ലേഖനം : വനം വിഴുങ്ങിയ നഗരങ്ങൾ | പാസ്റ്റർ സണ്ണി പി. സാമുവൽ

1858 ഏപ്രിലിൽ ഹെൻറി മോഹാട്ട് എന്ന ഫ്രഞ്ച് പര്യവേഷകൻ ലണ്ടനിൽ നിന്നും തെക്കു കിഴക്കൻ ഏഷ്യയിലേക്ക് യാത്രയായി. കംബോഡിയയിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവിടെയുള്ള വനങ്ങളിലും ഉൾവനങ്ങളിലും അടുത്ത മൂന്നു വർഷങ്ങൾ അദ്ദേഹം വളരെ ദൂരം സഞ്ചരിച്ച് തന്റെ ദൗത്യ നിർവ്വഹണത്തിൽ വ്യാപൃതനായി. അവിടെ അസാധാരണവും വിചിത്രവുമായ അപ്പോൾ തന്നെ ആകർഷകവുമായ അനേകം വനഷഡ്പദങ്ങളെ നിരീക്ഷിച്ചും കണ്ടെത്തിയും അദ്ദേഹം മുന്നേറി. അദ്ദേഹം കണ്ടെത്തിയ ഷഡ്പദവർഗ്ഗങ്ങൾ ഇന്നും അദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്. 1865 തന്റെ 35-ാം വയസ്സിൽ ഹെൻറി ലാവോസ് നിര്യാതനായി.

ഹെൻറി കണ്ടെത്തിയ വിട്ടിലുകളുടെയും വണ്ടുകളുടെയും പേരിലല്ല അദ്ദേഹം പ്രസിദ്ധനായത്. തന്റെ പര്യവേഷണ യാത്രയിൽ ഹെൻറി കൊടുംവനത്തിനുള്ളിൽ ഒരു പുരാതന സംസ്കൃതി കണ്ടെത്തി. മധ്യകാലകഘട്ടത്തിൽ കംബോഡിയായിൽ നിലനിന്നിരുന്നതും വനം വിഴുങ്ങി കളഞ്ഞതുമായ അങ്കോർവാറ്റ് (Angkor Watt)എന്ന ക്ഷേത്ര നഗരത്തെയാണ് ഹെൻറി കണ്ടെത്തിയത്. അക്ഷരാർത്ഥത്തിൽ ലോകം ഞെട്ടി ത്തെറിച്ചുപോയി. കാരണം “ശലോമോന്റെ കെട്ടുപണികൾ തോറ്റു പോകുന്ന രീതിയിലുള്ള നിർമ്മിതികളാണ് വന മധ്യത്തിൽ കണ്ടെത്തിയത്. പുരാതന കാലത്തെ മറ്റൊരു മൈക്കൾ ആഞ്ചലോയുടെ ശില്പചാതുര്യം കെട്ടുപണിയിലും കൊത്തു പണിയിലും അതിൽ പ്രകടമാണ്.” ഹെൻറി എഴുതി.

അതിലേറെ ലോകത്തെ അത്ഭുതപ്പെടുത്തിയത് നഗരത്തിന്റെ നിർമിതികളെ വിഴുങ്ങി കളഞ്ഞ വനവും കൂറ്റൻ മരങ്ങളും ആണ്. ഉറപ്പുള്ളതും ഇളക്കം തട്ടിയിട്ടില്ലാത്തതുമായ കൂറ്റൻ ക്ഷേത്രങ്ങളുടെ മുകളിൽ രാക്ഷസ വൃക്ഷങ്ങൾ വളർന്ന് ബലത്തോടെ നില്ക്കുന്നു. അവയുടെ ഭീമൻ വേരുകൾ വളർന്നു ഇറങ്ങി ഭൂമിയിൽ ബലത്തോടെ വൃക്ഷത്തെ സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഒപ്പം കെട്ടിടങ്ങളും ക്ഷേത്രങ്ങളും തകരാതെ നില്ക്കുന്നു. അവയുടെ വാതിലുകൾ ഒഴിവാക്കിയാണ് വേരുകൾ താഴേക്ക് ഒഴുകി ഇറങ്ങിയിരിക്കുന്നത്. വനമധ്യത്തിൽ വൃക്ഷ രാക്ഷസൻ വായ് പിളർന്നു നിൽക്കുന്ന പ്രതീതി.

