ലേഖനം: നാം ദൈവത്തോട് വിശ്വസ്തരോ ? | ജിജോ ജോസഫ്, ലിവർപൂൾ, യു. കെ

നമ്മുടെ ദൈവം വിശ്വസ്തനാണ്; നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം വരുത്തുവാൻ കരുണയുള്ളവനും, ദൈവകാര്യത്തിൽ വിശ്വസ്ത മഹാപുരോഹിതനുമാകേണ്ടതിനു സകലത്തിലും നമ്മോടു സാദൃശ്യനായിത്തീർന്നു(Hebrews2:17). നമ്മൾ അവിശ്വസ്തരായി പാർത്തലും അവിടുന്ന് വിശ്വസ്തനായി പാർക്കുന്നു. ദൈവത്തിന്റെ സ്വഭാവം അതാണ്(2Timothy 2:13).ഇത് പറയാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്.എന്നാൽ നാം വിശ്വസ്തർ ആണോ? ദൈവം വിശ്വസ്തരെയാണ് തേടുന്നത്.ദൈവവചനം പഠിക്കുമ്പോൾ അനേകം വിശ്വസ്തരെ നമുക്ക് കാണാം.അതിൽ ഒരാളായ മോശ ദൈവത്തിന്റെ ഗൃഹത്തിലോക്കെയും വിശ്വസ്തൻ ആയിരുന്നു എന്ന് ദൈവത്താൽ സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. ദൈവവചനത്തിൽ പഴയ,പുതിയ നിയമത്തിലും മോശയുടെ വിശ്വസ്തതയെപ്പറ്റി പറയുന്നുണ്ട് (Numbers 12:7& Hebrews3:2).ശമുവേൽ ദൈവത്തിന്റെ വിശ്വസ്ത പ്രവാചകനായിരുന്നു. അതുപോലെ വിശ്വസ്തരായ അനേകം ദൈവഭക്തരെപ്പറ്റിദൈവവചനത്തിലുടനീളം പറയുന്നു. ദൈവദാസന്മാർ ഉൾപ്പെടെ എല്ലാ ദൈവമക്കളും ഇതുപോലെ വിശ്വസ്തർ ആകണം.
ഇനി നോക്കാം എന്താണ് വിശ്വസ്തത. നമ്മളിലുള്ള ദൈവഹിതം മനസ്സിലാക്കുകയും അതനുസരിച്ച്‍ നമ്മളെ ഏല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ എല്ലാം ശരിയായി നമ്മുടെ ജീവിതയാത്രയിൽ ഓരോ നിമിഷവും നിർവഹിക്കുക എന്നതാണ്. നമ്മൾക്കുള്ള എല്ലാ ആത്മീക, ഭൗതിക കാര്യങ്ങളിലും നമ്മൾ വിശ്വസ്തരാകാൻ ദൈവം കല്പിക്കുന്നു. നമുക്ക് അതിന് യേശുക്രിസ്തു പറഞ്ഞ ഒരു ഉപമ ശ്രദ്ധിക്കാം.
