ലേഖനം: ദൈവം തകർത്ത ആലയം | ബിജു പി. സാമുവൽ

ഒരു ദൈവാലയം പണിയണമെന്നത് ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു. അതിനായി മരണത്തിനു മുൻപേ ധാരാളം ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തു. ദൈവത്തിന്റെ പക്കൽനിന്ന് ആലയ മാതൃകയുടെ രേഖാമൂലവും കൈപ്പറ്റി. പിന്നീട് കാര്യങ്ങളെല്ലാം ശലോമോനെ കൃത്യമായി ധരിപ്പിക്കുകയും ചെയ്തു.

ശലോമോൻ തനിക്കും ഭാര്യക്കും വേണ്ടി പ്രത്യേകം അരമന പണിതു. ലെബാനോൻ വനഗൃഹവും പിന്നെ കപ്പലുകളുമൊക്കെ പണി തീർത്തു.
ഭാര്യമാർ പറഞ്ഞതനുസരിച്ച്
കെമോശിനും മോലേക്കിനും പൂജാഗിരിയും പണിതു.
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
ശലോമോന്റെ വിനോദമായിരുന്നു
(2.ദിന: 8:6, സഭാ.2:4-6).
അപ്പനായ ദാവീദ് പറഞ്ഞതനുസരിച്ച് ആലയം പണിത ശലോമോന്
അല്ലാതെ ദൈവവുമായി വ്യക്തിപരമായ ബന്ധം ആഴമായി ഇല്ലായിരുന്നു. ആലയപ്പണിക്കു മുമ്പേ ശലോമോൻ മിസ്രയീം രാജാവിന്റെ മരുമകൻ ആയിരുന്നല്ലോ.

ആലയത്തിന്റെ പണി ഏഴ് വർഷം കൊണ്ട് ശലോമോൻ
പൂർത്തീകരിച്ചു.
ആയിരക്കണക്കിന് തൊഴിലാളികളുടെ ഏഴുവർഷത്തെ പണിക്കൂലിയും സാധനസാമഗ്രികളുടെ വിലയും അതിവിശുദ്ധ സ്ഥലത്തിന്റെ അകവശം പൊതിയുവാൻ ഉപയോഗിച്ച മേൽത്തരമായ പൊന്നിന്റെ മൂല്യവും മറ്റും മറ്റുമായി ഇന്നത്തെ നിലയിൽ എത്ര ലക്ഷം കോടി ഡോളർ ചെലവായി കാണും ആലയപ്പണിക്കായി?. സാവകാശം ഇരുന്ന് കണക്കുകൂട്ടിയാൽ മതി.

ആലയപ്പണിക്കു ശേഷം
*നിങ്ങളുടെ* ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ” എന്ന് ശലോമോൻ ജനത്തോട് പറഞ്ഞപ്പോൾ,
*നീ* എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർത്ഥഹൃദയത്തോടുംകൂടെ നടക്കുക എന്നായിരുന്നു
ദൈവം ശലോമോനോട് സംസാരിച്ചത്.

നിയമപെട്ടകം വെക്കാനായി ആലയത്തിനകത്ത് ഒരു സ്ഥലം ഒരുക്കി എങ്കിലും ആ നിയമം ഹൃദയത്തിനകത്ത് ആക്കാൻ ആരും ശ്രമിച്ചില്ല.
രാജാക്കന്മാരിൽ പലരും ജാതീയ രീതികൾ ആലയത്തിനകത്ത് അവലംബിച്ചു. യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന് പ്രമാണമുള്ളപ്പോൾ അശേരാ-ബാൽ പ്രതിഷ്ഠകളും ആകാശ സൈന്യങ്ങൾക്കായി ബലിപീഠങ്ങളും ആലയത്തിൽ നിരന്നു. ദൈവം കൊടുത്ത മാതൃക പ്രകാരം പണിത ആലയത്തിനുള്ളിലെ ക്രമീകരണങ്ങൾക്ക്‌ അന്യരാജാക്കന്മാരുടെ ഇഷ്ടപ്രകാരം ചിലർ മാറ്റം വരുത്തി.

