കാലികം: തുർക്കി ബൈബിൾ പ്രവചന വെളിച്ചത്തിൽ | പാസ്റ്റർ സണ്ണി സാമുവൽ

സമീപകാല ലോക ചരിത്രത്തിൽ തുർക്കി ലോകശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. നിലവിൽ അവിടുത്തെ ഭരണാധികാരി ആയിരിക്കുന്ന എർദ്ദോഗന്റെ നിലപാടുകൾ ലോകം ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ധ്രുവീകരണം തുർക്കിയിൽ നടക്കുന്നുവെന്നും പുതിയ ഒരു ലോകനയതന്ത്ര ക്രമം രൂപപ്പെട്ടു വരുന്നു എന്നും വിലയിരുത്തപ്പെടുന്നതിനുള്ള എല്ലാ സൂചനകളും തുർക്കിയിൽ നിന്നും വരുന്ന വാർത്തകൾ ഓർപ്പിക്കുന്നു. സാങ്ന്താ സോഫിയ തുറന്നു കൊടുത്തു എന്നതു മാത്രമല്ല ഇതിനു തെളിവായി പറയുവാൻ ഉള്ളത്. അത് താരതമ്യേന ഒരു ചെറിയ സംഭവവികാസം മാത്രമാണ്.

തുർക്കി ലോക ശ്രദ്ധ നേടാൻ ഇടയായ മറ്റൊരു സംഭവം കൂടി ഉണ്ടായി. തുർക്കി അമേരിക്കൻ ചേരിയിൽ നിന്നും സാവധാനം അകന്നു മാറുകയാണ്. ഒപ്പം ആഗോളതലത്തിൽ ഒരു സൈനിക ശക്തിയായി മാറുന്നു എന്ന വാർത്തകളും പുറത്തു വരുന്നു. തുർക്കിയുടെ ആയുധവൽക്കരണം ലോകപോലീസ് ആയ അമേരിക്കയെ പോലും അലോരസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമേരിക്കയുടെ ഉപരോധ ഭീഷണി വകവയ്ക്കാതെ തുർക്കി റഷ്യയിൽ നിന്നും എസ്-400 മിസൈൽ വ്യൂഹത്തെ കരസ്ഥമാക്കി എന്നു മാത്രമല്ല അത് ഉപയോഗിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇതു അമേരിക്കയെ വല്ലാതെ ഭീതിപ്പെടുത്തുന്നു. കാരണം, തുർക്കിയുടെ കൈവശമുള്ള യുദ്ധവിമാനങ്ങൾ മുഴുവൻ അമേരിക്കൻ നിർമ്മിതവും അമേരിക്കൻ സൈന്യം നിലവിൽ ഉപയോഗിക്കുന്നതും ആണ്. ആ നിലയിൽ എസ്-400 അമേരിക്കയ്ക്ക് ഒരു ഭീഷണി തന്നെയാണ്. എന്തെന്നാൽ എസ്-400 -ന്റെ സാങ്കേതികവിദ്യ അമേരിക്കക്കു വശം ഇല്ലെന്നു മാത്രമല്ല, അതിനെ തളച്ചിടാൻ കഴിയുന്ന പ്രതിവിധി ആയുധ ശേഖരത്തിൽ ഇല്ല താനും!

