ലേഖനം: മിസ്രയീമിലെ വെട്ടുകിളിയും ആനുകാലിക ബാധയും | പാ. സണ്ണി സാമുവൽ

യിസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്നും വിടുവിക്കുവാനായി ദൈവം ഫറവോന്റെ രാജ്യത്തിൽ പത്ത് ബാധകൾ അയച്ചു. ആ ബാധകളിൽ ചിലത് മഹാമാരി ആയിരുന്നു. ബാധ (plague) എന്നതിന് എബ്രായഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന Naga എന്ന വാക്കിന് തൊടുക (to touch), കൈവയ്ക്കുക (to lay the hands upon); ശിക്ഷിക്കുവാൻ, തോല്പിക്കുവാൻ, നശിപ്പിക്കുവാൻ, വേണ്ടി അടിക്കുക ( strike to punish, defeat, or destroy) എന്നിങ്ങനെയാണ് അർത്ഥം. പേൻ എന്ന വ്യാധി പരന്നപ്പോൾ “ഇതു ദൈവത്തിന്റെ വിരൽ ആകുന്നു,” (പുറ: 8:19) എന്ന് മിസ്രയീമിലെ മന്ത്രവാദികൾ പറഞ്ഞത് ചേർത്ത് വായിച്ചാൽ അർത്ഥം സുവ്യക്തം. അതെ, ദൈവത്തിന്റെ വിരൽ മിസ്രയീമിനെ തൊടുകയായിരുന്നു. മഹാമാരി (pestilence) എന്നതിന് ഉപയോഗിച്ചിരിക്കുന്ന Debar എന്ന എബ്രായ വാക്കിന് സാംക്രമികമായി പരക്കുന്നതും പെട്ടെന്ന് പടർന്നു പിടിക്കുന്നമായ രോഗങ്ങൾ എന്നർത്ഥം. മനുഷ്യർ, പക്ഷിമൃഗാദികൾ, കടൽജീവികൾ, വൃക്ഷസസ്യാദികൾ, കാർഷിക മേഖലയിലെ വിളകൾക്ക് ഉണ്ടാകുന്ന രോഗം എന്നിങ്ങനെ സകലതിനെയും കടന്നാക്രമിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന രോഗങ്ങൾ ആകാം. അതായത് മഹാമാരിയിൽ നിന്നും ഒഴിഞ്ഞിരിക്കുന്ന ഒരു ജീവജാലവും ഭൂമുഖത്തില്ല എന്നു സാരം.

മിസ്രയീമിൽ ഉണ്ടായ ബാധകളും, വ്യാധികളും, മഹാമാരികളും അതികഠിനം ആയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ പത്തു ബാധകളെ കൂടാതെ മറ്റൊരു ബാധ ഫറവോനെ ബാധിച്ചു എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. മേൽപ്പറഞ്ഞ ബാധകൾ ദാസൻമാരുടെ മേലും മിസ്രയീം ദേശത്തും ഭൗതികമായി അഥവാ പുറമെ ബാധിച്ചപ്പോൾ ഫറവോന്റെ ഹൃദയത്തിന്മേലാണ് ബാധ ഉണ്ടായത് (പുറപ്പാട് 9:14). ഇംഗ്ലീഷ് ബൈബിളിൽ upon thine heart എന്നാണ് കാണുന്നത്. എന്നാൽ മൂലഭാഷയിൽ ‘leb’ എന്ന വാക്കിന് അകത്തെ മനുഷ്യൻ, മനസ്സ്, ഇച്ഛാശക്തി, ഹൃദയം, ഗ്രഹണശേഷി (understanding) എന്നാണ് അർത്ഥം. മനുഷ്യനിൽ സംവാദിച്ചു കൊണ്ടിരിക്കുന്ന ദൈവാത്മാവ് അവനെ വിട്ടുപോയി കഴിഞ്ഞിരിക്കുന്നു (ഉല്പ:6:3). പിന്നെ ആരു പറഞ്ഞാലും ഉപദേശിച്ചാലും അത് ചെവിക്കൊള്ളാനോ അംഗീകരിപ്പാനോ സാധിക്കുകയില്ല. ഫറവോനു സംഭവിച്ചതും അതു തന്നെ. അതിന്റെ ഉത്തമ തെളിവാണ്, “അപ്പോൾ ഭൃത്യന്മാർ ഫറവോനോട് — ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പാൻ വിട്ടയക്കണം; മിസ്രയീം നശിച്ചു പോകുന്നു എന്ന് നീ ഇപ്പോഴും അറിയുന്നില്ലയോ എന്ന് പറഞ്ഞു (പുറ:10:7). ഫറവോന്റെ തിരിച്ചറിവ് നഷ്ടപ്പെട്ടുവെന്ന് ഭൃത്യന്മാർക്കു മനസ്സിലായി. പക്ഷേ ഫറവോനു മനസ്സിലായില്ല. അതിനാൽ ഈ നല്ല ഉപദേശം ഫറവോൻ അംഗീകരിച്ചില്ല. ഉപദേശകന്മാർ കഴിവുള്ളവരും അനുഭവ സമ്പത്ത് ഉള്ളവരും ആണെന്നോർക്കുക.