ബേഥേലിലും ദാനിലും യൊരോബെയാം തുടങ്ങിയ കാളയാരാധനയെക്കാൾ
വികൃതമായ ആരാധനാ രീതികൾ യെരുശലേം ദേവാലയത്തിലും ആരംഭിച്ചു.
കാളയും ആട്ടുകൊറ്റനുമായി എത്തുന്നവർക്കെല്ലാം
(ലേവ്യർ അല്ലെങ്കിൽ പോലും) ഓർഡിനേഷൻ കൊടുത്ത് പുരോഹിതർ ആക്കിയ യൊരോബെയാമിന്റെ വഴി
നേതൃത്വം എല്ലായിടത്തും പിന്തുടർന്നു; ഇന്നും തുടരുന്നു. കാശും ശാപ്പാടും നൽകി പദവിയും സ്റ്റേജും പിന്നെ വരുമാനമുള്ള
സഭയും കൈക്കലാക്കി
ആലയത്തെ വാണിഭ ശാലയാക്കുകയാണ് അവർ.

ആലയത്തിലെ സഭായോഗങ്ങളിൽ ദൈവത്തിന് പ്രസാദം ഇല്ലാതായി.
പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടേണ്ട സ്ഥലത്തു നിന്ന് ഉയരുന്നത് മത്സരം മാത്രമായി (ആമോസ് 5:2 ).
കേസും ഗ്രൂപ്പുവഴക്കും പിന്നെ കയ്യാങ്കളിയും ഒരു ആലയത്തിൽ ഒരേ സമയത്ത്
രണ്ട് ആരാധനയുമെല്ലാം സാധാരണമാകുകയാണല്ലോ.
ദൈവമില്ലാത്തവൻ ആലയത്തിൽ വന്ന്
ഉയർത്തുന്ന പാട്ടുകച്ചേരിയും വീണാനാദവും വെറും വ്യർത്ഥ സംഗീതമാണെന്ന് കർത്താവ്
(ആമോസ് 5:23 ).
ആലയത്തിലെ ആ ഗീതങ്ങൾ നിലവിളിയായി മാറുമെന്ന് ദൈവം ഓർപ്പിക്കുന്നുണ്ട് (ആമോസ് 8:3).

മാനസാന്തര സന്ദേശം നല്കാതെ ദുഷ്പ്രവർത്തിക്കാരെ കീർത്തിക്കുന്ന
ആലയശുശ്രൂഷകർ
(യിരെമ്യാവ് 23: 14).
ദൈവാലയത്തെ മ്ലേച്ഛതയുടെ കേന്ദ്രങ്ങളാക്കി മാറ്റി. പുരുഷവേശ്യ സമ്പ്രദായം ദൈവാലയത്തിന്റെ ഭാഗമാക്കി( 2രാജാ 23:7).

സ്വമേധാദാനങ്ങൾ ആലയത്തിൽ കൊടുത്ത ശേഷം അതിനെ പ്രസിദ്ധം ചെയ്തു പൊങ്ങച്ചം പറയുന്നവർ
(ആമോസ് 4:5).
ആലയത്തിന്റെ അറ്റകുറ്റപ്പണിക്കായി പിരിക്കുന്ന പണം അതിനായി വിനിയോഗിക്കാത്ത അവസ്ഥ(2രാജാ.12: 4-6).

ധാന്യ വ്യാപാരത്തിനും ഗോതമ്പ് കച്ചവടത്തിനുമായി ശബത്ത് ദിവസം ഒന്ന് ഒഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് കൊതിക്കുന്നവർ
(ആമോസ് 8:5).
സഭയുടെ നാഥനായ കർത്താവിന് പകരം സംഘടനാ നേതാക്കളെ പ്രതിഷ്ഠിക്കുന്നവർ.