തത്വത്തിൽ തുർക്കി ഒട്ടോമാൻ കാലഘട്ടത്തിലെ പോലെ ലോക വൻശക്തിയായി ഉരുത്തിരിഞ്ഞു വരുന്നതിന് മുന്നോടി തെളിഞ്ഞു വരികയാണ്. അത്താ തുർക്ക് എന്നു വിളിച്ചിരുന്ന മുസ്തഫ കെമാലിന്റെ നയങ്ങൾക്ക് കടക വിരുദ്ധ നിലപാടുകളാണ് എർദ്ദോഗൻ സ്ഥീകരിച്ചു വരുന്നത്. പൊലിഞ്ഞു പോയ ഒട്ടോമാൻ സാമ്രാജ്യ പുനരാവിഷ്കരണം അദ്ദേഹത്തിന്റെ സ്വപ്നമാണ്. തുർക്കിയുമായി അതിർത്തി പങ്കിടുന്ന സിറിയയുമായി തുർക്കി അണി ചേരുമോ? ഹാഗിയ സോഫിയ വിഷയത്തിൽ സിറിയയും റഷ്യയും തുർക്കി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും സൈനിക ശാക്തീകരണത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ അലിഞ്ഞില്ലാതെയാകുമല്ലോ. അലെക്സാണ്ടറുടെ മരണം മുതൽ സംക്ഷോഭപ്പെട്ടു (turmoiled) താറുമാറായിരിക്കുന്ന സിറിയയും തുർക്കിയും തമ്മിൽ കൈകോർക്കുമോ? അത് മദ്ധ്യപൂർവേഷ്യൻ പുതിയ സമവായങ്ങൾക്കും പൊളിച്ചെഴുത്തിനും കാരണമാകും.

ബൈബിൾ പ്രവചന വെളിച്ചത്തിൽ തുർക്കി ഉൾപ്പെട്ടിരിക്കുന്നു. അത് അറിയണമെങ്കിൽ തുർക്കിഷ് ജനത വംശീയമായി ആരാണെന്ന് അറിയണം. അത്താ തുർക്ക് ലോകത്തിലെ ആദ്യത്തെയും ഏകവുമായ സുമേറോളജി ഡിപ്പാർട്ടുമെന്റു സ്ഥാപിക്കയുണ്ടായി.ആധുനിക വംശങ്ങളുടെ പ്രത്യകിച്ച് തുർക്കിഷ് ജനതയുടെ ജിനോം (Genome) പഠിച്ചു വിശകലനം ചെയ്യുകയാണ് ലക്ഷ്യം. 2019 ഏപ്രിൽ 14 -ന് അപ്ഡേറ്റു ചെയ്ത ഒരു പഠനരേഖ Mehmet Kurtkaya പ്രസിദ്ധീകരിച്ചതാണ് എന്റെ ഈ പഠനത്തിനു സഹായകമായത്. സെൻട്രൽ ഏഷ്യ, സൈബീരിയ, യുറാൾ മേഖല, തുർക്കി,പൊന്തിൿ കാസ്പിയൻ പുൽമേടുകൾ (Steppe), കരിങ്കൽ പ്രവിശ്യ, പടിഞ്ഞാറൻ ഏഷ്യ, കിഴക്കൻ ഏഷ്യയിലെ ആൾറ്റായ് പർവ്വതനിരകൾ എന്നിവിടങ്ങളിൽ ചരിത്രാതീത കാലം മുതൽ ഉണ്ടായ കുടിയേറ്റങ്ങളുടെയും ദേശാന്തര ഗമനത്തിന്റെയും ചരിത്രവും സ്വഭാവവും പഠന വിധേയമാക്കി. അതിന് അവർ രണ്ടു മാർഗ്ഗങ്ങളാണ് സ്വീകരിച്ചത്. അതിപുരാതനമായ ശവകുടീരങ്ങളിൽ നിന്നും DNA സാംപിളുകൾ ശേഖരിച്ചു. കൂടാതെ വ്യത്യസ്ത കാലയളവിൽ ഈ ഭൂപ്രദേശത്തു പാർത്തിരുന്ന വിവിധ വംശങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷകൾ തമ്മിലുള്ള സാമ്യങ്ങളും പഠന വിഷയമാക്കി. 2300 ബി.സി മുതൽ 600 ബി.സി., വരെ കാലഘട്ടത്തിൽ രേഖപ്പെടുത്തപ്പെട്ട ക്യൂണിഫോം ലിഖിതങ്ങളുടെ വിശകലനവും ഇതിനു സഹായകമായി. കെൽറ്റിൿ സിമ്മേറിയൻസ്, ശകന്മാർ (സിതിയന്മാർ/സ്കിതിയന്മാർ), സർമേഷ്യൻസ് എന്നീ വംശങ്ങൾ തമ്മിലുള്ള DNA സാമ്യവും ഒപ്പം ഭാഷാ സാമ്യവും കണ്ടെത്തി. സൈബീരിയായിൽ നിന്നും കോക്കസസ്സ് മലനിരകൾക്കും അപ്പുറം മദ്ധ്യേഷ്യയിലേക്കു കുടിയേറ്റം നടന്നിട്ടുണ്ട്. ചുരുക്കത്തിൽ കെൽറ്റിൿ സിമ്മേറിയൻസ്, സർമേഷ്യൻസ്, ശക വംശജരുടെ മറ്റോരു വകഭേദമോ സങ്കരവംശമോ ആവാം തുർക്കികൾ. (Summerianturks.org/Cimmerians – Sythians – Sarmatians.htm). മംഗോളിയൻ വംശജരും ഈ മേഖലയിൽ ഉണ്ടായിരുന്നുവെന്നു രേഖകളിൽ കാണുന്നു. ഇവരുടെ പൊതു പൂർവ്വികവംശം ഗോമെർ ആണെന്നാണ് കരുതപ്പെടുന്നത്.

