ലേഖനം: മരുഭൂമിയിലെ കൊയ്ത്തു കാലം | പാ. സണ്ണി പി. സാമുവൽ

ഞാൻ ശുശ്രൂഷിക്കുന്ന റാസ് അൽ ഖൈമ ദൈവസഭയുടെ 2020 ലെ വാർഷിക പൊതു ചിന്താവിഷയം “The year of harvest” എന്നതാണ്. ഈ ജനറൽ തീം ആധാരമാക്കിയാണ് പ്രോജക്റ്റ് ഫോക്കസിങ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കൊറോണയും കോവിഡും വന്നു. കഴിഞ്ഞ നാലു മാസമായി ചർച്ചും ലോൿഡൗണിനു കീഴിൽ ആയി പോയി. ഓൺലൈൻ മീറ്റിങുകൾ ആണ് ഏക ആശ്വാസം.

post watermark60x60

ഇങ്ങനെയിരിക്കവെയാണ് 2020 ജൂൺ 3 – ആം തീയതിയിലെ ഗൾഫ് ന്യൂസിൽ ഒരു പ്രത്യേക സവിശേഷ വാർത്ത വന്നതു്. ഷാർജയിലെ അൽ ദെയ്തിലെ കാർഷിക ഗവേക്ഷണ കേന്ദ്രത്തിൽ 1000 ചതുരശ്ര മീറ്റർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നെല്ലു വിതെച്ചു കൊയ്തു എന്നതായിരുന്നു വാർത്ത. വിളവെടുപ്പിൽ 763 കിലോഗ്രാം ധാന്യം കിട്ടി. അതായത് ഏക്കറിന് 3088 കിലോഗ്രാം. ഏകദേശം 31 മേനി വിളവ് എന്നു പറയാം. മരുഭൂമിയിലെ ജലക്ഷാമത്തെയും അത്യുഗ്ര ചൂടിനെയും പിന്നെ മണ്ണിന്റെ അമിത ഉപ്പുരസത്തെയും അതിജീവിച്ച് നമ്മുടെ ബസ്മതിയും ജപോനിക്ക എന്ന മറ്റൊരിനവും 180 ദിവസം കൊണ്ട് മൂപ്പെത്തി കൊയ്ത്തു നടന്നു. പൈലറ്റ് പ്രോജൿറ്റ് വൻ വിജയം ആയതോടെ യു.എ.ഈ -യിലെ മറ്റു ഊഷര ഭൂമിയിലേക്കും പദ്ധതി വ്യാപിപ്പിക്കനുള്ള അക്ഷീണ യത്നത്തിലാണ് സർക്കാർ. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഇത്തരം ഒരു പദ്ധതി ഇദംപ്രഥമമാണ്. മരുഭൂമിയിലെ കൊയ്തിനായി (Harvest in the Desert) മറ്റു രാജ്യങ്ങളും മുന്നോട്ടു വരുമെന്നും യു.എ.ഇ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ അത് ആഗോള കാർഷിക വിപ്ലവത്തിനു കാരണമാകും.

‘Harvest in the Desert’ എന്നത് സഭകൾക്കു പറ്റിയ നല്ല ഒരു തീം ആണ്.

Download Our Android App | iOS App

ഈ വാർത്ത വായിച്ചപ്പോൾ എന്റെ ചിന്ത ബൈബിളിലെ ഒരു പ്രവചന വാക്യത്തിലേക്ക് ഓടിപ്പോയി. “മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; നിർജ്ജന പ്രദേശം ഉല്ലസിച്ചു പനിനീർ പുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.”
-യെശയ്യാ 35:1-2

അക്ഷരാർത്ഥത്തിൽ അരാബയെ വ്യക്തിപരമായും അറേബ്യൻ ഉപഭൂഖണ്ഡത്തെ പൊതുവായും പേർ ചൊല്ലി വിളിച്ചുള്ള ഒരു പ്രവചനമാണിത്.
‘അരാബ’ എന്ന വാക്കിൽ നിന്നുമാണ് ‘അരബി'(2ദിന:21:16), ‘അറബി'(യെശയ്യാ:13:20) ‘അറേബ്യ’ (അറബി ദേശം യെശയ്യാ: 21:13) എന്നീ വാക്കുകൾ ഉരുത്തിരിഞ്ഞു വന്നതു്. ബൈബിൾ കാലം മുതൽ അരാബ എന്ന വാക്ക് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ള മേഖലയാണ് (ആവർ : 1:1, 7; 2:8).

