ലേഖനം: കാണാതെയാകുന്ന സത്യങ്ങൾ | പാ. ഷിബു ജോസഫ്‌

വളരെ ആശ്ചര്യകരമായ ഈ പ്രസ്താവന യെശയ്യാവിന്റെ പുസ്തകത്തിലെയാണ് (59:15). ഏകദേശം 2700 വർഷങ്ങൾക്കു പുറകിൽ വിരചിതമായ പ്രസ്തുത പുസ്തകത്തിലെ ഈ വാക്കുകൾ കാലിക പ്രസക്തി ഉള്ളതാണ്. 59:14 -ൽ പറയുന്ന വാക്കും ഇതിനോട് ചേർത്ത് ചിന്തിക്കാൻ വക നൽകുന്നതാണ്. അതിങ്ങനെയാണ്, “സത്യം വീഥിയിൽ ഇടറുന്നു “.

ആധുനിക കാലത്ത് ഈ വാക്കുകളുടെ പ്രസക്തി എന്താണ്? സമൂഹ മാധ്യമങ്ങളുടെ അഭൂത പൂർണ്ണമായ വളർച്ചയും സ്വാധീനവും ഇന്ന് പ്രകടമാണ്. പെന്തകൊസ്തുകാരും അതിനു ഒരു അപവാദമല്ല. ഏതു സംവിധാനങ്ങളെയും ആദ്യം എതിർക്കുന്നതും മുഖം തിരിക്കുന്നതും നമ്മുടെ ഒരു ശൈലിയാണ്. എന്നാൽ പിന്നീട് അവയെല്ലാം ആവോളം എടുത്തു ആശ്ലേഷിക്കുകയും ചെയ്യും. പക്ഷെ അതിന്റെ ഉപയോഗത്തിൽ നാം എങ്ങനെയാണു എന്ന് ചിന്തിക്കുന്നത് ആവശ്യമാണ്. വാർത്താവിനിമയത്തിന്റെന്റെ ഈ അനന്ത സാധ്യതകളെ സത്യസന്ധമായി ഉപയോഗിക്കുന്നത് ഉപകാരമാണെങ്കിലും ഇന്നത് എന്തും എഴുതി വിടുവാനുള്ള ഒരു മാർഗമാക്കി മാറ്റുന്നതിന്റെ അപചയങ്ങൾ വ്യക്തമാണ്.

മുകളിൽ ഉദ്ധരിച്ചതുപോലെ സത്യത്തിന്റെ കണികപോലുമില്ലാത്ത സന്ദേശങ്ങളും വ്യാജ ആരോപണങ്ങളും ആർക്കു വേണമെങ്കിലും ഈ പ്ലാറ്റഫോമിൽ വന്നു ഉന്നയിക്കാമെന്നത് തികച്ചും അപരാധമാണ്.നമുക്ക് മറ്റുള്ളവരെ ഇകഴ്ത്താനും കരി വാരിതേക്കാനുമുള്ള ഉപാധിയായി ഇത്‌ മാറുന്നെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
അങ്ങനെ ഉള്ള പലതിലും പ്രവാചകൻ പറഞ്ഞതുപോലെ സത്യം കാണാതെയാകുയാണ്. സത്യത്തിന്റെ പ്രഭാവം ഇടറിപോകുന്നു. സത്യമല്ലാത്ത പ്രസ്താവനകൾ പരത്തുന്നവർ ആരാണെങ്കിലും ദൈവകോടതിയിൽ രക്ഷപ്പെടുകയില്ല. ഇവിടെ വേണമെങ്കിൽ ജയിച്ചു എന്ന് പറഞ്ഞു നടക്കുന്ന ഒരു തരാം വ്യാജ സംതൃപ്തി ഉണ്ടാക്കാം എന്നതിലുപരി ഒന്നും നേടുന്നില്ല. സത്യത്തിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ട നാം അസത്യമായതിന്റെ പുറകെ പോകുന്നത് സത്യവാനായ ദൈവത്തോടും അവിടുത്തെ സത്യം വചനത്തോടും കാട്ടുന്ന അനീതിയാണ് എന്നതിന് പക്ഷാന്തരമില്ല. നമ്മുടെ പ്രസംഗത്തിലും പ്രസ്താവനകളിലും സത്യത്തിന്റെ സ്വാധീനം ഉണ്ടാകണം. മറ്റൊരു വ്യക്തിയെ ഒതുക്കുവാൻ നാം വ്യാജങ്ങളെ പരത്തുന്ന അസത്യവാദികൾ ആകരുത്.

ഓർക്കുക സത്യമായി വിധിക്കുന്ന ഒരുവൻ ഉയരത്തിലുണ്ട്. ഒരു ദിനം നാം അവിടെ നിൽക്കുമ്പോൾ ഒരിക്കൽ നാം ആരോപണം ഉന്നയിച്ച വ്യക്തി നമ്മെക്കാൾ ബഹുമാനിതൻ ആയേക്കാം. അവിടെ നമ്മുടെ മിടുക്കും സമർത്യവും എവിടെ പോകും? ആകയാൽ സോഷ്യൽ മീഡിയകളെ മാന്യമായി ഉപയോഗിക്കാനും സത്യാസന്ധതയുടെ ചാനലുകളായി തീർക്കുവാനും ഇടയാകട്ടെ. സത്യം നമ്മിൽ കാണാതെ പോകരുത്.

പാ. ഷിബു ജോസഫ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.