വിവർത്തനം: അവിശ്വസ്തരായിതീർന്ന രക്തസാക്ഷികൾ | ബെന്നി ഏബ്രാഹം

1928ൽ മാംഗ്ലൂരിലെ ബാസ്സൽ മിഷൻപ്രസ്സ് പുറത്തിറക്കിയ ‘ആദ്യ ക്രിസ്തുസഭയുടെ ജീവദശ’എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ Rev.Ch.Renz എന്ന ബാസ്സൽ മിഷ്യനറിയാണ്.ഈ പുസ്തകത്തിൽ നിന്നും എടുത്ത ഒരു സംഭവകഥ ഇവിടെ പകർത്തുന്നു.]
(Page no:89,90,91) “വീരത്വം കാണിച്ചു കിരീടം പ്രാപിപ്പാൻ പോകുന്ന സമയത്തിങ്കൽ അവിശ്വസ്തൻമാരായി ഭവിച്ചവരിൽ ചിലരെ ഞാൻ അറിയുന്നു അവരെ ഓർത്ത് കരയുകയും ചെയ്യുന്നു എന്നു സഭാപിതാവായ ‘സിപ്രിയൻ’ പറഞ്ഞു”
അന്ത്യോക്യാ പട്ടണത്തിൽ പാർത്തിരുന്ന ‘സിപ്രീത്സ്യുസ്’,’നിസ്ഫോറുസ്’ എന്ന രണ്ടാളുകൾ ഐക്യമത്യത്തോടുകൂടെ വളരെക്കാലത്തോളം ജീവിച്ചിരുന്നു.ഒരുനാൾ അവർ വേർപെട്ടു ഉഗ്രശത്രുക്കളായി വഴിയിൽ അന്യോന്യം കാണുന്ന സമയത്തിൽപോലും യാതൊരു വന്ദനവും പറയാതെ കടന്നുപോവാൻ തുടങ്ങി.അവരുടെ ഈ പെരുമാറ്റം അനേകർക്കു ഇടർച്ചയായി തീർന്നപ്പോൾ നിസ്ഫോറുസ് താമസമെന്നിയെ ചെന്നു അനുതപിച്ചു തന്റെ പൂർവികസ്നേഹിതനുമായി സമാധാനത്തിൽ ജീവിപ്പാൻ തീർച്ചപ്പെടുത്തി. അവന്റെ നാമത്തിൽ രണ്ടു പുരുഷന്മാർ സിപ്രീത്സ്യുസിന്റെ അടുക്കൽ ചെന്നു ക്ഷമചോദിച്ചെങ്കിലും എല്ലാംവെറുതെയായി എന്നു കണ്ടശേഷം അവൻ തന്നെചെന്നു സിപ്രീത്സ്യുസിന്റെ മുമ്പിൽ വീണു.. കർത്താവിനെ വിചാരിച്ചു എന്നോടു ക്ഷമിക്കണമെന്നു യാചിച്ചു.സിപ്രീത്സ്യൂസ് യാതൊരു ക്ഷമാഭാവവും കാണിച്ചില്ല.