യെശയ്യാവ് 35: 1-2 വേദഭാഗങ്ങളിൽ ‘നിർജ്ജനപ്രദേശം’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന വാക്ക് എബ്രായഭാഷയിൽ ‘അരാബാ’ എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മരുഭൂമി എന്നതിന് MIDBAR എന്നും വരണ്ട നിലം എന്നതിന് TSIYAH എന്നും ഉള്ള എബ്രായ വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നതു്. ‘മരുഭൂമി,’ ‘വരണ്ട നിലം’ എന്നിവ അരാബയുടെ കാലാവസ്ഥയുടെ പൊതുസ്വഭാവമാണ്. അരാബയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണമാണ് അരാബ എന്ന വാക്കിനെ നിർജ്ജന പ്രദേശം എന്നു ആശയ വിവർത്തനം നടത്തിയിരിക്കുന്നത്. അരാബ എന്ന വാക്കിന് അറബി- എബ്രായ ഭാഷകളിൽ വരണ്ട ശൂന്യപ്രദേശം എന്നാണ് അർത്ഥം. ആൾപ്പാർപ്പില്ലാത്ത നിർജ്ജന പ്രദേശം നഗരങ്ങളുടെ പ്രാന്തങ്ങളിലൂള്ള വിശാലമായ നിർജ്ജനമായ മരുസമാനമായ ഭൂപ്പരപ്പ് – പുല്ത്തകിടി എന്നൊക്കെ അർത്ഥം വരുന്ന MIDBAR -ഉം വറുതിയുള്ള നിഷ്ഫലദേശം, മഴയില്ലാത്ത- ജലദൗർലഭ്യമുള്ള ഭൂപ്രദേശം എന്നർത്ഥം വരുന്ന TSIYAH – ഉം അരാബയുടെ ഭൂപ്രകൃതിക്കു തികെച്ചും യോജിച്ച വിവരണം ആണ്.

ഷാർജയിലെ വിളവെടുപ്പിനെ From Arid to arable land (ഊഷര ഭൂമിയിൽ നിന്നും ഉഴവു ഭൂമിയിലേക്ക്) എന്നും Paddy field in a desert (മരുഭൂമിയിൽ ഒരു നെൽവയൽ) എന്നും പത്രങ്ങൾ വിശേഷിപ്പിച്ച് ഇതോടു ചേർത്തു വായിക്കണം.

സൂയസ് – അക്വാബ ഉൾക്കടലുകൾ ചേർന്നാണ് സീനായ് ഉപദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. രണ്ടും ചെങ്കടലിന്റെ രണ്ടു ഭാഗങ്ങൾ ആണ്. സൂയസ് ഉൾക്കടൽ പടിഞ്ഞാറും അക്വാബ ഉൾക്കടൽ കിഴക്കും രണ്ടു കൊമ്പുകൾ പോലെ കരയിലേക്കു കയറി ത്രികോണാകൃതിയിലാണ് സീനായ് രൂപപ്പെട്ടിരിക്കുന്നതു്.

അക്വാബയുടെ വടക്കേ മുനമ്പു മുതൽ ചാവുകടലിന്റെ തെക്കേ അറ്റം വരെയുള്ള 166 കിലോമീറ്റർ ദൈർഘ്യമുളള വിശാലമായ ഭൂപ്രദേശമാണ് അരാബ. ചാവുകടൽ രൂപപ്പെടുന്നതിനു മുമ്പ് യോർദ്ദാൻ നദി അന്നു സമതല ഭൂമിയായിരുന്ന അരാബയിലൂടെ ഒഴുകി അക്വാബാ ഉൾക്കടലിൽ നിപതിച്ചിരുന്നു. സൊദോം, ഗൊമോറ, ആദ്മാ, സെബോയിം എന്നീ നഗര രാഷ്ട്രങ്ങൾ ലോത്തിന്റെ കാലത്തു സിദ്ദീം താഴ്വര (ഉല്പ:14:3) എന്നു വിളിക്കപ്പെട്ടിരുന്നു.

