ലേഖനം : ഓർമയിലെ ഒരു മാതൃദിനം | മിനി തര്യൻ, ന്യൂയോർക്ക്

ഒരു പിതൃദിനം കൂടി കടന്നുപോകുമ്പോൾ മനസ്സിൽ വന്ന ഒരോർമ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ഞങ്ങൾ അമേരിക്കയിലേക്ക് ചേക്കേറിയിട്ടു അധിക വർഷങ്ങൾ ആയിട്ടില്ല, അന്ന്. ഇവിടുത്തെ രീതികൾ ഒക്കെ കണ്ടു മനസിലാക്കി വരുന്നതേ ഉള്ളു. പലതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സമയം. എന്ന് വച്ചാൽ വർഷത്തിലൊരിക്കൽ മാത്രം മാതൃദിനമോ, പിതൃദിനമോ ഒക്കെ വരുമ്പോൾ നഴ്സിംഗ് ഹോമിൽ പോയി അപ്പനെയും അമ്മയെയും സന്ദർശിച്ചു പൂച്ചെണ്ട് കൊടുക്കുന്നതുൾപ്പെടെയുള്ള പലതുമായി മനസുകൊണ്ട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് ചുരുക്കി പറയട്ടെ.

ഞാൻ വളർന്നു വന്ന സമയത്തു നാട്ടിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഒട്ടുമേ തന്നെ കടന്നുവന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള പ്രത്യേക ദിവസങ്ങളൊന്നും അന്ന് ആഘോഷമായിരുന്നില്ല. ഞങ്ങൾ അന്ന് ആഘോഷിച്ചത് ചാച്ചാജിയുടെ ജന്മദിനമായ ശിശു ദിനം ആണ്. അങ്ങനെയൊരു ദിവസം ഇവിടെ കേട്ടിട്ടുമില്ല.

ഞങ്ങൾ താമസിക്കുന്നതിനു വളരെ ദൂരെയുള്ള പട്ടണത്തിൽ ഒരു യോഗത്തിനു അതിഥികളായി കുടുംബമായി കടന്നു പോയ ഒരു ഞായറാഴ്ച. അവിടെ ചെന്നപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. മിക്കവാറും സഹോദരിമാർ ഒക്കെ വളരെ നന്നായി സാരി ഒക്കെ ഇട്ട് മലയാളി മങ്കമാരായി വന്നിരിക്കുന്നു. മീറ്റിംഗ് തുടങ്ങിയപ്പോൾ ആമുഖ പ്രസംഗത്തിൽ നിന്ന് മനസിലായി അന്ന് മാതൃദിനം ആണെന്ന്. ഏതായാലും പ്രസംഗം ഒക്കെ കഴിഞ്ഞു എല്ലാ മാതാക്കളെയും മുൻപിലേക്ക് വിളിച്ചു പ്രാർത്ഥിച്ചു. അമ്മമാരായ എല്ലാവരും മുന്നിലേക്ക് പോയ കൂട്ടത്തിൽ ഞാനും പോയി സന്തോഷത്തോടെ മടങ്ങി ഇരിപ്പിടത്തിലേക്കുവന്നു . അന്ന് മാതൃദിനം പരിഗണിച്ചു പ്രത്യേകഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അവിടെ അനൗൺസ്‌ ചെയ്യപ്പെട്ടു. ആശീർവാദം പറഞ്ഞു കഴിഞ്ഞു ഭക്ഷണം കഴിക്കാനായി എല്ലാവരും ഹാളിലേക്ക് വന്നു കുശലം പറഞ്ഞു നിൽക്കുന്നതിനിടയിൽ ഒരാളുടെ അസാന്നിധ്യം എല്ലാവരും ശ്രദ്ധിച്ചു. അന്വേഷിച്ചു പോയ ആളുടെ പുറകെ ഞാനും കൂടി. കണ്ട കാഴ്ച മനസിനെ ഉലക്കുന്നതായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, വിശപ്പില്ല, തലവേദനയാണ്, അതുകൊണ്ടുവീട്ടിലേക്കു പോകുന്നു എന്ന് പറഞ്ഞു നിൽക്കുന്ന ചെറുപ്പക്കാരി. ഒരു അമ്മയാകാൻ ഇതുവരെ കഴിയാത്ത ദുഖമാണ് ആ കണ്ണുനീരിനു പിന്നിലെന്ന് മറ്റു വിശദീകരണാങ്ങളൊന്നും ഇല്ലാതെ തന്നെ വ്യക്തമായിരുന്നു. അത്രയും പറഞ്ഞു അതവിടെ നിർത്തട്ടെ.

