ലേഖനം: സുസ്ഥിര ഭരണം | പാ. സണ്ണി പി. സാമുവൽ

സുസ്ഥിര വികസന സൂചികയുടെ പട്ടികയിൽ [Sustainable development index chart (SDI)] പതിവിനു വിപരീതമായി കേരളം എന്ന സംസ്ഥാനത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. സാധാരണയായി SDI പട്ടിക തയ്യാറാക്കുമ്പോൾ അതിൽ ലോകരാജ്യങ്ങളെ മാത്രമാണ് ഉൾപ്പെടത്താറ്. എന്നാൽ ഒരു രാജ്യത്തിന്റെ ഭാഗമായ ഒരു സംസ്ഥാനത്തെ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിക്കുന്നത് ഇത് ആദ്യമാണ്. www.sustainabledevelopmentindex.org എന്ന സൈറ്റിൽ പരതിയാൽ ഈ ചാർട്ടു നമുക്കു കാണാവുന്നതാണ്. 164 രാജ്യങ്ങളെ ഉൾപ്പെടുത്തിയ ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ക്യൂബയാണ്. നക്ഷത്രചിഹ്നത്തിൽ അടയാളപ്പെടുത്തി കേരളത്തിന്റെ സ്ഥാനം പതിമൂന്നാമത്. ഇന്ത്യ 56-മത്. അമേരിക്ക 160-ആം സ്ഥാനത്തേക്കു ഓസ്ട്രേലിയ 161-ആം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ചൈനയും പിന്നിലാണ് 101 ആം സ്ഥാനം. യിസ്രായേൽ 130 ആം സ്ഥാനത്ത്. ഓരോ രാജ്യത്തിനും പോയിന്റുകളും നല്കിയിട്ടുണ്ട്. സവിശേഷ പ്രാധാന്യം കിട്ടിയിരിക്കുന്ന ഒരേയൊരു അംഗം നമ്മുടെ കേരളമാണ് എന്നതും വികസിത രാജ്യങ്ങളെ പുറംതള്ളി നാം 13-ആം സ്ഥാനത്ത് എത്തി എന്നതും രാജ്യങ്ങളുടെ പട്ടികയിൽ നാം എണ്ണപ്പെട്ടു എന്നതും ഓരോ മലയാളിക്കും അഭിമാനാർഹമാണ്.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഇല്ലാതെ പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും അപ്പോൾത്തന്നെ പരിസ്ഥിതിയുടെ കാര്യശേഷി നിലനിറുത്തിയും കൈവരിക്കുന്ന വികസനത്തെയാണ് ‘സുസ്ഥിര വികസനം’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. പ്രാദേശികമായ എക്കോളജിക്കൽ സിസ്റ്റത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നും തന്നെയുള്ള വികസനം എന്നതാണ് SDI മാനദണ്ഡം.

ഭാവി തലമുറയുടെ ആവശ്യങ്ങളെ മുന്നിൽ കണ്ട് പ്രകൃതി വിഭവങ്ങളെ അവർക്കു വേണ്ടി കൂടെ നിലനിറുത്തി ഇന്നത്തെ തലമുറ പ്രകൃതി വിഭവങ്ങളെ പരമാവധി സംരക്ഷിച്ചു നിറുത്തി സമാഹരിക്കുന്നതിനെയാണ് സുസ്ഥിര വികസനം സൂചിപ്പിക്കുന്നത്. കാരണം ഭൂമിയുടെ പരിസ്ഥിതി മേലും കാലാവസ്ഥയിലും നിർണ്ണായക സ്വാധീനം ചെലുത്തുവാൻ മനുഷ്യന്റെ ചെയ്തികൾക്കു കഴിയും.

