ലേഖനം: ദൈവത്തിന്റെ സൈന്യം | പാ. സണ്ണി പി. സാമുവൽ

2020 ജൂൺ മാസത്തിലേക്ക് കടക്കുമ്പോൾ ലോകരാഷ്ട്രങ്ങൾ രണ്ടു മഹാമാരിയുടെ പിടിയിൽ മുങ്ങിത്താഴുകയാണ്. കൊറോണ എന്ന ദുരന്തം വന്നില്ലായിരുന്നുവെങ്കിൽ വെട്ടുകിളി എന്ന ബാധ മഹാവാർത്തയാകുമായിരുന്നു. എന്നിരുന്നാലും കോവിഡ് 19 പഴങ്കഥയാവുകയും വെട്ടുകിളി സമകാലിക പ്രാധാന്യമുള്ള വാർത്തയായി മാറുകയും ചെയ്തിട്ടുണ്ട്.

രണ്ട് മഹാമാരികളും തമ്മിൽ ചില സാദൃശങ്ങൾ കാണ്മാൻ കഴിയും. ഒന്ന് സൂക്ഷ്മജീവിയും മറ്റേത് ചെറുജീവിയും ആണ്. എന്നിരുന്നാലും അവ വിതക്കുന്ന ദുരിതവും ദുരന്തങ്ങളും മനുഷ്യന് താങ്ങാൻ ആവുന്നതിലും അധികമാണ്. രണ്ട് ആക്രമണങ്ങളും ലോകസമ്പദ് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കി. രണ്ടും മരണം വിതക്കുന്ന ഭീകരരാണ്. രണ്ടും തരംഗരൂപത്തിൽ ആക്രമണം നടത്തുന്നവയാണ്. അതിവേഗം പടരുന്നു ഈ മഹാമാരികൾ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. പ്രകൃത്യാ തന്നെ കെട്ടടങ്ങിയെങ്കിൽ മാത്രമേ രണ്ടു ദുരന്തങ്ങളും ശമിക്കുകയുള്ളൂ.

ചരിത്രാതീത കാലം മുതൽ ഭയപ്പെടുകയും ബഹുമാനിക്കപ്പടുകയും ചെയ്യുന്ന ജീവിവർഗ്ഗമാണ് വെട്ടുകിളികൾ. അവ സൈന്യമാണ്. അവയുടെ പടയോട്ടത്തിൽ നയകനോ രാജാവോ ഇല്ല. എങ്കിലും അവ ചിട്ടയായി അണിയണിയായി പുറപ്പെടുന്നു എന്നതാണ് ആദരവിനു കാരണം(സദൃശ:30:27). പുരാതന ഈജിപ്തിലെ ഫറവോൻ ‘മരണം’ എന്നു വിളിച്ചാണ് വെട്ടുകിളിയെ ഭയപ്പട്ടത് (പുറ:10:17). ജീവനും മരണവും ദൈവത്തിന്റെ അധികാര സീമയില്പെട്ടതാണെന്നു ഫറവോൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ!

ജന്തുശാസ്ത്രത്തിൽ വിട്ടിലും [പച്ചത്തുള്ളൻ grasshopper] ഒന്നു തന്നെയാണ്. പരിണാമം വന്ന വിട്ടിലുകളാണ് വെട്ടുകിളി എന്നു പറയാം. ലോകത്ത് ആകമാനമായി 12,000 ഇനം വിട്ടിലുകൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. 20 സ്പീഷീസ് വെട്ടുകിളികളും. അവയിൽ ഇന്നു ശേഷിക്കുന്നത് 12 ഇനം മാത്രം. അതു ഭാഗ്യമായി.

