- Advertisement -

കാലികം: ഹാഗിയ സോഫിയായും “ചെല്ലോരടെ റെഡിയാകേണ്ട” വിശ്വാസങ്ങളും | റവ: തോമസ് ബി (CARD, അസി. ഡയറക്ടർ)

ലോകമെങ്ങുള്ള ക്രിസ്ത്യാനികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹഗിയാ സോഫിയ എന്ന ചരിത്രങ്ങൾ ഉറങ്ങുന്ന സൗധം നഷ്ടപ്പെട്ടു പോയതാണെന്ന് എന്നാണ് ഇപ്പോൾ ക്രൈസ്തവ മാധ്യമങ്ങളും, ചില ദൈവ ശാസ്ത്രകാരന്മാരും ഇപ്പോൾ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും. മുസ്ലിം ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പ് എന്നാണ് ഹാഗിയ സോഫിയ ഏറ്റെടുത്തതിനെ കേരളത്തിലെ ചില മുസ്ലിം മാധ്യമങ്ങളും,സംഘടനാ ഭാരവാഹികളും പ്രചരിപ്പിക്കുന്നത് . ഇതിനെ ചരിത്രപരമായും , ദൈവശാസ്ത്രപരമായും വ്യഖ്യാനിക്കുന്ന ഒരുപാടു ലേഖനങ്ങളും,ചിന്തകളും ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. അത്രത്തോളം ചരിത്രബോധവും , ദൈവശാസ്ത്രത്തിലുള്ള അവഗാഹവും , ഒരു വലിയ വിപ്ലവബോധവും ഇല്ലാത്തതുകൊണ്ട് ഒരു സാധാരണ മനുഷ്യൻ (സമ്മതിക്കുമോ എന്ന് അറിയില്ല ) എന്ന നിലയിൽ മനസ്സിലാക്കിയ ചില ചിന്തകൾ മാത്രം പങ്കിടാൻ ശ്രമിക്കുന്നു . അതിനു മുൻപേ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, അധിനിവേശങ്ങളുടെ എല്ലാ ചരിത്രത്തെയും വിമർശന യുക്തിയോടെ , എന്നാൽ അതിനപ്പുറമായി ഒഴിവാക്കപ്പെടുന്ന , അപരത്വവത്കരിക്കുന്ന (ബൈനറി കൺസ്ട്രക്ഷൻ )സമൂഹങ്ങളുടെ കണ്ണിലൂടെ അതിനൊപ്പം , തകർക്കപ്പെട്ട സമൂഹങ്ങളുടെ കണ്ണിലൂടെ കാണാൻ നമുക്ക് സാധിക്കണം. അതിനർത്ഥം ഇന്ന് കോടതി വിധികളുടെ , ഭരണകൂട അടിസ്ഥാനത്തിൽ ഒക്കെ നാം കയ്യേറുന്ന എല്ലാ ഇടങ്ങളോടും ഈ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരിക്കണം എന്നാണ്.

Download Our Android App | iOS App

എന്നാൽ ഈ കാഴ്ചപ്പാടുകൾ നഷ്ടമായി, വളരെ സങ്കുചിതമായ, ഇടുങ്ങിയ മേഖലകളിലേക്ക് നമ്മുടെ എല്ലാവരുടെയും ചിന്താഗതികൾ പരിണമിക്കുന്നു എന്നാണ് ഈ സംഭവങ്ങൾ എല്ലാം കാണിക്കുന്നത്.
സമ്പത്ത്, വിഭവങ്ങൾ ,അധികാരം ഉറപ്പിക്കൽ ഇവയ്ക്കു വേണ്ടി മതങ്ങൾ കാട്ടികൂട്ടുന്ന വ്യഗ്രത, അതിന്റെ ചിത്രങ്ങളെ തുറന്നു കാട്ടുന്ന അനുഭവങ്ങളാണ് ഇപ്പോൾ കാണുന്നതെല്ലാം . ക്രൈസ്തവ സമൂഹത്തെ നോക്കുമ്പോൾ നമ്മുടെ ചിന്തകൾ, കാലികമായ ക്രൈസ്തവ സാക്ഷ്യങ്ങൾ എല്ലാം തന്നെ പ്രസക്തി അനുസരിച്ചു വ്യഖ്യാനിക്കുന്നതിനും പകരം എന്തുകൊണ്ടാണ് ഇപ്പോൾ നമ്മുടെ പ്രതികരണങ്ങൾ എല്ലാം തന്നെ ഹഗിയാ സോഫിയ എന്നതിലേക്ക് മാത്രം കേന്ദ്രികരിക്കുകയും അതിനുവേണ്ടി ഒരു പ്രാർത്ഥനാദിനം ഒരുക്കുകയും ചെയ്യുന്നത്?

