കഥ: ദൗത്യം | അനിൽ എബ്രഹാം

പ്രാവേ, പക്ഷികളിൽ വെച്ച് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ നീ ആകുന്നു.

post watermark60x60

അവൾ പറഞ്ഞു തുടങ്ങി, സമ്പാദ്യം മേടിച്ച് മുടിയനായ പുത്രൻ, മുമ്പെ പോയവൻ, ആദ്യം വീണുപോയവൻ, കരകാണാതെ, തളർന്ന ചിറകുകളോടെ ദുഖിച്ചു അലഞ്ഞു പറന്നു നടക്കുന്നത് തൻ്റെ തലയ്ക്കു മുകളിൽ കണ്ടു കൊണ്ടാണ് അവൾ യാത്ര ആരംഭിച്ചത്. ആദ്യ കാഴ്ച്ചയിൽ തന്നെ ദയനീയമായ ഒരു മുഖമാണ് അവൻ എനിക്കു സമ്മാനിച്ചത്. എൻ്റെ ലക്ഷ്യബോധത്തെ തകർത്തു കളയുമെന്നോണം എൻ്റെ ഹൃദയത്തിൽ ഒരു നടുക്കം അനുഭവപ്പെട്ടു. അവനോളം പറന്നെത്തിയപ്പോൾ മുഖം തരാതെ പറക്കുന്ന അവനോട് വീട്ടിലേക്ക് തിരിച്ചുചെല്ലാൻ ഞാൻ പറഞ്ഞു. പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും കുറെ നേരം അവൻ്റെ കൂടെ പറന്നു. അതവനൊരാശ്വാസമായി തോന്നിയിട്ടാകണം അങ്ങനെ സംസാരിച്ചത് “ഇനി വീട്ടിലേക്കു തിരിച്ചു ചെല്ലാൻ മനസ്സനുവദിക്കുന്നില്ലെന്ന്… അത്രമേൽ താൻ അഹങ്കരിച്ചുവല്ലോ എന്ന്…” നിന്നെ അയച്ചവൻ ഇപ്പോഴും നിന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. ആത്മവിശ്വാസം നഷ്ടമായതുമാതിരി, ” ഇല്ല, ഇനി ഞാൻ അങ്ങോട്ടേക്കില്ല… അത്രമേൽ ഞാൻ നിന്ദിതനാക്കപ്പെട്ടിട്ടുണ്ടാവില്ലേ?…” അതൊരു വാസ്തവമായതു കൊണ്ട് നുണ പറയുവാൻ എനിക്കു മനസു വന്നില്ല.

അവൻ പോയ ദിവസം ഞാനിന്നും നന്നായി ഓർക്കുന്നുണ്ട്. വീട്ടിൽ ഭൂരിപക്ഷം പേർക്കും അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. ഉന്നതകുലജാതി, വംശശുദ്ധി, കരുത്ത്, കഴിവ്, അറിവ്, ബുദ്ധികൂർമ്മത, വേഗത, ദൂരക്കാഴ്ച്ച എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾക്കിടയിൽ അവൻ തിരെഞ്ഞെടുക്കപ്പെട്ടത് അവരെ അദ്ഭുതവും അസൂയവാഹുക്കളുമാക്കിയിരുന്നു. നിറത്തിൻ്റെയും അഴകില്ലായ്മയുടെയും പേരിലാണ് അവനേറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടത്. ഇന്നു വീട്ടുപിന്നാമ്പുറങ്ങളിലും ചപ്പുചവറുകളിലും ചിതറിപ്പറന്ന് എത്ര ചീഞ്ഞതും അളിഞ്ഞതും കൊത്തിപ്പറിക്കുന്നതും തരം കിട്ടിയാൽ അടുക്കളയിൽ നിന്നും കുഞ്ഞുങ്ങളുടെ കൈകളിൽ നിന്നും ദോശയും പലഹാരവും കൊത്തി തട്ടിയെടുത്തു പറന്നു പോകുന്നതുമായ കാക്കയുടെ ചിരകാല ചരിത്രം അവൻ്റെ ചിറകുകളിലായിരുന്നു. അവസരത്തിനായി കാത്തിരുന്നെങ്കിലും, ശ്രേഷ്ഠമായ ഈ അവസരത്തിൽ, അനുഗ്രഹിക്കപ്പെട്ട കൂട്ടമേ എന്ന് കവികൾ പാടി നടക്കേണ്ടിടത്താണ്, അവൻ ആനമയിലൊട്ടകം കളിച്ചു സകലതും നഷ്ടമാക്കിയത്.

