കാലികം: ഫാദേഴ്സ് ഡേ ചിന്തകള്‍ | ജെസ്സി സാജു

ന്ന് പിതൃദിനം ഫാദേഴ്സ് ഡേ. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ പിതാവ് ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് ഒത്തിരി ഒത്തിരി നല്ല പിതാക്കൻമാരെ ദൈവം നൽകി. പ്രത്യേകിച്ചും സുവിശേഷ വേലയ്ക്ക് ഇറങ്ങിയപ്പോൾ മുതൽ ആത്മീയ പിതാക്കൾ എനിക്കെന്നും പ്രചോദനമായിരുന്നു.
എന്റെ പിതാവിന്റെ മൂന്നു സഹോദരങ്ങളും എനിക്ക് സ്വന്തം പിതാക്കന്മാർ ആയിരുന്നു. അവരിലൂടെ ലഭിച്ച സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.എന്റെ മൂത്ത രണ്ടു സഹോദരന്മാരും പിതൃതുല്യ സ്നേഹം നൽകി. കുടുംബത്തിലെ 4 മാവ ന്മാരും എനിക്ക് പിതൃതുല്യ സ്നേഹം നൽകി. അമ്മാച്ചൻ മാരും അങ്ങനെതന്നെ. സാജുച്ചായന്റെ തിരുവല്ലയിലെ മാവനും111 എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു പ്രാർത്ഥിച്ചിട്ട് ആണ് ലോകത്തിൽ നിന്നും മാറ്റപ്പെട്ടത്. പട്ടാഴി യിലെ പത്രോസ് കുട്ടിച്ചായനും എന്നെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചിട്ട് ആണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഞാൻ വിവാഹിതയായി വന്ന വീട്ടിൽ എന്റെ ഭർത്താവിന് ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾക്ക് അനേകം ആത്മീയ പിതാക്കളെ ദൈവം നൽകി. അതിലൊരാളാണ് പാസ്റ്റർ ടി. സീ. ഈശോ. അദ്ദേഹം സ്വന്തം മകനെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടോ എന്ന് അവർ തന്നെ സാക്ഷ്യം പറയും. എന്റെ ജീവിതത്തിലും പാസ്റ്റർ പി എം ഫിലിപ്പ്, പാസ്റ്റർ എം ടി ജോസഫ്, പാസ്റ്റർ കെ സി ചെറിയാൻ എന്നിവർ പിതൃ തുല്യ സ്നേഹം നൽകിയവർ ആയിരുന്നു. പാസ്റ്റർ പി എം ഫിലിപ്പ് തന്റെ അന്ത്യനാളുകളിൽ ശബ്ദ രഹിതനായി മാറിയിരുന്നു. തന്റെ ശബ്ദം പോകുന്നതിന് തൊട്ടുമുമ്പ് ഞാനവിടെ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ എന്റെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുകയും എന്നോട്, അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും ആവശ്യപ്പെട്ടു. അതിനുശേഷം മമ്മ പറഞ്ഞറിഞ്ഞു, അദ്ദേഹം പിന്നെ നാവ് എടുത്ത് മിണ്ടിയിട്ടില്ല എന്ന്. അത് എനിക്ക് ഒരു പിതാവ് നൽകിയ അനുഗ്രഹമായിരുന്നു.

പാസ്റ്റർ സി. ഐ. ചെറിയാൻ, ഞങ്ങളെ രണ്ടുപേരെയും സ്വന്തം മക്കളെ പോലെ സ്നേഹിച്ച വ്യക്തിയാണ്. അദ്ദേഹം മരിക്കുന്നതിനു മുമ്പ്, ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. തന്റെ ശവസംസ്കാര ശുശ്രൂഷയിൽ താൻ പുത്ര തുല്യം സ്നേഹിച്ച സാജു മാത്യു പ്രസംഗിക്കണമെന്ന്. അദ്ദേഹത്തെയും അന്ത്യാഭിലാഷം സാധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുറിയന്നൂർ സഭയിലും ചില പിതാക്കന്മാർ ഞങ്ങൾക്കുണ്ടായിരുന്നു. നിത്യതയിൽ പ്രവേശിച്ച, പറമ്പിലെ മാഷ് എന്ന് വിളിക്കുന്ന അച്ചായൻ രോഗബാധിതനായപ്പോൾ, ഒരു വേള അദ്ദേഹം വേച്ചുവേച്ചു വീഴാതിരിക്കാൻ കൈപിടിച്ച് നടന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഇന്ന് മകൾ വന്നപ്പോൾ അപ്പച്ചന് നല്ല ഉത്സാഹം ആണല്ലോ എന്ന്. താവളത്തിലെ അച്ചായനും എനിക്ക് പിതാവായിരുന്നു. മരണസമയം ഒന്നിച്ച് അനേകം ദൈവ കാര്യങ്ങൾ പറഞ്ഞു, പിതൃസ്നേഹം അനുഭവിക്കാൻ ദൈവം കൃപ ചെയ്തു.