Mathew 25:14-30 വരെയുള്ള വാക്യങ്ങൾ പഠിക്കുമ്പോൾ ദൈവം ആഗ്രഹിക്കുന്ന വിശ്വസ്തത അവിടെ നമുക്ക് വ്യക്തമാണ്. ഒരു യജമാനൻ പരദേശത്തേക്ക് യാത്ര പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു ഒരുവന് അഞ്ചു താലന്ത് , ഒരുവന് രണ്ടു താലന്ത്, ഒരുവന് ഒരു താലന്ത് എന്ന രീതിയിൽ നൽകി.അഞ്ചു ലഭിച്ചവൻ വ്യാപാരം ചെയ്തു വേറെ അഞ്ചു നേടി, രണ്ട് ലഭിച്ചവൻ രണ്ട് കൂടി നേടി. ഒന്നു ലഭിച്ചവൻ നിലത്തു കുഴി കുഴിച്ചു ദ്രവ്യം മറച്ചു വെച്ചു.വളരെക്കാലം കഴിഞ്ഞശേഷം യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു.അഞ്ചു താലന്ത് കൂടി നേടിയവനോട് യജമാനൻ : “നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ നീ അല്പത്തിൽ വിശ്വസ്തനായിരുന്നു. ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും”. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക.രണ്ട് താലന്ത് നേടിയവനോടും അങ്ങനെ തന്നെ പറഞ്ഞു.ഇവിടെ വ്യക്തമാണ് എത്ര അധികം നേടിയെന്നുള്ള എണ്ണത്തിലല്ല കാര്യം പക്ഷെ വിശ്വസ്തത എന്ന ഗുണത്തിലാണ്.കാരണം അഞ്ചു നേടിയവനെയും , രണ്ട് നേടിയവനെയും വിശ്വസ്തർ എന്നാണ് യജമാനൻ വിളിച്ചത്. ഒരേ നീതിയാണ് രണ്ടു പേർക്കും നൽകിയത്.അവർ രണ്ടു പേരും തങ്ങൾക്കു നൽകിയതിൽ വിശ്വസ്തർ ആയിരുന്നു.ലഭിച്ചതിനു തക്കവണ്ണം പ്രവർത്തിച്ചു. പക്ഷെ ഒന്ന് ലഭിച്ചവൻ ഒന്നും നേടാതെ അത് നിലത്തു കുഴിച്ചിട്ടു. യജമാനൻ അവനെ ദുഷ്ടനും, മടിയനുമെന്നാണ് വിളിച്ചത്. കൂടാതെ അവനുള്ളതെടുത്തു അഞ്ചു കൂടി നേടിയവന് കൊടുത്തു.കൊള്ളരുതാത്ത ആ ദാസനെ ഇരുട്ടും, കരച്ചിലും, പല്ലുകടിയുമുള്ളടിത്ത് തള്ളികളയുവാൻ പറഞ്ഞു.

എന്താണ് ഈ ഉപമയിലൂടെ പറയുന്നത് ദൈവം നമ്മളെ ഓരോ പ്രദേശങ്ങളിൽ പല ഉദ്ദേശത്തോടു കൂടെ ആക്കിയിരിക്കുന്നു. ദൈവം നൽകിയിരിക്കുന്ന ആത്മീക, ഭൗതീക നന്മകളിൽ എല്ലാം നാം വിശ്വസ്തർ ആയിരിക്കണം. നമുക്കു ലഭിക്കുന്നതിനനുസരിച്ചുള്ള വിശ്വസ്തത.അത് നമ്മൾക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് കൂടിയും പ്രയോജനപ്പെടുത്തണം.ആത്മീക വരങ്ങൾ,മറ്റ് ആത്മീക നന്മകളുമെല്ലാം ദൈവം ആഗ്രഹിക്കുന്ന രീതിയിൽ
ഉപയോഗിക്കണം. നമ്മുടെ സ്വയം എന്ന ചിന്ത മാറണം.ദൈവം നൽകുന്ന എല്ലാ താലന്തുകളും നമ്മുടെ പ്രശംസക്കല്ല മറിച്ചു വിശ്വസ്തരായി ദൈവനാമ മഹത്വത്തിനായി മാത്രം ഉപയോഗിക്കണം.സുവിശേഷം അറിയിക്കുന്നതിൽ നിന്നും ആർക്കും പിന്മാറാൻ കഴികയില്ല. എല്ലാവരും ക്രിസ്തുവിന്റെ സാക്ഷികൾ ആയേ മതിയാകു.