്കാറില്ല. പക്ഷെ ജയവും തോൽവിയും ഇടകലർന്നതാണ് മനുഷ്യജീവിതം. ഉയർച്ചകൾ വരുമ്പോൾ സന്തോഷിക്കുകയും താഴ്ചകൾ വരുമ്പോൾ ദുഃഖിക്കുകയും ചെയുന്നു. ജീവിതം വിജയകരമായി തീരേണ്ടതിന് ശീലികേണ്ട അഞ്ചു വിധ തത്വങ്ങൾ താഴെ കൊടുക്കുന്നു.

1.അനുഭവം ഗുരു
——————————–
ഒരിക്കൽ ഒരു രാജാവും കുറെ സേവകരും കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. സേവകരിൽ ഒരാൾ ആദ്യമായിട്ടണ് കപ്പലിൽ യാത്ര ചെയ്യുന്നത്. യാത്ര തുടങ്ങിയ ഉടൻ അയാൾക്ക് ഭയമായി. അയാൾ ബഹളം വെയ്ക്കാനും നിലവിളിക്കാനും തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞിട്ടും അയാളിൽ ഒരു മാറ്റവും കണ്ടില്ല. ക്ഷമകെട്ട രാജാവ് അയാളെ കടലിൽ എറിയാൻ നിർദേശിച്ചു.വെള്ളം കുടിച്ചു മുങ്ങിത്താഴാറായപ്പോൾ അയാളെ തിരികെ കയറ്റി. പിന്നീട് അയാൾ ഒരു ശബ്ദവും ഉണ്ടാക്കാതെ യാത്ര ആസ്വദിക്കാൻ തുടങ്ങി.കൂടെയുള്ളവർ രാജാവിനോട് ചോദിച്ചു, ഇയാൾ എങ്ങനെയാണ് ഇത്ര ശാന്തനായത്. രാജാവ് പറഞ്ഞു:-മുങ്ങി താഴാൻ തുടങ്ങിയവൻ മുട്ടോളം വെള്ളം കണ്ടാൽ പേടിക്കില്ല.
ശീലങ്ങളിൽ നിന്നാണ് ശേഷികൾ രൂപപെടുന്നത്. കൊടുമുടികളിൽ മാത്രമല്ല, ഗർത്തങ്ങളിലും ജീവിക്കാൻ പഠിക്കണം. ശീലമില്ലാത്തവയെല്ലാം ആദ്യം ആസ്വസ്ഥത ഉണ്ടാക്കും. പക്ഷെ അവയെല്ലാം അനുദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അവയോട് അനുരൂപപ്പെടും.അനുഭവങ്ങളുടെ ആഴമാണ് അതിജീവനത്തിന്റെ ആദ്യപടി. പൗലോസ് പറയുകയാണ് “താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം, തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. “(ഫിലി 4:12).പൗലോസിനുണ്ടായ വെത്യസ്ഥമായ ജീവിതാനുഭവങ്ങൾ, ഏതൊരു അവസ്ഥയിലും വിജയകരമായ ക്രിസ്തീയ ജീവിതം നയിപ്പാൻ പൗലോസിന് പ്രചോദനമായി.

2.മനക്കട്ടി
———————-
ദൈവം എല്ലാവർക്കും താലന്തുകൾ നൽകിയിട്ടുണ്ട്. എനിക്കു അതിനുള്ള കഴിവില്ല, എന്നെകൊണ്ടു പറ്റുകയില്ല എന്നിങ്ങനെയുള്ള നിഷേധാന്മക ചിന്തകൾ പരാജയത്തെ ഉറപ്പിക്കുന്നു. മുൻവിധി, ഭയം, അലസത ഇവ മൂന്നും ‘അസാധ്യം ‘എന്ന വാക്ക് ഉരുവിടാൻ പ്രേരിപ്പിക്കുന്നു.
വലുതാകണമെങ്കിൽ ശരീരം മാത്രം വളർന്നാൽ പോര.മനസും വളരണം. ബാഹ്യരൂപത്തെക്കാൾ പ്രധാനമാണ് അന്തരികരൂപം.ആഗ്രഹിക്കുന്നിടത്തു എത്തി ചേരാൻ ഇല്ലാത്ത പലതും ആർജിക്കണം. ഉള്ള ചിലതു ഉപേഷിക്കുകയും വേണം. തോറ്റുവെന്ന് എല്ലാവരും തീർപ്പുകൽപ്പിക്കുന്നിടത്തു വിജയകൊടി പാറികേണ്ടത് മനക്കട്ടി കൊണ്ടാകണം. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാക്കുന്നു “(ഫിലി 4:13).