post watermark60x60

ക്രിസ്ത്യാനികൾ വളരെ വിശാല ചിന്ത ഉള്ളവർ ആണെന്ന് അഭിമാനിക്കുകയും, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നത് ദിനം തോറും നമ്മൾ പറയാറുണ്ട് . എന്നാൽ ആ വിശാല വീക്ഷണങ്ങൾ , ചിന്തകൾ എങ്ങനെയാണു ഹഗിയാ സോഫിയ എന്നതിലേക്ക് മാത്രം പ്രതികരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്? എന്തുകൊണ്ടാണ് ഹഗിയാ സോഫിയ ഇത്രമാത്രം ഒരു വൈകാരിക വിഷയമായി ക്രിസ്ത്യാനികളിലേക്കു കത്തിപ്പടരാൻ കാരണം?

ഒന്ന് ഈ ഒരു വിഷയം ക്രിസ്യതീയ സമൂഹത്തിലെ ഒരു “മധ്യ വർഗ സമൂഹത്തിന്റെ”, അതിൽ ഉപരി ഒരു “മേൽ സമൂഹത്തിന്റെ “കണ്ണിലൂടെ കാണുന്ന കാഴ്ച്ചയുടെ ദൃശ്യമാണ്. എന്നാൽ ഈ ദൃശ്യങ്ങളെ എങ്ങനെ ഒരു മുഴുവൻ ക്രിസ്തീയ സമൂഹത്തിന്റെ കാഴ്ചപ്പാടിലേക്കു മാറ്റാം എന്നതിന്റെ അടയാളങ്ങളാണ് സമാധാനത്തിന്റെ അടയാളമായ പ്രാർത്ഥന ദിനം ഒരുക്കൂട്ടുന്നതിലൂടെ ചെയ്യുന്നത്. ഞങ്ങളെ നോക്ക് ഞങ്ങൾ പ്രതികാരം ചെയ്യുന്നില്ല പകരം ഞങ്ങളുടെ പ്രതികരണങ്ങൾ പ്രാർത്ഥനകൾ ആണ് . ഈ ഒരു നിലപാട് കുഞ്ഞാടുകളിൽ ഉണ്ടാക്കുന്ന സ്ഫുരണങ്ങൾ എന്ത് വലിയതാണ് എന്ന് ചിന്തിക്കണം . എങ്കിൽ ചോദിക്കും എന്താ പ്രാർത്ഥിച്ചാൽ തെറ്റ്, പ്രാർത്ഥിക്കേണ്ടേ? ശരിയാണ് പ്രാർത്ഥിക്കണം. എന്നാൽ എന്തെ ഹഗിയാ സോഫിയ എന്നതിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നത്? ലോക രാഷ്ട്രങ്ങളിൽ കോവിഡ് ഇത്ര വ്യാപകം ആയിട്ടും , മനുഷ്യർ ഒരുപാടു പേര് മരിച്ചിട്ടും, ഇന്ത്യയിൽ നടന്നു പോയ തൊഴിലാളികൾ റോഡിൽ മരിച്ചു വീണിട്ടും , റെയിൽവേ ട്രാക്കിൽ ഉറങ്ങിയ മനുഷ്യർ തൊട്ടു അടുത്ത് വെച്ച ചപ്പാത്തിയോടൊപ്പം കഷണങ്ങൾ ആയിട്ടും , ചിതറി അരഞ്ഞിട്ടും എന്തെ പ്രതികരിച്ചില്ല? പോട്ടെ, ഒരു പ്രാർത്ഥനാദിനം ഈ ലോകത്തെ വീണ്ടെടുക്കുന്നതിന് , കോവിഡിൽ നിന്ന് മുക്തി കിട്ടുന്നതിന് വേണ്ടി ചെയ്തില്ല ?
അപ്പോൾ പ്രാർത്ഥനാദിനം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇത് ശരിക്കും ഒരു വൈകാരിക വിഷയം ആക്കുകയും ഈ കൊറോണ കാലഘട്ടത്തിൽ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാൻ വീണുകിട്ടിയ ഒരു വിഷയം കൂടി ആണ് . അതായത് പ്രാർത്ഥിക്കാൻ പോലും സാധാരണക്കാരുടെ വിഷയങ്ങൾ അല്ല ഉയർത്തിക്കാട്ടുന്നത് എന്നാണ് ചിന്തിക്കേണ്ടത് .

