ഇന്നത്തെ ചിന്ത : ശാസന കേട്ടിട്ടും അവഗണിക്കുന്നവർ | ജെ.പി വെണ്ണിക്കുളം
സദൃശ്യവാക്യങ്ങൾ 29:1
” കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും”.

റോഡുകളിൽ ദിശാസൂചികൾ കാണാറില്ലേ? അതു കൃത്യമായി ശ്രദ്ധിച്ചു വാഹനം ഓടിച്ചാൽ അപകടങ്ങളിൽ നിന്നും രക്ഷപെടാം. ഇതുപോലെ ഈ ലോകജീവിതത്തിൽ മനുഷ്യന് ദൈവം നൽകിയിട്ടുള്ള ഒരു പ്രമാണമുണ്ട്. അതു ലംഘിക്കുന്നവർക്കു ശിക്ഷ ലഭിക്കാതിരിക്കില്ല. അങ്ങനെയെങ്കിൽ നാളുകളായി മുന്നറിയിപ്പ് ലംഘിക്കുന്നവരുടെ അവസ്ഥയോ? മോശെയുടെയും അഹരോന്റെയും നേതൃത്വത്തിനെതിരെ 250ൽ പരം ആളെക്കൂട്ടി മത്സരിച്ചവരാണ് കൊരഹ്, ദാദാൻ, അബീരാം. ദൈവം മോശയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഇവർ അതിനെ എതിർത്തുകൊണ്ടിരുന്നു. ഞാൻ ചിന്തിക്കുകയാണ്, ഈ 250 ആളുകളിൽ എത്രപേർ സത്യസന്ധമായി മോശെയെയും അഹരോനെയും എതിർത്തിട്ടുണ്ടാകും? അവരിൽ പലരും വശീകരിക്കപ്പെട്ടു എന്നതാണ് വാസ്തവം. ഇന്നും കള്ളത്തരം കാണിക്കുന്നവർ ഇതു തന്നെയല്ലേ ചെയ്യുന്നത്. അവർക്ക് പലതും മറയ്ക്കുവാനുള്ളതുകൊണ്ടു പലരെയും കൂടെ നിർത്തും. അവർ മനസ്സില്ലാ മനസോടെ ആണെങ്കിലും സമ്മതം മൂളും. ഒന്നോർക്കുക, കുറ്റം ചെയ്യുന്നവരും, കൂട്ടു നിൽക്കുന്നവരും ആലോചന പറഞ്ഞു കൊടുക്കുന്നവരുമെല്ലാം ദൈവമുമ്പാകെ ശിക്ഷാർഹരാണ്. പ്രിയരേ,അഭിഷിക്തന്മാർക്കെതിരെ വിരൽ ചൂണ്ടുന്നവന്റെ അവസ്ഥയെല്ലാം ഇതുപോലെ തന്നെയാകും. എന്നുപറഞ്ഞാൽ, മാനസാന്തരത്തിനു പോലും ഇട ലഭിച്ചെന്ന് വരില്ല.
ഏലി പുരോഹിതൻ മക്കളോട് പറഞ്ഞതു ശ്രദ്ധിക്കുക:
1 ശമൂവേൽ 2:23 അവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്‌പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു.
2:24 അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല.
2:25 മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നുവേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
Download Our Android App | iOS App
ഏലിയുടെ മക്കൾ അവന്റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ടു അവർക്ക് സംഭവിച്ചത് എന്താണെന്ന് നാലാം അധ്യായത്തിൽ കാണാം.
1 ശമൂവേൽ 4:11 ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.
മുന്നറിയിപ്പുകൾ ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ട്. മടങ്ങി വരുവാനായി അവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അല്ലാതെ മുന്നറിപ്പ് നൽകുന്നവനെ എതിർക്കുകയല്ല വേണ്ടത്. പത്രോസ് മാനസാന്തരപ്പെട്ടെങ്കിൽ യൂദാസിന് അതിനു കഴിഞ്ഞില്ല എന്നതും ഒരു ദൃഷ്ടാന്തമായിരിക്കുന്നു.
ധ്യാനം: സദൃശ്യ വാക്യങ്ങൾ 29; 1 ശമുവേൽ 2,4; സംഖ്യാപുസ്തകം 16
ജെ.പി വെണ്ണിക്കുളം