ചെറു ചിന്ത: ഒരു നല്ല വാക്കിന്റെ മഹത്വം | മിനി സന്തോഷ്‌ തര്യന്‍

ലോകം മുഴുവൻ ഒരു മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ തീവ്രപരിശ്രമം നടത്തുന്നതും അതുമായി ബന്ധപ്പെട്ട വാർത്തകളും എല്ലാടവും നിറഞ്ഞു നിൽക്കുന്നതിനിടയിൽ ഇന്ന് ഉറക്കമുണർന്നപ്പോൾ കണ്ട വാർത്ത വളരെ പ്രശസ്തനായ ചെറുപ്പക്കാരനായ ഇന്ത്യൻ സിനിമ ലോകത്തെ സൂപ്പർസ്റ്റാർ വിഷാദരോഗത്തിന് അടിമപ്പെട്ടു തന്റെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ട വാർത്തയാണ്…. ആത്മഹത്യ എന്നാണ് നിഗമനം. വാർത്തകളിൽ ഇത് ഇടം പിടിച്ചു നാം എല്ലാം മാനസികാരോഗ്യം എത്ര പ്രാധാന്യമുള്ളതാണെന്നു ഒന്ന് കൂടി ചിന്തിക്കാൻ തുടങ്ങുമ്പോളും, വിഷാദ രോഗത്തിനോ, ലഹരിക്ക്‌ അടിമപ്പെട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാനസിക വ്യഥകൾ മൂലമോ തൂങ്ങി മരിക്കുകയോ, സ്വയം തീ കൊളുത്തി മരിക്കുകയോ, വിഷം കഴിക്കുകയോ , ട്രെയിനിനടിയിൽ തല വെച്ച് മരിക്കുകയോ ഒക്കെ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകളുടെ എണ്ണം നമുക്ക് ചുറ്റും എണ്ണപ്പെടാതെ പോകുന്നു.

ഇത്രയും പ്രശസ്തി, പണം, ആഡംബരകാറുകൾ, ഉന്നത വിദ്യാഭാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ,സൗന്ദര്യം, ആരാധകർ…. ഒരു പക്ഷെ പുറമെ നിന്ന് നോക്കുമ്പോൾ കുറവുള്ളതൊന്നും നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് ഒരു പക്ഷെ കാണുവാനോ മനസിലാക്കുവാനോ നമുക്ക് കഴിയാതിരിക്കുമ്പോൾ സംശയാതീതമായി തന്റെ ജീവനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ തന്നെ പ്രേരിപ്പിക്കത്തക്ക വിധത്തിൽ എന്തൊക്കെയോ തന്നെ അലട്ടുന്നുണ്ടായിരുന്നു എന്ന് വ്യക്തമാണ്. എന്തായിരിക്കാം അത്? നല്ല സുഹൃത്തുക്കളുടെ അപര്യാപ്തതയോ? തന്നെ താനായി മനസിലാക്കുവാൻ ആരും ഇല്ലാതിരുന്നതോ?

സാമൂഹിക പ്രതിബദ്ധത ഉള്ള ഓരോ വ്യക്തിയും മനസിലാക്കേണ്ട ഒരു കാര്യം ഇവിടെ മറഞ്ഞിരിക്കുന്നു. കൃഷിയാവശ്യങ്ങൾക്കായോ, വിദ്യാഭാസത്തിനോ അങ്ങനെ എന്തെങ്കിലും ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായി കടമെടുത്തു, പലപ്പോഴും നിസാരമായ കടബാധ്യതയാൽ ആത്മഹത്യാ ചെയ്യുന്ന കുടുംബ നാഥന്മാരുടെ വാർത്ത കേൾക്കുമ്പോൾ മനസ് അറിയാതെ നൊമ്പരപ്പെടാറുണ്ട്.. എവിടെയോ ഒരു പിടച്ചിൽ… ഇതൊഴിവാക്കാൻ കഴുയുമായിരുന്നില്ലേ എന്ന വേദനയോടെ….

