കവിത: നഷ്ടബോധത്തിന്റെ സ്മരണകൾ | പാ. ഷിബു ജോസഫ്, മുംബൈ

കഴിയില്ലെനിക്കിനി പാടുവാൻ ഒറ്റവരിപോലും
പിഴവുകൾ എന്റെമേൽ കുന്നുകൂടിടുന്നു
അലരി വൃക്ഷ കൊമ്പുകളിൽ തൂക്കിയെൻ കിന്നെരങ്ങൾ
അലമുറ ഇടുവാൻ മനസ്സ് മന്ത്രിക്കുന്നു .

News Middle Advt Banner

പണ്ട് ഞാൻ ഒത്തിരി പാടിയ പാട്ടുകളെല്ലാം
കണ്ടിതോ ചിതറിപ്പോയി മഞ്ഞിൻ കണികകൾ പോൽ
മറന്നു ഞാൻ സീയോൻ ഗീതികൾ പോലും
വിറപൂണ്ട അധരങ്ങൾ മാത്രമാണ് ഇന്നെന്നിൽ

കല്ലോലിനി തൻ തീരത്തിരുന്നു ഞാനെൻ
സല്ലാപം ചെയ്തു സാരിലത്തോട് ഈവിധം
ഉല്ലാസമെല്ലാം പോയ് മറഞ്ഞെൻ കൂട്ടരേ
വല്ലഭൻ ചെയ്തതാം ക്രിയകൾ ഓർക്കുമ്പോൾ

വിലപിക്കുന്നെൻ ഹൃദയം പലതുമോർത്തിടുമ്പോൾ
വിലോചനങ്ങൾ നിറയുന്നു ബാഷ്പ ബിന്ദുക്കളാൽ
വിലമതിച്ചില്ല യെരുശലേമിനെ മുഖ്യമായ്
വിലപേശി അവളെ ഞാനെൻ നേട്ടങ്ങൾക്കായി

ഇന്നിന്റെ ചിത്രങ്ങളും സമാനമല്ലോ- സഖികളെ
ഒന്നിച്ചു കൂടുന്നു വിലയിടുവാൻ സഭാഗാത്രത്തെ
നേട്ടങ്ങളാണല്ലോ ലക്ഷ്യമിന്നു ഏല്ലാവർക്കും
കോട്ടങ്ങളൊന്നും ഗണ്യമാക്കുന്നില്ല – കഷ്ടം
വിലമതിക്കുന്നില്ല വിലയുള്ള പലതിനേമിന്നു
വിലയില്ലാത്ത പലതും നമ്മിൽ കുമിഞ്ഞു കൂടുന്നു
വിലതന്ന നാഥൻ വിലപിക്കുന്നു നമ്മെയോർത്തു
വിലാപഗീതികളാൽ വിരചിക്കുമോ മടക്കയാത്ര

ഉരുകിയെൻ ഹൃദയം കദന ഭാരത്താൽ
കരുതുന്ന നാഥനെ കണ്ടു ഞാൻ ഝടുതിയിൽ
പെരുകി ദൈവസ്നേഹം ഹൃത്തിൽ ഗീതിയായ്
മറന്നു ഞാനെൻ നഷ്ടബോധത്തിൻ ചിന്തകളഖിലവും

പാസ്റ്റർ ഷിബു ജോസഫ്, മുംബൈ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading