ലേഖനം: മറിഞ്ഞിടാത്ത നന്മമരങ്ങൾ | ജിസ്ന സിബി, കുവൈറ്റ്‌

ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ തന്റെ ജ്ഞാന പാടവത്തിൽ നിന്നും ന്യായതാത്വിക പ്രാവീണ്യതയിൽ നിന്നും രചിച്ച തിരുവചന സൂക്തങ്ങളിലെ സദൃശ്യവാക്യങ്ങളിൽ എഴുതിയിരുന്നു ;”അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തൊട്ടരികത്തെ കാക്ക കൊത്തിപറിക്കയും കഴുകിൻ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും”(സദൃ-30:17).
പേറ്റു നോവിന്റെ തീവ്രതയിലും തന്റെ പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ, സന്തോഷാശ്രുക്കളോടെ പുഞ്ചിരിയിടുന്ന മാതാവിന്റെ ആഴമേറിയ മാതൃസ്നേഹം അങ്ങേയറ്റം കോരിചൊരിഞ്ഞിട്ടും, കഠിനാധ്വാനത്തിന്റെ നിറകുടമായി കുടുംബത്തിന്റെ സർവ്വ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റി പിതാവിന്റെ ആർദ്രമായ പിതൃസ്നേഹം വാരിവിതറിയിട്ടും; എന്തുകൊണ്ടാണ് സ്വന്തം മക്കൾ എന്നു അവകാശപ്പെടുന്ന ഈ ആധുനിക തലമുറ മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്നും കടപ്പാടുകളിൽ നിന്നും ഒഴിഞ്ഞു മാറുന്നത്..? ഒരു കുഞ്ഞ് ഭൂമിയിൽ പിറന്നു വീഴുമ്പോൾ, ആ കുഞ്ഞിൻമേലുള്ള മാതാപിതാക്കളുടെ പ്രതീക്ഷ ഒട്ടും ചെറുതല്ല. വളരെയധികം ത്യാഗത്തിലൂടെയും ക്ഷമയിലൂടെയും ഓരോ കുഞ്ഞുമക്കളെ കരുതലോടെ വളർത്തിയെടുത്തു ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി നന്മയുള്ള വ്യക്തിത്വങ്ങളാക്കി വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക്‌ വാക്കുകൾക്കതീതമാണ്. എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ മാതാപിതാക്കളെ നിരസിക്കയും തിരസ്ക്കരിക്കയും തീർത്തും ഭാരമായി എന്ന നിരൂപണത്തോടെ വൃദ്ധ സദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അഭയാർത്ഥികൾ ആക്കിവെക്കുന്ന വക്രതയുള്ള ആധുനിക തലമുറ മാധ്യമശ്രദ്ധയിൽ പരക്കെ ഉയരുന്ന അനുപേക്ഷിണീയമായ ഇന്നിന്റെ ചിന്താവിശേഷങ്ങളാണ്. “മക്കളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ, അതു ന്യായമല്ലോ ;നിനക്ക് നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നുള്ളത് വാഗ്‌ദത്തോടുകൂടിയ ആദ്യകല്പന ആകുന്നു (എഫെസ്യർ 6:1-3). ഈ വചനങ്ങൾ ഓരോന്നും സൺ‌ഡേസ്കൂൾ കാലം മുതൽ ഓരോ കുഞ്ഞുങ്ങളുടെയും ഹൃദയ പലകയിൽ മനഃപാഠമാക്കിയ വേദവാക്യങ്ങളാണല്ലോ. പക്ഷേ, കൗമാരകാലം പിന്നിടുമ്പോൾ, കേവലം പ്രായത്തിന്റെ ചാപല്യമെന്ന് അടക്കം പറഞ്ഞിട്ടാണെങ്കിലും, ഇന്നത്തെ യൗവനക്കാർ മാതാപിതാക്കളിൽ നിന്നും മനസ്സുകൊണ്ട് ദീർഘദൂരം പിന്നിട്ടുകഴിഞ്ഞ അവസ്ഥയിൽ എത്തിനിൽക്കുന്നത് അപ്രമേയമത്രെ. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ, സാമൂഹിക സാംസ്കാരിക തലത്തിലും, ഉന്നത വിദ്യാഭ്യാസത്തിന്റെ കെട്ടുറപ്പിലും തങ്ങൾ മാതാപിതാക്കളെക്കാൾ അറിവും, അംഗീകാരവും, വ്യക്തിത്വവും നേടിക്കഴിയുമ്പോൾ കാലത്തിന്റെ നെറുകയിൽ ഞാനും എന്തൊക്കെയോ ആണെന്നും, ആയെന്നും ഉള്ള മിഥ്യാബോധത്തിലേക്കു കൂപ്പുകുത്തി, ജീവിതത്തിന്റെ നിർണ്ണായകമായ
വഴിത്തിരിവിൽ എടുക്കേണ്ടുന്ന ഉറച്ച തീരുമാനങ്ങളിൽ പോലും സ്വാർത്ഥത കൈമുതലാക്കി, മാതാപിതാക്കളുടെ സ്വപ്നങ്ങളെ നിഷ്കരുണം ഇല്ലാതാക്കുന്ന അപക്വമായ പ്രവണത യൗവനക്കാരിൽ കുറെയേറെ കണ്ടുവരുന്നുണ്ടല്ലോ.
ലോകത്തിലെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയുടെ വശ്യതയാൽ തങ്ങളുടെ ചിന്താമണ്ഡലങ്ങളിൽ ഉരുത്തിരിയുന്ന ലോകോത്തര മോഹങ്ങളെ വീണ്ടും -വീണ്ടും താലോലിക്കുമ്പോൾ, പാപം പടിവാതിൽക്കൽ കിടക്കുന്നു എന്ന നഗ്നസത്യം തിരിച്ചറിയുവാൻ സമകാലിക യുവതലമുറക്ക് കഴിയാതെ പോകുന്നു എന്നതാണ് വാസ്തവം.സങ്കീർത്തനം 119:9, ൽ പറയുന്നു, ബാലൻ തന്റെ നടപ്പിനെ നിർമലമാക്കുന്നത് എങ്ങനെ, നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഓരോ ദിവസവും ഉണരുമ്പോൾ ദൈവവചനത്തിൽ പ്രത്യാശ വെച്ച് അവയെ ഹൃദയത്തിൽ സംഗ്രഹിച്ചാൽ, വചനം എന്ന സത്യപ്രമാണം കാലിന് ദീപമായ്, പാതക്ക് പ്രകാശമായി അനുദിനം അനുഭവിപ്പാൻ ഇടവരും.

ദൈവകല്പനക്കു വിരോധമായി, മാതാപിതാക്കളെ വേണ്ടവിധം പരിപാലിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുവാൻ നമുക്ക് കൂടുതൽ ശ്രദ്ധാലുക്കളാകാം. ഇന്നത്തെ തലമുറ അനുഭവിക്കുന്ന ആത്മീകവും ഭൗതീകവുമായുള്ള ചെറുതും വലുതുമായ ഓരോ നന്മകളുടെയും അനുഗ്രഹങ്ങളുടെയും പുറകിൽ മാതാപിതാക്കളുടെ നിരന്തരമായ കണ്ണുനീരിന്റെയും, അകമഴിഞ്ഞ പ്രാർത്ഥനയുടെയും ഫലമാണെന്ന് ഓരോ കുഞ്ഞുങ്ങളും മറന്നു പോകരുത്. ദൈവത്തിനും മനുഷ്യർക്കും പ്രീതിയുള്ള കുഞ്ഞായി വളർന്ന ശമുവേൽ ;”ദാൻ മുതൽ ബേർശേബാ” വരെയുള്ള യിസ്രായേലിലൊക്കെയും യഹോവയുടെ വിശ്വസ്ത പ്രവാചകനായി തീർന്നതിന്റെ പിന്നിൽ അവന്റെ മാതാവായ ഹന്നയുടെ ഹൃദയം നുറുങ്ങിയ പ്രാർത്ഥന ഉണ്ടായിരുന്നു.ഒരിക്കൽ ശേബാ രാജ്ഞി, ശലോമോന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ കീർത്തി കേട്ട്, അവയെല്ലാം നേരിൽ കാണുവാൻ വന്നപ്പോൾ, ശലോമോന്റെ ജ്ഞാനവും, അവൻ പണിത അരമനയും, അവന്റെ മേശയിലെ ഭക്ഷണവും, അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും, അവന്റെ ശുശ്രൂഷകന്മാരുടെ നിലയും, അവരുടെ ഉടുപ്പും, അവന്റെ
പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും, യഹോവയുടെ
ആലയത്തിലേക്കുള്ള അവന്റെ എഴുന്നള്ളത്തും കണ്ടിട്ടു അമ്പരന്നു പോയി എന്ന് നാം വായിക്കുന്നു. (2ദിന 9:3-5).

മക്കൾ യഹോവ നൽകുന്ന അവകാശവും, പ്രതിഫലവുമാണെന്ന് മാതാപിതാക്കൾ അഭിമാനിക്കുമ്പോൾ തന്നെ അവരോടുള്ള മക്കളുടെ കർത്തവ്യങ്ങൾ എന്താണെന്ന് കുഞ്ഞുങ്ങൾ ഒരുനാളും മറന്നു പോകരുത്. ദൈവീക കാരുണ്യത്താൽ വന്നുചേരുന്ന സകല നന്മകളുടെയും അനുഗ്രഹങ്ങളുടെയും നല്ലൊരു പങ്ക് മാതാപിതാക്കളോടൊത്ത് അനുഭവിക്കുന്നത് എത്രയോ ശ്രേഷ്ഠമാണ്.
1 ശമുവേൽ 15:22 ൽ പറയുന്നു, ഇതാ അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്. ക്രൂശിലെ മരണത്തോളം തന്നെത്താൻ താഴ്ത്തി അനുസരണമുള്ളവനായി തീർന്ന ക്രിസ്തുവിന്റെ എളിമ തന്നെ പിതാവിനോടുള്ള അനുസരണത്തിന്റെ മാതൃകയെ വെളിപ്പെടുത്തുന്നുവല്ലോ. മാതാപിതാക്കളുടെ സദുപദേശങ്ങൾ ഹൃദയത്തോടു ബന്ധിച്ചു ;അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്ന വാഗ്ദത്തത്തോടു കൂടിയ ആദ്യകല്പനയുടെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം പ്രാപിച്ചെടുക്കുന്നതിൽ മാത്രമല്ല, വരും തലമുറയ്ക്ക് മുൻപാകെ പ്രദർശിപ്പിക്കേണ്ടുന്ന ഉത്തമ മാർഗദർശിയും മാതൃകയുമായ നല്ലൊരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ഥായിയായ പ്രാധാന്യം കൈവരിക്കുവാൻ ഓരോരുത്തർക്കും കഴിയും എന്നുള്ള വസ്തുത നിസ്സംശയം ഇവിടെ ഓർമിപ്പിക്കട്ടെ.

എന്നാൽ, തിരുവചനത്തിലെ മലാഖി 2:6 ൽ യഹോവ ഇപ്രകാരം പറയുന്നു, “ഞാൻ അപ്പനെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? “. അതെ, ഭൂമിയിൽ നമുക്ക് ലഭിക്കപ്പെട്ട മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം ;”കാണ്മിൻ നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ തക്കവണ്ണം ലോകാരംഭത്തിനു മുൻപേ നമ്മെ വിളിച്ചു വേർതിരിച്ചു , തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച സ്വർഗീയപിതാവിന്റെ അഗാധമായ നിത്യസ്നേഹത്തിനു മുൻപാകെ നാം എത്രത്തോളം ഭക്തിയോടും ആദരവോടും ആയിരിക്കേണ്ടതുണ്ട് എന്ന് നമുക്ക് നമ്മെത്തന്നെ ഒരു നിമിഷം ശോധന ചെയ്തുകൊണ്ട്, പിന്നെയും ദൈവീക സ്നേഹത്തിലും, കരുതലിലും, കൃപയിലും അധികമായി വർദ്ധിച്ചു വരുവാൻ സർവ്വകൃപാലുവായ ദൈവം നമ്മെ ധാരാളമായി സഹായിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ …… ആമേൻ

ജിസ്ന സിബി, കുവൈറ്റ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.