ചെറു ചിന്ത: നമ്മുടെ നോട്ടം | വീണ ഡിക്രൂസ്

ഉപവാസപ്രാർത്ഥനകളിലും ആത്മീയ ശുശ്രൂഷകളിലുമൊക്കെ പങ്കെടുത്ത് ആത്മികാവേശത്തിന്റെ അതിപ്രസരത്തിൽ കർത്താവിനെ നോക്കി ഇറങ്ങിത്തിരിക്കുന്ന അനേകർ കൊടുങ്കാറ്റുകളും തിരമാലകളും നിറഞ്ഞ ജീവിതസാഗരത്തിൽ പരിഭ്രമിച്ചു താണുപോകാറുണ്ട്. രാത്രിയുടെ നാലാം യാമത്തിൽ, ആർത്തിരമ്പുന്ന തിരമാലകളുടെ മീതേ നടന്നു വരുന്ന കർത്താവിനെ കണ്ടപ്പോൾ ഭൂതമെന്നു കരുതി ശിഷ്യന്മാർ നിലവിളിച്ചു. ‘ധൈര്യപ്പെടുവിൻ, ഞാനാകുന്നു’ എന്ന് കർത്താവ് പറഞ്ഞപ്പോൾ പത്രൊസ് അവനോട് ‘നീ അകുന്നുവെങ്കിൽ ഞാൻ വെള്ളത്തിന്മേൽ നടന്ന് നിന്റെ അടുക്കൽ വരേണ്ടതിനു കല്പിക്കണമേ’ എന്നു പറഞ്ഞു. ‘വരുക’ എന്ന് കർത്താവ് അരുളിച്ചെയ്തതനുസരിച്ച് പത്രൊസ് യേശുവിന്റെ അടുക്കലേക്കു ചെല്ലുവാൻ വെള്ളത്തിൻമീതേ നടന്നുതുടങ്ങി. ചില ചുവടുകൾ വച്ചപ്പോഴേക്കും കർത്താവിലായിരുന്ന ദൃഷ്ടികൾ ആർത്തിരമ്പുന്ന തിരമാലകളിലേക്കും ചുറ്റിയടിക്കുന്ന കൊടുങ്കാറ്റിലേക്കും തിരിഞ്ഞു. അത് അവനെ ഭയപ്പെടുത്തി. തൊട്ടടുത്ത് അതേ കടലിൽ, അതേ കൊടുങ്കാറ്റിന്റെ നടുവിൽ, അലറുന്ന തിരമാലകളുടെമീതേ അവനായി കാത്തുനിൽക്കുന്ന കർത്താവിനെ ആ പരിഭ്രമത്തിൽ അവൻ മറന്നു പോയി. അവൻ കടലിൽ താഴുവാൻ തുടങ്ങി. അവന്റെ നിലവിളി കേട്ട ഉടനേ കർത്താവ് കൈനീട്ടി അവനെ പിടിച്ചുകയറ്റി.

ദൈവത്തിന്റെ പൈതലേ! നിന്റെമേൽ ആഞ്ഞടിക്കുന്ന കഷ്ടങ്ങളും നഷ്ടങ്ങളും രോഗങ്ങളും പീഡകളുമാകുന്ന തിരമാലകളെ കണ്ട് നീ ഭയന്ന് ജീവിതസാഗരത്തിൽ താഴുകയാണോ? കൂടുവിട്ട്, കൂട്ടംവിട്ട് കർത്താവിനെ കണ്ടുകൊണ്ടിറങ്ങിത്തിരിച്ച നീ ഏകാകിയാണെന്നു വ്യാകുലപ്പെടുന്നുവോ? എങ്കിൽ ഭയപ്പെടേണ്ട! ഈ തിരമാലകളുടെയും കൊടുങ്കാറ്റിന്റെയും നടുവിൽ കർത്താവ് നിന്റെ ചാരത്തുണ്ട്. നിന്റെ ദൃഷ്ടി കർത്താവിങ്കലേക്ക് ഉയർത്തുക… ‘കർത്താവേ രക്ഷിക്കണമേ’ എന്നു നിലവിളിക്കുക. യേശു നിന്നെ ഉപേക്ഷിക്കുകയില്ല. തന്റെ പൊൻകരങ്ങൾ നിന്നെ കോരിയെടുത്ത് മാറോടണച്ച് ആശ്വസിപ്പിക്കും.

മത്തായി 14
30. എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
31. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

വീണ ഡിക്രൂസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.