വെട്ടുകിളികളുടെ ജീവിത ചക്രത്തിൽ റീസെഷൻ (recession) എന്നും ഗ്രിഗറൈസേഷൻ (gregarization) എന്നും രണ്ടു ഘട്ടങ്ങൾ ഉണ്ട്. റീസെഷൻ പീരിയഡ് വിട്ടിലിന്റെ ജീവിത ക്രമവുമായി ഏറെ സാമ്യമുള്ളതാണ്. അവ ഏകാന്തവാസികളും ശാന്തരും മിതഭോജികളും ഭൂമിയിൽ തന്നെ പാർക്കുന്നവരും ആയിരിക്കും. ഇക്കാലത്ത് അവയുടെ നിറം തവിട്ടായിരിക്കും. എന്നാൽ ഗ്രിഗറൈസേഷൻ ഘട്ടത്തിലേക്ക് രൂപപരിണാമം സംഭവിക്കുമ്പോഴേക്കും അവയുടെ സ്വഭാവത്തിനും പെരുമാറ്റരിതിക്കും വ്യത്യാസം വന്ന് വന്യരായി മാറുന്നു. അവ ആർത്തി പെരുത്ത തീറ്റഭ്രാന്തന്മാരും ഒപ്പം ഊർജ്ജസ്വലരായും മാറുന്നു. ഈ ഊർജ്ജസ്വലത ചലനാത്മകതയിലേക്കും ആത്യന്തികമായി പറക്കലിലേക്കും നയിക്കുന്നു. വെട്ടുകിളി പറക്കുന്നതു പോലെ വിട്ടിലുകൾ പറക്കാറില്ല.
ഗ്രിഗറൈസേഷന്
നിദാനമായിരിക്കുന്നത് അവയുടെ കേന്ദ്രനാഡി വ്യവസ്ഥയിൽ നിന്നും പുറപ്പെടുന്ന സെറൊറ്റോണിൻ (serotonin) എന്ന ഫെറമോൺ ആണ്. ഇത് ഉല്പാദിച്പ്പിക്കപ്പെടുന്നത് അവയുടെ കൂട്ടംകൂടൽ കാരണമാണ്. വെട്ടുകിളികൾ, പ്രത്യേകിച്ച്, ഇപ്പോൾ പെരുകി ആക്രമണം അഴിച്ചു വിട്ടിരിക്കുന്ന മരുവെട്ടുകിളി (desert locust) വരണ്ടതോ അർദ്ധവരണ്ടതോ ആയ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് പാർക്കുന്നത്. അവിടെ വളരുന്ന ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും കേന്ദ്രീകരിച്ചായിരിക്കും അവ ജീവിക്കുന്നത്. വരൾച്ച വർദ്ധിക്കുകയും പച്ചത്തഴെപ്പുകൾ ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ ശേഷിച്ചിരിക്കുന്ന പച്ചത്തുരുത്തുകളിലേക്ക് അവ ഒറ്റയ്ക്കൊറ്റക്ക് ചേക്കേറുന്നു. എണ്ണത്തിൽ പെരുകുമ്പോൾ അവയുടെ ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കപ്പെടുകയും കൂട്ടിയുരസപ്പെടുകയും ചെയ്യുന്നു. തൽഫലമായി ഫെറമോൺ ഉല്പാദിക്കപ്പെടുന്നു. ഇത് ജീവിയെ ഉത്തേജിപ്പിക്കുന്നു. ഇതോടെ സാമൂഹ്യവൽക്കരണ തോതും പറ്റംചേരലും വർദ്ധിക്കുന്നു. ശാന്തമായിരുന്ന ഏകാകികൾ നിമിഷാർദ്ധം കൊണ്ട് വിപരീത സ്വഭാവമുള്ളവരായി മാറുന്നു. അവയുടെ സഹനശേഷി വർദ്ധിക്കുന്നു. തലച്ചോർ വലുതാകുന്നു. ശരീരത്തിന്റെ നിറം മഞ്ഞയാകുന്നു. ഫെറമോൺ ഇണകളെ ആകർഷിക്കുന്നു. ഇണ ചേരലും പറ്റം ചേരലും അതിദ്രുതം നടക്കുന്നു. ക്രമേണ അവ വൻസൈന്യമായി മാറി ഭക്ഷണം തേടി ദേശാന്തര ഗമനത്തിന് തയ്യാറാകുന്നു.

