ലേഖനം: യുവജനങ്ങൾക്ക് സഭയോട് ഉണ്ടായിരിക്കേണ്ട മനോഭാവം | ആന്റണി ജോസഫ്

യുവജനങ്ങൾക്ക് സഭയോട് ഉണ്ടായിരിക്കേണ്ട മനോഭാവം

1. ഒരു പ്രാദേശിക സഭയുടെ പ്രാധാന്യം മനസ്സിലാക്കണം.
ദൈവത്താൽ വിളിച്ച് വേർതിരിക്കപ്പെട്ടവരുടെ കൂട്ടമാണ് ദൈവസഭ. വിളിച്ച ദൈവത്തിന്റെ സൽഗുണങ്ങളെ ജീവിതം വഴിയും വാക്കുകൾ വഴിയും ഈ ലോകത്തിൽ ഘോഷിക്കുക എന്നത് ദൈവ സഭയുടെ ദൗത്യമാണെന്ന് ദൈവ വചനം പഠിപ്പിക്കുന്നു (1 പത്രൊ: 2: 9 ). ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരം ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവത്തിന്റെ സാക്ഷികളായി ലോകത്തിൽ ജീവിക്കുന്ന സഭാംഗങ്ങൾ ദൈവത്തെ ആരാധിക്കുകയും ഈ ദൈവത്തിങ്കലേക്ക് മറ്റുള്ളവരെ മാടിവിളിക്കും ചെയ്യുന്ന വലിയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കേണ്ടവരാണ്. ദൈവ സത്യങ്ങളുടെ കാവൽക്കാരായും ദൈവസ്നേഹം ഭൂമിയിൽ പ്രചരിപ്പിക്കുന്നവരായും ദൈവത്തിന്റെ രക്ഷാമാർഗ്ഗം ലോകത്തോട് അറിയിക്കുന്നവരായും ഈ കൂട്ടർ ലോകത്തിൽ ഇരിക്കുന്നു. ദൈവസഭയിൽ എല്ലാവർക്കും ഒരു പോലുള്ള സ്ഥാനം ഉണ്ടെന്നുവരികിലും ഉയിർത്തെഴുന്നേറ്റ കർത്താവ് ദൈവ സഭയോടുള്ള ബന്ധത്തിൽ പത്രോസിന് ചുമതലകൾ നൽകുമ്പോൾ ”എൻ്റെ കുഞ്ഞാടുകളെ മേയ്ക്ക ” എന്ന യോഹന്നാൻ 21: 15-ൽ പ്രത്യേകം പറയുന്നു. ദൈവസഭയിൽ ഇളയവരോടുള്ള ബന്ധത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ 1പത്രോസ് 5: 5-ലും 1, 2 തിമോഥെയൊസിൻ്റെ ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്. യുവത്വത്തിന്റെ പ്രാധാന്യവും യുവജനങ്ങളോട് ദൈവവചനം നൽകുന്ന പ്രത്യേക നിർദേശങ്ങളും ദൈവ സഭയിലുള്ള അവരുടെ പങ്കും പ്രത്യേക പരിഗണന അർഹിക്കുന്നു.
യുവജനങ്ങൾക്ക് മിക്കപ്പോഴും വിഷയം അവർ തന്നെയാണ്. തങ്ങളെ ചുറ്റി ആത്മീയ നേതൃത്വവും വിശ്വാസികളും ഭ്രമണം ചെയ്യണമെന്നും തങ്ങൾ അതിന്റെ കേന്ദ്രമായിരിക്കണമെന്നും ചിന്തിക്കാറുണ്ട്. ഇത് തികച്ചും ശരിയല്ല. ആരെക്കാളും വലുതാണ് കർത്താവും അവന്റെ സഭയും. സ്ഥലം സഭകളിലുടെയാണ് കർത്താവും ആത്മാവും പ്രവർത്തിക്കുന്നത്. സ്ഥലംസഭ ഒരു സംഘടയൊ സമുദായമോ അല്ലെന്നും ദൈവത്തിന്റെ ഇക്കാലത്തെ ഏറ്റവും വലിയ സ്ഥാപനമാണെന്നുമുള്ള ബോധ്യമുണ്ടാകണം. തങ്ങളെത്തന്നെ സഭയിൽ വിനയപ്പെടുത്തി കർത്താവു തന്നിട്ടുള്ള ശുശ്രൂഷകൾ നിറപടിയായി നിവൃർത്തിക്കുവാൻ ശ്രമിക്കേണ്ടതുണ്ട്.

2. ‘എന്റെ സഭ’ എന്ന ബന്ധം
യുവജനങ്ങൾ മറ്റെന്തിനെക്കാളും മറ്റാരേക്കാളും ദൈവത്തെയും തങ്ങൾ ആയിരിക്കുന്ന സഭയെയും സ്നേഹിക്കണം. എല്ലാ നിലയിലും ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കായും ദൈവസഭയുടെ വളർച്ചക്കായും കാര്യമായി പരിശ്രമം കഴിക്കാൻ സാധിക്കുന്ന ഒരു കാലഘട്ടമാണ് യൗവനം എന്നതിന് സംശയമില്ല. ഈ നിലയിൽ ദൈവസഭയിൽ ഒരു പ്രത്യേക സ്ഥാനം യുവജനങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ അത് തെറ്റായിരിക്കുകയില്ല. “ആരും നിന്റെ യൗവനം സ്വീകരിക്കരുത് ” എന്ന് 1തിമൊ 4: 12-ൽ എടുത്തു പറയത്തക്കവണ്ണം പ്രത്യേകതകളുടെ ഒരു കാലഘട്ടമായി യൗവനത്തെകുറിച്ച് ചിന്തിക്കാൻ കഴിയും.
പ്രായോഗികമായി പറഞ്ഞാൽ സ്ഥലം സഭയുടെ കൂടിവരവുകൾ, പ്രവർത്തനങ്ങൾ ഇവയലാണല്ലോ സഭയ്ക്കു ആത്മിക വർധന ഉണ്ടാകുന്നതും സഭ വളരുന്നതും. ദൈവസഭയുടെ ഈ ലോകത്തിലെ ദൗത്യനിർവഹണത്തിൽ സുപ്രധാനമായൊരു പങ്ക് യുവജനങ്ങൾക്കുണ്ടെന്നു ഒന്നാമത് ഗ്രഹിക്കേണ്ടതാണ്.

3. കൃപാവരങ്ങൾ സഭയിൽ ഉപയോഗിക്കണം
കർത്താവ് തരുന്ന ഓരോ അവസരങ്ങളും വളരെ പ്രാർത്ഥനയോടെ സഭയുടെ പൊതു പ്രയോജനത്തിനായി ഉപയോഗിക്കണം (1 കൊരി 12:5- 11 ). ഓരോരുത്തരുടെയും കൃപാവരങ്ങൾ എന്താണെന്ന് പ്രാർത്ഥിച്ചു കണ്ടുപിടിക്കണം. പിന്നെ വേണം ഉപയോഗിക്കുവാൻ. ഇത് സ്വാർത്ഥതയേക്കാ, ധനസമ്പാദനത്തിനോ, പ്രശസ്തി നേടനോ ആയിരിക്കരുത്. മറിച്ച് തിരുനാമ മഹത്വപ്പെടുവാൻ ആയിരിക്കണം. ദൈവത്തിന്റെ ആലോചന സഭയിൽ ഇരുന്നു പ്രാപിക്കുന്നതായിരിക്കണം ശുശ്രൂഷിക്കണ്ടത് ( യിരെ 23: 22). കർത്താവിൽ നിന്നും പ്രാപിച്ച വേണം ജനത്തിന് കൊടുക്കുവിൻ (1 കൊരി 11: 23 ). അതിന് നല്ല രീതിയിലുള്ള പ്രാർത്ഥനയും ജാഗരണം ഓരോ ശുശ്രൂഷയ്ക്കു മുമ്പും ആവശ്യമാണ്. പലർക്കും ലഭിച്ചിരിക്കുന്ന ശുശ്രൂഷകൾ ചെയ്യുവാൻ മടിയാണ്. അങ്ങനെയുള്ളവരോട് ബൈബിൾ പറയുന്നു “എന്റെ മകനെ ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക ” ( 2 തിമൊ 2:1).