രണ്ടാമതായി ഹഗിയാ സോഫിയ എന്നതിന് പ്രതികരിക്കുന്ന ദ്ര്യശ്യങ്ങൾ ഉയർത്തിക്കാട്ടിയവർ മറന്നു പോകുന്ന ചില അനുഭവങ്ങൾ ഉണ്ട് . കഴിഞ്ഞ ദിവസം മെറിൻ എന്ന പെൺകുട്ടിയെ 17 കുത്തുകൾ ശരീരത്തിൽ ഏൽപ്പിച്ചു അതിനു ശേഷം കാർ കേറ്റി കൊല്ലുന്നു. തിരുവല്ലയിൽ ഒരു പെൺകുട്ടിയെ കുത്തിയതിനു ശേഷം തീ കത്തിച്ചു കൊല്ലുന്നു . ഈ സംഭവങ്ങൾക്കു ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സുറിയാനിബോധ്യങ്ങൾ ഉള്ള പല ” ആണ് മഹാന്മാരുടെയും ” പോസ്റ്റ് കണ്ടിരുന്നു അത് ഇങ്ങനെ ആണ് “നിന്നെ ഓർത്തു ദുഖിക്കുന്നു .എന്നാൽ നീ കൂടുതൽ അനുഭവിക്കാതെ അങ്ങ് പോയല്ലോ നിനക്ക് ശാന്തി ഉണ്ടാകട്ടെ , നിന്റെ കുഞ്ഞിനെ നീ ഏല്പിക്കേണ്ട ഇടത്തു തന്നെ ഏൽപ്പിച്ചല്ലോ “. ഈ പോസ്റ്റ് ആണ് ഏറ്റവും കൂടുതൽ പങ്കിടപ്പെട്ട പോസ്റ്റ് . എന്താണ് ഈ “ആണ് മഹാന്മാർ”ഇങ്ങനെയുള്ള പോസ്റ്റുകൾ പങ്കിടാൻ കാരണം . ഈ പോസ്റ്റുകൾ എല്ലാം നോക്കിയാൽ എന്ത് കനിവിന്റെ കരുണയുടെ ഉറവിടമാണ് എന്ന് ചിന്തിക്കാം എന്നാൽ ഹഗിയാ സോഫിയ എന്ന വിഷയത്തെ പറ്റി പ്രതികരിക്കുന്ന മഹാന്മാർക്കു ഈ വിഷയങ്ങൾ എന്ത് കൊണ്ട് മുന്നിൽ വരുന്നില്ലേ ,വരില്ല. കാരണം മുകളിൽ പോസ്റ്റ് ഇട്ട ആൾക്കാരും എല്ലാരും മറക്കാൻ ,അടച്ചുവെക്കാൻ ശ്രമിക്കുന്ന ചില ചിന്തകൾ ഉണ്ട് . ക്രിസ്തിയ തീവ്രവാദത്തിന്റെ , ജാതിബോധത്തിന്റെ , ലിംഗബോധത്തിന്റെ രീതിശാസ്ത്രങ്ങളെയും അടയാളങ്ങളെയും തുറക്കാൻ ശ്രമിക്കുന്നില്ല എന്നുള്ള ചിന്ത. അതിനോടൊപ്പം തന്നെ ക്രിസ്ത്യാനി സുറിയാനി ബോധ്യങ്ങളിൽ നിർമ്മിക്കപ്പെട്ട ഭവനങ്ങളിൽ ,സുറിയാനി അടുക്കളകളിൽ വേകുന്ന ഒട്ടും ജനാധിപത്യം പ്രവേശിച്ചിട്ട് ഇല്ലാത്ത ആണത്വ ബോധ്യങ്ങളെ ചർച്ച ചെയ്യപ്പെടും എന്ന ചിന്ത . അതിനേക്കാൾ ഉപരി മുസ്ലിം തീവ്രവാദം ,ഹിന്ദുഫണ്ടമെന്റലിസം എന്നപടിയിൽ ,അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന സുറിയാനി ആണത്വ ബോധ്യങ്ങൾ ,അതിന്റെ പരിപ്രേഷ്യങ്ങൾ തിരിച്ചറിയാത്തതുകൊണ്ട് . അതുകൊണ്ടു തന്നെ ഹഗിയാ സോഫിയ എന്നത് സുറിയാനി ജാതി ആണത്വ ബോധ്യങ്ങളിൽ വിരിയുന്ന ഒരു കാഴ്ച്ചപ്പാട് എന്ന് കൂടി വരച്ചിടേണം. ആണും പെണ്ണും കെട്ടവർ ,ആണത്വം ,നട്ടെല്ല് ഇതൊക്കെയാണ് പൊതുവെ വിരിയുന്ന പദങ്ങൾ. ഈ പദ സഞ്ചയങ്ങളിലൂടെ എല്ലാ ലിംഗ വൈവിധ്യങ്ങളെയും ,പുരുഷൻ ഒഴിച്ചുള്ളതിനെ അന്യമാക്കി , ഇച്ചീച്ചി ആക്കി വെക്കുന്ന രീതികൾ ഇന്ന് കടന്നു വരുകയാണ് . കാരണം ഇന്ന് സംഗീതങ്ങളിൽ കൂടെ , ചില അടയാളങ്ങളിലൂടെ , പാരമ്പര്യത്തിന്റെ പുത്തൻ കുട്ടായ്മകളിൽ കൂടെ കടന്നു വരികയാണല്ലോ .

