ലേഖനം: ഓൺലൈൻ ക്ലാസ്സുകളിൽ മുങ്ങിപ്പോവുന്ന ബാല്യം | നൈജിൽ വർഗ്ഗീസ്, എറണാകുളം

സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ച ഒരു ചിത്രത്തിൽ നിന്നാണ് ഇതെഴുതാനുള്ള പ്രചോദനം കിട്ടിയത് !

post watermark60x60

ചിത്രം ഇതായിരുന്നു, ഓൺലൈൻ ക്ലാസ്സ്‌ നടക്കുമ്പോൾ ഒരു കുട്ടി അവനിരിക്കുന്ന ബെഞ്ചിനു താഴേക്കു കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രം,കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട ഒത്തിരി മെസ്സേജുകൾ വരുന്നതുകൊണ്ടു എനിക്കിതു കണ്ടപ്പോ വല്യ തമാശയൊന്നും തോന്നിയില്ല പക്ഷെ പിറ്റേ ദിവസം ആരോ ഒരാൾ എന്ന് പറഞ്ഞാൽ ബാല്യകാലം നഷ്ടപ്പെട്ടുപോയ അല്ലെങ്കിൽ നഷ്ടപെട്ട ബാല്യകാലമുള്ള ആരെയോ പരിചയമുള്ള ഒരാൾ ഞാൻ ആദ്യം പറഞ്ഞ ചിത്രത്തിന്റ തല തിരിഞ്ഞവശം (സത്യത്തിൽ അതാണ് യഥാർത്ഥ വശം) ചിത്രീകരിച്ചൊരു പോസ്റ്റ്‌ എനിക്ക് വാട്സ്ആപ്പ് വഴി കിട്ടി, ചിത്രം ഇങ്ങനെ ആയിരുന്നു ആ ബെഞ്ചിൽ തല കീഴായി കിടക്കുന്ന കുട്ടി അവന്റെ ഭാവനയിൽ കാണുന്ന കാര്യങ്ങളാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത് !

വിശാലമായ ആകാശവും, അതിൽ പറക്കുന്ന വർണ്ണ പട്ടങ്ങളും, മലനിരകളും, മരവും, പക്ഷിയും മൃഗങ്ങളും പ്രകൃതിയും അങ്ങനെ സമ്പുഷ്ടമായൊരു ഭാവന.ആ ചിത്രത്തിൽ കമിഴ്ന്നു കിടക്കുന്ന കുട്ടി അതാണോ ചിന്തിച്ചത് എന്നറിയില്ല പക്ഷെ
ഞാൻ പറയാൻ വന്ന കാര്യം നമ്മുടെ വീട്ടിലെ കുട്ടികളെ ഈ കോവിഡ് കാലത്ത് നമ്മൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് !

Download Our Android App | iOS App

അവർക്കാവശ്യമുള്ള കളിപ്പാട്ടങ്ങളും, മധുരപലഹാരങ്ങളും നൽകി ഓൺലൈൻ ക്ലാസ്സുകളിലെ ടാസ്‌ക്കുകൾ കംപ്ലീറ്റ് ചെയ്യുന്നത് കൊണ്ട് മാത്രം തീരുന്നതാണോ നമ്മുടെ ഉത്തരവാദിത്വം ?

കുട്ടികൾ സ്കൂളിൽ പോയ്കൊണ്ടിരുന്നപ്പോ രാവിലെ ഏകദേശം ഒൻപതു മണി മുതൽ 3 മണി വരെയുള്ള 6 മണിക്കൂറോളം സമയം അവർ എൻഗേജ്ഡ് ആയിരുന്നു അഥവാ പഠനവും ടീച്ചർമാരും, കൂട്ടുകാരും, പ്ലേഗ്രൗണ്ടും ഒക്കെയായിരുന്നു അവരുടെ മനസ്സിൽ ! പക്ഷേ ഇപ്പോഴതു ഓൺലൈൻ ക്ലാസ്സുകളും, ഓൺലൈൻ ക്ലാസ്സുകളിലെ മത്സരങ്ങളുമൊക്കെയായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത് ! പല സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു 7 വയസ്സിനു താഴോട്ടുള്ള തുമ്പികളെ അഥവാ കുട്ടികളെ കൊണ്ട് കല്ലെടുപ്പിച്ചുകൊണ്ട് മാതാപിതാക്കൾ തമ്മിലുള്ള മത്സരമാണ് പല സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് !
എന്റെ മോൾ അല്ലെങ്കിൽ എന്റെ മോൻ അവരുടെ മോനേക്കാളും അല്ലെങ്കിൽ മോളെക്കാളും ഒരുപടി മുകളിൽ ആണ് എന്ന,മാതാപിതാക്കളുടെ ഈഗോ മുതലെടുക്കുന്ന ചില ടീച്ചർമാരും (എല്ലാവരുമല്ല) ചേർന്ന് നടത്തുന്ന ഈ ഓൺലൈൻ പരിപാടികൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്നത് കുട്ടിയുടെ ബാല്യം ആണെന്ന ബോധം എത്ര മാതാപിതാക്കൾക്കും അധ്യാപകർക്കുമുണ്ട്?

പല കുഞ്ഞുങ്ങളും വിഷാദരോഗത്തിന്റെ വക്കത്താണ്, അത് മനസിലാക്കാനുള്ള സാമാന്യബോധം മാതാപിതാക്കൾക്കെങ്കിലും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഈ സമയത്ത് പഠനം വേണ്ട എന്നൊന്നുമല്ല പറഞ്ഞു വന്നത്,കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടി ശ്രദ്ധ കൊടുക്കുന്ന രീതിയിൽ വേണം പഠനം മുന്നോട്ടു പോകാൻ.

നിങ്ങൾ ഡെയിലി കലക്കികൊടുക്കുന്ന പീഡിയാഷുവറും, ഹോർലിക്സും ബൂസ്റ്റുമൊക്കെ കഴിച്ചാൽ കുട്ടിയുടെ ശരീരമേ പുഷ്ടിപെടൂ, പുറമെ കാണുന്ന തടിച്ചുരുണ്ടിരിക്കുന്ന ശരീമല്ല കുട്ടി, അതിനകത്തെ മനസ്സാണ് കുട്ടി ! ആ മനസ്സിനെയാണ് മാതാപിതാക്കൾ സ്നേഹിക്കേണ്ടതും, പരിചരിക്കേണ്ടതും, പുഷ്ടിപെടുത്തേണ്ടതും.

പഠനം വേണം, പക്ഷേ പഠനത്തെക്കാൾ പ്രധാനം കുട്ടികളും അവരുടെ മാനസികാരോഗ്യവുമാണ് എന്ന ബോധ്യം എന്നാണ് നമുക്കുണ്ടാവുക ?

കണക്കും, ശാസ്ത്രവും സാമൂഹ്യപാഠവും തലച്ചോറിൽ കുത്തിനിറച്ച യന്ത്ര മനുഷ്യരെപ്പോലുള്ള കുറെ കുട്ടികളെ അല്ല നമുക്ക് വേണ്ടത്, മറിച്ചു വിഷയങ്ങൾക്ക് മുൻപിൽ പതറാതെ നിൽക്കുന്ന ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ള, പ്രായോഗികബുദ്ധിയോടെ പെരുമാറുന്ന, വർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ സഹജീവികളെ സ്നേഹിക്കുന്ന സഹായിക്കുന്ന ഒരു തലമുറയെ അല്ലേ നമുക്ക് വേണ്ടത് !

നൈജിൽ വർഗ്ഗീസ്

-ADVERTISEMENT-

You might also like