ലേഖനം: പ്രാർത്ഥന കേൾക്കുന്ന ദൈവം | പാ. സണ്ണി പി. സാമുവൽ

കഴിഞ്ഞ ദിവസം വളരെ ഹൃദയസ്പർശിയും ജീവിതഗന്ധിയുമായ ഒരു സാക്ഷ്യം വായിക്കുകയുണ്ടായി. ഭക്തയും പ്രാർത്ഥനാ ജീവിതം ഉള്ളവളുമായ ഒരു സ്ത്രീയെ അവൾക്കു രണ്ടു മക്കൾ ജനിച്ചു കഴിഞ്ഞു ഭർത്താവ് ഉപേക്ഷിച്ചു പോയി. അക്ഷരാർത്ഥത്തിൽ അവൾ തകർന്നു പോയി. സാമ്പത്തിക അടിത്തറ ഇല്ലാതിരുന്ന ആ കുടുംബത്തിൽ അവൾ ഭർത്താവിനോടു ചേർന്നു വീട്ടുകാര്യങ്ങൾ നോക്കിയാണ് ജീവിച്ചിരുന്നത്. കുഞ്ഞുങ്ങളെ പോറ്റുവാൻ അവൾ കുഴങ്ങി. ഒടുവിൽ അവൾ ലോകം പഴിക്കുന്ന വിധിയെ നേരിടുവാൻ തയ്യാറായി. അവൾ ഒരു കൃഷിക്കാരിയാകുവാൻ തീരുമാനിച്ചു. പക്ഷേ സ്വന്തമായി ഒരു സെന്റു ഭൂമി പോലുമില്ല. അവളുഠെ വീടിന് അടുത്ത് ധനാഡ്യനായ ഒരു ഭൂവുടമ ഉണ്ടായിരുന്നു.

അവൾ അയാളെ ചെന്ന് കണ്ട് കുറിച്ച് കൃഷിഭൂമി പാട്ടത്തിന് ചോദിച്ചു. പകുതിക്കു പകുതി വ്യവസ്ഥയിൽ അയാൾ അവൾക്ക് കൃഷിഭൂമി നല്കി. അവരുടെ താമസ സ്ഥലത്തു നിന്നും കുറെ ദൂരെ മാറി അവളുടെ ഒരു ബന്ധുവിന്റെ വയലിന്റെ സമീപമായിരുന്നു അവൾക്കു കിട്ടിയ കൃഷിയിടം. അവൾ ആ പാടത്ത് കഠിനാദ്ധ്വാനം ചെയ്തു പൊന്നു വിളയിക്കുവാൻ പാടുപെട്ടു. അവർ തളർന്നില്ല. അദ്ധ്വാനവും പ്രാർത്ഥനാജീവിതവും സമന്വയിപ്പിച്ച ഒരു പുതിയ ജീവിതചര്യ അവർ വെട്ടിത്തുറന്നു. “ദൈവമേ, എന്റെ കൃഷി നാശമുണ്ടാകാൻ ഇടയാകരുതേ. ഈ വിളവു കൊണ്ട് എനിക്ക് എന്റെ മക്കളെ പോറ്റി വളർത്തണം കരുണ ചെയ്യണമേ.” അവൾ പ്രാർത്ഥിക്കും. ഒടുവിൽ അവളുടെ അദ്ധ്വാനം ഫലം കണ്ടു. നെല്ലു വിളഞ്ഞു പാകമാകുകയാണ്. നല്ല ഒന്നാന്തരം വിളവ്. അവൾ ആശ്വസിച്ചു.

എന്നാൽ കൊയ്ത്തിനു രണ്ടാഴ്ച മാത്രം ശേഷിച്ചിരിക്കെ ഒരു അശ്വനിപാതം പോലെ അതിശക്തമായ കൊടുങ്കാറ്റും പേമാരിയും ആ പ്രദേശത്തെ ബാധിച്ചു. അവൾ പരിഭ്രാന്തയായി പോയി. ഒന്നും മിണ്ടാനാവാത്ത അവസ്ഥ. തകർത്തു പെയ്യുന്ന പേമാരിയും ഹുങ്കാരത്തോടെ ചീറിയടിക്കുന്ന കൊടുങ്കാറ്റും അവളുടെ ഹൃദയത്തിൽ തീ കോരിയിട്ടു. ഒന്നു പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല. ഒടുവിൽ പാടുപെട്ട് അവൾ ഇത്രയും പ്രാർത്ഥിച്ചു. “കർത്താവേ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയത്തില്ല. ഞാൻ പ്രാർത്ഥിച്ചത് അങ്ങ് നന്മയ്ക്കായി ഓർക്കേണമേ.”