മാനവവിഭവ വികസന സൂചിക [Human development index (HDI)] അടിസ്ഥാനമാക്കിയാണ് SDI പഠനം ആരംഭിക്കുന്നതു തന്നെ.
പ്രകൃതി വിഭവങ്ങളുടെ ചൂഷണം, സമാഹാരം എന്നിവ വ്യക്തികളുടെ ഭാവി പ്രതീക്ഷ, വിദ്യാഭ്യാസം, പ്രതിവർഷിക വരുമാനം എന്നിവയാണ് HDI യുടെ സ്കോർ നിർണ്ണയിക്കുന്നത്. തന്റെ ലക്ഷ്യപ്രാപ്തിക്കായി ഓരോ വ്യക്തിയും പരിസ്ഥിതിയെ ആവശ്യത്തിലും അധികം ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രകൃതി ചൂഷണത്തിന് ആഗോളതലത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രതിശീർഷ ഓഹരിയേക്കാൾ അധികം വിഭവം ചൂഷണം ചെയ്തോ, ലക്ഷ്യപ്രാപ്തിക്കായി പരിധിയിൽ കവിഞ്ഞ അളവ് കാർബൺ ഡൈ ഓക്സൈഡ് പ്രകൃതിയിലേക്ക് പുറംതള്ളിയോ (CO2 emission) എന്നിത്യാദി വിഷയങ്ങളും പഠനവിഷയമാക്കും. നിർദ്ദിഷ്ട പരിധിക്കുള്ളിൽ (planetary boundary) നിന്നു കൊണ്ട് ഉയർന്ന മാനവ ശേഷി വികസനം കൈവരിക്കുന്ന രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാം സ്ഥാനങ്ങളിൽ എത്തുന്നത്. 1990-2015 കാലയളവിനെ ആധാരമാക്കിയായിരുന്നു പഠനം.

ഇന്ത്യയിൽ ആന്തരികമായി നടത്തിയ പഠനത്തിലും ഏറ്റവും ഉയർന്ന SDI നിരക്കു രേഖപ്പെടുത്തി ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം കേരളമായിരുന്നു.

ഈ പട്ടികയിൽ ക്യൂബ ഒന്നാം സ്ഥാനത്ത് എത്തിയത് നമ്മെ ആശ്ചര്യപ്പെടുത്തും . ദശകങ്ങളായി അമേരിക്കയും അതിന്റെ സംഖ്യകക്ഷികളും ചേർന്ന് ഉപരോധം ഏർപ്പെടുത്തിയിട്ടും, അമേരിക്കയുടെ മൂക്കിനു കീഴിൽ ‘ലോകത്തിന്റെപഞ്ചസാരപ്പാത്രം’ അതിജീവനത്തിനായി അമേരിക്കയോട് മല്ലുപിടിച്ച് ഈപദവിയിൽ എത്തി എന്നത് അഭിനന്ദനാർഹം ആണ്. ലോകം ‘വിന്റേജ്’ പട്ടികയിൽ ഉൾപ്പെടുത്തിയ 60 ഉം 70 ഉം വർഷം പഴക്കമുള്ള കാറുകളാണ് ഇന്നും ക്യബൻ നിരത്തുകളിൽ ഓടുന്നത്. ലോകത്തിലെ ആളോഹരി നിരക്കിൽ ഏറ്റവും കൂടുതൽ ഡോക്ടേഴ്സ് ഉള്ള രാജ്യം. ഏറ്റവും കുറഞ്ഞചെലവിൽ ലോകോത്തര നിലവാരത്തിൽ അവർ ഡോക്ടേഴ്സിനെ പഠിപ്പിച്ചു. കോവിഡിനോട് യുദ്ധം ചെയ്യാൻ ഈ ഡോക്ടേഴ്സ് 19 രാജ്യങ്ങളിലേക്കാണ് പോയിരിക്കുന്നത്. ഖത്തറിലെ ക്യബൻ ഹോസ്പിറ്റലിൽ തന്നെ കരീബിയൻ ദ്വീപിൽ നിന്നുള്ള 475 ഡോക്ടേഴ്സ് ജോലിചെയ്യുന്നു. നഴ്സുമാരും ടെക്നീഷന്മാരും വേറെ. ക്യൂബൻ ചുരുട്ടുകളും (Cigars) വിശ്വപ്രസിദ്ധം ആണല്ലോ.

സുസ്ഥിര വികസന സൂചിക (SDI) പോലെ തന്നെയോ ഉപരിയോ പ്രാധാന്യം അർഹിക്കുന്ന സുസ്ഥിര ഭരണം. ഇത് അളക്കുന്നത് ‘രാഷ്ടീയ സുസ്ഥിര സൂചിക’ [Political stability Index (PSI)] എന്ന ഏകകം കൊണ്ടാണ്. ഈ പട്ടികയിൽ 1.61 പോയിന്റോടെ മൊണാക്കോ ഒന്നാം സ്ഥാനത്തും മൈനസ് 3 പോയിന്റോടെ യെമൻ ഏറവും ഒടുവിലും സ്ഥാനം പിടിച്ചിരിക്കുന്നു. ക്യൂബ 58 ആം സ്ഥാനത്തും ഇൻഡ്യ 164 ആം സ്ഥാനത്തും.