അർമേനിയൻ – ജോർജിയൻ പുരാവൃത്താഖ്യാനത്തിൽ കരിങ്കടലിന്റെയും കാസ്പിയൻ കടലിന്റെയും; എൽബ്രൂസ് – അരാരാത്ത് പർവ്വതനിരകളുടെയും മദ്ധ്യേയുള്ള ഭൂപ്രദേശത്തു പാർത്തിരുന്ന ജനതതി തോഗർമ്മ വംശം ആണെന്നു കാണുന്നു. (Leonti Mroveli :- The Georgean Chronicle). ഖാസർ (Khazar) രേഖകൾ അനുസരിച്ച് തുർക്കിൿ ഭാഷ സംസാരിക്കുന്നവരുടെ പൂർവ്വികർ തോഗർമ്മയാണ്. ദേശാന്തരികളായ തുർക്കികളെ കുറിക്കുന്ന പ്രയോഗമാണ് ഖാസർ.
മദ്ധ്യകാല ഘട്ടത്തിലെ യെഹൂദ പാരമ്പര്യങ്ങൾ പ്രകാരം തോഗർമ്മ ഗൃഹം ഖസാറുകൾ ഉൾപ്പെട്ട തുർക്കിൿ ജനതതി ആണെന്നു പറയപ്പെടുന്നു. ഖസാറുകൾ പാർത്തിരുന്ന ഭൂപ്രദേശം ‘ഖസാറിയ’ എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കൻ റഷ്യ, വടക്കൻ കോക്കസസ്സ്, കിഴക്കൻ യുക്രെയ്ൻ, ക്രൈമിയ, വടക്കൻ ഉസ്ബഖിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെട്ട ഭൂപ്രദേശത്തെയാണ് ഖസാറിയ എന്നു വിളിച്ചിരുന്നത്.

ചുരുക്കത്തിൽ സൈബിരിയ മുതൽ തുർക്കി വരെയുള്ള വിശാല ഭൂപ്പരപ്പിൽ പാർക്കുന്ന വിവിധ വംശങ്ങൾ യാഫേത്തിന്റെ മകനായ ഗോമറിന്റെ പിന്തുടർച്ചക്കാർ ആകുന്നു (ഉല്പ: 10:3; 1 ദിന: 1:6). വൈക്കിങുകളും, ഹൂണന്മാരും ഒക്കെ വംശീയമായി ഇവരുമായി ബന്ധപ്പെട്ടു കിടക്കുന്നു.