മൂന്ന് ,പുരോഗമനവാദം , വിപ്ലവകാരികൾഎന്ന വിവക്ഷയോടെ ഇന്ന് ഒരു പുതിയ സമൂഹം ആവിർഭവിച്ചിട്ടുണ്ട് . ഒരുകാലത്തു പുരോഗമനവാദം , വിപ്ലവകാരികൾ എന്ന്‌ കേട്ടാൽ സമൂഹം അവരെ അകറ്റി നിർത്തുകയും
അങ്ങനെ അകറ്റി നിർത്തപ്പെട്ടവർ ജീവിതകാലം മുഴുവൻ മനസിലാക്കിയ ആശയങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ചവർ ഉണ്ട് . എന്നാൽ ഇന്ന് കോർപ്പറേറ്റ് യുഗത്തിൽ പുരോഗമനവാദം , വിപ്ലവകാരികൾ എന്നത് ഒരു ബ്രാൻഡ് നെയിം ആക്കി എടുത്തു അതിലൂടെ സെലെക്ടിവ് വിപ്ലവം പറയുകയും ചെയ്യുന്നവർ ഇന്ന് കൂടി വരുന്നുണ്ട് . ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ടോം ആൻഡ് ജെറി കളി. സന്ദേശം എന്ന സിനിമയിൽ ശങ്കരാടി എടുക്കുന്ന ഒരു ക്ലാസ് ഉണ്ട് അനുഭാവികൾക്കു അത് ഇങ്ങനെ ആണ്
“താത്വികമായ ഒരു വിശകലനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടന വാദീകളും, പ്രതിക്രീയ വാദീകളുംതമ്മിൽ പ്രഥമ ദൃഷ്ടയിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കു ഇടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. ഒന്ന് ബൂർഷാസികളും തക്കം പാർത്തിരിക്കുക ആയിരുന്നു. അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി നമ്മൾ തോറ്റു പോയത് .” ഇത് വളരെ വലിയ സത്യമാണ് ശങ്കരാടി പറയുന്നത് നമ്മുടെ അന്തർ ധാരകൾ സജീവമാണ് ഇന്നത്തെ ഒരു പോസ്റ്റ് തിയററ്റിക്കൽ ലോകത്തിൽ നമ്മുടെ ഒക്കെ മുഖമുടികൾ എവിടെ എങ്കിലും ഒക്കെ അഴിയപ്പെടും എന്നതാണ് ആശ്വാസം .

നിർത്തട്ടെ എല്ലാ അധിനിവേശങ്ങളെയും എതിർക്കാം . എനിക്ക് പിന്നെയും മനസ്സിലാകാത്തത് യേശുവിനെയാണ് കുരിശിന്റെ പിന്നാലെ ,യേശുവിന്റെ പിന്നാലെ കരഞ്ഞുകൊണ്ട് ചെന്നവരോട് പറഞ്ഞത് ” നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ എന്നാണ്…

നമുക്ക് ഇനി ഹഗിയാ സോഫിയ ഓർത്തു പ്രാർത്ഥിക്കാം !!

റെവ: തോമസ് ബി (CARD, അസി.ഡയറക്ടർ)

-ADVERTISEMENT-

You might also like
Comments
Loading...