ലേഖനം: ഹേ മനുഷ്യ! ലക്ഷ്യം തെറ്റരുത് | പ്രിൻസ് എൻ തോമസ്, നിലമ്പൂർ

വഴി തെറ്റിയാൽ അതിന്റെ അർത്ഥം നമ്മുടെ ലക്ഷ്യം തെറ്റി എന്നാണ്. വഴിമാറി സഞ്ചരിച്ചാൽ സമയം, ആരോഗ്യം, ഒരുപക്ഷെ പ്രാണഹാനി വരെ സംഭവിക്കാം. ട്രാക്ക് മാറി ഓടുന്ന തീവണ്ടി ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല. പാളം തെറ്റിയ തീവണ്ടിക്കുമുൻപിൽ അപകടം മാത്രം ആണ് സംഭവിക്കുന്നത്. ഒരു വിമാനം യാത്രയാരംഭിച്ചാൽ അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ കൺട്രോൾ റൂമുമായി ബന്ധം ഉണ്ടായിരിക്കും. അപകടം സംഭവിച്ച ഓരോ വിമാനത്തെ കുറിച്ചും ലഭിക്കുന്ന വിവരം, അപകടം സംഭവിക്കുന്നതിനു മുൻപ് കൺട്രോൾ റൂമുമായി ഉള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നുള്ളതാണ്. അപകടം സംഭവിച്ച പലരുടെയും വാക്കുകൾ ഇതുപോലെയാണ്, ഞാൻ ദൈവവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടവൻ ആണ് അതുമുഖന്തരം ആണ് ഇങ്ങനെ സംഭവിച്ചത് എന്നൊക്കെ. ഈ യാഥാർഥ്യം പലപ്പോഴും നമ്മൾ മനസിലാക്കുന്നത് എല്ലാം നഷ്ടപ്പെടുമ്പോൾ മാത്രമാണ്.

[ ] പാപത്തിന്റെ ഭയാനക സ്വഭാവം (യെശയ്യാ 59: 1-21)
വിശുദ്ധ ബൈബിളിൽ യെശയ്യാവ്‌ പ്രവാചകനിലൂടെ യിസ്രായേൽ ജനത്തെ കുറിച്ച് പറയുന്നത് ഇതുപോലെ ആണ്. യിസ്രായേൽ മിസ്രേമിൽ നിന്ന് യാത്ര പുറപ്പെട്ടപ്പോൾ അവർക്കു അവരുടെ ദൈവമായ യഹോവയുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. എന്നാൽ അമ്പത്തിഒൻപതാം (59) അധ്യായത്തിൽ നാം കാണുന്നത് “നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു”
(യെശയ്യാ 59:2). പാപത്തിൽ കുത്തഴിഞ്ഞു ജീവിക്കുന്ന ജനം.
യിസ്രായേൽ ദൈവത്തിൽ നിന്നും എന്തുമാത്രം അകന്നുപോയി എന്നുള്ളത് 1 മുതൽ 15 വരെ വാക്യങ്ങളിൽ വിവരിക്കുന്നു. യിസ്രായേൽ ദേശത്തെ മുഴുവൻ അതിക്രമത്താലും ഭോഷ്കിനാലും ചതിയാലും അവർ നിറച്ചിരിക്കുന്നു. അവരുടെ ദുഷ്പ്രവൃത്തിക്കളെകുറിച്ചുള്ള ഒരു ആലങ്കാരികപ്രയോഗം അവിടെ കാണാം. അതായത് തങ്ങളുടെ തെറ്റുകളെ അവർ നന്മയുടെ പ്രകടനത്താൽ മറയ്ക്കാൻ ശ്രമിക്കുന്നു. ഇന്നും ലോകത്ത് സ്വന്തം നിലനില്പിനുവേണ്ടിയും, ജീവിതത്തിൽ പലതും നേടിയെടുക്കാൻവേണ്ടിയും ഒന്നുകൂടി വ്യക്തമാക്കിയാൽ സ്വന്തം സുഖസന്തോഷങ്ങൾക്ക് വേണ്ടി തിന്മകൾ ചെയ്തുകൂട്ടുമ്പോൾ അവർ ചെയ്ത നല്ല പ്രവൃത്തിക്കൾ കൊണ്ട് ആ തിന്മയെ മൂടി സമൂഹത്തിലും, സഭയിലും വിശുദ്ധിയുടെ മുഖംമൂടി ധരിച്ചും ഉന്നതസ്ഥാനങ്ങളിൽ നിൽക്കാനും വ്യഗ്രതകൂട്ടുമ്പോൾ അവർ ഓർക്കുന്നില്ല അഗ്നിജ്വാലക്കൊത്ത കണ്ണുള്ള ദൈവം, ഇതെല്ലാം കാണുന്നു എന്ന യാഥാർഥ്യം. സങ്കീർത്തനക്കാരനായ ദാവീദ് പറയുന്നു “ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല” (സങ്കീർത്തനങ്ങൾ
139:2 -4) ഈ സർവശക്തനായ, സർവ്വവ്യാപിയായ ദൈവം എല്ലാം അറിയുന്നു എന്ന് യിസ്രായേൽ മറന്നുപോയതുപോലെ ഇന്നും ദൈവത്തെ മറന്നുനടക്കുന്ന ജനങ്ങളും അത് മറന്നിരിക്കുകയാണ്.