സത്യത്തിൽ മിസ്രയിമിൽ പത്തു ബാധകൾ അല്ല ഉണ്ടായത്. ചില ബാധകളോട് അനുബന്ധമായി മറ്റു ചില ബാധകൾ കൂടെ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി മൃഗവ്യാധി , ആറാമത്തെ ബാധ, ഇരട്ടിപ്പ് ആയിരുന്നു. പരു പഴുത്ത് പുണ്ണായി അഥവാ വലിയ വ്രണമായി മാറി. പരു ഒരു ബാധയും കരിയാത്ത വ്രണം മറ്റൊരു ബാധയും ആയിരുന്നു. അതുപോലെ തന്നെ ഏഴാമത്തെ ബാധയായ കല്മഴ പെയ്തപ്പോൾ അകമ്പടിയായി മഴ, ഇടി, ഭൂമിയിലേക്കു പാഞ്ഞിറങ്ങിയ തീ അഥവാ ഇടി മിന്നൽ (ആകാശവാൾ എന്നും പറയും) എന്നിങ്ങനെ മറ്റു മൂന്നു ബാധകൾ കൂടെ ഉണ്ടായി (പുറ: 9:23, 28, 33). അപ്രതീക്ഷിതമായി ആകാശത്തു നിന്നും പാഞ്ഞിറങ്ങുന്ന ആകാശവാൾ വളരെ അപകടകാരിയാണ്. ഉന്നത വോൾട്ടേജ് വൈദ്യുതിയും വഹിച്ചു വരുന്ന അവ മനുഷ്യൻ, മൃഗം, വൃക്ഷലതാദികൾ എന്നിവക്കു നാശം വരുത്തുക മാത്രമല്ല ഭൂമിയെ വരെ ഉഴുതു മറിക്കും; ജലാശയത്തെ വറ്റിക്കും! അത്രയ്ക്കും ബീഭത്സമാണവ.

ഓരോ ബാധ നടക്കുമ്പോഴും ആ ബാധയുടെ തീവ്രതയെ വിവരിപ്പാനായി ബൈബിളിൽ ചില പ്രസ്താവനകൾ കാണാം. മിസ്രയീം സ്ഥാപിതമായ നാൾ മുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്തത് (പുറ: 9:18), മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതു മുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല (പുറ: 9: 23), ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതും (പുറ:10:14), എന്നിങ്ങനെ പോകുന്നു പരാമർശങ്ങൾ. മനുഷ്യനെ ചലിക്കുവാൻ അനുവദിക്കാത്ത സ്പർശിക്കത്തക്ക ഇരുൾ (black energy) (പുറ:10:21-23) അപൂർവ്വങ്ങളിൽ അപൂർവ്വം ആയിരുന്നു. വെട്ടിക്കിളി ബാധയും അതിന്റെ പ്രഹരശേഷിയും അത്യപൂർവ്വമായ മഹാമാരി ആയിരുന്നു. (പുറ:10:14).

