ലേഖനം: സഭയും യുവജനങ്ങളും | ആന്റണി ജോസഫ്

വളരെയേറെ പ്രാധാന്യം അർഹിക്കുന്നതും വളരെ അത്യാവശ്യമായി ചിന്തിക്കേണ്ടതുമായ ഒരു വിഷയമാണ് സഭയും യുവജനങ്ങളും എന്നുള്ളത്. പെന്തക്കോസ്തു സഭകൾ ഈ വിഷയം സംബന്ധിച്ചു പ്രായോഗിക രംഗത്ത് വലിയ വ്യതിയാനങ്ങൾ വരുത്തിയില്ലെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവന്നേക്കാം. ദൈവവചനമാകുന്ന ബൈബിളിൽ യുവത്വത്തിനുകൊടുത്തിരിക്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. ദൈവം തന്റെ പ്രവർത്തികൾക്കു ഉപയോഗിച്ചിട്ടുള്ളത് മുന്തിയ ഭാഗവും കഴിവും ശേഷിയുമുള്ള യുവജനങ്ങളെയല്ലേ? യോസേഫും, ഗിദെയോനും, ശിംശോനും, സ്നാപകയോഹന്നാനും, യേശുവും അപ്പോസ്തോലന്മാരും, തിത്തോസും, തിമൊഥിയോസും ഒക്കെ ആ നീണ്ട പട്ടികയിലെ ചിലർ മാത്രമാണ്.

രാഷ്ട്രിയ സാമുദായിക സംഘടനകളും വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറാൻ ഉപയോഗിക്കുന്നതും യുവജനങ്ങളെയാണ്. കലാലയങ്ങളിൽ നിന്നും രാഷ്ട്രീയം മാറ്റണമെന്നു സ്നേഹബുദ്ധിയാൽ വിവിധ മേഖലകളിൽ നിന്നും സംഘടിതമായി ആവശ്യമുയർന്നിട്ടും എന്തുകൊണ്ടാണ് മാറ്റാത്തത് എന്നു നാം ചിന്തിക്കണം. കാരണം കൊളളാനും, കൊടുക്കാനും, കൊല്ലാനും, ചാകാനും തയ്യാറുള്ള യുവതിടമ്പുകളെ കൂടാതെ ഇവിടുത്തെ രാഷ്ട്രീയക്കാർക്കു വളരാനാവില്ലെന്നവർക്കറിയാം.

കാലത്തിന്റെ ചുവരെഴുത്തുകൾ നാമും വായിക്കണം. ദൈവത്തിന്റെ വലിയ കൃപയാൽ രക്ഷാനിർണയം പ്രാപിച്ചവരും കൃപയും കൃപാവരങ്ങളുമുള്ളവരും നിരവധി പ്രായോഗിക സാധ്യതകളുമുള്ളവരുമായ നിരവധി യുവതീയുവാക്കളെ നമ്മുടെ സ്ഥലം സഭകളിൽ കർത്താവ് ദാനം ചെയ്തിട്ടുണ്ട്. സഭയ്ക്കു അവരോടും അവർക്കു സഭയോടും ഉണ്ടാകേണ്ട മനോഭാവമാണ് ഈ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം. സാത്താനും അവന്റെ അനുചരന്മാരും ചെറുപ്പക്കാരെ തെരുവിലിറക്കി അവരെ തകർത്തു തരിപ്പണമാക്കുമ്പോൾ, മറുഭാഗത്ത് വിലപ്പെട്ട യുവ ജീവിതങ്ങളെ അമ്മാനമാടുന്ന കൊലപാതക രാഷ്ട്രീയം അരങ്ങുതകർക്കുമ്പോൾ ദൈവജനം നോക്കുകുത്തികളായി കഴിയുകയോ?

സഭയുടെ നട്ടെല്ലാണ് യുവജനങ്ങൾ. യുവജനങ്ങൾ തളർന്നാൽ സഭ തളരുന്ന എന്നാണ് അതിന്റെ അർത്ഥം. അതുകൊണ്ട് ദൈവവചനം യുവജനങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യം നാം ഉൾക്കൊള്ളണം. ഒരു വ്യക്തി ഏറ്റവും സ്നേഹിക്കുന്നതിനെയും അവനുള്ള ഏറ്റവും നല്ലത് ഉത്തമമായതിനെയും ആണ് ദൈവം ചോദിക്കുന്നത്. അത് കൊടുക്കുന്നതാണ് ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവ്. ഒരു വ്യക്തിയുടെ ഏറ്റവും നല്ലതും അവൻ സ്നേഹിക്കുന്നതുമായ പ്രായമാണ് യുവത്വം. അത് കർത്താവിനു കൊടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് യുവജനങ്ങളെ.