ഏതെങ്കിലും പ്രത്യേകദിവസങ്ങൾ ആഘോഷിക്കുന്നതിനോ, പ്രിയപ്പെട്ടവരേ ഓർക്കുന്നതിനോ, അവരുമായുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനോ ഒന്നും തന്നെ ഞാൻ എതിരല്ല. തെറ്റിദ്ധരിക്കരുതേ. എന്നാൽ ഇങ്ങനെയുള്ള പ്രത്യേക ദിവസങ്ങൾ വന്നുപോകുമ്പോൾ, നാം സന്തോഷിക്കുന്ന കൂട്ടത്തിൽ, പിതൃദിനമാണെങ്കിൽ അപ്പനില്ലാതെ വളർന്നു വരുന്ന ഒരു കുഞ്ഞിനെ നിങ്ങൾക്കറിയമെങ്കിൽ, അല്ല പലവര്ഷങ്ങള് കഴിഞ്ഞിട്ടും ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാൻ കഴിയാത്ത ഒരു വ്യക്തിയെ നിങ്ങൾ അടുത്തറിയുന്നുവെങ്കി ഒരു നിമിഷം അവർക്കു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുമോ? അല്ല, അങ്ങനെയുള്ള കുഞ്ഞിന് ആവശ്യമെങ്കിൽ ഒരു കുഞ്ഞു കളിപ്പാട്ടം, വാങ്ങി ഒരു വിശിഷ്ട അവസരത്തിൽ കൊടുക്കാമോ? ഒരു വാക്ക് അവരെ ബലപ്പെടുത്താനായി പറയാൻ കഴിയട്ടെ നമുക്ക്.

മറ്റൊരു വശം കൂടി. ജീവിതത്തിൽ ഇവിടം വരെ നമുക്ക് തണൽ നൽകി എത്തിക്കാനായി വെയിൽ കൊണ്ട ഒരു അച്ഛൻ ജീവിച്ചിരിക്കുന്നേടത്തോളം കാലം അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും കരുതുകയും ചെയ്യാം. വാർദ്ധക്യം ആയി ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഉതുങ്ങിപോകുന്ന അച്ഛനമ്മമാരുടെ ലോകം നമ്മൾ മക്കൾ മാത്രമായിരിക്കാം. അവരെ സന്ദർശിക്കുക. ഫോണിൽ വിളിച്ചു സംസാരിക്കുക. അവരുടെ ആവശ്യങ്ങൾ നിറവേറ്റുക.

അന്ന് കണ്ട കണ്ണുനീർ ഓരോ പിതൃദിനവും മാതൃദിനവും വരുമ്പോൾ വേദനയായി മനസിൽ പൊങ്ങിവരും. അതുപോലുള്ള സന്താനസൗഭാഗ്യത്തിനായി കാത്തിരിക്കുന്ന എണ്ണമില്ലാത്ത ആൾക്കാരെ ഓർത്തു. ഒരു പക്ഷെ ഇന്ന് അവരുടെ മനസ്സിൽ വളരെയധികം വേദനയും ദൈവത്തോട് പരിഭവവും ഒക്കെ ആയിരിക്കാം. ദൈവം തമ്പുരാൻ കരുണ കാണിക്കട്ടെ. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ.

മിനി തര്യൻ, ന്യൂയോർക്ക്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.