നമ്മുടെ ഒക്കെ തിരക്ക് പിടിച്ച ജീവിതനെട്ടോട്ടത്തിനിടയിൽ നാം പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്.. സഹജീവികളോടുള്ള കരുണയും പ്രതിബദ്ധതയും… നാളേക്ക് വേണ്ടി ബാങ്കിൽ കൂട്ടിവെക്കാൻ ദൈവം ശേഷി തന്നിട്ടുള്ളവരാണ് നാം എങ്കിൽ അതിൽ നിന്ന് ഒരു ചെറിയ ഭാഗം ഇന്ന് ഒരുവന്റെ കണ്ണീരൊപ്പാൻ ഉപയോഗിക്കാം… പക്ഷെ അതിനേക്കാളൊക്കെ മുകളിൽ നമ്മുടെ സമയത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും മറ്റുള്ളവരുടെ വേദനകൾ കേൾക്കാൻ, ഞാൻ നിന്റെ കൂടെയുണ്ടെന്ന് പറയാൻ, ഈ സമയവും കടന്നു പോകും എന്നും, നാം അതിജീവിക്കും എന്നും ഒരു പ്രോത്സാഹനത്തിന്റെ നല്ല വാക്ക് പറയുവാൻ ചിലവഴിക്കാൻ നമുക്ക് കഴിയുമോ? ഓരോ ദിവസവും നമ്മൾ അറിഞ്ഞോ അറിയാതെയോ കണ്ടുമുട്ടുന്ന എല്ലാപേരും ഒരു വലിയ യുദ്ധത്തിലൂടെയായിരിക്കാം കടന്നു പോകുന്നത്…. നമുക്ക് ഒന്നും തന്നെ അറിയാത്ത ഒരു യുദ്ധത്തിലായിരിക്കാം അവർ. പുറമെ ചിരിച്ചു കാണിച്ചു എല്ലാം ഒകയാണെന്നു പറയുമ്പോഴും കനലെരിയുന്ന ഉള്ളിന്റെ ഉള്ളു കാണുവാൻ ,ഒന്ന് പുഞ്ചിരിക്കാൻ ഒരു വാക്ക് സംസാരിക്കാൻ നാം തുനിയുമോ?

ഈ കഴിഞ്ഞ ഒരു മാസത്തിനുമുന്പ് എന്റെ വളരെ വേണ്ടപ്പെട്ട ഒരു കുഞ്ഞു, ചെറുപ്പക്കാരൻ വല്ലാത്ത മാനസികാവസ്ഥയിൽ കൂടി കടന്നുപോയി. കൊറോണ മൂലം ജോലി നഷ്ടപ്പെട്ടു, മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ മാനസികാവസ്ഥ തെറ്റി ചില ആഴ്ചകൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഫോൺ സ്വിച്ചഡ് ഓഫ്… ആശയവിനിമയം ഒന്നും നടത്താൻ മാർഗ്ഗമില്ലാതിരുന്നപ്പോളും മനസ്സുരുകി പ്രാർത്ഥിച്ചു. വീട്ടിൽ മടങ്ങി വന്നു ഫോൺ റീചാർജ് ചെയ്തപ്പോൾ എന്നോട് ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു വാക്ക് ഇങ്ങനെയാണ്. ” ഇത് ഒഴിവാക്കാമായിരുന്നു. പക്ഷെ എന്റെ ചുറ്റിലും ഉള്ളവർ വിചാരിച്ചത്, എനിക്ക് ഒത്തിരി പണം എന്റെ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ്. എന്റെ ഉള്ള അവസ്ഥ, മരുന്നു പോലും വാങ്ങാനോ ഫോൺ ചാർജ് ചെയ്യാനോ പോലും കഴിയാത്ത അവസ്ഥ ആരും കണ്ടില്ല” പരിതാപകരമാണ് ആ അവസ്ഥ.