2020- ൽ പൊട്ടിപ്പുറപ്പെട്ട വെട്ടുകിളി ആക്രമണവുമായി മിസ്രയീമിലെ വെട്ടുകിളി ബാധക്കു വളരെ സാമ്യം ഉണ്ട്. രണ്ടു ആക്രമണങ്ങളും മരുവെട്ടുകിളികൾ ആയിരുന്നു.
മിസ്രയീമിൽ വന്ന
വെട്ടുകിളി പറ്റം ദൈവം അടിപ്പിച്ച കിഴക്കൻ കാറ്റിന്റെ ചിറകിലാണ് എത്തിയത് (പുറ:10:13). മിസ്രയീമിന്റെ കിഴക്കുഭാഗം അറേബ്യൻ ഉപഭൂഖണ്ഡവും ഗൾഫ് നാടുകളുമാണ്. ഈ മേഖലയിൽ പ്രജനനം നടന്ന പറ്റത്തെ അറബിക്കടലിന്റെ വടക്കു ഭാഗത്തു നിന്നും പേർഷ്യൻ ഉൾക്കടലിൽ നിന്നും വീശിയ കാറ്റ് മിസ്രയീമിൽ എത്തിക്കുകയായിരുന്നു.

2020-ലും അങ്ങനെ തന്നെ ആയിരുന്നുവല്ലോ. അറേബ്യൻ മരുഭൂമിയിലും ഇറാനിലും പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും പ്രജജനം നടന്ന പറ്റം കിഴക്കോട്ടും വടക്കോട്ടും പടിഞ്ഞാറോട്ടും പരക്കുകയായിരുന്നുവല്ലോ.

മോശെയുടെ കാലത്തെ മിസ്രയീം പത്തു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാജ്യമായിരുന്നു. അതിനെ മുഴുവൻ ഇരുട്ടിലാക്കി പറന്നു വന്ന വെട്ടുകിളി ലോക ചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ഏറ്റവും കുറഞ്ഞ കണക്കനുസരിച്ച് 80 ട്രില്യൻ ജീവികൾ അതിൽ കാണും. മിസ്രയീമിലെ വെട്ടുകിളി ബാധ ഒരു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഈ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് 1,60,000 മെട്രിൿ ടൺ ഭക്ഷണം അവ അകത്താക്കി (പുറ:10:15). നൈലിന്റെ ദാനം ആയിരുന്ന സമ്പൽ സമൃദ്ധമായ നാട് ഒറ്റദിവസം കൊണ്ട് ഒറ്റ പച്ച തലപ്പുകൾ പോലുമില്ലാതെ മരുസമാനം ആയി പോയി.

ഫറവോന്റെ അപേക്ഷപ്രകാരം മോശെയും അഹരോനും ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ യഹോവ മഹാ ശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു. അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീം രാജ്യത്തെങ്ങും ഒരു വെട്ടുകളി പോലും ശേഷിച്ചില്ല(പുറ:10: 19). അത് മറ്റൊരു മഹാത്ഭുതമാണ്. കാരണം ചത്തു വീണതിനെ പോലും കാറ്റ് എടുത്തു കൊണ്ടുപോയി. വെട്ടുകിളി പറ്റം വന്നു പോയാൽ ലക്ഷക്കണക്കിന് എണ്ണം ചത്തു തറയിൽ ശേഷിക്കേണ്ടതാണ്. ഇവിടെ അതുണ്ടായില്ല!

ചെങ്കടലിൽ ഇട്ടു കളഞ്ഞ വെട്ടുകിളി പറ്റത്തിന് ശരാശരി തൂക്കം 16 കോടി ടൺ വരും. കടൽ ജീവികൾക്കും മത്സ്യസമ്പത്തിനും അത് ഭക്ഷണമായി ലഭിച്ചു എന്ന് സാരം. മറ്റൊരു വിധത്തിൽ ചിന്തിച്ചാലും അത്രയും കടൽ ജീവികൾ മത്സ്യം ഉൾപ്പെടെ സംരക്ഷിക്കപ്പെട്ടു എന്നർത്ഥം. അല്ലായിരുന്നുവെങ്കിൽ അത്രയും ഭക്ഷണം കടലിൽ നിന്നു തന്നെ കണ്ടെത്തണമായിരുന്നുവല്ലോ. നഷ്ടം ഉണ്ടായത് കരയ്ക്കാണ്. കാരണം, കാലക്രമത്തിൽ ഭൂമിക്കു വളമായി തീർന്ന് ആർദ്രതയുള്ള മേൽമണ്ണായി തീരേണ്ടിയിരുന്ന പച്ചിപ്പാണ് ഒറ്റദിവസം കൊണ്ട് കടലിൽ ചാടി പോയത്.

