ലേഖനം: ദാനം-എലിയാവിനെ പോറ്റിയ കാക്കയെ നോക്കി പഠിക്കാം | സതീഷ് വർഗീസ്, കല്ലുമല

ഒരു വലിയ മഹാമാരിയുടെ നാളുകളിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകുന്നത്. വ്യക്തിപരമായി ദൈവത്തോട് കൂടുതല്‍ അടുക്കുവാനും, ദൈവസന്നിധിയില്‍ കൂടുതല്‍
തീരുമാനങ്ങള്‍ എടുക്കുവാനും, ദൈവം അനുവദിച്ച ഈ സാഹചര്യങ്ങളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. തുടര്‍ന്നുള്ള
അല്പസമയത്തെ ദൈവിക ചിന്തകള്‍, വായിക്കുന്ന ഏവരുടെയും ജീവിതത്തില്‍ ദൈവം കരുതിയ വിധങ്ങളെ കുറിച്ച് ഓര്‍ക്കുവാനും; ദൈവസന്നിധിയില്‍ ഒരു പുതിയ തീരുമാനം എടുക്കുവാനും ഉതകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

post watermark60x60

ദൈവഭക്തന്മാര്‍ക്ക് ഏലീയാവിന്റെ ജീവിതം എന്നും ഒരു
വെല്ലുവിളിയാണ് സമ്മാനിക്കുന്നത്. അപ്പോസ്‌തോലനായ യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു: ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള ഒരു മനുഷ്യന്‍ എന്ന് ! അതിന്റെ അര്‍ഥം, മനുഷ്യന്‍ എന്ന നിലയില്‍ വിജയം വരുമ്പോള്‍ സന്തോഷിക്കുകയും, ഭീഷണിയുടെയും വെല്ലുവിളിയുടെയും മുന്‍പില്‍ ഭയപ്പെടുകയും
നിരാശപ്പെടുകയും; എന്നാല്‍ ദൈവ ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലാം മറന്നു മുഴുബലത്തോടെ ദൈവത്തിനു വേണ്ടി പ്രവൃത്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി. പ്രിയ സഹോദരാ, സഹോദരീ, ഈ ജീവിതം ദൈവത്തിന്റെ ദാനമാണ്. ചില ദൗത്യങ്ങള്‍ ദൈവം നമ്മെ ഓരോരുത്തരെയും ഭരമേല്പിച്ചിരിക്കുന്നു എന്നത് തിരിച്ചറിയുമ്പോഴാണ്, നമ്മുടെ ജീവിതം ദൈവ
ഹിതപ്രകാരമുള്ളതും കൂടുതല്‍ മനോഹരവുമാകുന്നത്. ഒരു
പക്ഷെ നിങ്ങള്‍ ഏലീയാവിന്റേത് പോലെയുള്ള ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയോ, അല്ലെങ്കില്‍ ഏലീയാവിനെ പോറ്റുവാന്‍ ദൈവം കല്പിച്ചാക്കിയ കാക്കയെപ്പോലെ പ്രവൃത്തിക്കുവാന്‍ അവസരം ലഭിച്ച വ്യക്തിയോ ആവാം.
അല്ലെങ്കില്‍ താങ്കളുടെ ചുറ്റുപാടില്‍ അങ്ങനെ ഉള്ള വ്യക്തികളെ ഇനിയും കാണുവാന്‍ സാധിക്കും. എന്റെ ജീവിതത്തിലെ
ചില അനുഭവങ്ങളില്‍ നിന്നും ഉളവായ ആഴമായ അവബോധമാണ് ഈ ലേഖനത്തിനു പിന്നിലെ പ്രേരണ.