ബാഹ്യാസ്ഥികൂടം (exoskeleton) ഉള്ള സകല ജീവികൾക്കും അവ കവചം കൂടെയാണ്. എന്നിരുന്നാലും ജീവി വളരുന്നതിനും ലയിച്ച് ഈ കവചം ഇടക്കിടെ ഉപേക്ഷിക്കാറുണ്ട്. കവചഭേദനം, കവചം പൊഴിക്കൽ എന്നൊക്കെ വിവർത്തനം ചെയ്യാവുന്ന Moulting എന്ന പ്രക്രീയയാണിത്. ഇത് വളരെ വേദനാജനകം ആണ്. മരുവെട്ടുക്കിളികൾ അഞ്ചു പ്രാവശ്യം മോൾട്ടിങ് നടത്താറുണ്ട്. വിട്ടിലിന്റെയും വെട്ടുകിളിയുടെയും മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവിയെ തുള്ളൻ (പുല്ചാടി nymph) എന്നാണ് പറയുന്നത്. അതിനുചിറകു കാണില്ല. അവ ചാടി നടക്കുക മാത്രമേയുള്ളു. 95 ദിവസം കഴിഞ്ഞു മാത്രമേ അവ ചിറകു മുളച്ചു പൂർണ്ണ വളർച്ചയെത്തിയ പറക്കാൻ പ്രാപ്തിയുള്ള ജീവികളായി മാറുകയുള്ളൂ. ഈ രണ്ടു ഘട്ടങ്ങളിലും മോൾട്ടിങ് നടന്നിരിക്കും. ഗ്രിഗറൈസേഷനും മോൾട്ടിങും നടക്കുന്നതോടു കൂടെ വെട്ടുകിളികളുടെ ശരീരത്തിനും വൻ രൂപ പരിണാമം സംഭവിക്കുന്നു. ഗ്രിഗറൈസേഷനു മുന്പ് കീടനാശികൾ തളിച്ചാൽ മാത്രമേ വെട്ടുകിളികളെ നശിപ്പിക്കാൻ കഴിയുകയുള്ളൂ. അല്ലാഞ്ഞാൽ അതു സാദ്ധമാകയില്ല. ഗ്രിഗറൈസേഷന്റെ ഉത്തേജനം മൂന്നു തലമുറകളിൽ വരെ നിലനില്ക്കും. പിന്നെ അടുത്ത തലമുറ ഏകാകികൾ ആയി മാറും. അതും ഭാഗ്യം.

ഡെസേർട്ട് ലോക്കസ്റ്റിനു 7-8 സെന്റീമീറ്റർ നീളവും 2 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. അവയുടെ ഭാരത്തിനു തത്തുല്യ തൂക്കം ഭക്ഷണം ഒരു ദിവസം അവ അകത്താക്കുവാനുള്ള ത്രാണിയുണ്ട്! ദിവസം രണ്ടു മണിക്കൂർ മാത്രം വിശ്രമവും ഉറക്കവും. ഇവ രാത്രിയിൽ ചേക്കേറുന്നവയും സൂര്യൻ ഉദിക്കുമ്പോൾ പറന്നു പോകുന്നവയും ആണ് (നഹൂം 3:17).

ഒരു വെട്ടുകിളിയുടെ ആയുസ്സ് 5-6 മാസമാണ്. ഒരു വർഷം 3-5 തലമുറകൾ ഉണ്ടാകുന്നു. ഓരോ തലമുറയും 16 മടങ്ങായിട്ടാണ് പെരുകുന്നത്. അതായത് 1,16, 256 എന്നീ ക്രമത്തിൽ. നഹൂം 3:15 ഒത്തു നോക്കുക. ഇപ്പോൾ ഈ പെരുക്കം 20, 400, 8000 എന്നീ ക്രമത്തിലാണെന്നു കണ്ടെത്തിയിരിക്കുന്നു. അനിയന്ത്രിതവും അസാധാരണവുമായ പെരുക്കമാണിതെന്നു ശാസ്ത്രലോകം. ഇപ്പോൾ കാലാവസ്ഥ അത്രക്കും അനുകൂലമാണ്.