ആശുപത്രിയിൽ സുവിശേഷ പ്രചാരണത്തിനായി പോയകാലത്തു എനിക്ക് ഒരാളുടെ മകളാകാനായി. തൊണ്ടക്കു ക്യാൻസർ ബാധിച്ചു മരിക്കാറായ നിമിഷം. ശ്വാസം വലിച്ചു കുറയേറ കിടന്നു. സ്വന്തം മകളെ കാണാനായിരുന്നു ആ കിടപ്പു. വെള്ളം സ്പൂണിൽ കോരി കുടിപ്പിക്കവേ ഞാൻ പറഞ്ഞു, അച്ഛാ കണ്ണുതുറന്നു നോക്കിക്കേ, മോൾ വന്നു. അദ്ദേഹം കണ്ണുതുറന്നു, എന്റെ കയ്യിൽ അമർത്തി പിടിച്ചു, പിന്നെ ഒന്ന് പുഞ്ചിരിച്ചോ, ജീവനെ വിട്ടു.

എന്താണ് ദൈവസ്നേഹം?
സ്വന്തം പുത്രനെ നമുക്ക് നൽകി, ക്രൂശിൽ പിടഞ്ഞ മരിക്കുന്ന പുത്രനെ നോക്കാതെ, അതി വേദനയ്ക്കും അതിദാരുണമായ ക്രൂശു മരണത്തിനും പുത്രനെ ഏൽപ്പിച്ചു കൊടുത്തിട്ട്, ഹൃദയം വിങ്ങിപ്പൊട്ടുന്ന പിതാവിന്റെ സ്നേഹം. എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്നലറി കരയുമ്പോഴും പുത്രന്റെ കരച്ചിൽ കേൾക്കാൻ കഴിയാതെ കാത് അടച്ചിരുന്നു വായ അടച്ചിരുന്നു എന്നെ വീണ്ടെടുക്കാൻ ഏൽപ്പിച്ചു കൊടുത്ത സ്നേഹമാണ് ദൈവസ്നേഹം. ഒരു പിതാവും തന്റെ ഏകജാതനെ മരണത്തിന് ഏൽപ്പിച്ചു കൊടുക്കുകയില്ല. എന്നാൽ പിതാവോ സ്വർഗ്ഗത്തിലെ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് കേവലം മനുഷ്യനായി ദാസനായി തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായി പിതാവിന്റെ ഇഷ്ടത്തിന് ഏൽപ്പിച്ചു കൊടുത്ത ദൈവപുത്രനായ യേശുക്രിസ്തു. അവിടുന്ന് കാൽവരിയിൽ മരിക്കാൻ തയ്യാറായി. എന്റെ പാപം അവിടുന്ന് ഏറ്റെടുത്തു. ഇതുകണ്ടു നിന്ന പിതാവ് മാനവരാശിയുടെ വീണ്ടെടുപ്പിന്, അവന്റെ നിത്യത ഉറപ്പാക്കുവാൻ തന്റെ സ്വന്തം പുത്രൻ കാൽവരിയിൽ പിടഞ്ഞു മരിക്കുന്നത് നിർന്നിമേഷനായി നോക്കിനിന്നു.

 പിതാവിന്റെ സ്നേഹം എത്രമാത്രം പ്രകടമായി എന്ന് കാൽവരി നമ്മെ പഠിപ്പിക്കുന്നു. എന്നുമെന്നും ഫാദർസ് ഡേ ആണ് എനിക്ക്. പിതാവായ ദൈവത്തിന് സ്നേഹത്തിന്റെ കര വലയത്തിനുള്ളിൽ അമർന്നിരിക്കുന്ന സ്നേഹം. അതാണ് എന്റെ നിലനിൽപ്പ്.
ഹാപ്പി ഫാദേഴ്സ് ഡേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.