ശുഭദിന സന്ദേശം : ഭാഷണവും ഭീഷണിയും | ഡോ.സാബു പോൾ

”ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു ”(യെശ.36:10).

ഇന്നത്തെ വാക്യം കാണുമ്പോൾ അതൊരു ദൈവദാസൻ്റെ വാക്കുകളാണോ എന്നു തോന്നിപ്പോകും. പക്ഷേ, ജാതീയനായ ഒരുവൻ്റെ അവകാശവാദമാണിത്.

മഹത്തായ നവീകരണങ്ങൾക്ക് നേതൃത്വം നൽകിയ ഹിസ്ക്കിയാവിൻ്റെ വാഴ്ചയുടെ പതിനാലാം വർഷമാണ് അശൂർ യഹൂദയുടെ നേരെ വന്ന് ഉപരോധമേർപ്പെടുത്തുന്നത്.

തുടർന്ന് രബ്ശാക്കേ(ഇത് പേരല്ല, ഒരു പദവിയാണ്) ഹിസ്ക്കിയാവിൻ്റെ പ്രതിനിധികളോട് സംസാരിക്കുന്ന കാര്യമാണ് വിശദമായി 36-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അവ സംക്ഷിപ്തമായി പറഞ്ഞാൽ…
▪️ആരെ ആശ്രയിച്ചാണ് നീ അശൂർരാജാവിനെതിരെ മത്സരിക്കുന്നത്?
▪️ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ നീ ആശ്രയിക്കരുത്.
▪️യഹോവയിൽ ആശ്രയിച്ചിട്ടാണെങ്കിൽ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്ക്കിയാവ് നീക്കിക്കളഞ്ഞില്ലേ? അപ്പോൾ ദൈവത്തെ അവൻ ഉപേക്ഷിച്ചില്ലേ?
▪️നിങ്ങൾക്ക് കുതിരയോ രഥമോ ആവശ്യത്തിന് പടയാളികളോ ഇല്ല.
▪️ഈ ദേശം നശിപ്പിക്കാൻ യഹോവയാണ് എന്നെ അയച്ചിരിക്കുന്നത്.
▪️മറ്റൊരു ദൈവങ്ങൾക്കും തങ്ങളുടെ ദേശത്തെ അശൂർ രാജാവിൻ്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.

ഈ രബ്ശാക്കേയെ നമുക്ക് മാമോദീസ മുക്കിയെടുത്താലോ…?

അദ്ദേഹം പറയുന്ന മൂന്നാമത്തെ ആരോപണം ഇന്ന് ക്രൈസ്തവ ഗോളത്തിൽ പലരും പറയുന്ന ആരോപണങ്ങളല്ലേ…?

…ഹിസ്ക്കിയാവ് വർഷങ്ങളായി നമുക്കുണ്ടായിരുന്ന മലകളിലെ ബലിപീഠങ്ങളും പൂജാഗിരികളും വേണ്ടെന്നു വെച്ചു.
…ആരാധിക്കണമെങ്കിൽ എന്തെങ്കിലും ഒരു രൂപമൊക്കെ കാണേണ്ടേ?
…നെഹുഷ്ഠാൻ എന്ന പിച്ചള സർപ്പത്തെയും തകർത്തു കളഞ്ഞില്ലേ?
…മോശയുടെ കാലം മുതലുണ്ടായിരുന്നതല്ലേ നെഹുഷ്ഠാൻ?
…ഇപ്പോൾ തുടങ്ങിയ നവീകരണമല്ലേ ഇതൊക്കെ?

ഹിസ്ക്കിയാവിൻ്റെ മറുപടിയെന്താകും…?

നിങ്ങൾ ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള ദാവീദിൻ്റെ കാലത്തേക്ക് ഒന്ന് മടങ്ങിപ്പോയി നോക്കുക. അന്ന് ഇങ്ങനെ ബലിപീഠങ്ങളും പൂജാഗിരികളും ഒന്നും ഉണ്ടായിരുന്നില്ല…

അന്ന് ഈ പിച്ചള സർപ്പത്തെ ആരും ശ്രദ്ധിച്ചിട്ടുപോലുമില്ല…

300 വർഷം മുമ്പുണ്ടായിരുന്ന ആ സത്യാരാധനയിലേക്കാണ് ഞാൻ മടങ്ങിപ്പോയത്…

ജാതികളുടെ ആരാധന രീതി കണ്ട് അവയെ അനുകരിക്കുകയും ദൈവത്തിൽ നിന്ന് ക്രമേണ പിൻമാറിപ്പോകുകയും ചെയ്ത എൻ്റെ അപ്പൻമാരുടെ പാരമ്പര്യം പിൻപറ്റാൻ ഞാൻ തയ്യാറല്ല…

ദൈവത്തിൻ്റെ പെട്ടകത്തിനു മുമ്പാകെ ദാവീദ് നൃത്തം ചെയ്താരാധിച്ചത് നിങ്ങൾക്കോർമ്മയില്ലേ…?

പാരമ്പര്യമല്ല, ന്യായപ്രമാണമാണ് അനുസരിക്കേണ്ടത്…

ആലയത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉസ്സിയാവിൻ്റെ മകൻ യോഥാം ആലയത്തിൽ കടന്നില്ല. അവൻ്റെ മകനായ ആഹാസ് ആലയത്തിൻ്റെ വാതിലുകൾ അടച്ചു കളഞ്ഞു. എന്നാൽ ആഹാസിൻ്റെ മകനായ ഹിസ്ക്കിയാവ് അപ്പൻമാരുടെ തെറ്റായ വഴികളെ വിട്ടുമാറി വല്ല്യ വല്ല്യപ്പനായ ദാവീദിൻ്റെ വചനപ്രകാരമുള്ള വഴികളെയാണ് പിന്തുടർന്നത്.

ദാവീദിന് ശേഷം പതിമൂന്നാമത്തെ രാജാവായ ഹിസ്ക്കിയാവിൻ്റെ നവീകരണത്തിനെതിരെ ചിലരെങ്കിലും നെറ്റി ചുളിച്ചതു പോലെ ആദ്യ നൂറ്റാണ്ടിലെ സത്യാരാധനയിലേക്ക് മടങ്ങിപ്പോയവരെ ‘ഇന്നലത്തെ മഴയ്ക്കു കുരുത്ത തകര’യെന്നൊക്കെപ്പറഞ്ഞ് നിസ്സാരവൽക്കരിക്കുകയും പാരമ്പര്യത്തിൽ ഊറ്റം കൊള്ളുകയും ചെയ്തവർ തിരിച്ചറിയണം, വചനമാണ് പാലിക്കേണ്ടത്….!

പ്രിയമുള്ളവരേ,

വചനത്തിലേക്ക് മടങ്ങി വരാം……
വചന വിരുദ്ധമായ പാരമ്പര്യങ്ങളെ വിട്ടുമാറാം…..
അതാണ് ദൈവത്തിന് പ്രസാദമായിട്ടുള്ളത്…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.