ഒരു സാധാരണ പറ്റത്തിൽ ചതുരശ്ര കിലോമിറ്റർ വിസ്തൃതിയിൽ 4കോടി മുതൽ 8 കോടി വരെ ജീവികൾ ഉണ്ടായിരിക്കും. ഇങ്ങനെ 1200 ചതുരശ്ര കിലോ മീറ്റർ വരെ വിസ്തൃതിയുള്ളതായിരിക്കും ഒരു പറ്റം. ഈ പറ്റം ഒരു ദിവസം കൊണ്ട് 1,92,000 ടൺ ഭക്ഷണം തിന്നു തീർക്കും. ഇപ്പോൾ കെനിയായിൽ പറന്നിറങ്ങിയ പറ്റത്തിൽ ഇരുപതിനായിരം കോടി അഥവാ 200 ബില്യൻ ജീവികൾ ഉണ്ട്. വലിപ്പം 2400 ചതുരശ്ര കിലോമീറ്റർ. ഈ വലിപ്പം മോസ്കോ നഗരത്തിന്റെ വിസ്തൃതിക്കു സമമാണ്. ഇവ 20, 400, 8000മടങ്ങായി പെരുകുന്നത് ഒന്ന് ഓർത്തു നോക്കിക്കേ. അപകടം എത്ര വലുതാണ്.

2018 യെമൻ, ഒമാൻ, അറേബ്യൻ ഉപഭൂഖണ്ഡം എന്നിവ്ടങ്ങളിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഈ പെരുക്കത്തിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. അതിശക്തമായ മഴയും ചുഴലികൊടുങ്കാറ്റും വെട്ടുകിളികളുടെ പെരുക്കത്തിന് സഹായകമാണ്. 2018 ൽ യെമനിൽ ഉണ്ടായ മെകുനു, ലുബാൻ എന്നി ചുഴലി കൊടുങ്കാറ്റാണ് ഇപ്പോഴത്തെ ദുരന്തത്തിനു കാരണം. അങ്ങനെയുണ്ടായ പറ്റങ്ങൾ കിഴക്കോട്ട് യാത്ര ചെയ്തവ പാകിസ്ഥാൻ വഴി ഇന്ത്യ വരെ എത്തി. ഇന്ത്യയിൽ ഏഴു പറ്റങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറോട്ടു സഞ്ചരിച്ച പറ്റങ്ങൾ ചെങ്കടൽ കടന്ന് വടക്കൻ ആഫ്രിക്കയിൽ മഴുവനായി പരന്നിരിക്കുന്നു. 2020 മാർച്ച്- ഏപ്രിലിൽ ആഫ്രിക്കയിലുണ്ടായ മഴ അടുത്ത ഘട്ടം പ്രജനനത്തിനു നിദാനമായി. അതിന്റെ പ്രത്യാഘാതം പിന്നാലെ വരുന്നു.

മരുവെട്ടുകിളി മഹാമാരിയായും മഹാബാധയായും മാറുമ്പോൾ അവ 60 രാജ്യങ്ങളിലെ 2,90,00,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തേക്കാണ് കടന്നു കയറുന്നത്. ഇത് ഭൂലോകത്തിന്റെ 20% ആണ്. അവ അവിടെ ലോകജനസംഖ്യയുടെ പത്തിലെന്നിന്റെ ഉപജീവനവും കാലക്ഷേപവും മുച്ചൂടും മുടിക്കുന്ന മഹാമാരിയായി മാറുകയാണ്. റീസെഷൻ കാലത്ത് ഇവ ആഫ്രിക്ക, അറേബ്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ 1,60,00,000 ചതുരശ്ര കിലോമീറ്ററിലേക്ക് ഉൾവലിയുകയും ചെയ്യും.