സിദ്ദീം താഴ്‌വരയുടെ (ഇന്നത്തെ ചാവുകടൽ) പ്രാന്തപ്രദേശ സമതല ഭൂമിയായിരുന്നു ഇന്നത്തെ പീഠഭൂമിയായ അരാബാ. മേല്പറഞ്ഞ നാലു പട്ടണങ്ങളോടൊപ്പം സിദ്ദീം താഴ്‌വര ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ വിപരീത സമ്മർദ്ദത്തിൽ സമതലമായിരുന്ന അരാബ മലനിരകളായി രൂപപ്പെട്ടു. ചാവുകടലിന്റെ നീളമായ അമ്പത്തിയൊന്നു കിലോമീറ്ററും അരാബയുടെ നീളമായ നൂറ്റി അറുപത്തിയാറു കിലോമീറ്ററും ചേർന്ന ഇരുന്നൂറ്റി പതിനേഴ് കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന ‘തെക്കൻ യോർദ്ദാൻ വാലി’ ലോത്തിന്റെ കാലത്തു് ‘യഹോവയുടെ തോട്ടം’ പോലെയും ‘മിസ്രയീം ദേശം’ പോലെയും നീരോട്ടമുളളും ഫലഭൂഷ്ടിയൂള്ളതുമായ സമതലം ആയിരുന്നു.

ഇവിടെ മേല്പറഞ്ഞ നാലു പട്ടണങ്ങളും സോവർ എന്ന ബേലയും ചേർന്ന് ഒരു പഞ്ചമഹാ നഗരരാഷ്ട്രസഖ്യം (അഞ്ചു എമിറേറ്റുകൾ ചേർന്ന ഒരു രാജ്യം) ഉരുത്തിരിഞ്ഞു വന്നു. പ്രകൃതി വിഭവങ്ങളാൽ അതി സമ്പന്നമായിരൂന്ന ഭൂപ്രദേശം ജനത്തിന് എല്ലാ സൗകര്യങ്ങളും നല്കി. കുമിഞ്ഞു കൂടിയ സമ്പത്ത് ജനങ്ങളെ അഹങ്കാരികളും സ്വവർഗ്ഗ ഭോഗികളും ആക്കി മാറ്റി. പുരുഷന്മാർ അതു് പരസ്യമായി നടത്തിയപ്പോൾ സ്ത്രീകൾ അത് രഹസ്യമായി അനുവർത്തിച്ചിരിക്കാം. അല്ലാതെ തരമില്ലല്ലോ.

ഒരു കാലത്തു ഏദോമിന്റെ അധീനതയിൽ ആയിരുന്ന അരാബ ‘ഇദൂമിയ’ എന്നാണ് വിളിയ്ക്കപ്പെട്ടിരുന്നത്. ശലോമോൻറ കാലത്തു ഇവിടെ നിന്നും ചെമ്പു ഖനനം ചെയ്തിരുന്നു. അതിന്റെ ഓർമ്മയ്ക്കായി ഇന്നും ‘ശലോമോൻറ സ്തംഭങ്ങൾ’ പുരാതന ചരിത്ര സ്മാരകങ്ങളായി നിലകൊള്ളുന്നു. നബാത്തിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ‘തിമ്ന വാലി പാർക്ക്’ പൈതൃക പ്രദേശമാണ്. ഇന്ന് യിസ്രായേൽ – യോർദ്ദാൻ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്ന അതിർത്തിയാണ് അരാബ.