യുവ വിശ്വാസികൾ സ്ഥലം സഭകളിലെ സന്ദർശകരും കാഴ്ചക്കാരും ആകരുത്. യുവജനങ്ങൾ ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമാണെന്നും ഓർക്കണം. മറ്റാർക്കും ചെയ്യാൻ കഴിയാത്ത മറ്റാരെ കൊണ്ടും ചെയ്യിപ്പിക്കാൻ ദൈവം ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ ദൈവം നിങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഓരോ വിശ്വാസിയേയും വ്യക്തിപരമായി കർത്താവ് വിളിക്കുന്നതാണ്ല്ലോ. വിളിക്കുമ്പോൾ അവരെക്കുറിച്ച് കർത്താവിന് വ്യക്തമായ ഒരു ഉദ്ദേശവും ഉണ്ട് അഥവാ വിളിക്കപ്പെട്ടവർ ചെയ്തുതീർക്കേണ്ട, അവരിലൂടെ ദൈവത്തിനു സാധിക്കേണ്ടത് ചില വ്യക്തമായ കാര്യപരിപാടികൾ ഉണ്ട്.

ക്രിസ്തു സഭ ‘വോട്ട’ ചെയുവാൻ യോഗ്യയരായ ചിലരുൾപ്പെടുന്ന ‘ആളെക്കൂട്ടാൽ’ പ്രസ്ഥാനമല്ല. ചുരുക്കം പേരെയുള്ളു എങ്കിലും അവരിലുടെ വലിയ കാര്യങ്ങൾ ചെയുവാൻ ദൈവത്തിനു സാധിക്കും. അതിനുവേണ്ടിയിട്ടാണ് ദൈവം വിളിച്ചത്. ആ വിളിയാലുള്ള ആശ (എഫെ. 1: 18) നിവർത്തിക്കുവാൻ ഇടയാകണം.

യൂവാക്കളെ, നിങ്ങൾ ദൈവത്താൽ നിയമിക്കപെട്ടയാളാണ് (സങ്കീ. 139: 16). നിങ്ങൾ തന്നെ ചെയ്തു തീർക്കേണ്ട ചില പ്രവർത്തികളും ദൈവം നിങ്ങൾക്കു നിയമിച്ചിരിക്കുന്നു (എഫെ 2: 10). ദൈവം പകരക്കാരെ നിയമിക്കണമോ? കർത്താവിന്റെ വേലയിൽ അവന്റെ കൂട്ടുവേലകരായിരിക്കുവാൻ ഒരു അവസരം ലഭിക്കുന്നത് ചെറിയ സംഗതിയോ? (1 കൊരി. 3: 9). ദൈവം വിളിക്കുകയും തിരഞ്ഞെടുക്കുകയും നിയമിക്കപ്പെട്ട പ്രവർത്തിക്കായി ആക്കിവയ്ക്കുകയും ചെയ്തിരിക്കുന്നവർ തങ്ങളുടെ കൃപാവരങ്ങൾ അറിയുകയും തന്റെയും സഭയുടെയും ആത്മികവർദ്ധകായി അതുപയോഗിക്കുകയും വേണം. അങ്ങനെയുള്ളവരെയും അവരുടെ ശുശ്രൂഷകളെയും സഭ അറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അപ്പൻ മക്കളെ എന്നപോലെ……… ഉത്സാഹിപ്പിക്കണം (1 തെസ്സ. 2.12).

നിശ്ചയമായും പ്രോത്സാഹനം ലഭിക്കുന്നതിന് അനുസരിച്ച് യുവജനങ്ങൾ കർമ്മോന്മുഖരാകും. സുവിശേഷകന്മാരും മൂപ്പന്മാരും ശുശ്രൂഷകന്മാരും ഉൾപ്പെടുന്ന ആത്മീയ നേതൃത്വം അപ്പൻ മകളെ എന്നപോലെ യുവ വിശ്വാസികളെ കരുതുകയും ഉത്സാഹിപ്പിക്കുകയും ചെയ്യണം. അപ്പസ്തോലനായ പൗലോസ് ഇതിന് ഒരു നല്ല ഉദാഹരണമാണ്. എത്ര എത്ര പേരെ അദ്ദേഹം ഉത്സാഹിച്ചു. താൻ തന്നെ ഒരിക്കൽ വേലയ്ക്ക് കൊള്ളത്തില്ല എന്ന് പറഞ്ഞു ‘തഴഞ്ഞ’ മർക്കോസ് പോലും ആ ഗണത്തിൽപെടും. (2 തിമൊ. 4:11). യുവാക്കളെ കർമ്മോന്മുഖരാക്കുന്നതിനും നിർദ്ദേശങ്ങൾ നല്കി ജീവിതത്തെ ക്രമീകരിക്കുന്നതിനും പൗലോസ് ബദ്ധശ്രദ്ധനായിരുന്നു എന്നതിൻ്റെ മകുടോദാഹരണമാണ് ഇടയലേഖനങ്ങൾ ( 1, 2 തിമൊഥെയോസ്, തീത്തോസ് ).

തുടരും….

ആന്റണി ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.