ദേശാന്തര ഗമനത്തിനായി ‘ടെയ്ൿ ഓഫ്’ ചെയ്തു കഴിഞ്ഞാൽ സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ അഥവാ 2 കിലോമീറ്റർ ഉയരത്തിലൂടെയാണ് ഇവ പറക്കുന്നത്. 1988 ൽ പശ്ചിമാഫ്രിക്കയിൽ നിന്നും പറന്ന ഒരു പറ്റം അറ്റ്ലാന്റിൿ മഹാസമുദ്രം കടന്ന് 5000 കിലോമീറ്റർ 10 ദിവസം കൊണ്ട് താണ്ടി കരീബിയൻ ദ്വീപസമൂഹത്തിൽ എത്തി. വടക്കേ അമേരിക്കൻ സ്പീഷീസായ റോക്കി മൗണ്ടൻ ലോക്കസ്റ്റ് 1875-ൽ 3000കി.മീ., നീളവും 200 കി.മീ., വീതിയുമുള്ള ഒരു മഹാപറ്റമായി മാറിയെന്ന് ചരിത്രരേഖകൾ ഉണ്ട്. ഭാഗ്യവശാൽ ഇവ അന്യം നിന്നു പോയി.
1,00,000 മുതൽ 2,00,000 ടൺ വരെയായിരിക്കും ഒരു പറ്റത്തിലെ ജീവികളുടെ ശരാശരി തൂക്കം. ഇവ പറന്നിറങ്ങുമ്പോഴേ ആഘാതത്തിൽ കാർഷിക വിളകൾ തകർന്നു പട്ടു പോകും.

ലോകത്തിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണം നടന്നത് മിസ്രയീമിലാണെന്നു ബൈബിൾ പറയുന്നു. അതു പോലെ വെട്ടുകിളി ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല (പുറ:10:14). അതു മിസ്രയീം ദേശത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടു പോയി (പുറ: 10:15). “അവൻ കല്പിച്ചപ്പോൾ വെട്ടുകിളിയും തുള്ളനും അനവധിയായി വന്നു (സങ്കീ:105:34). ‘ന്യൂ കിങ്ഡം ഓഫ് ഈജിപ്ത്’ എന്നു ചരിത്രത്തിൽ അറിയപ്പെടുന്ന മോശെയുടെ കാലത്തെ മിസ്രയീമിനു പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്നുവെന്നു ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. [Taagepera, Rein :- Size and duration of empires: Growth-Decline Curves, 3000 – 600 B.C. , Social research 7(2)pp182-189, 1978]. മിസ്രമ്യീമിൽ വന്ന പറ്റം അറേബ്യൻ ഉപദ്വീപിൽ നിന്നും പടിഞ്ഞാറോട്ട് യാത്ര ചെയ്തു വന്നതായിരുന്നു. നശിക്കപ്പെട്ടപ്പോൾ കിഴക്കോട്ട് സഞ്ചരിച്ച് ചെങ്കടലിൽ വീണു നശിച്ചു മൽസ്യസമ്പത്തിന് ആഹാരമായി (പുറ: 10:17). ഫലമോ മിസ്രയീമിലെ മണ്ണിന്റെ വളവും വീർയ്യവും ഒറ്റ ദിവസം കൊണ്ട് കടലിൽ!

വെട്ടുകിളിയും, വിട്ടിലും, തുള്ളനും ദൈവത്തിന്റെ സൈന്യമാണെന്ന് ബൈബിൾ പറയുന്നു (യോവേൽ 2:25). അവയെ ശാസിപ്പാൻ ദൈവത്തിനു മാത്രമേ കഴിയൂ. “ഞാൻ വെട്ടുകിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം തിന്നു നശിപ്പിച്ചു കളയില്ല; പറമ്പിലെ മുന്തിരി വള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞു പോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”(മലാഖി 3:11). ഫലം കൊഴിഞ്ഞു പോകയില്ല എന്ന പ്രയോഗം വെട്ടുകിളി പറന്നിറങ്ങുന്ന ആഘാതത്തെയാണ് കുറിക്കുന്നത്. “വെട്ടുകിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവൽസരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും (യോവേൽ 2:25). അങ്ങനെയെങ്കിൽ നഷ്ടപരിഹാരത്തിനായി പ്രാർത്ഥിപ്പാൻ നമുക്ക് അവകാശം ഉണ്ടല്ലോ.

മിസ്രയീമിലെ അസാധാരണമായ വെട്ടുകിളി ബാധ യിസ്രായേൽ മക്കളുടെ പുറപ്പാടിന്റെ സൂചനയും മുന്നോടിയും ആയിരുന്നുവെങ്കിൽ, 2020 അസാധാരണമായ ആക്രമണം സഭയുടെ ഉൽപ്രാപണം എന്നല്ലാതെ എന്താകും? അതിനായി നമുക്കൊരുങ്ങാം. ആമേൻ കർത്താവേ വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.