കൊറോണ വാക്‌സിന്‍ അടുത്ത വർഷം പ്രതീക്ഷിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിനുകളുടെ ഔദ്യോഗിക ഉപയോഗം 2021ല്‍ മാത്രമേ ആരംഭിക്കൂ എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വികസിപ്പിച്ചു എന്ന് അറിയിച്ചിരിക്കുന്ന രാജ്യങ്ങളെല്ലാം പരീക്ഷണം പൂർത്തിയാക്കി വാക്സിൻ വിപണിയിലെത്തിക്കാൻ അടുത്തവര്‍ഷമാകുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
വാക്‌സിന്‍ ഏറ്റവും കുറ്റമറ്റ രീതിയിലായിരിക്കണം വികസിപ്പിക്കേണ്ടത്. അതുപോലെ ലോകത്തെമ്പാടും ഉപയോഗിക്കേണ്ടതിനാല്‍ അതാത് ഭൂഖണ്ഡങ്ങളിലെ പരീക്ഷണവും നിരീക്ഷണവും ലോകാരോഗ്യസംഘടന പരിശോധിക്കുകയാണ്. വാക്‌സിന്‍ കുത്തിവെയ്ക്കല്‍ എല്ലാ സംശയങ്ങള്‍ക്കും അതീതമാകണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പ്രതിനിധിയും അടിയന്തര വിഭാഗം മേധാവിയുമായ മൈക്ക് റയാന്‍ പറഞ്ഞു.

വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നമ്മള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ഇത് വലിയ പ്രതീക്ഷ നല്‍കുന്നു. ഇതു വരെ ഒരു വാക്‌സിനും പരാജയപ്പെട്ടതായോ ആര്‍ക്കെങ്കിലും മറ്റ് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായോ വിവരം ലഭിച്ചിട്ടില്ലെന്നും റയാന്‍ വ്യക്തമാക്കി.

നിലവില്‍ ഫൈസര്‍ കമ്പനിയും ജര്‍മ്മന്‍ ബയോടെകും വികസിപ്പിച്ച വാക്‌സിനുകളാണ് അന്തിമഘട്ടത്തിലുള്ളത്. നിലവില്‍ അമേരിക്ക വാക്‌സിന്‍ വാങ്ങുന്നതിനായി 1000 കോടി ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയതായും റയാന്‍ അറിയിച്ചു. ലോകവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്ന ഡിസംബര്‍ വരെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശവും റയാന്‍ എടുത്തുപറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.