പിൽക്കാലത്തു നടന്ന വിശദമായ പഠനത്തിൽ 1130 മുതൽ 1150 വരെ ഖെമർ ഭരിച്ച ചക്രവർത്തിയായിരുന്ന സൂര്യ വർമ്മൻ രണ്ടാമൻ പണികഴിപ്പിച്ച ക്ഷേത്രനഗരി ആയിരുന്നു അതെന്ന് മനസ്സിലായി. വൈഷ്ണവ പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്ന ഈ രാജവംശം ആ രീതിയിലാണ് 400 ഏക്കർ വരുന്ന ക്ഷേത്രനഗരി കെട്ടുപണി ചെയ്ത് എടുത്തത്. ക്രിസ്താബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്ന ഈ നഗര സംസ്കൃതി എന്തുകൊണ്ട് ത്യജിക്കപ്പെട്ടു പോയി, എങ്ങനെ വനം ഇതിനെ വിഴുങ്ങി എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ഈ പ്രദേശം വിസ്മൃതിയിൽ ആണ്ടുപോയത്. ഇന്ന് ഈ ഭൂപ്രദേശം ലോകത്തിലെ ഏറ്റവും വലിയ ‘റിലീജിയസ് മോണ്യൂമെൻറ്’ ആണ്. യുനെസ്കോ ഇതിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്നു. ഒപ്പം വിനോദ സഞ്ചാര മേഖലയും ആണ്

പുരാതന സംസ്കാരങ്ങളെ വനം വിഴുങ്ങുന്നത് കംബോഡിയായിൽ സാധാരണമാണ്. അത് അതിന്റെ ശാപം ആണ് എന്നു തോന്നുമാറ് മറ്റൊരു നഗരം കൂടെ കൊടും വനത്തിനുള്ളിൽ കണ്ടെത്തുകയുണ്ടായി. അങ്കോർവാറ്റ് ക്ഷേത്രനഗരിയിൽ നിന്നും 176 കിലോമീറ്റർ കിഴക്കുമാറി മറ്റൊരു ക്ഷേത്രനഗരി കൂടി സ്ഥിതിചെയ്യുന്നു. ഈശാനപുരി. ഇന്ന് അവിടം ആർക്കിയോളജിക്കൽ ഏരിയയാക്കി പുരാവസ്തു മേഖലയായും, ഒപ്പം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി വിനോദസഞ്ചാര മേഖലയായും മാറ്റിയിരിക്കുന്നു.

ക്രിസ്താബ്ദം 550 മുതൽ 802 വരെ കംബോഡിയയിലെ ഒരു പ്രബല രാജ്യം ആയിരുന്നു ചെൻല. 616 മുതൽ 637 വരെ ഈ രാജ്യം ഭരിച്ച ഈശാന വർമ്മൻ ഒന്നാമനാണ് തന്റെ പേരിലും തന്റെ രാജവംശത്തിന്റെ കുലദേവന്റെ പേരിലും ഈശാനപുരി, രാജ്യത്തിന്റെ തലസ്ഥാന നഗരിയായി പണിയിച്ചത്. ശൈവഭക്തനായിരുന്നു രാജവംശം. ഈശാനൻ എന്നത് ശിവന്റെ മറ്റൊരു പേരാണ്.ഈശാനമൂലൻ എന്ന് ബൈബിളിൽ കാണുന്ന ‘യൂറോക്ലോഡൻ’ എന്ന കാറ്റിനെ ദേവവൽകരിച്ചാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ദേവകളുടെ ഈശ്വരൻ എന്ന് അർത്ഥം. ഈശാനന്റെ കോപം മൂലം ഉണ്ടായ കാറ്റ് എന്ന് വിവക്ഷ. “സുവർണ്ണ ഭൂമി വാണിരുന്ന രാജാധി രാജാവ്”എന്നൊരു ശിലാ ലിഖിതം ഈശാന വർമ്മനെ പ്രകീർത്തിച്ചു ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതിൽ 627 സെപ്റ്റംബർ 7 എന്നൊരു തീയതിയും കുറിച്ചിട്ടുണ്ട്. സുവർണ്ണ ഭൂമി എന്നത് പില്കാലത്തെ ഖെമർ സാമ്രാജ്യം നിലനിന്നിരുന്ന ഭൂപ്രദേശത്തെയാണ് സൂചിപ്പിക്കുന്നത്.

ഈശാന പുരിയിൽ 1000 ഏക്കർ സ്ഥലം 2 മതിലിനാൽ പ്രത്യേകമായി കെട്ടി തിരിച്ച് 150 ക്ഷേത്ര സമുച്ചയങ്ങൾ അടങ്ങുന്ന ഒരു ക്ഷേത്ര നഗരവും പണികഴിപ്പിച്ചു. Sambor prei kuk എന്ന ക്ഷേത്രം ആയിരുന്നു അതിൽ ഏറ്റവും മികച്ചതും മഹത്വകരം എന്ന് വിലയിരുത്തപ്പെടുന്നു. ശിവലിംഗ- യോനി ആരാധനയായിരുന്നു പ്രധാനം. Sambor prei kuk style എന്ന് പില്ക്കാലത്ത് ശില്പകലാവിദ്യ (genre) പ്രസിദ്ധമാകത്തക്ക വിധം തെക്കൻ ഏഷ്യയിൽ അത്രയ്ക്കും തനതായിരുന്നു ഈശാനപുരിയിലെ കെട്ടുപണികളും എൻജിനീയറിങ് മികവും! മണൽ കല്ല് (sand stone) അടിസ്ഥാനമാക്കി കൊത്തുപണി ചെയ്തു അലങ്കരിച്ച ശില്പ ചാതുര്യം അത്ഭുതകരം. സ്തംഭനിരകളും,വാതിൽ-ജന്നൽ മേൽശില്പങ്ങളും; മുഖപ്പറ്റ്, ആരൂഡം, എല്ലാം ലോകോത്തര കലാസൃഷ്ടി. അങ്കോർ കാലഘട്ടത്തിലെ ഖെമർ അലങ്കാര രീതികൾക്കെല്ലാം അടിസ്ഥാനം ഈശാനപുരിയായിരുന്നു, പക്ഷെ, എന്തു ചെയ്യാം. ക്രിസ്താബ്ദം 802 ൽ ചെൻലാ രാജ്യം അങ്കോർ വാറ്റ് രാജവംശത്തിനു വഴി മാറി. ഈശാനപുരിയെ വനം വിഴുങ്ങി. ഒരു കാലത്തു മഹത്വമായും അലങ്കാര പൊലിമയായും വാഴ്ത്തപ്പെട്ടിരുന്ന ഭൂപ്രദേശം ഇന്ന് നഷ്ടാവശിഷ്ടങ്ങൾ മാത്രം.

ഇതുപോലെ തകർന്നുപോയ ലോകരാഷ്ട്രങ്ങളും വംശങ്ങളും ഏറെയുണ്ട്. ബൈബിൾ ചരിത്ര കാലയളവിൽ ഉണ്ടായിരുന്ന ഹിത്യ, ഹിവ്യ, അമോര്യ, അമലോക്യാ, യബൂസ്യ വംശങ്ങളും അവരുടെ സാമ്രാജ്യങ്ങളും ഇന്ന് പേരിനു പോലുമില്ല. “ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവർ കരുവേലകത്തിലും ശക്തിയുള്ളവനുമായിരുന്നു. എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.”(ആമോസ്:2:9). ദേവദാരുക്കൾ 120 അടി വരെ ഉയരം വെക്കും. ചിലയിനം 180 അടി വരെ വളരും. കരുവേലകം എന്ന ഓൿ ഇനങ്ങൾ സ്പെസിഫിക് ഗ്രാവിറ്റിയും (specific gravity) കമ്പ്രെസ്സിവ് സ്ട്രെങ്തും (compressive strength) വളരെ കൂടുതലുള്ള വൃക്ഷങ്ങളാണ്. ചുവന്ന കരുവേലകത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി 0.63ഉം കമ്പ്രെസ്സിവ് സ്ട്രെങ്ത് 6760 ഉം ആണ്. ഇതു വൈറ്റ് ഓക്കിന്‌ യഥാക്രമം 0.68-7440 ആണ്. ഇതിലും ശക്തി കൂടുതൽ ഉള്ളവ ബ്രസീലിയൻ റോസ് വുഡും (0.80-9600) ഇന്ത്യൻ റോസ് വുഡും (0.75-9220) ആണ്. തേക്ക് 0.55-8410. ( workshop companion.com) ഓസ്ട്രേലിയിലെ അയൺ വുഡ് ഇതിലും കരുത്തുള്ള വൃക്ഷമാണ്. എന്നാൽ കടുപ്പം, ബലം, ദ്രവത്വം, ഈട്, എന്നിവ പരിഗണിക്കുമ്പോൾ ഫർണിച്ചർ വ്യവസായത്തിൽ മുൻഗണന കരുവേലകത്തിന് തന്നെയാണ്. ദേവദാരുവിനോടും കരുവേലകത്തിനോടും ഉപമിക്കപ്പെട്ടിരിക്കുന്ന അമോര്യന്റെ ഫലവും വേരും (ഫലത്തിൽനിന്നും വിത്തും വിത്തിൽ നിന്നും അടുത്ത തലമുറയും ഉണ്ടാകരുത്. അതുപോലെ വേരിൽ നിന്നും പൊട്ടികിളിർത്തതും മറ്റൊരു തഴപ്പും സംഭവിക്കരുത്) ദൈവം നശിപ്പിച്ചു കളഞ്ഞു. ഇന്ന് അമോർയ്യൻ ഭൂമുഖത്തില്ല. അതുപോലെ പ്രബലമായ മറ്റൊരു വംശമായിരുന്നു ഹിത്യസംസ്കാരം. അതും അന്യം നിന്നു പോയി. കാരണം?

“അത്യുന്നതാനായവൻ മനുഷ്യരുടെ രാജ്യത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ (എളിയവനെ അല്ല) അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്ന് ജീവനോടെയിരിക്കുന്നർ അറിയേണ്ടതിനു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു” (ദാനി: 4:17). നെബൂഖദ്നേസറിന്റെ അഹങ്കാരം ശമിപ്പിക്കുവാനും അവനെ മനുഷ്യരിൽ അധമനാക്കുവാനും ദൂതന്മാരുടെ നിർണ്ണയവും വിശുദ്ധന്മാരുടെ കല്പനയും പുറപ്പെട്ടു എന്നു സാരം. ദൂതന്മാർ എന്നു ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നവർ കാവൽ മാലാഖമാർ (guardian angels) ആണ്. ഓരോ സാമ്രാജ്യത്തിന്മേലും രാജ്യത്തിന്റെ മേലും രാജ്യത്തിന്റെ വിവിധ പ്രോവിൻസ്സുകളിന്മേലും അധികാരമുള്ള മാലാഖമാർ നിയമിക്കപ്പെട്ടിട്ടുണ്ട്. ഈർ (IYR) എന്നു എബ്രായ ഭാഷയിൽ വിളിക്കപ്പെടുന്ന ഈ ദൂതസഞ്ചയത്തെ ദാനിയേൽ 4:13,17,23 എന്നിവിടങ്ങളിൽ മാത്രമേ നാം കാണുന്നുള്ളൂ. യിരമ്യാവ് 4:16 ൽ കാണുന്ന കോട്ട വളയുന്നവർ എന്ന Watcher (NATSAR) മനുഷ്യരാണ്. ഭൂമിയിലെ ദൈവത്തിന്റെ വിശുദ്ധന്മാരും രാഷ്ട്രങ്ങകളുടെ മേൽ ആക്കി വയ്ക്കപ്പെട്ടിരിക്കുന്ന കാവൽ മാലാഖമാരും ചേർന്നാൽ ഭരണാധികാരികളും രാജ്യങ്ങളും തകിടം മറിയും.