കാരണം നമ്മൾ കടക്കാരാണെന്നാണ് വചനം പറയുന്നത് (Romans1:14)അതിനാൽ കടം തീർക്കാനുള്ള നിർബന്ധം നമ്മുടെമേലുണ്ട്. ദൈവം നൽകിയിരിക്കുന്ന കുടുംബത്തിൽ, ജോലിയിൽ, സമയത്തിൽ, പണത്തിൽ,ആരോഗ്യത്തിൽ തുടങ്ങി മറ്റ് നമ്മുടെ പ്രവൃത്തികളിൽ എല്ലാം വിശ്വസ്തർ ആകണം. ചിലർ സഭയിലും,പുറമെ കാണുന്ന കാര്യങ്ങളിലും വിശ്വസ്തർ ആയിരിക്കാൻ ശ്രമിക്കും. പക്ഷെ അവരുടെ മറ്റ് പല കാര്യങ്ങളിലും അതായത് രഹസ്യവും, പരസ്യവുമായതിൽ വിശ്വസ്തത കാണിക്കുന്നില്ല.ഇത് വളരെ തെറ്റാണ്.ഒരു ആത്മീകൻ എല്ലായിടത്തും ആത്മീകൻ തന്നെ ആയിരിക്കും.സഭയിലോ, പുറമെയോ ആളുകളെ കാണിക്കാൻ വേണ്ടിയല്ല മറിച്ച്‍ ഓരോനിമിഷവും അതായത് അവന്റെ കുടുംബത്തിലും, ജോലിയിലും,പഠനത്തിലും, മറ്റ് ജീവിത സാഹചര്യങ്ങളിലുമെല്ലാം ദൈവമകൻ എന്ന ബന്ധം നിലനിർത്തും. ദൈവവുമായുള്ള ബന്ധം 24X7 ബന്ധം ആണ്.അതിനു അവസാനം ഇല്ല.നമ്മുടെ ഹൃദയചിന്തകൾ പോലും അറിയുന്ന ദൈവത്തെ മറച്ചു ഒന്നും ചെയ്യുവാൻ കഴിയില്ല.നമുക്കുള്ള ജോലിയിൽ എല്ലാ മേഘലകളിലും നമ്മൾ വിശ്വസ്തർ ആണോ? ജോലി സ്ഥലത്തും, വേറെ ഇടങ്ങളിലും കിട്ടുന്ന അവസരം മറ്റുള്ളവരോട് നമ്മുടെ ദൈവത്തെക്കുറിച്ച് പറയാറുണ്ടോ? നമുക്ക് കിട്ടുന്ന പണം, സമയം വിശ്വസ്തമായി ഉപയോഗിക്കുന്നുണ്ടോ?അതായത് ദൈവസന്നിധിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നുണ്ടോ?പണത്തിൽ (അനീതിയുള്ളമാമ്മോൻ)വിശ്വസ്തരാണോ? ഇങ്ങനെ തുടങ്ങി നമ്മുടെ ഓരോ ജീവിത സാഹചര്യങ്ങളിലും ഈ വിശ്വസ്തത ഉണ്ടോ എന്നു ചിന്തിച്ചു നോക്കു.നമ്മളെ തന്നെ ശോധന ചെയ്യേണ്ടത് ഏറ്റവും അത്യാവശ്യം. കാരണം വിശ്വസ്തനും,സത്യവാനുമായ ദൈവം നീതിയോടെ നമ്മുടെ പ്രവൃത്തിക്കനുസരിച്ച്‍ കണക്കു ചോദിക്കുന്ന ഒരു ദിനം മുൻപിൽ ഉണ്ട്.ഒരു ദാക്ഷണ്യവും അന്നുണ്ടാകുകയില്ല.നമ്മൾ മനസാന്തരപ്പെട്ടാൽ ഈ ഭൂമിയിൽ നമ്മുടെ മരണം വരെ മാത്രം ദൈവം ക്ഷമിക്കും.അതിനുശേഷം ഒരു അവസരവും ഇല്ല.അല്ലെങ്കിൽ തീക്ഷ്ണവാനായ ദൈവത്തിന്റെ വേറെ ഒരു മുഖം കാണുന്ന ദിനം നമ്മൾക്ക് വിദൂരമാകില്ല.നമുക്ക് കണക്കു കൊടുക്കാൻ കഴിയണമെങ്കിൽ ഇപ്പോൾ ദൈവത്തിന്റെ ഹിതം മനസിലാക്കി കൃത്യമായി പ്രവർത്തിക്കണം.എന്നാൽ നാം നിത്യശിക്ഷയിൽ അകപ്പെടാതെ; വിശ്വസ്തരായ ദൈവമക്കൾക്ക് അവിടുന്ന് കൊടുക്കുന്ന പ്രതിഫലം പ്രാപിക്കുകയും പ്രാപിക്കുകയും,ദൈവത്തോടൊപ്പം നിത്യസന്തോഷത്തിൽ പ്രവേശിക്കുകയും ചെയ്യും.അതിനാൽ നമ്മൾ ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർ ആകണം.യജമാനന്റെ ഇഷ്ടം അറിഞ്ഞു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും.വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും(Luke12:47-48).കൂടുതൽ ഉള്ളവർക്ക് കൂടുതൽ കണക്ക് കൊടുക്കേണ്ടി വരുമെന്ന് വ്യക്തമാണ്.