എന്റെ ഒരു അനുഭവം ദൈവനാമ മഹത്വത്തിനായി നിങ്ങളുമായി പങ്കുവയ്ക്കാം. ഏകദേശം ഇന്നേക്ക് മുപ്പത് വര്‍ഷങ്ങ
ള്‍ക്ക് മുന്‍പ്, അതായത് 80 കളുടെ അവസാനം, അത് ഒരു വേനല്‍ അവധിക്കാലം ആയിരുന്നു. ഒരു ദിവസം രാവിലെ എന്റെ
മാതാവ് അടുക്കല്‍ വന്നിട്ട് ഇപ്രകാരം ചോദിച്ചു ‘മോനെ, നിനക്ക് അമ്മയുടെയും അപ്പച്ചന്റെയും അടുക്കല്‍ വരെ ഒന്ന് പോകാമോ?’. (അമ്മയും അപ്പച്ചനും എന്ന് പറഞ്ഞാല്‍ എന്റെ വല്യ
മ്മച്ചിയും വല്യപ്പച്ചനും) അമ്മയെയും അപ്പച്ചനെയും എനിക്ക് വലിയ ഇഷ്ട്ടമായിരുന്നതുകൊണ്ട് രണ്ടാമതൊന്നും ആലോചിക്കാതെ സമ്മതം പറഞ്ഞു. പക്ഷെ ഞാന്‍ ഒരു ചെറിയ ഉപാധി എന്റെ മാതാവിന്റെ മുന്‍പില്‍ വച്ചു. ‘ഞാന്‍ പോകാം, പക്ഷെ എന്റെ സൈക്കിളില്‍ പോകാന്‍ അനുവദിക്കണം’. എന്റെ മാതാവ്
സമ്മതിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി. കാരണം എന്റെ പ്രായത്തില്‍ ഉള്ളവര്‍ക്ക് സൈക്കിള്‍ സവാരി ഒരു ഹരമായിരുന്ന കാലഘട്ടം ആയിരുന്നു അത്. ഏകദേശം 6 കി.മി അകലെയുള്ള ഒരു ഗ്രാമത്തിലാണ് എന്റെ അമ്മയും അപ്പച്ചനും താമസിച്ചിരുന്നത്. നെല്‍പ്പാടങ്ങളും കുളങ്ങളും കാവുകളും ഒക്കെ ധാരാളമായുള്ള, പഞ്ചസാര മണല്‍ വിരിച്ച ഒരു മനോഹരമായ ഗ്രാമമാണ്. രാവിലെ തന്നെ എന്റെ മാതാവ് ഒരു സഞ്ചിയില്‍ കുറെ സാധനങ്ങള്‍ തന്നു. അത് ഞാന്‍ സൈക്കിളില്‍ വച്ചുകെട്ടി ഒറ്റയ്ക്ക് ഗ്രാമത്തിലൂടെ യാത്ര ചെയ്ത് വീടിനോട് അടുക്കാറായപ്പോള്‍ അങ്ങകലെ വീടിന്റെ ഉമ്മറപ്പടിയില്‍ പുറത്തേക്ക് നോക്കി ഇരിക്കുന്ന അമ്മയെ കണ്ടു, ഞാന്‍ മുറ്റത്തേക്ക് കയറി സൈക്കിള്‍ സ്റ്റാന്റില്‍ വച്ചു.
അപ്പോഴേക്ക് അമ്മ ഓടിവന്ന് എന്നോട് പറഞ്ഞു, ‘മോന്‍ ഒറ്റയ്ക്ക്
ആണോ വന്നത്? ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട് കുഞ്ഞുങ്ങളെ
ഒറ്റയ്ക്ക് വിടരുത് എന്ന്.’ എന്റെ അമ്മ അങ്ങനെയാണ്, വീട്ടിലുള്ളവര്‍ ആരെങ്കിലും എന്തെങ്കിലും ആവശ്യവുമായി പുറത്തു പോയാല്‍ പിന്നെ അവര്‍ തിരികെ എത്തും വരെ വീടിന് പുറത്ത് അവരെ
നോക്കി നില്‍ക്കും. വൈകിയാല്‍ പിന്നെ പതുക്കെ റോഡില്‍ ഇറങ്ങി നോക്കി നില്‍ക്കും. ഒരുപാട് നന്മകള്‍ ഉള്ള നിഷ്‌ക്കളങ്കരായ
വല്യമ്മച്ചിയും വല്യപ്പച്ചനും ആയിരുന്നു അവര്‍. ഞാന്‍ സൈക്കിളില്‍ നിന്ന് ബാഗ് എടുത്തു വീടിനുള്ളില്‍ ഒരു മേശയുടെ പുറത്ത്
കൊണ്ടു വെച്ചു എന്നിട്ട്, അമ്മ തന്ന വെള്ളം കുടിച്ചുകൊണ്ട് വീടിന് പുറത്തിരിക്കുമ്പോള്‍ വീടിനകത്തു നിന്നും ഒരു പാട്ടിന്റെ ഈരടികള്‍ കേള്‍ക്കാം. ഒരു പഴയ പാട്ടിന്റെ ഈരടികള്‍! അതിപ്രകാരമാണ്: “‘ ഭക്ഷണമില്ലാതെ വാടിക്കുഴഞ്ഞിടുമ്പോള്‍,
ഭക്ഷണമായി കാകന്‍ എന്റെ അരികില്‍ വരും.
അപ്പവും ഇറച്ചി ഇവ കരത്തില്‍ തരും.
ജീവ ഉറവയിന്‍ തോടെനിക്ക് ദാഹം തീര്‍ത്തിടും,
എനിക്കായ് കരുതാമെന്നു ഉരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേ ഒന്നും
ചുമത്തുന്നെന്‍ ഭാരമെല്ലാം നിന്റെ ചുമലില്‍’.”

Download Our Android App | iOS App

അന്ന് അമ്മ പാടിയ ആ പാട്ടിനു കണ്ണീരിന്റെ നനവുണ്ടായിരുന്നു. ദൈവത്തോടുള്ള അതിയായ സ്‌നേഹവും ഭക്തിയും ഉണ്ടായിരുന്നു. പുറത്തിരുന്നു പാട്ട് ശ്രവിച്ചു കൊണ്ടിരുന്ന എനിക്ക് ആ
പാട്ടിന്റെ അര്‍ഥം നന്നായി മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു. ഇന്നെന്ന ഭാരത്താല്‍ വ്യാകുലപ്പെട്ടിരിക്കുമ്പോഴാണ് ഞാന്‍ കടന്നു ചെല്ലുന്നത്. ഏലീയാവിനെ പോറ്റുവാന്‍ അപ്പവുമായി കടന്നുചെന്ന കാക്കയെപ്പോലെ. അന്ന് എന്റെ ഹൃദയത്തില്‍ ഉണ്ടായ
സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അന്ന് ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് നമ്മുടെ സഹായം ലഭിക്കുമ്പോള്‍, ആ വ്യക്തിക്കുണ്ടാകുന്ന സന്തോഷത്തേക്കാള്‍, എത്രയോ ഇരട്ടി ആഴമേറിയതാണ് നമുക്ക് ലഭിക്കുന്ന സന്തോഷം എന്ന് മനസിലാക്കുവാന്‍ സാധിച്ചത്. ആ സന്തോഷത്തിന്റെ ആഴവും ഉയരവും, അളക്കുവാന്‍ സാധിക്കുന്നതിലും
അപ്പുറമായിരുന്നു!

പ്രിയ പിതാവേ, മാതാവേ, സഹോദരാ, സഹോദരീ, എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഏലീയാവിനെ പോറ്റുവാന്‍ അപ്പവുമായി അയച്ച കാക്കയെ പോലെ ആകുവാന്‍ സാധിച്ചിട്ടുണ്ടോ? നിങ്ങളില്‍ നിന്ന് നന്മ അനുഭവിച്ചവരും, നിങ്ങള്‍ മുഖാന്തിരം നന്മ അനുഭവിച്ചവരും സൃഷ്ട്ടാവിനെ സ്തുതിക്കുന്നതും നന്ദി പറയുന്നതും കേള്‍ക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്!
കാരണം, വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 25ാം അദ്ധ്യായം 40 ാം വാക്യത്തില്‍ യേശുക്രിസ്തു ഇപ്രകാരം പറയുന്നു,
എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു’. (മറ്റൊരു സാഹചര്യവുമായി ബന്ധപ്പെടുത്തിയാണ് യേശുക്രിസ്തു ഇത് ശിഷ്യന്മാരോട്
പറയുന്നത് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല.)

പ്രിയരേ ഒരു നിമിഷം എന്റെ ഈ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍
ശ്രദ്ധ കൊടുക്കുമോ? ദൈവസന്നിധിയില്‍ നമ്മെ തന്നെ ഒന്ന്
ശോധന ചെയ്യാം. ഹൃദയങ്ങളെ നോക്കുന്ന ദൈവം, നാം ദാനം
ചെയ്യുന്ന വസ്തുക്കളോ, അതിന്റെ വിലയോ, വലിപ്പമോ അല്ല;
മറിച്ചു അത് ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിച്ച ഘടകം എന്താണ്
എന്നതാണ് നോക്കുന്നത്. അതായത് മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നമ്മുടെ മനോഭാവം എന്താണ്…? നമ്മുടെ ദാന ധര്‍മ്മങ്ങള്‍ എല്ലാം ദൈവഹിതപ്രകാരം ആണോ…? നമ്മുടെ സഹായങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിക്ക് തന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ…? അതായത്, എന്റെ സഹായം സ്വീകരിക്കുന്ന
വ്യക്തി, ഞാന്‍ സഹകരിക്കുന്നവരുമായേ സഹകരിക്കാവൂ, ഞാന്‍ പറയുന്ന എന്തിനെയും അനുകൂലിക്കണം, എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവര്‍ അറിഞ്ഞു പെരുമാറണം, അങ്ങനെ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്യം മറ്റുള്ളവര്‍ക്ക് നഷ്ട്ടമാകുന്നുണ്ടോ…? നമ്മുടെ സഹായം സ്വികരിക്കുന്ന വ്യക്തിയില്‍ നിന്നും
നാം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ…? നമ്മുടെ സഹായം
പകരത്തിനു പകരം ആണോ…? അതോ സമൂഹത്തില്‍ പേരും
പ്രശസ്തിയും ഉയര്‍ത്തുവാന്‍ ആണോ…? നാം ഓരോരുത്തരും
ദൈവസന്നിധിയില്‍ ഇരുന്നു സ്വയം ശോധന ചെയ്യണം. ഈ ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കുമ്പോള്‍ പോലും ഞാനും
ദൈവഹിതപ്രകാരമുള്ള ഒരു മനസ്ഥിതിയുടെ പൂര്‍ണ്ണതയില്‍
എത്തുവാന്‍ വേണ്ടി ബദ്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന
കാര്യം വിസ്മരിക്കുന്നില്ല.