ചില ദിവസങ്ങൾക്ക് ശേഷം സകലവും ശാന്തമായപ്പോൾ അവൾ തന്നെ കൃഷിയിടത്തിലേക്ക് പോയി. നാശനഷ്ടങ്ങൾ വിലയിരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം.വഴിനീളെ കണ്ട കാഴ്ചകൾ ഹൃദയഭേദകം ആയിരുന്നു. കൊയ്യാറായ നെല്ല് വയലേലകളിൽ പട്ടു കിടക്കുന്നു. അവൾ തന്റെ വയലിലേക്ക് ബദ്ധപ്പെട്ടു ചെന്നു. അവൾ അത്ഭുതപരതന്ത്രനായി പോയി. കൊടുങ്കാറ്റും പേമാരിയും വിതറിയ നാശനഷ്ടങ്ങളുടെ യാതൊരു ലാഞ്ചനയുമില്ലാതെ അവളുടെ വയൽ വിളഞ്ഞു കിടക്കുന്നു. തൊട്ടടുത്ത് ബന്ധുവിന്റെ പാടം പോലും തകർന്നു വിളവു നിലം പൊത്തി കിടക്കുന്നു.

അവൾ കൊയ്തു. വിളവെടുപ്പു കഴിഞ്ഞപ്പോൾ ഭൂവുടമ അത്ഭുതപ്പെട്ടു പോയി. തലേ വർഷം കൃഷി ചെയ്ത കർഷകനു കിട്ടിയതിന്റെ 17 ഇരട്ടി വിളവ് അവൾക്കു കിട്ടിയിരിക്കുന്നു. ചില വർഷങ്ങളായി എലിശല്യം കാരണം ആ പാടത്ത് കൃഷി പരാജയമായിരുന്നു. അങ്ങനെ വെറും ഊഷര ഭൂമിയാണ് ഭൂവുടമ അവൾക്കു നല്കിയത്.

എന്നാൽ അവളുടെ മറുപടി ഇപ്രകാരമായിരുന്നു:- A small grain of prayer brings a billion grains of rice. We cannot count the grains of the harvest.”

സംഭവകഥയിലെ നമ്മുടെ നായകിയായ സഹോദരി ഒരു സാധാരണ വിശ്വാസി യുടെ പ്രതിനിധി ആണ്. അപ്രതീക്ഷിതമായി പ്രതിസന്ധികൾ തിരമാലകൾ പോലെയും കൊടുങ്കാറ്റ് പോലെയും എതിരെ ആഞ്ഞടിക്കുമ്പോൾ നാം പരിഭ്രമിച്ച് പോകാറുണ്ട്. അതിന്റെ നടുവിൽ പ്രാർത്ഥിക്കുവാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് വരാം, കുഴഞ്ഞു പോയി എന്ന് വരാം. എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ നിസ്സഹായരാകുന്ന സാഹചര്യങ്ങൾ. ഒരുപക്ഷേ ആ സമയം ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങൾ മാത്രമായിരിക്കും നമ്മുടെ അധരങ്ങളിൽ നിന്നും പുറപ്പെട്ടു വരികയുള്ളായിരിക്കാം. ആ ഞരക്കങ്ങൾക്കു പ്രത്യേക ഭാഷ ശൈലിയോ, വ്യാകരണമോ, ഭാഷാശുദ്ധിയോ, വിഭക്തിയോ ഒന്നും ഇല്ലാതെ വെറും രോദനങ്ങൾ മാത്രമായിരിക്കാം. നമ്മുടെ നീറുന്ന പ്രശ്നത്തിന്റെ ബഹിർസ്ഫുരണമായിക്കും ഈ ഞരക്കങ്ങൾ. ഈ ഞരക്കങ്ങൾ പുറപ്പെടുമ്പോഴും
നമ്മുടെ ഹൃദയാന്തർഭാഗത്ത് ഈ വിഷയത്തിൽ ദൈവം ഒന്ന് ഇടപെട്ടെങ്കിൽ എന്ന വ്യഗ്രതയും ഒപ്പം ആകുലതയും നിറഞ്ഞ നിൽക്കുന്നുണ്ടായിരിക്കാം. ദൈവത്തോട് പോലും പറയുവാൻ ത്രാണി ഇല്ലാതെ ഞരങ്ങുമ്പോഴും, ആ ഞരക്കങ്ങളെ പ്രാർത്ഥനയായി അംഗീകരിച്ചു പ്രതിക്രിയ നടത്തി രക്ഷിക്കുന്ന ഒരു ദൈവം നമുക്കുണ്ട്.