നമ്മൾ മരണപര്യന്തം വിശ്വസ്തർ ആയിരിക്കണം.എന്നാൽ മാത്രമേ ദൈവം ജീവകിരീടം നമുക്ക് തരികയുള്ളു(Revelation 2:10).നാം ദൈവത്തിന് വിശ്വസ്തർ ആണോ അതോ കിട്ടിയ താലന്ത് കുഴിച്ചിട്ട അവിശ്വസ്ത ദാസനെപോലെ സ്വന്ത കാര്യങ്ങൾ മാത്രം നോക്കി ദൈവഹിതം ചെയ്യാതെ ആർക്കു വേണ്ടിയും ഒന്നും ചെയ്യാതെ, കൊടുക്കാതെ സ്വയ ജീവിതത്തിന് വേണ്ടി മാത്രം നിക്ഷേപിക്കുവാണോ.? വിശ്വസ്തത ഇല്ലെങ്കിൽ ദൈവം വേറെ ഒന്നും നമ്മളിൽ ഭരമേല്പിക്കുകയുമില്ല. കൂടാതെ നമുക്കുണ്ടാകേണ്ട ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് വിശ്വസ്തത(Galathians 5:22-23).ചുരുക്കി പറഞ്ഞാൽ പരിശുദ്ധാത്മാവ് ഉള്ള ഒരാളിൽ നിന്ന് വിശ്വസ്തത എന്ന ഫലം പുറപ്പെടും. അല്ലെങ്കിൽ പരിശുദ്ധാത്മാവ് അവനിൽ ഇല്ലെന്നാണ് ദൈവവചനം പറയുന്നത്. വിശ്വസ്തർ മനുഷ്യ പുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു (Psalms12:1).ഈ കാലത്ത് വിശ്വസ്തരെ കണ്ടെത്താൻ വളരെ പ്രയാസമാണ്.ഈ അവിശ്വസ്തത നിറഞ്ഞ ലോകത്ത് വിശ്വസ്തരായി ജീവിക്കുന്നതാണ് ദൈവം അനുശാസിക്കുന്ന ആത്മീക ജീവിതം.അത് പറച്ചിലോ, പ്രസംഗത്തിലോ ഉള്ള അഭിനയം അല്ല മറിച്ചു ജീവിതമാണ് . ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു പ്രവർത്തിക്കുന്ന വിശ്വസ്തയുള്ള ജീവിതം.അവിടുത്തെ മക്കളെ വീണ്ടും വന്ന് ചേർത്തു കൊള്ളാമെന്ന് വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ ആണ്.ഈ വാഗ്ദത്തം ഏതു സമയവും അവിടുന്ന് നിവർത്തിക്കും.നമ്മൾ അവിശ്വസ്തർ ആയാലും ദൈവത്തിന്റെ വിശ്വസ്തതക്ക് ഒരുനാളും മാറ്റം ഉണ്ടാകുകയില്ല.ശ്രദ്ധിക്കുക നമ്മൾ അവിശ്വസ്തർ ആയാൽ നഷ്ടം നമുക്ക് മാത്രം.ആമേൻ.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ……. ?

ജിജോ ജോസഫ് ,ലിവർപൂൾ,യുകെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.