മിസ്രയീമിൽ പടിഞ്ഞാറൻ കാറ്റടിച്ചു എന്നത് പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങൾക്ക് വിരുദ്ധമാണ്. കാരണം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും സാധാരണയായി പടിഞ്ഞാറോട്ടാണ് കാറ്റ് അടിക്കുന്നത്. ആധുനിക കണക്കനുസരിച്ച് ഈ കാറ്റ് (Howing wind) സഹാറ മരുഭൂമിയിൽ നിന്നും പ്രതിവർഷം 1,82,000 ടൺ പൊടി മണ്ണിനെ പറപ്പിച്ചെടുത്ത് അന്തരീക്ഷത്തിൽ 5000 മുതൽ 20,000 വരെ അടി ഉയരത്തിൽ വരെ നിലനിർത്തുന്നു. മാത്രമല്ല അതിൽ 28,000 ടൺ മണ്ണിനെ 1600 മൈൽ അഥവാ 2575 കിലോമീറ്റർ അകലെയുള്ള തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആമസോൺ കാടുകളിൽ, അറ്റ്ലാന്റിൿ സമുദ്രത്തിനു മീതെ കൂടി പറത്തി, കൊണ്ടു ചെന്നു നിക്ഷേപിക്കുന്നു. 3000 മൈൽ അപ്പുറത്ത് കരീബിയൻ ദ്വീപസമൂഹങ്ങളിലും ഈ പൊടിയെ കാറ്റ് എത്തിക്കുന്നുണ്ട്. ഈ പ്രക്രിയ നൂറ്റാണ്ടുകളായി അഭംഗുരം നടന്നു വരുന്നു. പൊടിമണ്ണിൽ സമ്പൂർണ്ണ ഫോസ്ഫറസ് നിക്ഷേപം ആണുള്ളത്. ഈ ഫോസ്ഫറസ് വളമാണ് (അർത്ഥാൽ എല്ലുപൊടി) ആമസോൺ കാടുകളുടെ നിലനിൽപ്പിന് നിദാനം. ലെബാനോനിലെ ദേവദാരുക്കളെ യഹോവ നട്ടിട്ടുള്ളതാണെങ്കിൽ (സങ്കീ:104:16), ആമസോണിലെ കാടുകളെ ദൈവം വളമിട്ടു വളർത്തുന്നതാണ്. [ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാസാ പുറത്തു വിട്ട വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും ലഭിക്കുന്നതാണ്].

എന്നാൽ മോശെ പ്രാർത്ഥിച്ചപ്പോൾ കിഴക്കൻ കാറ്റു നിന്നു എന്നു മാത്രമല്ല, അറ്റ്ലാൻറിക് സമുദ്രത്തിൽ നിന്നും മറ്റൊരു കാറ്റ് കിഴക്കോട്ട് വീശി വെട്ടുകിളി പറ്റത്തെ എടുത്തു ചെങ്കടിൽ ഇട്ടു കളഞ്ഞു. എത്ര മഹാത്ഭുതം! ചെങ്കടലിനു മീതേ എത്തിയപ്പോൾ ആ കാറ്റ് അധോപ്രവാഹ ചുഴലിയായി (downward current tornado) മാറി പറ്റത്തെ ചെങ്കടലിൽ ഇട്ടു കളഞ്ഞിരിക്കാം.

കൊറോണ, വെട്ടുകിളി, ഭൂകമ്പം എന്നിങ്ങനെ മൂന്ന് ബാധകൾ ഒരുപോലെ ഉണ്ടായ രാജ്യമാണ് ഇന്ത്യ. ഇവ മൂന്നും കൂടെ ചേർന്ന് ഇന്ത്യൻ സമ്പദ് ഘടനയെ എങ്ങനെ ബാധിയ്ക്കും എന്ന് ഇപ്പോൾ പറയുക സാദ്ധ്യമല്ല. കോവിഡ് 19 ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ സമൂലം തകിടം മറിച്ചിരിക്കുകയാണ്. തണുപ്പുകാലം(winter) ആകുമ്പോൾ യൂറോപ്പിൽ കോവിഡ് രണ്ടാംഘട്ട വരവ് നടത്തുമെന്ന വാർത്ത വന്നപ്പോൾ തന്നെ ലോകത്തിലെ സകല ഷെയർ മാർക്കറ്റുകളും വിപണി നിരക്കുകളും തലകുത്തി വീണു. ഒരു കാര്യം സത്യം- തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, വരുമാന നഷ്ടം, ഒരു നേരത്തെ ഭക്ഷണത്തിനായി കുറ്റകൃത്യം ചെയ്യൽ എന്നിങ്ങനെ
മനുഷ്യനെ കെട്ടിവരിഞ്ഞു മുറുക്കി ചലിക്കാൻ അനുവദിക്കാത്ത ഇരുട്ടിന്റെ (മിസ്രയീമിലെ അടുത്ത ബാധ) നാളുകളായിരിക്കും വരുവാൻ ഇരിക്കുന്നത്. കറൻസിയുടെ വാങ്ങൽ മൂല്യം കുറയും. നാണയപെരുപ്പം വർദ്ധിക്കും.