പ്രിയരേ ദൈവവചനം പറയുന്നു: നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന് എന്നവണ്ണം ചെയ്യുവിന്‍, എന്നും മറ്റൊരു ഭാഗത്ത്, നാം സല്‍പ്രവ്യത്തിക്കായിട്ടു ക്രിസ്തു യേശുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും പറയുന്നു. വിശുദ്ധ
മത്തായി എഴുതിയ സുവിശേഷം 5ാം അദ്ധ്യായം 16 ാം വാക്യത്തില്‍
യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറയുന്നു ‘അങ്ങനെ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേനടത്തിനു നിങ്ങളുടെ വെളിച്ചം
അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.’ നാം മറ്റുള്ളവര്‍ക്കായി ചെയ്യുന്ന ഓരോ സഹായങ്ങളും, ദാനധര്‍മ്മങ്ങളും തിരികെ ഒന്നും പ്രതീക്ഷിക്കാതെയും, അത് ലഭിക്കുന്ന വ്യക്തികള്‍ അവരെ സ്‌നേഹിക്കുന്ന, കരുതുന്ന, സംരക്ഷിക്കുന്ന, സൃഷ്ടാവിനെ സ്തുതിക്കുവാനും, നന്ദി കരേറ്റുവാനും ഇടയാകട്ടെ. നമ്മുടെ പ്രവ്യത്തികള്‍ ഓരോന്നും തീയില്‍ക്കൂടി ശോധന ചെയ്യുന്ന നാളില്‍ വെന്തു പോകാതെ, പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നതു പോലെ നിലനില്ക്കുവാനും ഈ ഭൂമിയില്‍ പ്രതിഫലേശ്ച ഒന്നും കൂടാതെയുള്ള പ്രവൃത്തികളിലൂടെ, നമ്മുടെ സ്വര്‍ഗ്ഗത്തിലെ പ്രതിഫലം ഒന്നുപോലും കുറയാതെ പ്രാപിക്കുവാനും ഈ ചിന്തകള്‍ ഉതകട്ടെ.

കെരീത്ത് തോട്ടിലെ സംഭവത്തിനു ശേഷം കാക്ക ഏലീയാവിനെയോ, ഏലിയാവ് കാക്കയെയോ കണ്ടതായി തിരുവചനത്തില്‍
കാണ്മാന്‍ സാധിക്കുന്നില്ല. ഇതുപോലെ, ദാനം ചെയ്യുന്ന വ്യക്തികള്‍ അത് സ്വീകരിക്കുന്ന വ്യക്തികളില്‍ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെയും, ദാനം സ്വീകരിക്കുന്ന വ്യക്തികള്‍, ദാനം ചെയ്യുന്ന വ്യക്തികള്‍ക്ക് പകരത്തിനു പകരം കൊടുക്കാതെയും എല്ലാം ദൈവനാമ മഹത്വത്തിനു കാരണം ആയിത്തീരുവാന്‍ ഇടയാകട്ടെ.

ഈ മഹാമാരിയുടെ കാലത്തും ഏലീയാവിനെപ്പോലെ ദൈവം അയച്ച ഇടത്താണ് നിങ്ങള്‍ ആയിരിക്കുന്നതെങ്കില്‍ സാഹചര്യങ്ങളെയും, പ്രതിസന്ധികളെയും നോക്കി ഭയപ്പെടേണ്ട, നാളെയെക്കുറിച്ചു ഓര്‍ത്ത് വ്യാകുലപ്പെടേണ്ട, ഏലീയാവിനെ പുലര്‍ത്തിയ, സംരക്ഷിച്ച ദൈവം ഇന്നും ജീവിക്കുന്നു. അവന്‍ നിങ്ങള്‍ക്കായി പ്രവൃത്തിക്കും. ഉറപ്പും ധൈര്യവുമുള്ളവരായി വിശ്വാസത്തോടെ, വിശുദ്ധിയോടെ, ദൈവസന്നിധിയില്‍ താണിരിക്കുക. സര്‍വ്വശക്തനായ
ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

– സതീഷ് വർഗീസ്, കല്ലുമല

-ADVERTISEMENT-

You might also like