ഏറെക്കാലം കഴിയാതെ വെലേറിയൻ ചക്രവർത്തിയുടെ കീഴിൽ ഭയങ്കരമുള്ളോരു ഹിംസാകാലം ആരംഭിച്ചു.സിപ്രീത്സ്യൂസ് പിടിക്കപ്പെട്ടു,നാടുവാഴിയുടെ മുമ്പാകെ കൊണ്ടുപോകപ്പെട്ടപ്പോൾ ക്രിസ്തുവിനെ വിട്ടു കള്ളദേവൻമാരെ സേവിക്കണമെന്നു നാടുവാഴി’ ചക്രവർത്തിയുടെ കൽപ്പനപ്രകാരം അവനോടു കൽപ്പിച്ചു,സിപ്രീത്സ്യുസ് സ്ഥിരമുള്ളവനായി പറഞ്ഞത് എന്തെന്നാൽ:-‘യേശുക്രിസ്തു സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായിരിക്കുന്ന ദൈവത്തിന്റെ പുത്രനും നമ്മുടെ രാജാവും ആകുന്നുവെന്ന് ക്രിസ്ത്യാനികളായ ഞങ്ങളെല്ലാവരും സ്വീകരിക്കുന്നു.ആകയാൽ യാതൊരു തിന്മയും നന്മയും ചെയ്യുവാൻ കഴിയാത്ത കള്ളദേവന്മാർ നശിച്ചുപോകട്ടെ’, എന്നായിരുന്നു അവന്റെ സാക്ഷ്യം.യാതകൻമാർ അവനെ ഭയങ്കരമാംവണ്ണം ഹിംസിച്ചതിൻ മദ്ധ്യേ ‘ചക്രവർത്തിയേ നിനക്ക് എന്റെ ശരീരത്തിൻമേൽ അധികാരമുള്ളതുകൊണ്ട് അതിനെ ഹിംസിക്കാം എങ്കിലും എന്റെ ആത്മാവിനെ സൃഷ്ടിച്ചിരിക്കുന്ന കർത്താവായ യേശുക്രിസ്തുവിനല്ലാതെ നിനക്ക് അതിന്മേൽ കർത്തവ്യമില്ലന്നു നീ അറിഞ്ഞുകൊള്ളുകാ’എന്ന് അവൻ പറഞ്ഞു.നാടുവാഴി അവനെ ശിരച്ഛേദം ചെയ്യുവാൻ കൽപ്പിച്ചു.
അവനെ കുലസ്ഥലത്തേക്ക് കൊണ്ടുപോകും വഴിയിൽ നിസ്ഫോറുസ്’ ഓടിവന്നു അവനെകണ്ടു ‘ക്രിസ്തുസാക്ഷിയേ ഞാൻ നിന്നെ വ്യസനിപ്പിച്ചിരിക്കുകയാൽ എന്നോടു ക്ഷമിക്കണമേയെന്നു അപേക്ഷിച്ചു,സിപ്രീത്സ്യൂസ് മൗനമായി കടന്നുപോകുകയും ചെയ്തു.കൂടെക്കൂടെ നിസ്ഫോറുസ് അവനോടു അപേക്ഷിച്ചെങ്കിലും സിപ്രീത്സ്യൂസ് ഒരു വാക്കുപോലും പറഞ്ഞില്ല.അവർ കുലസ്ഥലത്തെത്തി ഒരു പ്രാവിശ്യംകൂടെ നിസ്ഫോറുസ് ക്ഷമക്കായി യാചിച്ചു അവനോടു’യാചിപ്പിൻ എന്നാൽ നിങ്ങൾക്കു തരപ്പെടും എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു’ സിപ്രീത്സ്യൂസ് ഒരു വാക്കെങ്കിലും പറഞ്ഞില്ല.
പടയാളികൾ സിപ്രീത്സ്യൂസിനെ പിടിച്ചു ‘ഞങ്ങൾ നിന്നെ കൊല്ലേണ്ടതിനു നീ മുട്ടുകുത്തേണം’എന്നു അവനോടു പറഞ്ഞപ്പോൾ; അതെന്തിന്?-എന്നവൻ ബുദ്ധിഭ്രമത്തോടെ ചോദിച്ചു!!.അപ്പോൾ പടയാളികൾ ‘ക്രിസ്തു എന്നു പേരുള്ള ഒരു പുരുഷൻ നിമിത്തം നീ ചക്രവർത്തിയുടെ കൽപ്പനയെ തിരസ്ക്കരിച്ചു ദേവന്മാർക്കും ബലി കഴിയ്ക്കാത്തതുംകൊണ്ടാകുന്നു’.ഇതു കേട്ടപ്പോൾ സിപ്രീത്സ്യൂസ് എന്നെ കൊല്ലേണ്ട ഞാൻ ചക്രവർത്തിയുടെ കൽപ്പന അനുസരിച്ചു ദേവൻമാർക്കു ബലിയർപ്പിക്കാം എന്നുപറഞ്ഞു.അടുക്കെ നിന്നിരുന്ന നിസ്ഫോറുസ് ഇതുകേട്ട് അവനോടു സഹോദരാ..പാപം ചെയ്യരുതേ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ തള്ളിപ്പറയരുതേ…നിത്യജീവന്റെ കിരീടം നിനക്ക് നഷ്ടമായിപോകരുതേ എന്നപേക്ഷിച്ചു.ഈ പ്രബോധനവാക്കുകളെ കൂട്ടാക്കാതെ ക്രിസ്തുവിനെ തള്ളിപറയുന്നതിൽ സിപ്രീത്സ്യൂസ് സ്ഥിരമുള്ളവനായിനിന്നു. അപ്പോൾ നിസ്ഫോറുസ് പടയാളികളോടായി ‘ഞാനൊരു ക്രിസ്ത്യാനിയാകുന്നു ഇവൻ തള്ളിപറഞ്ഞിരിക്കുന്ന കർത്താവിന്റെ നാമത്തിൽ ഞാൻ വിശ്വസിച്ചിരിക്കയാൽ എന്നെ കൊല്ലേണമേ എന്നുപറഞ്ഞു.നാടുവാഴിയുടെ കൽപ്പന കൂടാതെ അതു ചെയ്യുവാൻ പാടില്ലന്നു അവർ അറിഞ്ഞിരുന്നതുകൊണ്ടു ഒരുവൻ ചെന്ന് സിപ്രീത്സ്യൂസ് ദേവന്മാർക്ക് ബലിയർപ്പിക്കുമെന്നും മറ്റൊരുവൻ അതുചെയ്യാതെ സിപ്രീത്സ്യൂസി’നു വേണ്ടി മരിപ്പാൻ ഒരുങ്ങിയിരിക്കുന്നുവെന്നും നാടുവാഴിയോടറിയിച്ചപ്പോൾ നിസ്ഫോറുസിനെ കൊല്ലുവാൻ കൽപ്പന കൊടുത്തു.
നിർഭാഗ്യവാനായിരിക്കുന്ന സിപ്രീത്സ്യൂസിന്ന് എന്തു സംഭവിച്ചുവെന്നു സഭാചരിത്രം ഒന്നുംപറയുന്നില്ല.അവന്റെ ജീവിതം നമ്മുടെ ഇക്കാലത്തിലെ അനേകരിൽ പ്രതിബിംബിക്കുന്നു.

NOTE:-ക്ഷമിക്കാത്ത ഹൃദയം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സിപ്രീത്സ്യൂസിന്റെ ജീവിതം നമുക്കെല്ലാം ഒരു പാഠ’മായിരിക്കട്ടേ;മറ്റുള്ളവരോടു നിരപ്പു പ്രാപിപ്പാൻ ഉണ്ടെങ്കിൽ സമയം ഒട്ടുംകളയരുതേ!!(മത്തായി6-14,15).ക്ഷമിക്കുന്ന ഒരു ഹൃദയം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കുവാൻ കർത്താവ് സഹായിക്കട്ടെ… ശുഭം..
കടപ്പാട്-

ബെന്നി ഏബ്രാഹം
സീതത്തോട്,ഗുരുനാഥൻമണ്ണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.