ഈ രണ്ടു പട്ടികകളും തമ്മിൽ വിശകലനം ചെയ്യുമ്പോൾ സുസ്ഥിര വികസനവും സുസ്ഥിര ഭരണവും തന്നിൽ യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാകും. രാഷ്ട്രീയ/ഭരണം സ്ഥിരതയുള്ള രാജ്യങ്ങളിൽ സുസ്ഥിര ഭരണം ഉണ്ടാകേണ്ടതാണ്. എന്നാൽ ഭരണ സ്ഥിരത ഉള്ളവർ പരിസ്ഥിതിയുടെ മേൽ കടന്നുകയറ്റവും ഒപ്പം പ്രകൃതിയുടെ മേൽ അടിച്ചേല്പിക്കലുകളും നടത്തുന്ന വികസനമാണ് നടത്തുന്നത് എന്നു സുവ്യക്തം. ‘പരിസ്ഥിതി ദുർബ്ബല മേഖലകൾ’ എന്ന വാക്കും അതിന്റെ പേരിൽ ഉണ്ടായ സമരങ്ങളും നമുക്കു സുപരിചിതമാണല്ലോ.

ചുരുക്കത്തിൽ, SDI യും PSI യും സമന്വയിപ്പിച്ചു കൊണ്ട് പോകുന്നതിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും അവരുടെ ഭരണാധികാരികളും പരാജയപ്പെട്ടു. വികസനത്തിന്റെ പേരിൽ വയലുകളും വനങ്ങളും പാറക്കെട്ടുകളും മലനിരകളും നശിപ്പിച്ച് ഭൂമിയെ വെറും പാഴും ശൂന്യവും ആക്കുന്ന വികസനമാണ് ഇന്നും ലോകവ്യാപകമായി നടക്കുന്നത്. വികസനത്തിന്റെ പേരിൽ കൃഷിഭൂമി പിടിച്ചെടുത്ത് വമ്പൻ ഫാക്ടറികളും പ്ലാന്റുകളും പണിയുന്നവർ വികസനത്തിന്റെ തേരാളികളും പാവപ്പെട്ട കർഷകർ രാജ്യത്തിന് ബാദ്ധ്യതയും എന്നതാണ് ഇന്നത്തെ നയം. ഭക്ഷ്യധാന്യങ്ങൾ ഫാക്ടറികളിൽ ഉല്പാദിപ്പിക്കാൻ കഴിയുകയില്ലെന്ന് നമ്മുടെ ഭരണാധികാരികൾ എന്നു തിരിച്ചറിയും?