ബംപർ ക്രോപ്പ് നൽകി ദൈവം ആ സ്ത്രീയെ സഹായിച്ചു. എന്നാൽ എലി ശല്യം കാരണം വിളവ് അവർക്ക് കൊയ്തെടുക്കാൻ കഴിയുമായിരുന്നില്ല. വിളവ് പാകമാകുമ്പോൾ ആണല്ലോ ശുദ്ര ജീവികൾ അത് ശേഖരിച്ച് കൊണ്ടുപോകുന്നത്. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുവാനുള്ള പ്രത്യേക കഴിവ് ജീവികൾ ഉണ്ടല്ലോ. വിളവു നശിപ്പിക്കുന്ന എലികളെ ഈ പ്രദേശത്തു നിന്നും അതിവേഗം ബഹുദൂരം പായിക്കാനാണ് കൊടുങ്കാറ്റും പേമാരിയും വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ ഭൂമി അവൾക്കു നല്കി ഭൂവുടമ വാസ്തവത്തിൽ അവളെ ചതിക്കുകയായിരുന്നു. എന്നാൽ ദൈവം അവൾക്കു തുണയായി വന്നു. Lesser evil സിദ്ധാന്തപ്രകാരം, ദൈവം അവൾക്കു വേണ്ടി എഴുന്നേറ്റപ്പോൾ ചിലർക്ക് അതു കടുത്ത നഷ്ടത്തിനു കാരണമായി. ദൈവപ്രവൃത്തി അങ്ങനെയാണല്ലോ വെളിപ്പെടുന്നത്.

‘Prayer is power’ എന്ന ചൊല്ല് പാടി നമ്മുടെ ഹൃദയത്തിൽ ആഴമായി പതിഞ്ഞിരിക്കുകയാണല്ലോ. വാസ്തവത്തിൽ അത് സത്യമാണോ? എനിക്ക് അതിനോട് യോജിപ്പില്ല. കാരണം, പ്രാർത്ഥനയ്ക്ക് അതിൽ തന്നെ യാതൊരു ശക്തിയും ഇല്ല. അക്ഷരസ്ഫുടതയോടെ ഉച്ചരിക്കുന്ന മന്ത്രങ്ങൾക്ക് അതീവ ശക്തിയുണ്ടെന്നാണ് ചില മതങ്ങൾ പഠിപ്പിക്കുന്നത്. എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. ഒരുവന്റെ അക്ഷരസ്ഫുടതയോ, വാൿസാമർത്ഥ്യമോ, പ്രാസമോ, വാചകഘടനയോ, ഒന്നും പ്രാർത്ഥനയുടെ മഹത്വമായി തീരുന്നില്ല. പ്രാർത്ഥന കേൾക്കുന്നവനായ ഒരു ദൈവം ഉണ്ട് എന്നതാണ് ബലം. “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ,” (സങ്കീ:65:2) എന്നത് ഭൈവത്തിന്റെ അനേക വിശേഷണങ്ങളിൽ ഒന്നു മാത്രമാണ്. പ്രാർത്ഥനയുടെ മറുപടി ലഭിച്ചവരുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. പ്രാർത്ഥിച്ചു എന്ന് ബൈബിളിൽ ആദ്യം രെഖപ്പെടുത്തിയിരിക്കുന്നതു അബ്രഹാമിനെ കുറിച്ചാണ് (ഉല്പ: 20:7). അബ്രഹാം ദൈവത്തോടു അപേക്ഷിച്ചു (ഉല്പ:20:17). “–യിസഹാക്ക് അവൾക്കു വേണ്ടി പ്രാർത്ഥിച്ചു; യഹോവ പ്രാർത്ഥന കേട്ടു അവന്റെ ഭാര്യ ഗർഭം ധരിച്ചു” (ഉല്പ:25 21). എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കയും (ഉല്പ:35:3) മോശെയുടെ പ്രാർത്ഥന പ്രകാരം യഹോവ ചെയ്തു (പുറ:8:13,31). മാനോഹയുടെ പ്രാർത്ഥന ദൈവം കേട്ടു (ന്യായാ:13:9). “പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നു നാം അറിയുന്നു” (യോഹ:9:31). കൊർന്നേല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു (പ്രവൃ:10:31) “— സഭ ശ്രദ്ധയോടെ അവനു വേണ്ടി ദൈവത്തോട് പ്രാർത്ഥന കഴിച്ചു പോന്നു (പ്രവൃ:12:5). പ്രാർത്ഥിക്കുമ്പോൾ ദൈവസന്നിധിയിൽ പ്രാഗത്ഭ്യം ഉണ്ടായിരിക്കണം. “യഹോവേ നിന്നോടു പ്രാർത്ഥിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു (2ശമു:7:27) ഈ ധൈര്യമാണ് പ്രാഗത്ഭ്യം. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു ദൈവത്തോട് അറിയിക്കയത്രെ വേണ്ടത് (ഫിലി:4:6). പ്രാർത്ഥന എന്നത് നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കുന്നത് അത്രേ എന്ന് വ്യക്തം. എന്നാൽ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന ദീനക്കാരനെ എഴുന്നേല്പിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും (യാക്കോബ്:5:15). രോഗശാന്തിക്കായി നാം പ്രാർത്ഥിക്കുമ്പോൾ കർത്താവാണ് രോഗിയെ സൗഖ്യമാക്കുകയും എഴുന്നേല്പിക്കുകയും ചെയ്യുന്നത്. അതു പ്രാർത്ഥിക്കുന്ന ആളിന്റെ കഴിവു കൊണ്ടോ, പ്രാർത്ഥനയുടെ ശക്തി കൊണ്ടോ അല്ല. കർത്താവിന്റെ ചെവി നീതിമാന്മാരുടെ പ്രാർത്ഥനയ്ക്കു തുറന്നിരിക്കുന്നുവെന്നു 1 പത്രോ: 3:12- ൽ നാം വായിക്കുന്നു. ഈ വാക്യങ്ങൾ എല്ലാം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നത് പ്രാർത്ഥനയുടെ മറുപടി അഥവാ ശക്തി എന്നു പറയുന്നത് പ്രാർത്ഥന കേൾക്കുന്ന ദൈവത്തിന്റെ ശക്തിയാണ്. “ശക്തനായവൻ എനിക്ക് വലിയവ ചെയ്തിരിക്കുന്നു. അവന്റെ നാമം പരിശുദ്ധം തന്നെ” (ലൂക്കോ: 1:49) എന്നാണ് മറിയ പറഞ്ഞത്. വലിയവ ചെയ്യുന്ന ദൈവം ജീവിച്ചിരിക്കുന്നു. ആ ദൈവത്തോടു ഞാൻ പ്രാർത്ഥിക്കുമ്പോൾ അവൻ എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു മറുപടി നല്കുന്നു. പ്രാർത്ഥനയല്ല, യഹോവയാണ് തന്റെ ജനത്തിന്റെ ബലം (സങ്കീ:28:8). “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു” (സങ്കീ: 28: 7).

പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിക്കുന്നതിന് പ്രത്യേക ക്രമം ഉണ്ട് എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഓരോ വിശുദ്ധന്റെയും പ്രാർത്ഥന അവരവർക്ക് നിയമിച്ചിരിക്കുന്ന കാവൽമാലാഖമാർ പ്രത്യേക ധൂപവർഗ്ഗത്തോടു ചേർത്താണ് ദൈവസന്നിധിയിൽ അർപ്പിക്കുന്നത് (വെളി: 8: 3,4). അത് ദൈവസന്നിധിയിൽ സുഗ്രാഹ്യ യാഗമായി അർപ്പിക്കപ്പെടുന്നു. അതിന്റെ വാസന ദൈവം മണക്കുമ്പോൾ ആ പ്രാർത്ഥനയുടെ മേൽ തീർപ്പാവുകയാണ്. അതിന്റെ മറുപടിയുമായി സുവാർത്താദൂതികളിൽ ഒരുവൻ പ്രാർത്ഥിക്കുന്ന ഭക്തന്റെ അടുത്തേക്കു വരുന്നു. ഇതാണ് ദൈവം നിശ്ചയിച്ച വ്യവസ്ഥ.

പ്രാർത്ഥന കേട്ട് മറുപടി നൽകുന്ന ദൈവം സർവശക്തൻ. ആകയാൽ ഇടവിടാതെ പ്രാർത്ഥിക്കാം പ്രാർത്ഥനയിൽ ഉറ്റിരിക്കാം. (റോമർ:12:13; കൊലോ: 4:2). പ്രാർത്ഥനയി പോരാടാം (റോമർ: 15: 31; കൊലോ:4:12). പ്രാർത്ഥനയിൽ തുണയായിരിക്കാം (2കൊരി:1:11). പ്രാർത്ഥനയിൽ ജാഗരിക്കാം, പൂർണ്ണ സ്ഥിരത കാണിയ്ക്കാം (എഫേ:6:18). പ്രാർത്ഥന കേൾക്കുന്ന ദൈവം ജീവിക്കുന്നു. അവന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.