Download Our Android App | iOS App

ആരോട് പറയാൻ? ആരു കേൾക്കാൻ? തൻ്റെ ലക്ഷ്യബോധത്തെ വേഗം കണ്ടെത്തണമെന്നും തന്നെ ദൗത്യം ഏൽപ്പിച്ചവനാരാണെന്നും നന്നായിയറിയുന്ന അവൾ പിന്നീട് കാണാമെന്ന് പറഞ്ഞു യാത്ര തുടർന്നു. ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു എന്നു ഗർവ്വിച്ചിരുന്നവർ ഭൂമിയുടെ വിനാശതയിൽ ചത്തുമലച്ച് ഒഴുകി നടക്കുന്നത് അവൾ കണ്ടു. മനുഷ്യമൃഗങ്ങളുടെ എല്ലുകളുമായി കൂട്ടിയുരുമ്മിയായിട്ടായിരിക്കണം സ്രാവുകളുടെയും മുതലകളുടെയും പല്ലുകൾ കൂർത്തതും ഭയങ്കരവുമായി മാറിയതെന്ന് അവൾ ചിന്തിച്ചു. ചത്തു ചീഞ്ഞഴുകി കൂമ്പാരമായി മൃതുദേഹങ്ങൾ കൂടിക്കിടന്നത് പേരറിയാത്ത കഴുകൻങ്കുന്ന് പോലെ തോന്നിച്ചു. ചിറകിൻ്റെ പേശികളിൽ വേദന തോന്നിത്തുടങ്ങിയപ്പോഴാണ് താൻ പറന്നു തുടങ്ങിയിട്ട് കുറെയധികം മണിക്കൂറുകളായി എന്ന ബോധം വീണ്ടെടുത്തത്. പറന്ന് പറന്ന് ബലം നഷ്ടപ്പെട്ട് ആഴങ്ങളിൽ പതിയിരിക്കുന്ന കെണിയിൽ താനും തീരുമോ എന്ന ഭയം അവളെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അടച്ചുമൂടിയ പെട്ടകത്തിൻ്റകത്തെ വിളക്കു വെളിച്ചം മാത്രമായിരുന്നു എല്ലാ മൃഗാദികളുടെയും സകല ധൈര്യവുമെന്ന് അപ്പോൾ അവൾ ഓർത്തു. ആരും ആരെക്കാളധികം ശക്തരല്ല എന്ന് തെളിയിച്ച സമ്പൂർണ്ണ സമാധാനത്തിൻ്റെ, സന്തോഷത്തിൻ്റെ, കൂട്ടായ്മയുടെ കാലമായിരുന്നു അത്. താൻ കണ്ടെത്തുന്ന കരയിൽ വിശപ്പും കൊലയും കരുത്തും പീഡനവും രക്തവും ക്രൂരതയും വീണ്ടും അഴിഞ്ഞാടുമല്ലോ എന്ന് കരുതിയപ്പോൾ അവളുടെ കണ്ണുനീർ തുള്ളിയും ആ പ്രളയത്തിൻ്റെ ഉയരത്തിന് ആക്കം കൂട്ടി. നിലയില്ലാകയത്തിൽ തണുത്ത് പിളർന്ന് ഒഴുകി കിടന്ന ഒരു തടിക്കഷണത്തിൽ കുറച്ചു നേരം അവൾ വിശ്രമിച്ചപ്പോൾ, ദീർഘമായ മയക്കത്തിലേക്ക് അവൾ വഴുതി വീണിരുന്നു.

തുടരും….

അനിൽ എബ്രഹാം

-ADVERTISEMENT-

You might also like