ഒരു നല്ല വാക്കിനോ, പ്രോത്സാഹനത്തിനോ, കൂടെ ഞങ്ങളുണ്ട് നീ ഒറ്റക്കല്ല എന്ന വാക്കിനോ ഉണ്ടാക്കാൻ പറ്റുന്ന സ്വാധീനം നമ്മുടെ ചിന്തകൾക്കും അപ്പുറമാണ് എന്നത് വിതർക്കമത്രേ. ഇനിയും ഒരുപക്ഷെ നമ്മുടെ പ്രിയപ്പെട്ടവർ ജീവനെടുക്കുന്നതിനു മുൻപേ, നമുക്ക് ഏറ്റവും വിലപ്പെട്ട നമ്മുടെ സമയത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും വേദനിക്കുന്നവരെ ഒന്ന് കേൾക്കുവാൻ, ആരുമില്ല എന്ന തോന്നലോടെ ഒറ്റപ്പെട്ടു ജീവിക്കുന്ന ചിലരുടെ ജീവിതത്തെ മാറ്റുന്ന ഒരു സാനിധ്യമാകാം .

എന്നെ വായിക്കുന്ന ആരെങ്കിലും അങ്ങനൊരു ഭീതിയിലോ ഒറ്റപ്പെടലിന്റെ ആയിരുന്നെങ്കിൽ, ഒരു കാര്യം ഓർമിപ്പിക്കട്ടെ, ലോകം കണ്ട വ്യക്തികളിൽ ഏറ്റവും ശ്രേഷ്ഠനായ ഗുരു യേശുക്രിസ്തു, വേദനിക്കുന്നവരുടെ കണ്ണീരൊപ്പി, രോഗികളെ സൗഖ്യമാക്കി , മരിച്ചവരെ ഉയർപ്പിച്ചു ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ചപ്പോൾ പറഞ്ഞ ഒരു വാക്ക് ഉദ്ധരിച്ചു ഞാൻ നിർത്തട്ടെ. ” അധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”. ഏതു സങ്കടവും കേൾക്കുവാൻ മറ്റാരും ഇല്ല എന്ന് തോന്നുംപോളും , ഒരു കത്തുകളും നമ്മുടെ വേദന കേൾക്കാൻ തുറന്നിട്ടില്ല എന്ന് തോന്നിയാലും, ചുറ്റുമുള്ള എല്ലാ കണ്ണുകളും അടഞ്ഞിരിക്കുന്നു എന്ന് ഭീതി തോന്നുന്പോഴും അടയാത്ത ഒരു കണ്ണ്, ഒരു ചെവി, ഒരു ഹൃദയം യേശുവിൽ കാണാം. തന്റെ ശിഷ്യന്മാരിലും അത് ഉണ്ടാകേണ്ടത് അനിവാര്യമത്രെ. മറ്റുള്ളവരിലേക്ക് നീണ്ടു ചെല്ലുന്ന ഒരു കരമാകാൻ, പുഞ്ചിരിക്കുവാൻ കാരണമൊന്നുമില്ലാതെ ഒരുവന്റെ പുഞ്ചിരിക്കുള്ള കരണമാവാൻ, ഇരുട്ടിലിരിക്കുന്നവന് വെളിച്ചമാകാൻ നമുക്ക് ശ്രമിക്കാം. സർവേശ്വരൻ അതിനായി നമ്മെ ഒരുക്കട്ടെ.

Be a hand. Be a smile. Be a light. Love.

“Little deeds of kindness
Little words of love
Make our earth an Eden
Like the heaven above.”

ചെറിയ ക്ലാസ്സിൽ എവിടെയോ പഠിച്ച ഈ വരികൾ കാതിലും ഹൃദയത്തിലും അലയടിക്കുന്നു.

മിനി സന്തോഷ്‌ തര്യന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.