തുർക്കി ഇപ്പോൾ ചരിത്രത്തിൽ ആയുധ ശക്തിയിലും മറ്റും ലോക ശ്രദ്ധയാകർഷിക്കുമ്പോൾ ബൈബിൾ പ്രവചനങ്ങൾ ഇതിലേക്ക് വെളിച്ചം വീശുന്നു എന്നതാണ് സത്യം. യെഹെസ്കേൽ പ്രവചനം 38, 39 അദ്ധ്യായങ്ങളിൽ രോശ്, മേശെൿ, തൂബൽ, പാർസികൾ, കൂശ്യർ, പൂത്യർ, എന്നീ വംശങ്ങളെ കാണുന്നു. ഇതിൽ ഗോമെർ, മാഗോഗ്, തൂബൽ എന്നിവർ സഹോദരന്മാർ ആണെന്ന് നാം ഉല്പത്തി 10-ൽ കാണുന്നു. രോശ് എന്ന് മലയാളത്തിൽ കാണുന്നത് ഒരു വംശമോ രാജ്യമോ ദേശമോ അല്ല അത് വിവർത്തന പിഴവാണ്. രോശ് എന്ന എബ്രായ വാക്കിന് തല എന്നർത്ഥം. രാജാവ്, തലവൻ, പ്രഭു എന്നും അർത്ഥം. മേശെക്കിന്റെയും തൂബലിന്റെയും പ്രഭുവായ ഗോഗേ എന്നാണ് ശരിയായ വിവർത്തനം.

അനദി വിദൂര ഭാവിയിൽ യിസ്രായേലിനെ ചൊല്ലി ലോകരാഷ്ട്രങ്ങൾ ചേരി തിരിയുമെന്നും ബൈബിൾ പ്രവചിക്കുന്നു. അതിന്റെ ഒരുക്കം അണിയറയിൽ നടക്കുന്നു.

അമേരിക്കൻ ചേരിയിൽ നിന്നും തുർക്കി വിഘടിച്ച് റഷ്യൻ പേരിലേക്ക് ക്രമേണ മാറുകയാണ്. മുൻ യു.എസ്.എസ്.ആർ. -ഉം അവരുമായി DNA ബന്ധമുള്ള രാജ്യങ്ങളും മംഗോളിയായും യിസ്രായേലിന് എതിരെ അണി ചേരും. ചൈന സൈദ്ധാന്തിക പരമായി റഷ്യയോട് ചേരും എന്നതിനാലും അമേരിക്ക ചേരിയുടെ ബദ്ധവൈരി എന്നതിനാലും അവരും ഒപ്പം സിറിയയും ഈ കൂട്ടുകെട്ടിൽ കാണും.

മതപരമായും, ജാതീയമായും, സൈദ്ധാന്തികമായും, വംശീയമായും, രാഷ്ട്രീയപരമായും ലോകരാജ്യങ്ങൾ ആന്തോളനത്തിലാണ്. പുതിയ സമവായങ്ങൾ, ഉടമ്പടികൾ, ചേരികൾ ഉരുത്തിരിഞ്ഞു വരുന്നു. ലോകം ഇളക്കിമറിയുകയാണ്. കാലത്തെ വിവേചിക്കുന്നവൻ ജ്ഞാനം പ്രാപിക്കട്ടെ.

പ്രവചനം:-
“ഞാൻ സകലജാതികളെയും ഇളക്കും; സകല ജാതികളെയും മനോഹര വസ്തു വരികയും ചെയ്യും. ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു (ഹഗ്ഗായി: 2: 7). ആലയത്തെ മഹത്വ പൂർണ്ണം ആക്കുന്ന മനോഹരവസ്തു നമ്മുടെ മശിഹ അത്രെ. അവന്റെ വരവിന്റെ മുന്നോടി നടന്നുകൊണ്ടിരിക്കുന്നു. അവന്റെ വരവിൽ മുന്നണി നില്ക്കുവാൻ ഒരുങ്ങാം.

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.