ദൈവിക ന്യായവിധിയാൽ ഊഷര ഭൂമിയായി മാറിയ ഈ മരുഭൂമിയെ നോക്കിയാണ് യെശയ്യാവ് പ്രവചിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ അതു അസംഭവ്യം !

വിശാലാർത്ഥത്തിൽ അറേബ്യൻ ഉപഭൂഖണ്ഡത്തെ ചിന്തിച്ചാലും ഈ പ്രവചനം സത്യമാകും. കാരണം, ഭൂമിയിലെ മറ്റേതൊരു പ്രദേശത്തേക്കാളും അധികം ദൈവിക ന്യായവിധിക്ക് ഇരയായ മേഖലയാണ് അറേബ്യൻ ഉപഭൂഖണ്ഡം. ആദ്, സമൂദ് (ഥമൂദ്) സമൂഹങ്ങളായിരുന്നു ഈ ഭൂപ്രദേശത്തെ ആദിമ നിവാസികൾ എന്നു ഖുർആനിലും ഇസ്ലാമിക ചരിത്രത്തിലും കാണുന്നുണ്ട്. ബ്രിട്ടാനിക്ക ഡോട് കോം ഈ ചരിത്രത്തെ പിന്തുണയ്ക്കുന്നുണ്ട്. വിഗ്രഹാരാധികളും, അഹങ്കാരികളും രാക്ഷസ സ്വഭാവമുള്ളവരുമായിരുന്ന ഈ വംശങ്ങൾ അതിശക്തമായ കാറ്റിനാലും 3 വർഷം നീണ്ടു നിന്ന വരൾച്ചയാലും അതിശക്തമായ അഗ്നി പർവ്വതത്താലോ ഉഗ്രസ്ഫോടനശേഷിയോടെ നിപതിച്ച ഒരു ഇടിവാൾ മുഖേനയോ പ്രദേശവും ന്യായം വിധിക്കപ്പെട്ടു. യെമന്റെയും ഒമാന്റെയും ഇടയിലുള്ള മലനിരകളിൽ ആദ് സമൂഹവും സൗദി അറേബ്യയിൽ സമൂദ് സമൂഹവും പാർത്തിരുന്നു. ഇതിന്റെ ചരിത്ര ശേഷിപ്പുകൾ ഇന്നും ഉണ്ട്.

ദൈവത്താൽ ന്യായം വിധിക്കപ്പെട്ട ഈ ഭൂപ്രദേശങ്ങൾക്ക് ഒരു ശാപമോക്ഷം ഉണ്ടെന്നാണ് പ്രവചനത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. ഊഷരഭൂമിയും മരുഭൂമിയും വരണ്ടനിലവും നിർജ്ജനപ്രദേശവും അതിന്റെ പണ്ടത്തെ മഹത്വത്തിലേക്കു മടങ്ങി വരും. ക്രിസ്തുവിന്റെ ആയിരം ആണ്ടു വാഴ്ചക്കാലത്താണ് ഇതു സംഭവിക്കുകയെന്നു നമുക്കറിയാം. “ഒരു രാജാവു നീതിയോടെ വാഴും” (യെശയ്യാ:32:1). ഈ പ്രവചന നിവൃത്തിയുടെ ഒരു മുൻസൂചനയാണ് ഷാർജയിലെ നെൽവയലും കൊയ്ത്തും. കൃത്രിമ മാർഗ്ഗത്തിലൂടെ മനുഷ്യൻ അതു ചെയ്തെടുത്തു എങ്കിൽ സ്രഷ്ടാവാം ദൈവത്തിന്റെ ഭരണകാലത്ത് എന്തായിരിക്കും സംഭവിക്കുക?

പ്രവചന നിവൃത്തിയിലേക്കു ലോകം കുതിക്കുകയാണ്. എന്നാൽ അതല്ലല്ലോ സഭയുടെ ഭാവി പ്രത്യാശ. “ഇനിയും എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല” (എബ്രാ:10:37). ഈ പ്രത്യാശയിൽ നിലനില്കാം. നമ്മുടെ കർത്താവു വരുന്നു.

-ADVERTISEMENT-

You might also like