4. യൗവന ഭക്തി കാത്തുസൂക്ഷിക്കുക
ഒരു മനുഷ്യായുസ്സിലെ ഏറ്റവും നല്ല കാലഘട്ടമായി യൗവനത്തെ കാണാവുന്നതാണ്. ഏറ്റവും ആരോഗ്യവും പ്രസരിപ്പും ഉള്ള കാലമാണിത്. ദൈവത്തോടുള്ള സ്നേഹവും സമർപ്പണവും ഏറ്റവും വീറോടെ പ്രദർശിപ്പിക്കപ്പെടാൻ കഴിയുന്ന ഈ കാലത്തെ വിശേഷപ്പെട്ടതായി ദൈവംതന്നെ കാണുന്നതായി തിരുവെഴുത്ത് വ്യക്തമാക്കുന്നുണ്ട്. യൗവനത്തിലെ ഭക്തി എന്ന ദൈവം എടുത്തു പറയുന്നത് ( യിരെ 2:2) ശ്രദ്ധേയമാണ്. പന്ത്രണ്ടാം സങ്കീർത്തനകാരൻ വിലപിക്കുകയാണ് ‘യഹോവ, രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു” ( 12: 1). ഈ ലോകത്തിന്റെ നടുവിൽ യൗവനക്കാർ ശ്രദ്ധിക്കേണ്ട കാര്യം പൗലോസ് ഊന്നിപ്പറയുന്നു. “ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക. മൂപ്പന്മാരുടെ കൈവയ്പോടുകുടെ പ്രവചനത്താൽ നിനക്ക് ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ നിൻ്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന് ഇത് കരുതുക. ഇതിൽ തന്നെ ഇരുന്നു കൊൾക. നിന്നെ തന്നെയും ഉപദേശത്തിനും സൂക്ഷിച്ചു കൊള്ളുക ഇതിൽ ഉറച്ചുനിൽക്കുക അങ്ങനെ ചെയ്താൽ നീയും നിന്റെ പ്രസംഗം കേൾക്കുന്ന വരെയും രക്ഷിക്കും (1 തിമൊ 4: 12- 16) . ഈ വാക്യങ്ങൾ ഏക്കാലത്തുമുള്ള യുവജനങ്ങൾക്ക് ഉത്തേജനമാകട്ടെ.

5. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക
എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തങ്ങൾ ആരുവെച്ചു നീട്ടിയാലും സ്വീകരിക്കുന്നത് ആത്മീയതയല്ലാ. ഏത് ഉത്തരവാദിത്വവും സ്വീകരിക്കുന്നതിനു മുമ്പ് പ്രാർത്ഥിച്ച് നിർണയവും നിയോഗം പ്രാപിക്കണം. സഭയുടെ കൂടിവരവുകൾ, പ്രവർത്തനങ്ങൾ ഇവയാലാണല്ലോ സഭയ്ക്ക് ആത്മികവർദ്ധന ഉണ്ടാകുന്നതും സഭ വളരുന്നതും. ദൈവസഭയുടെ ഈ ലോകത്തിലെ ദൗത്യ നിർവഹണത്തിന് സുപ്രധാനമായൊരു പങ്കു യുവജനങ്ങൾക്കുണ്ടെന്ന് ഒന്നാമത് ഗ്രഹിക്കേണ്ടതാണ്. പ്രായമുള്ളവർക്ക് നിർവ്വഹിക്കുവാൻ പ്രയാസമായ പല ജോലികളും ഊർജ്ജസ്വലതയുള്ള യുവജനങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുമല്ലോ. അതുകൊണ്ട് സ്ഥലംസഭയുടെ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.
ചിലർക്ക് പൊതു ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുവാൻ തിടുക്കമുണ്ട്. കാരണം പ്രസിദ്ധിയാണ് അതിന്റെ ലക്ഷ്യം. ഈ ലക്ഷ്യം തെറ്റാണ്. ഏത് ഉത്തരവാദിത്വവും ദൈവം തരുന്നവയാണ് എന്ന് ശോധന ചെയ്യേണം. ഒരു പ്രാദേശിക സഭാ ബന്ധത്തിലുള്ള ഉത്തരവാദിത്തങ്ങൾ പലരും സ്വീകരിക്കുന്നതിൻ്റെ പ്രധാന കാരണവും ഇത് തന്നെയാണ്. ആർ അറിയും? ഒരു സഭയിലെ ചുരുക്കം ചില ആളുകൾ മാത്രം. പ്രിയ യുവജനങ്ങളെ ,സ്ഥലം സഭകളിലൂടെയാണ് ദൈവം തന്റെ പ്രവ്യത്തി ചെയ്തെടുക്കുന്നത്.
അതുകൊണ്ട് കൺവെൻഷൻ , സുവിശേഷീകരണം , ക്വിസ്, ഭവനസന്ദർശനം, പരസ്യ പ്രവർത്തനങ്ങൾ ,ആതുരസേവന ങ്ങൾ ,സഭയുടെ ബന്ധത്തിലൂടെ വരുന്ന വിവാഹം, മരണം എന്നീ വിഷയങ്ങളിൽ ഉണ്ടാകുന്ന പ്രായോഗിക ക്രമീകരണങ്ങൾ ഇവയെല്ലാം യുവജനങ്ങൾക്ക് ഏറ്റെടുത്തു ചെയ്യുവാൻ പ്രയാസമില്ലാത്തതാണല്ലോ. ശാരീരിക ക്ലേശങ്ങളും ബദ്ധപ്പാട് നിറഞ്ഞ ഏതു ശുശ്രൂഷയിലും പ്രധാനമായി ചുമൽകൊടുക്കുവാൻ കഴിയുന്നത് യുവജനങ്ങൾക്കാണ് എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. ഒരേസമയം ഒട്ടേറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഒന്നും ഭംഗിയായി ചെയ്യുവാൻ കഴിയാതെ വരുന്നതും ആശാസ്യമല്ല.

6. ആഴമായ സമർപ്പണം ഉള്ളവരായി മാറുക
യൗവനത്തിലെ പ്രത്യേക സാധ്യതകൾ ദൈവസഭയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുവാൻ ആത്മീയമായ ചില പ്രമാണങ്ങളും ദൈവവചന നിർദ്ദേശങ്ങളും യുവജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിൽ ഒന്നാമത് കർത്താവായ യേശുക്രിസ്തുവിനോടുള്ള വ്യക്തിപരമായ ആഴമായ സമർപ്പണമാണ്. യേശുക്രിസ്തു എന്റെ ജീവിതത്തിൻ്റെ മുഴുവൻ കർത്താവാണ്. അവന്റെ ഹിതം ജീവിതത്തിൽ പൂർണ്ണമായും നിറവേറ്റുക, അവനെ സ്നേഹിക്കുക, സേവിക്കുക. ഇത് ജീവിതലക്ഷ്യമായി തീരേണ്ടതാണ്. അതോടൊപ്പം തന്നെ കർത്താവ് ആക്കി ഇരിക്കുന്ന സ്ഥലം സഭയിൽ കർത്താവ് ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുവാൻ ഉള്ള സമർപ്പണവും പ്രതിബദ്ധതയും ഉണ്ടായിരിക്കേണം. സഭയിൽ ദൈവം തന്നിരിക്കുന്ന പങ്ക് ദൈവത്തോടുള്ള വിശ്വസ്തതയിൽ നിർവഹിക്കണമെന്ന ചിന്ത യുവാക്കളെ ഭരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഉത്തരവാദിത്വബോധത്തോടെ സഭയുടെ കാര്യങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുകയുള്ളൂ. യേശുക്രിസ്തുവിൻ്റെ കർത്ത്യത്വവും ഭരണവും ജീവിതത്തിൽ അംഗീകരിക്കാത്ത ഒരുവനും ദൈവസഭയുമായി യാതൊരു കാര്യവുമില്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

ആന്റണി ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.