കള്ളന്മാർ
ഗുഹകളിൽ
അഭയം കണ്ടെത്തുന്നത് പോലെ എത്ര മ്ലേച്ഛമായ കാര്യങ്ങൾ ചെയ്തിട്ടും ആലയത്തെ സങ്കേതമാക്കി മാറ്റുന്നവർ. എന്നിട്ട്
ആലയത്തിൽ നിന്നുകൊണ്ട്
(നമ്മുടെ സഭായോഗത്തിലെ സാക്ഷ്യം പോലെ) അവർ പറയുന്ന ഒരു വാക്കുണ്ട്: “രക്ഷപ്പെട്ടിരിക്കുന്നു”. അവസാനം സഹികെട്ട കർത്താവ് ഒരു ചോദ്യമുയർത്തി ;
എന്റെ ആലയം എന്താ കള്ളന്മാരുടെ ഗുഹയാണോ? അതിനുത്തരം കർത്താവ് തന്നെയാണ് പറയുന്നത്: “കള്ളന്മാരുടെ ഗുഹയാണ് ആലയമെന്ന് എനിക്കും തോന്നുന്നുണ്ട്”
(യിരെ. 7:10-11).

പരമാർത്ഥം പറയുന്നവരെ വെറുക്കുന്ന സ്ഥിതി (ആമോസ് 5:10). എങ്കിലും ദുഷ്പ്രവൃത്തികൾ
ചെയ്യുന്നവർക്കെതിരെ ശബ്ദമുയർത്താൻ യിരെമ്യാവിനെ
ആലയത്തിലേക്ക്
നിയോഗിച്ച ശേഷം
ദൈവം പറയുന്നത് വളരെ ശ്രദ്ധേയമാണ്:
ഒരു വാക്കും വിട്ടുകളയരുത്
(യിരെ. 26:3).
ആലയത്തിലേക്ക് പ്രവേശിക്കുന്നവരോടാണ് “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ” എന്ന് യിരെമ്യാവ് വിരൽ ചൂണ്ടിയത്.
വിശുദ്ധിയിൽ ജീവിക്കുകയോ അങ്ങനെ ജീവിക്കാൻ ജനത്തെ പ്രബോധിപ്പിക്കുകയോ ചെയ്യാതെ ആലയത്തെക്കുറിച്ച് കൂടുതൽ എരിവ് കാട്ടുന്നത് വ്യാജ താല്പര്യമാണെന്ന് യിരെമ്യാവ് തുറന്നടിച്ചു
(യിരെ. 7:1-5 ).
ആലയത്തിലെ ആരാധനയ്ക്കായി ഇന്ന് മുറവിളി കൂട്ടുന്നവർ ആരാധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ എങ്ങനെയാണ് അതിൽ ചെന്നിരുന്നതെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സഭായോഗത്തിൽ എത്തിയ ശേഷം അലക്ഷ്യമായി അതിൽ പങ്കെടുക്കുന്നതും അതിനെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്
(എബ്രായർ 10:24).

കാന്ത എന്ന പദവിയിലിരിക്കുമ്പോഴും ഒട്ടധികം ദുഷ്കർമ്മം ചെയ്ത നിനക്കിനി ഈ ആലയത്തിനകത്ത് എന്താണ് കാര്യം? എന്ന ചോദ്യം കർത്താവ് ഉയർത്തുന്നത് നമ്മുടെ ചങ്ക് തകർക്കേണ്ടതാണ് (യിരെ.11:15).

അരമനകളിൽ അന്യായം (ആമോസ് 3:10),
ആലയത്തിൽ ദുഷ്ടത (യിരെ.23:11),
വീടുകൾ നിറയെ
മാലിന്യം (യിരെ.19:13).