ഇത്രയും അടയാളങ്ങൾ കണ്ടിട്ടും കാലത്തെ വിവേചിക്കാത്ത കുരുടന്മാരായ ആത്മീയ നേതൃത്വം (?) ജനത്തെ ലഘുവായി ചികിത്സിക്കുന്നതു കാണുമ്പോൾ അങ്കലാപ്പു തോന്നുന്നു. അമേരിക്കയും യൂറോപ്പും കഴിഞ്ഞ കാലങ്ങളിൽ ലോകരാജ്യങ്ങളെ കൈ തുറന്നു സഹായിച്ചതിനാൽ നാം ഈ ദുരന്തത്തെ അതിജീവിക്കും എന്ന് അവിടെ നിന്നുള്ള ഒരാൾ പ്രസംഗിക്കുന്നതു കേട്ടു. അനീതിയുള്ള മാമോനെ കൊണ്ട് സ്നേഹിതരെ ഉണ്ടാക്കിയിട്ട് ദൈവത്തെ വരുധിയിൽ നിറുത്തുവാൻ ശ്രമിക്കുന്ന നേതൃത്വം. സ്നേഹിതരേ ഇപ്പോൾ പ്രചോദനം (motivation) അല്ല ആവശ്യം; അനുതാപവും മടങ്ങിവരവും ആഹ്വാനം ചെയ്യുന്ന ദൂതുകൾ അത്രെ. കൊടുത്ത നാണയത്തുട്ടുകളുടെ മേനി പറഞ്ഞ് ഗർവ്വികളായിരിപ്പാനല്ല, സ്വസ്ഥരായിരിപ്പാനല്ല; ദൈവമേ കരുണ തോന്നണമേ, ദയ തോന്നേണമേ എന്നു പറഞ്ഞു തിരുസന്നിധിയിൽ നെടുമ്പാടു വീണു കരയുവാനത്രെ ദൈവം ആഗ്രഹിക്കുന്നത്. വീട്ടിലെ പൊന്നും വെള്ളിയുമല്ല, കുഞ്ഞാടിന്റെ രക്ത അടയാളം മാത്രമാണ് സംഹാരകനിൽ നിന്നും രക്ഷപ്പെടുവാനുള്ള ഏകമാർഗ്ഗം.

മിസ്രയീമിലെ ബാധയുടെ ആത്യന്തിക പരിണിതഫലം വെളിച്ചത്തിന്റെ മക്കളെയും ഇരുളിന്റെ മക്കളെയും തമ്മിൽ വേർതിരിക്കുക എന്നതായിരുന്നു. അക്ഷരാർത്ഥത്തിൽ തന്നെ അത് സംഭവിച്ചു. ഈ കാലഘട്ടത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. എല്ലാ തലമുറയിലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പ് ഉണ്ട്. ലോക സമുദായ കടൽ ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്നു. “ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.ഞാൻ സകല ജാതികളെയും ഇളക്കും. സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വ പൂർണ്ണമാക്കും” (ഹഗ്ഗായി:2:6,7). സാക്ഷാൽ ആലയമായ സഭയുടെ മഹത്വ പൂർണതയ്ക്കായി സഭയുടെ കാന്തനായ മനോഹര വസ്തു വെളിപ്പെട്ടു വരുന്നതിന്റെ അടയാളങ്ങൾ നാം ചുറ്റുപാടുകളിൽ കണ്ടു കൊണ്ടിരിക്കുകയാണ്. ഉണരാം, നിർമ്മദരായിരിയ്ക്കാം. നമ്മുടെ വീണ്ടടുപ്പു അടുത്തുവല്ലോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.