എഡിറ്റോറിയല്‍: വീണ്ടും ഒരു “ഫാദേർസ് ഡേ” | ഡാര്‍വിന്‍ എം. വില്‍‌സണ്‍

അങ്ങനെ വീണ്ടും ജൂൺ 21 വന്നു, ലോകമെമ്പാടുമുള്ള പിതാക്കന്മാരെ ഓർക്കാൻ, ആദരിക്കാൻ.
പുരുഷത്വം, പുരുഷൻ തുടങ്ങി അച്ഛൻ വരെ എല്ലാം “പൗരുഷം” അല്ലെങ്കിൽ മൃദുത്വം കുറഞ്ഞത് ആണെന്ന് ഒരു പൊതുവായ ചിന്തക്ക് ഇന്നും ഒരു പരിധിവരെ മാറ്റം വന്നിട്ടില്ല. അതിജീവനം, ജീവിതാസന്ധാരണം,
പരിരക്ഷണം തുടങ്ങി അനേകം കടമകളുണ്ട് ഒരു പിതാവിന്. സ്വഭാവത്തിൽ കുറച്ച് “പരുക്കൻസ്വഭാവം” സാഹചര്യങ്ങൾകൊണ്ട് ഉണ്ടായേക്കാമെങ്കിലും പിതൃത്വത്തിന്റെ സ്ഥായിയായ ഭാവം “സ്നേഹമാണ്”. മാതാവിന് കിട്ടുന്ന സ്നേഹത്തിന്റെ പരിഗണന പിതാവിന് മിക്കപ്പോഴും കിട്ടാറില്ല എന്ന സത്യം ആരും പരസ്യമായി അംഗീകരിക്കില്ലെങ്കിലും വാസ്തവമാണ്.

ഇതെല്ലാമുണ്ടെങ്കിലും അപ്പൻ എന്ന സ്ഥാനം, അതിന് അർഹിക്കുന്ന ബഹുമാനത്തോടെ, കഴിവിന്റെ പരമാവധി ആത്മാർത്ഥതയോടെ തന്നെയാണ് ബഹുഭൂരിപക്ഷം പുരുഷന്മാരും കൈകാര്യം ചെയ്യുന്നത്. എന്തിനും അപമാനമായി ചില കഥാപാത്രങ്ങൾ അങ്ങിങ്ങായി കണ്ടേക്കാം എന്നതും വിസ്മരിക്കുന്നില്ല. സമത്വവാദികളും പുതുചിന്താവാദികളും “പെൺകുട്ടികളെ മാത്രം” സംരക്ഷിക്കാനായി കച്ചകെട്ടിയവരുമെല്ലാം ചേർന്ന് “അച്ഛനെയും” ഒരു പുരുഷനായി കണ്ട് “സൂക്ഷിക്കണം” എന്ന് പറഞ്ഞു കൊടുക്കുന്ന കാലമാണിത്. ആ “സൂക്ഷിക്കലിൽ”, അവരുടെ ജനനം മുതൽ സ്വപ്നങ്ങൾ കാണുന്ന ആ പിതൃഹൃദയം മറ്റാർക്കും കാണാനാവാത്തവിധം “സൂക്ഷ്മമായി” മുറിയുന്നതും തകരുന്നതും കാണാൻ ആർക്കും കണ്ണില്ല, കാരണം അതിന് “വിപണിയിൽ” വലിയ സ്ഥാനമൊന്നും ഇല്ലല്ലോ. എല്ലാ പുരുഷന്മാരുമായും, അത് സ്വന്തം പിതാവാണെങ്കിൽ പോലും “ഒരു കൈയ്യകലം” പാലിക്കണം എന്ന് പഠിപ്പിക്കുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞു. പുരുഷൻ വെറും കാമാർത്തിയാണ് എന്ന് നമ്മുടെ പെൺകുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുമ്പോൾ അവർക്ക് കിട്ടേണ്ടുന്ന പിതൃസ്നേഹം എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. “അപ്പൻ നിങ്ങളെ തൊടാൻ സമ്മതിക്കരുത്” എന്ന പഠിപ്പിക്കൽ ഞെട്ടലോടെ അറിയുന്ന അപ്പൻ അനുഭവിക്കുന്ന അപമാനം ആഴത്തിലും പരപ്പിലും അദ്ദേഹത്തെ മുറിപ്പെടുത്തും. മകളെ ഒന്ന് സ്നേഹത്തോടെ തൊടാനോ ഒരു ഉമ്മ കൊടുക്കാനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്ന അപ്പൻ…… തന്റെ മകളോട് ഒന്ന് അടുത്തിഴപഴകാൻ ആഗ്രഹമുള്ള അപ്പന് ഒരിക്കലും അവളുടെ അടുത്ത് ചെല്ലാൻ പോലും പിന്നെ ധൈര്യം ഉണ്ടാകില്ല.