എന്നാണ് ഈ തലതിരിഞ്ഞ വ്യവസ്തിതിക്കു മാറ്റം വരുത്തിയിട്ട് SDI യും PSI യും സമന്യയിപ്പിച്ചു കൊണ്ടു പോകുവാൻ കഴിയുന്ന “ഒരു രാജാവും നീതിയോടേ വാഴും” എന്ന് ബൈബിൾ പഠിപ്പിക്കുന്നു (യെശയ്യാ: 32:1). ഒരിക്കൽ പാഴും ശൂന്യവുമാക്കപ്പെട്ട ഈ ഭൂമിയെ അവിടുന്ന് പുനഃസൃഷ്ടി ചെയ്തു മനോഹരമാക്കിയതാണ്. വഷളായി പോയ ഈ ഭൂമിയെ നീതിയോടും ന്യായത്തോടും കൂടെ ആയിരം വർഷം ഭരിക്കുവാൻ അവൻ മടങ്ങി വരുന്നു. “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ: 15:18; സങ്കീ: 146:10). ക്രിസ്തുവിന്റെ ആയിരം ആണ്ടു വാഴ്ചയെ കുറിച്ച് അനേകം വാക്യങ്ങൾ പ്രവചനമായുണ്ട്. “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയി ത്തീർന്നിരിക്കുന്നു; അവൻ എന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി” (വെളി:11:15). “— അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടു കൂടെ ആയിരം ആണ്ടു വാണു” (വെളി:20:6). പാപം നിമിത്തം ശപിക്കപ്പെട്ട ഭൂമി ഏദെന്യ അവസ്ഥയിലേക്കു മടങ്ങി പോകുന്ന കാലമാണ് ഈ ആയിരം വർഷം. പ്രപഞ്ചത്തിന്റെ മേലും സർവ്വസൃഷ്ടിയുടെ മേലും വീണിരിക്കുന്നു ദ്രവത്വവും മായയുടെ അധീശത്വവും നീങ്ങിപ്പോകുന്ന പുതുയുഗം ആയിരിക്കും അത്. മണ്ണും പ്രകൃതിയും അതിന്റെ സ്വാഭാവിക വീർയ്യം വീണ്ടെടുക്കും. അന്നു “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജന പ്രദേശം ഉല്ലസിച്ചു പനനീർ പുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും. ലബാനോനിന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും (യെശയ്യാ: 35:1,2). തീർന്നില്ല. “മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾ കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യം കൊണ്ടു മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു”(സങ്കീ: 65:13). ഹരിതവിപ്ലവവും ധവള വിപ്ലവവും സമന്വയിപ്പിച്ച എക്കോ സെന്ററിൿ, എക്കോ ഫ്രണ്ട്ലി ദൈവാധിപത്യ ഭരണമായിരിക്കും അത്. Absolute Monarchy എന്നു ഇംഗ്ലീഷിൽ വിളിക്കുന്ന ഭരണക്രമം തന്നെ. ധന്യമായ ഏകാധിപത്യം (blessed Potentate) എന്നാണ് ഈ ഭരണത്തെ പൗലോസ് ശ്ളീഹാ വിളിച്ചിരിക്കുന്നത് (1തിമൊ:6:15). ഉല്പാദനവും വികസനവും പ്രകൃതിയുടെ സംതുലിതാലസ്ഥയെ തകിടം മറിക്കാതെ ‘റീ സൈക്കിളിങ്’ സമ്പ്രദായത്തിൽ ആയിരിക്കും എന്ന് വികസനവും വ്യവസായവൽക്കരണവും! “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജ്യത്തും സ്ഥാപിക്കും; ആ രാജ്യത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല”
(ദാനീ: 2:44). ഭൂമിയിലെ ഓരോ സാമ്രാജ്യങ്ങളും ഓരോ ജാതികൾ അഥവാ വംശങ്ങൾ സ്ഥാപിച്ചതായിരുന്നു. അവരുടെ കാലം കഴിഞ്ഞപ്പോൾ മറ്റോരു വംശം അവരെ പിന്തുടർന്നു. അവർ മറ്റോരു ജാതിക്കു അടിയറവു പറഞ്ഞു. ആകയാൽ അവർ ഒന്നും സുസ്ഥിര ഭരണം എന്ന അവകാശത്തിനു യോഗ്യരല്ല. എന്നാൽ ഇങ്ങനെ ഒരു പിന്തുടർച്ച ക്രിസ്തുവിന്റെ രാജ്യത്വത്തിനില്ല. ഒരു വംശമോ ജാതിയോ അവിടുത്തെ വാഴ്ചക്കു ശേഷം എഴുന്നേല്കില്ല. ഒരുവൻ ആയിരം വർഷം ഭരിച്ച ചരിത്രവും ഭൂമിയിൽ കേട്ടുകേൾവി പോലും ഇല്ല. “അന്നു അവൻ എല്ലാ വാഴ്ചക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും (1 കൊരി: 15:44). ധന്യനായ ആ ഏകാധിപതിയുടെ വരവിനായി കാലവും ചരിത്രവും ഒരുങ്ങുകയാണ്. കൊറോണ അതിന്റെ മുൻസൂചന മാത്രം. ഭൂമിയെ വീണ്ടെടുക്കുവാനുള്ള ആധാരം (title deed) വാങ്ങി മുദ്രകൾ പൊട്ടിക്കുവാൻ അവൻ മാത്രം യോഗ്യൻ (വെളിപ്പാട് 5). അതു സംഭവിക്കുമ്പോൾ വീണ്ടെടുക്കപ്പട്ട തന്റെ കാന്ത അവന്റെ
ഒപ്പം പാർശ്വത്തിൽ അതിനു സാക്ഷ്യം വഹിക്കും. തുടർന്നു ക്രിസ്തു തന്റെ അധീശത്വവും (Lordship) ആധിപത്യവും (Dominion) ഉറപ്പിക്കുന്ന സംഭവങ്ങളാണ് വെളിപ്പാടു പുസ്തകം ആറാം അദ്ധ്യായം മുതൽ പതിനെട്ടാം അദ്ധ്യായം വരെയുള്ള സംഭവങ്ങൾ.
എന്റെ രാജാവു വരുന്നു. അവൻ രാജാവായി വരുന്നതിനു മുമ്പേ കാന്തനായി വെളിപ്പെടുമല്ലോ. അതാണ് സഭയുടെ പ്രത്യാശ. അതിൽ നിലനില്ക്കാം, ഒരുങ്ങാം. “ഇതാ അവൻ മേഘാരൂഢനായി വരുന്നു”(വെളി:1:7). ആമേൻ കർത്താവേ വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.