3.സ്വയം മാർക്കിടാം
———————————
സ്വയം വിലയിരുത്തലുകൾ വളർച്ചക്ക് ആക്കം കൂട്ടുന്നു. അതു തിരുത്തലുകൾക്ക് ഉതകും. തിരുത്തപെടേണ്ടത് തിരുത്താനുള്ള ആർജവം പരിഹസിക്കപെടേണ്ടതല്ല, മറിച്ചു ആദരിക്കപെടേണ്ടതാണ്. അവർ ഉയരങ്ങളിൽ എത്തും. “താൻ അല്പ നായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെ ത്താൻ വഞ്ചിക്കുന്നു.ഓരോരു ത്തൻ താന്താന്റെ പ്രവർത്തി ശോധന ചെയ്യട്ടെ, എന്നാൽ അവൻ തന്റെ പ്രശoസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നെ അടക്കി വയ്ക്കും. ”(ഗലാ 6:3, 4).

4.വകതിരിവും വിവേകവും
—————————
പഞ്ചസാരയും മണലും കൂട്ടികലർത്തിയാൽ ഉറുമ്പ് അതിൽ നിന്നും പഞ്ചസാര മാത്രമേ എടുക്കു.നീർകാക്ക വെള്ളത്തിൽ മുങ്ങി കിടന്നാലും പൊങ്ങുമ്പോൾ വെള്ളമെല്ലാം കുടഞ്ഞു കളയും. ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാൻ ശീലിക്കണം. അതിനു വേണ്ടത് വകതിരിവും വിവേകവുമാണ്. “വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂഷിക്കും”(സദൃശ 2:11).ഏതൊരു കാര്യവും നടപ്പിലാക്കുന്നതിനു മുൻ മ്പ് ബുദ്ധിപൂർവം തിരഞ്ഞെടുക്കാനുള്ള കഴിവാണ് വകതിരിവ്. മുമ്പിലുള്ള രണ്ടു വഴികളിൽ നിന്ന്‌ ശരിയായതു തിരഞ്ഞെടുക്കാനുള്ള കഴി വാണ് വിവേകം.

5.വേണം, ഉത്സഹം
———————————
എല്ലാ നഷ്ടങ്ങളെയും ദുർവ്യാഖ്യാനം ചെയ്യാൻ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘വിധി’.തലവര എന്നും പറയാറുണ്ട്. ചിലർ കൈരേഖയാണ് ജീവിതരേഖയെന്നു വിശ്വാസിക്കുന്നു. അപ്പോൾ കൈ ഇല്ലാത്തവർ എങ്ങനെ ജീവിതം കരുപിടിപ്പിക്കും. ഒരു കാര്യം തുടങ്ങാതിരിക്കാനും, തുടങ്ങിയത് പാതിവഴിയിൽ ഉപേക്ഷിക്കാനും പ്രേരകമായ ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം. കാരണങ്ങൾക്കപ്പുറം കാര്യങ്ങൾ ചെയ്യുന്നവരാണ് കർമശേഷിയുള്ളവർ. അതിനു കാലങ്ങളുടെ പരിശ്രമം വേണ്ടിവരും. ചുരുക്കി പറഞ്ഞാൽ കഷ്ടപ്പെട്ടു നേടിയെടുക്കണം. “മടിയൻ ഒന്നും വേട്ടയാടിപിടിക്കുന്നില്ല, ഉത്സഹമോ മനുഷ്യനു വിലയേറിയ സാമ്പത്താകുന്നു “(സദൃശ 12:27).മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല, ഉത്സാഹികളുടെ പ്രാണനോ പുഷ്ടിയുണ്ടാകും “(സദൃശ 13:4).
രണ്ടു കൈയും രണ്ടു കാലുമില്ലാത്ത ലോകപ്രസിദ്ധ സുവിശേഷപ്രസംഗകനും പ്രചോദന പ്രഭാഷകനുമായ നിക്ക് വുജിസിക്കന്റെ വാക്കുകൾ ശ്രദ്ധിക്കുക. ‘സ്വയം കഴിവില്ലെന്നും
ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ലെന്നും
സ്വയം തോന്നുകയാണെങ്കിൽ
അതു തീർച്ചയായും ഒരു കള്ളമാണ്. ‘

രണ്ടു കൈകൾ ഇല്ലാതെ കാർ ഓടിക്കുകയും, കാലുകൾ കൊണ്ട് മനോഹരമായി ചിത്രം വരക്കുകയും ചെയ്യുന്ന തൊടുപുഴയിലെ ജിലുമോൾ മരിയറ്റ് തോമസ് പറയുന്നത് ഇങ്ങനെ ‘എനിക്കു കരയണമെന്നുണ്ട്, പക്ഷെ കണ്ണിർ തുടയക്കാൻ കൈകളില്ലലോ. അതിനാൽ കരയാറില്ല. കൈകളില്ലെങ്കിലും ജീവിക്കണം. കാലുകൾ മാത്രം കൊണ്ടു ജീവിതം തുഴയാനാകുമെന്നും, ചിറകടിച്ചുയരാമെന്നും ലോകത്തിനു കാട്ടികൊടുക്കണം. എന്റെ വാശിയായിരുന്നു അത്. ‘

പാ. സൈമൺ തോമസ്, കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.