ഭൂമിയിലെ സകല ജാതികൾക്കും വംശങ്ങൾക്കും ദൈവം വാഴ്‌ച്ചക്കും അധികാരത്തിനും ആധിപത്യത്തിനും അവസരം നൽകി. എന്നാൽ അവരുടെ നിവാസങ്ങൾക്കു അതിരും കാലവും നിശ്ചയിച്ചു ( ആ.പ്ര 17:26). നന്നായി ഭരിച്ചു ദൈവത്തെ ബഹുമാനിച്ച ഒരു വംശവും ഭൂമിയിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിനാൽ ദൈവം അവന്റെ അതിരിൽ നിന്നും നിശ്ചയിച്ച സമയത്തു വേരും കൊമ്പും (കൊമ്പിലല്ലേ ഫലം) ശേഷിപ്പിക്കാതെ നിർമ്മൂലമാക്കി ( മലാഖി 4.1). എന്നാൽ “യെഹൂദ ഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരുന്നി മീതെ ഫലം കായ്ക്കും.” (2 രാജ 19.30, യെശയ്യ :37.31). അമോര്യനുമായി താരതമ്യം ചെയ്തു കൊള്ളുക. യെഹൂദ എന്ന വാക്കിനു സ്തുതി എന്നർത്ഥം. യെഹൂദ ഗൃഹം സ്തുതിക്കുന്ന ഗൃഹം അഥവാ വംശം. അത് ക്രിസ്തുവിന്റെ മണവാട്ടി സഭയാണ്. അവൾ മാത്രമാണ് ദൈവത്തിന്റെ രക്ഷിത ഗണം എന്ന തിരുശേഷിപ്പ്. “ഒരു ശേഷിപ്പ് യെരൂശലേമിൽ നിന്നും ഒരു രക്ഷിതഗണം സീയോൻ പാർവ്വതത്തിൽ നിന്നും പുറപ്പെട്ടു വരും സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.” (2രാജ :19:31; യെശ 37:32). “അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തെരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്” (റോമർ 11:5). ആ തിരുശേഷിപ്പിനെ കൂട്ടി “സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കും. ആ രാജ്യത്വം വേറെ ആർക്കും ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജ്യങ്ങളെ ഒക്കെ തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും” ( ദാനി 2:44). സംസ്കാരങ്ങളെ വനം വിഴുങ്ങുന്നതും നദീതടത്തിൽ ആണ്ടു പോകുന്നതും ഭൂമിയുടെ അതോ ഭാഗങ്ങളിലേക്ക് ഇറങ്ങി പോകുന്നതും ഇവിടെ ഒന്നും സ്ഥിരമല്ല എന്ന ഉൾബോധം നമുക്കു തരുന്നു. ഒപ്പം അത് വരുവാനുള്ള നിത്യ രാജ്യത്വത്തിന്റെ മുന്നൊരുക്കം കൂടെയാണ്. മഹമാരിയും മഹാവ്യാധിയും അതിന്റെ അടയാളങ്ങളാണ്. ഇതൊക്കെയും സംഭവിച്ചുകൊണ്ടു ഇരിക്കുമ്പോൾ നമ്മുടെ വീണ്ടെടുപ്പു അടുത്തു എന്നു ഓർത്തു തലകളെ ഉയർത്താം. ആമേൻ കർത്താവേ വരേണമേ.

പാസ്റ്റർ സണ്ണി പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.