[ ] എന്താണ് പാപം?
പൊതുവായി പാപം എന്നത് “ലക്ഷ്യം തെറ്റുക അല്ലെങ്കിൽ വഴി തെറ്റുക”, നിലവാരം നഷ്ടപ്പെടുത്തുക എന്നൊക്കെയാണ്. ദൈവം ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളത് ചെയ്യാതെയും, ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ളത് ചെയ്യുന്നതുമാണ് പാപം.
വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തത് ഒക്കെയും പാപമാകുന്നു (റോമാ 14: 23). ഏത് അനീതിയും പാപമാകുന്നു (1. യോഹ 5: 17). ജനിക്കുന്ന ഏത് മനുഷ്യനും പാപം ചെയ്യാനുള്ള ഒരു വാസന ഉണ്ട്.
ഇവിടെ ഇസ്രായേൽ ജനം ഉന്നതമായ ന്യായപീഠങ്ങൾ മുതൽ സാധാരണ ചന്തസ്ഥലങ്ങളിൽ വരെ അനീതിയും അഴിമതിയും നടമാടുന്നു (14, 15).

[ ] എന്താണ് പാപത്തിന്റെ പരിണിതഫലം?
പാപത്തിന്റെ പരിണിതഫലം ഒരിക്കലും നന്മയും വിശുദ്ധിയും ഉള്ളതല്ല. പാപം നമ്മെ ദൈവത്തിൽ നിന്ന് ഭിന്നിപ്പിക്കുകയാണ്. കൺട്രോൾറൂമുമായി ബന്ധം നഷ്ട്ടപെട്ട ഒരു വിമാനം ഒരിക്കലും സുരക്ഷിതമായി ഈ ഭൂമിയിൽ ഇറങ്ങിയെന്ന് ഒരു ചരിത്രത്തിലും ഇല്ല. പ്രിയരേ, പാപത്തിന്റെ പരിണിതഫലവും ഇങ്ങനെയാണ്. ഇന്നുകാണുന്ന പാപത്തിന്റെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഓർക്കുക, നാമും നമ്മുടെ ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനാൽ ജീവിതം നിത്യമായ മരണത്തിൽ അവസാനിക്കുകയുള്ളു. റോമർ 6:23 ൽ പൗലോസ് ഇപ്രകാരം പറയുന്നു “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ”. പാപത്തിന്റെ മാർഗ്ഗം ഒരിക്കലും ശുഭമായ ഒരു ജീവിതം നൽകുകയില്ല. ഒരുപക്ഷെ, ഈ പാപപ്രവൃത്തികൾ അല്പനേരത്തേക്ക് സന്തോഷം നൽകിയേക്കാം. എന്നാൽ ഓർക്കുക, നമ്മെ ദൈവവുമായി ഭിന്നിപ്പിക്കുന്നത് ഈ പാപപ്രവൃത്തിക്കൾ ആണ്, എന്നുവെച്ചാൽ വഴി തെറ്റി എന്നർത്ഥം. യാക്കോബ് ഇപ്രാക്കാരം പറയുന്നു, “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ” (4: 7, 8).