സഹിച്ചും കരുണ കാണിച്ചും മടുത്ത ദൈവം (യിരെ.15:6, 44:22)
ശീലോവിലെ ആലയത്തിൽ നിങ്ങൾ കാണിച്ചു കൂട്ടിയതും പിന്നീട് അതിനു സംഭവിച്ചതും മറക്കരുതെന്ന് പലപ്പോഴും മുന്നറിയിപ്പു നൽകി (യിരെ.7:12-14). അനുതാപത്തിനുള്ള അവസരങ്ങളാണല്ലോ ഓരോ ദൈവിക സന്ദേശങ്ങളും.

എന്റെ കണ്ണും ഹൃദയവും എപ്പോഴും ആലയത്തിൽ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്ത ദൈവം (രാജാ. 9:3 ) അവസാനം ആലയം ഉപേക്ഷിച്ച്, ഒരു പരദേശിയെയും വഴിപോക്കനെയും പോലെ ഇറങ്ങേണ്ടി വന്നു
(യിരെ.12:7, 14: 8).

ദുഷിച്ച ജീവിതം തുടരുന്ന ജനത്തോടൊപ്പം വസിക്കാനാവാതെ വഴിയാത്രക്കാർക്കുള്ള ഒരു സത്രമെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് സങ്കടപ്പെട്ട് കണ്ണീരൊഴുക്കുന്ന ദൈവം(യിരെ. 9:2-3).

ആലയപ്രതിഷ്ഠക്കു ശേഷം ശലോമോനോട് ദൈവം ഒരു മുന്നറിയിപ്പു കൂടി നൽകിയിരുന്നു. പ്രമാണം വിട്ടു നടന്നാൽ ഈ ആലയം എത്ര ഉന്നതമായാലും ആലയത്തെ എന്റെ മുമ്പിൽ നിന്ന് നീക്കിക്കളയും. അങ്ങനെയൊരു അരുളിച്ചെയ്യൽ ശലോമോൻ പ്രതീക്ഷിച്ചില്ലായിരുന്നു.

അവസാനം അതുതന്നെ സംഭവിച്ചു; ദൈവം തന്റെ ഉദ്ദേശ നിവൃത്തിക്കായി ബാബേൽ രാജാവായ നെബുഖദ്നേസരിനെ യെരുശലേമിലേക്ക് വരുത്തി (2രാജാ. 24:1-2).
പിന്നീടെത്തിയ അകമ്പടി നായകനായ നെബൂസരദാൻ യെഹോവയുടെ ആലയം ചുട്ടു കളഞ്ഞു (2രാജാ. 25:8-9). വലിയതും അദ്ഭുതകരവുമായിരുന്ന ആ ആലയം(2 ദിന. 2:9 ),
ശലോമോൻ രാജാവിന്റെ പ്രൗഢിയും സമ്പത്തിന്റെ കൊഴുപ്പുമെല്ലാം വെളിപ്പെട്ട ആ ആലയം നശിച്ചു പോയി.

സോദോം-ഗൊമോറ മാത്രമല്ല, ആലയവും തകർന്നു പോകും, വിശുദ്ധിയേക്കാൾ
ആലയത്തിന്റെ
മോടിക്ക് പ്രാധാന്യം നൽകുമ്പോൾ.

ഇനിയെങ്കിലും നമുക്ക് നീതി വിതെക്കാം.(ഹോശെ. 10:12) യഹോവയെ അറിവാൻ നമുക്ക് ഉത്സാഹിക്കാം, അവിടുത്തെ അടുക്കലേക്ക് നമുക്ക് കയറിച്ചെല്ലാം (ഹോശെ. 6:1,3).
ആലയത്തിന് എന്നേക്കും ഉചിതമായിരിക്കുന്നത് വിശുദ്ധി തന്നെയാണല്ലോ
(സങ്കീ. 93:5 ).

(ദൈവം പണിയുന്ന ആലയത്തെപ്പറ്റി പിന്നീടൊരിക്കൽ എഴുതാം).

ബിജു പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.