അപ്പനെ സംശയിച്ചാലോ കുറ്റപ്പെടുത്തിയാലോ ഒരു സംഘടനയും വരില്ലല്ലോ ചോദിക്കാൻ. സുരക്ഷക്കായി എന്ന പേരിൽ വന്ന സംഘടനകളും പഠിപ്പിക്കലുകളും മുറിപ്പെടുത്തിയ അച്ഛന്മാർക്കായി സംസാരിക്കാൻ ആരുമില്ലെങ്കിലും അവർ കുറ്റം പറയില്ല. ഒരു ലക്ഷത്തിൽ ഒന്നു പോലും വരാത്ത മോശക്കാരായ ചില മനുഷ്യർ കാരണം സംശയത്തിന്റെ മുനമ്പിൽ നിൽക്കേണ്ടി വരുന്ന ഒരു അപ്പൻ ജീവിച്ചു മരിക്കുകയാണ്. അത് ഒരിക്കലും അവർ അർഹിക്കുന്നില്ല.

തന്റെ കുഞ്ഞ് ആണാണെങ്കിലും, പെണ്ണാണെങ്കിലും അപ്പന് ഓമനകുഞ്ഞാണ്. അന്ത്യശ്വാസം വരെ അവർ തന്റെ സ്വപ്നമാണ്. സാഹചര്യങ്ങൾ എല്ലാം ഉണ്ടായിട്ടും അപ്പന്മാരെ (അമ്മമാരെയും) വൃദ്ധസദനത്തിൽ “സുഖവാസത്തിന്” വിട്ടിട്ട് സമൂഹമാധ്യമങ്ങളിൽ അപ്പനോടും അമ്മയോടുമുള്ള “ആഴമായ” സ്നേഹം പ്രകടിപ്പിക്കുന്ന മക്കളും, അവർ ജീവിച്ചിരിക്കുമ്പോൾ ഒന്നും കൊടുക്കാതെ “സുവിശേഷവേലക്കെന്നും, സഹായത്തിനെന്നും” ഉള്ള പേരിൽ കൊടുത്ത് സമൂഹത്തിന് മുൻപിൽ “നല്ലപിള്ളകൾ” ആകുന്ന മക്കളും നമ്മുടെ ഇടയിലുണ്ട്.

ഒരു അപ്പനായാൽ മാത്രമേ അപ്പൻ എന്താണെന്ന് മനസ്സിലാവൂ. അത് മനസ്സിലാവാതെ, അഥവാ മനസ്സിലാക്കാൻ ശ്രമിക്കുകപോലും ചെയ്യാതെ, എന്തൊക്കെയോ കാര്യങ്ങൾക്കായി എഴുതപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഇത്തരം തത്വങ്ങൾ നമ്മുടെ കുടുംബങ്ങളിലെ സ്നേഹം ഇല്ലാതാക്കാതിരിക്കട്ടെ. പെൺകുട്ടികളോട് എന്നും ഒരു ആർദ്രത സൂക്ഷിക്കുന്ന അപ്പന്മാർക്ക് ഒരു സ്നേഹചുംബനം നെറുകയിൽ നൽകി, ഈ വരുന്ന “ഫാദേർസ് ഡേ” നമുക്ക് അന്വർത്ഥമാക്കാം. സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവും സന്തോഷിക്കട്ടെ നമ്മുടെ സ്നേഹത്തിന്റെ ആർദ്രതയിൽ…

ബൈബിൾ പറയുന്നു “അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.

ഡാര്‍വിന്‍ എം. വില്‍‌സണ്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.