ലേഖനം: അമ്മയെക്കാൾ ഏറെ സ്നേഹം | ജിജി പ്രമോദ്‌

“ഒരു സ്ത്രീ തന്റെകുഞ്ഞിനെമറക്കുമോ?.താൻ പ്രസവിച്ച മകനോട്‌ കരുണ തോന്നാതിരിക്കുമോ?അവർ മറന്നു കളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” (യെശയ്യ 49:15).
ഭാരതീയരുടെ കാഴ്‌ചപ്പാടിൽ ഒരു സ്ത്രീ യുടെ പൂർണ്ണത എന്ന് കണക്കാക്കപ്പെടുന്നത് അവൾ വിവാഹിതയായി ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ആണ്. സമൂഹത്തിൽ നില നിൽക്കുന്ന ഈ ഒരു ചിന്താഗതി കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ത്രീ കളുടെ സംഖ്യ വളരെ അധികമാണ്. വിവാഹിത ആയ സ്ത്രീ ഗർഭം ധരിക്കാതിരിക്കുവാൻ അവളുടെ കുറവുകളോ തന്റെ പങ്കാളിയുടെ കുറവുകളോ കാരണം ആകാം എങ്കിലും പലപ്പോഴും സമൂഹത്തിന്റെ മുൻപിൽ സ്ത്രീ മാത്രം ഒരു ചോദ്യചിഹ്നമായി നിലകൊള്ളേണ്ടി വരുന്നു.
ഇത്രയൊക്കെ കാലം പുരോഗമിച്ചു എങ്കിലും ചില കാര്യങ്ങളിൽ നാം ആ പഴയ ചിന്താ ഗതികൾ പിന്തുടരുന്നു.

അമ്മയുടെ പ്രാണൻ പകുത്തു നൽകുന്നതു പോലെ യാണ് ഓരൊ കുഞ്ഞിന്റെയും ഭൂമിയിലേക്കുള്ള ജനനം. ഉദരത്തിൽ കുഞ്ഞുരുവാകുമ്പോൾ മുതൽ അമ്മയുടെ ശരീരം ആ കുഞ്ഞിന് വേണ്ടി ഒരുക്കപ്പെട്ടു തുടങ്ങുന്നു. എന്നാൽ പത്തു മാസക്കാലം തന്നോട് പറ്റിച്ചേർന്നിരുന്ന കുഞ്ഞിനെ അതിന്റെ ജനനത്തോടെ നിഷ്‌കരുണം ഉപേക്ഷിക്കുന്ന സ്ത്രീകളും കുറവല്ല എന്നതിന്റെ തെളിവുകൾ ആണല്ലോ അനാഥാലയങ്ങളുടെ ക്രമാതീതമായ പെരുപ്പം.

സാഹചര്യം കൊണ്ട് തന്റെ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു മാതാവിനെ നമുക്ക് വേദപുസ്തകം കാട്ടി തരുന്നുണ്ട് .മോശയുടെ മാതാവ് “യോഖേബേദ്‌”. മോശയെ ഉപേക്ഷിക്കുമ്പോൾ പോലും തന്റെ പൈതലിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ തന്നാൽ ആവും വിധം ആ മാതാവ് ശ്രമിക്കുകയും അതിൽ താൻ വിജയം കൈവരിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാൻ സാധിക്കുന്നു.
സമൂഹത്തിൽ പല തരത്തിൽ ഉള്ള അമ്മമാരെ നമുക്ക് കാണുവാൻ കഴിയും.
സ്വയം ജീവിക്കാൻ മറന്നുകൊണ്ട് മക്കൾക്ക് വേണ്ടി അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാർ, സ്വന്ത കാര്യസാധ്യങ്ങൾക്കായി മക്കളെ മറന്നു ജീവിക്കുന്നവർ. ജന്മം നൽകാതെ തന്നെ അനേകരുടെ അമ്മയായി മാറിയ മദർ തെരേസയെ പോലെ അർപ്പണ ബോധം ഉള്ള അമ്മമാർ.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു കുടുംബത്തിൽ നിന്നും സമൂഹത്തിലെ “സ്റ്റാറ്റസ്” ന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുരുന്നു ജീവൻ എന്റെ കയ്യിൽ എത്തപ്പെട്ടു.ജനിച്ചു മണിക്കൂറുകൾ മാത്രം ആയ ആ കുഞ്ഞിന് അതിന്റെ അവകാശ മായ മുലപ്പാൽ നൽകുവാനോ,ആ കുഞ്ഞിനെ അടുത്തു കിടത്തുകയോ തലോലിക്കുകയോ ചെയ്യുവാൻ വിസമ്മതിച്ച ഒരു അമ്മ… ഒന്നു നോക്കുകയോ തലോടുകയോ പോലും ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരു അമ്മയെ ഞാൻ കണ്ടു…
പെറ്റമ്മയ്ക്കു പോലും വേണ്ടാത്ത ആ പൈതലിനെ എന്റെ കൈകളിൽ ഏറ്റു വാങ്ങി മാറോട് ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.. മക്കളില്ലാത്ത ദമ്പതികൾ ആ കുഞ്ഞിനെ ഏറ്റെടുത്തു.. അവരുടെ സ്നേഹം നുകർന്ന് ആ പൈതൽ വളർന്നു…
അതേ പ്രിയരേ ഒരമ്മ തന്റെ കുഞ്ഞിനെ മറന്നാലും മറക്കാത്ത ഒരു ദൈവം നമുക്ക് ഉണ്ട്..നമ്മുടെ വേദനകൾ ഭാരങ്ങൾ എല്ലാം അറിയുന്നവൻ..എപ്പോഴും ,ഏതു പ്രതിസന്ധിയിലും നമ്മെ ചേർത്തു നിർത്തുന്ന നമ്മുടെ ദൈവത്തോട് ചേർന്ന് നമുക്ക്നടക്കാം.അമ്മയുടെ സ്നേഹം അനിർവചനീയമാണ്..അതു ലഭിക്കുന്നവർ ഭാഗ്യ ശാലികൾ ആണെന്നതിൽ സംശയമില്ല. ആ സ്നേഹവും സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ പെട്ട് നഷ്ടമായേക്കാം..അപ്പോഴും നമ്മെ ചേർത്തു പിടിക്കുന്ന ദൈവസ്നേഹം നാം ഓർത്തുകൊള്ളുക..

ജിജി പ്രമോദ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.