പ്രിയരേ, ഈ ലോകത്തിൽ ഉള്ളതൊന്നും ശാശ്വതമല്ല. ഇതെല്ലാം നശിച്ചു പോകുന്നത് ആണ്. വചനം പറയുന്നു, കള്ളന്മാർ തുരന്നു കൊണ്ടുപോകുന്നതും, തുരുമ്പ് എടുക്കുന്നതും, പുഴുവരിക്കുന്നതുമായ ഈ ലോകത്തിലെ സാമ്പത്തിനുവേണ്ടി ജീവിക്കരുത്, ഈ സാമ്പത്തിനായാണ് പലപ്പോഴും പാപം ചെയ്യുന്നത്. “മോഹം” ജീവിതത്തിൽ ഒരിക്കൽ പോലും നമ്മെ നിയന്ത്രിക്കരുത്, മറിച്ച് നാം മോഹത്തെ നിയന്ത്രിക്കുന്നവരായിരിക്കണം. യാക്കോബ് തന്റെ ലേഖനത്തിൽ പറയുന്നു “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു” (1:15). മോഹം ആണ് ഹവ്വയെ പാപം ചെയ്യിപ്പിച്ചത്, മോഹം ആണ് ദാവീദിനെ വീഴ്ത്തിയത്, മോഹം ആണ് അനന്യാസിനേയും തന്റെ ഭാര്യയായ സഫീരയെയും വീഴ്ത്തിയത്. എബ്രായർ ലേഖനത്തിൽ ഇപ്രാകാരം കാണുന്നു “ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല” (6: 4-6). നമുക്ക് ഒരു ലക്ഷ്യം ഉണ്ട്, അത് ദൈവം തന്റെ ഏകജാതനായ ക്രിസ്തുവിൽ കൂടി നമുക്ക് നൽകപ്പെട്ടു. നമ്മുടെ ലക്ഷ്യം നിത്യജീവൻ ആണ്, നമ്മുടെ ലക്ഷ്യം സ്വർഗ്ഗം ആണ്, നമ്മുടെ ലക്ഷ്യം നിത്യത ആണ്, നമ്മുടെ ലക്ഷ്യം കൈപ്പണിയല്ലാത്ത നിത്യ ഭവനം ആണ്, നമ്മുടെ ലക്ഷ്യം മണവാളനുമായുള്ള കല്യാണം ആണ്. പ്രിയരേ നമുക്ക് ഒരുങ്ങാം, ഈ ലോകസംഭവങ്ങൾ വിളിച്ചറിയിക്കുന്നു കർത്താവിന്റെ വരവിനെയാണ്. ഈ ലോകത്തിലെ മാലിന്യങ്ങൾ ഒന്നും, ജഡത്തിന്റെ പ്രവൃത്തിക്കൾ ഒന്നും, ഇരുട്ടിന്റെ പ്രവൃത്തിക്കൾ ഒന്നും നമ്മെ കീഴ്പ്പെടുത്താൻ ഇടയാകരുത്. ഈ ലോകത്തിലുള്ള ഒന്നിനുവേണ്ടിയും നമ്മുടെ ജീവിതം നശിപ്പിക്കരുത്. വിശുദ്ധിയോടെ, വേർപ്പാടൊടെ നല്ല ഒരു ദൈവപൈതലായി നമുക്ക് ജീവിതം മുൻപോട്ടുകൊണ്ടുപോകാം. നമ്മുടെ ലക്ഷ്യം തെറ്റരുത്‌. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേൻ.

പ്രിൻസ് എൻ തോമസ്, നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.