ലേഖനം: യോഹന്നാൻ15-ാം അദ്ധ്യായത്തിലെ രണ്ട് അനുഭവങ്ങൾ | ബെന്നി ഏബ്രാഹാം

യോഹന്നാൻ 15-ാം അധ്യായത്തിൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് രണ്ടു വഴികൾ കാണുന്നു അഥവാ രണ്ടു അനുഭവങ്ങൾ കാണുന്നു. അതിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കി കളയുന്നു. കായ്ക്കുന്നതൊക്കെയും അധികം ഫലം കായിക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു”.
ഇവിടെ മുന്തിരിവള്ളി യേശുക്രിസ്തുവിനെയും തോട്ടക്കാരനായി പിതാവിനേയും കാണിച്ചിരിക്കുന്നു യേശുവിനെ അനുഗമിക്കുന്ന നാമോരോരുത്തരേയും ഇവിടെ കൊമ്പുകളായി കാണിക്കുന്നു.അങ്ങനെ യേശു ആകുന്ന മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളാകുന്ന നാമോരോരുത്തർക്കും മുൻമ്പിൽ രണ്ടു അനുഭവങ്ങൾ വെച്ചിട്ടുണ്ട് അഥവാ രണ്ടു വഴികളുണ്ട്.
ഇതിൽ ഒന്നാമത്തെ വഴി അഥവാ അനുഭവം ക്രിസ്തുവിൽ വസിക്കുന്ന കൊമ്പ് ഫലം കായ്ക്കുന്നു എന്നുള്ളതാണ്. ഫലം കായ്ക്കുന്ന ഈ കൊമ്പിനെ തോട്ടക്കാരൻ അധികം ഫലം കായ്ക്കുവാൻ ചെത്തി വെടിപ്പാക്കുന്നു. അതിനാൽ ദൈവപൈതലേ നിരാശപ്പെടരുത് വേദനയുടെ അനുഭവങ്ങൾ ജീവിതത്തിൽ വരുമ്പോൾ അധികഫലം കായ്ക്കുന്നതിനായി ദൈവം നൽകിയിരിക്കുന്നു എന്നറിയുകാ.കാരണം ഫലം കായ്ക്കുന്നതിനും ആ ഫലം നിലനിൽക്കേണ്ടതിനും നമ്മെ ആക്കി വെച്ചിരിക്കുന്നു (യോഹന്നാൻ 15-16).
രണ്ടാമത്തെ വഴി അഥവാ അനുഭവം ക്രിസ്തുവിൽ വസിക്കുന്ന കൊമ്പ് ഫലം കായ്ക്കുന്നില്ല എന്നുള്ളതാണ്. ഫലം കായ്ക്കാത്ത ഈ കൊമ്പും ക്രിസ്തുവിലാണ് വസിക്കുന്നത്. എന്നാൽ ഈ കായ്ക്കാത്ത കൊമ്പിനെ തോട്ടക്കാരൻ നീക്കി കളയുന്നു; അതിനെ പുറത്തു കളയുന്നു;അത് ഉണങ്ങി പോകുന്നു അവസാനം ആ വക ചേർത്ത് തീയിൽ ഇടുന്നു, അത് വെന്തുപോകുന്നു.രണ്ടാമത്തെ ഈ അനുഭവം അഥവാ ഫലം കായ്ക്കാത്ത കൊമ്പ് രണ്ടാമത്തെ മരണത്തിൽ ചെന്ന് അവസാനിക്കുന്നതായി കാണുന്നു. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഫലം ഇല്ലാതിരിക്കുന്ന അനുഭവം തോട്ടക്കാരൻ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. ശ്രദ്ധിക്കുകമാത്രമല്ല നീക്കികളയുകയും ചെയ്യുന്നു.
ഉണങ്ങിയ കമ്പുകൾ ധാരാളമുള്ള ഇന്നത്തെ ആത്മീയ ലോകം ചിലത് നന്നായി ഉണങ്ങിയിരിക്കുന്നു,ചിലതിൽ ഉണക്കലടിച്ചു തുടങ്ങിയിരിക്കുന്നു.ഈ കമ്പുകളെ കത്തിക്കുവാൻ- “പണ്ട് തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും”(യെശയ്യാവ്30-33).
ഫെയ്സ്ബുക്കലും വാട്സാപ്പിലും യൂട്യൂബിലും തുടങ്ങിയ ഇന്റർനെറ്റ് ലോകത്തിൽ ഒട്ടകപക്ഷിയെപോൽ മുഖം പൂഴ്ത്തിയിരിക്കുന്ന വലഞ്ഞുപോയ നീതിമാന്മാർ കുറെയധികം പേരുള്ള വിശ്വാസലോകമല്ലേ ഇത്!!!! (എല്ലാവരുമല്ല എന്ന് ഓർമിപ്പിക്കുന്നു).’ഗെയിം’ അഡിക്ഷൻ എന്ന നരകവാതിൽക്കൽ കെട്ടപെട്ട കഴുതകളെ പോലെ ചിലർ ചുറ്റിതിരിയുന്നു. ‘ഇന്റർനെറ്റ്’ എന്ന ലോകത്തിൽ സുബോധമില്ലാത് ജീവിക്കുന്ന എത്രയോ വിശ്വാസികളുണ്ട്!ശിംശോനെപോലെ ‘ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞു കളയും’എന്നുള്ള ആത്മവിശ്വാസം വെറുതെയാണ്. അപ്പന്റെ ഭവനത്തിൽ നിന്ന് വളരെയേറെ ദൂരം അകലെയാണെന്ന് മനസ്സിലാക്കുക. വഴിയുടെ ദൂരം കൊണ്ട് ക്ഷീണിച്ചു പോയിട്ടും അതിനെ നിഷ്ഫലം എന്ന് പറയാത്തത് എന്തേ?…സുബോധം നഷ്ടപ്പെട്ടതു കൊണ്ടല്ലയോ!!! പ്രാർത്ഥനയുടെയും ദൈവവചനധ്യാനത്തിന്റെയും സമയം കവർച്ചയായി പോയില്ലയോ!!!?അതിനാൽ ദൈവപൈതലേ വളരെ വേഗം മടങ്ങി വരിക നേരം വൈകി അസ്തമിക്കാറായി.ആർക്കും പ്രവൃത്തിച്ചുകൂടാത്ത രാത്രി വരുന്നൂ… അതിനാൽ ദൈവപൈതലേ വളരെ വേഗം ഫലം കായ്ക്കാത്ത അനുഭവത്തിൽ നിന്നും മടങ്ങി വരിക….അപ്പൻ വാതിൽക്കൽ കാത്തുനിൽക്കുന്നു…അതേ ഫലം കായ്ക്കുന്ന കൊമ്പുകളായി നമുക്ക് ജീവിക്കാം. അതിൽ തന്നെ ഉറച്ചുനിൽക്കുവാൻ കർത്താവ് സഹായിക്കട്ടെ. സമയം അധികമില്ല അവന്റെ വരവിന്റെ ആർപ്പുവിളി കേൾക്കുന്നു.ശുഭം..

ബെന്നി ഏബ്രാഹാം
സീതത്തോട്, ഗുരുനാഥൻമണ്ണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading