കഥ: കർത്താവിൻറെ മേശയും അച്ചായൻ്റെ പാത്രവും | ആഷേർ മാത്യു

തോമാച്ചായനെ എല്ലാവരും വിളിക്കുന്നത് ‘അച്ചായൻ’ എന്നാണ്. അച്ചായൻ ഒരു സംഭവമാണ്. സഭയുടെ നെടുംതൂൺ എന്നൊക്കെ വിശേഷിപ്പിക്കാം. സഭാസെക്രട്ടറി കൂടെയാണ് അച്ചായൻ. മക്കൾ അമേരിക്കയിലായത് കൊണ്ട് പണത്തിന് യാതൊരു കുറവുമില്ല. കുറ്റം പറയരുതല്ലോ, സഭയുടെ പ്രധാന സാമ്പത്തിക ആവശ്യങ്ങളിലെല്ലാം യാതൊരു മടിയും കൂടാതെ സഹകരിക്കും. മറ്റു പ്രമുഖർ ഒന്നും തന്നെ സഭയിൽ ഇല്ലാത്തതുകൊണ്ട് അച്ചായൻ്റെ അഭിപ്രായ പ്രകാരമാണ് മിക്ക കാര്യങ്ങളും നടക്കുക.

അച്ചായൻ ഒരു പാരമ്പര്യവാദിയാണോ എന്ന് ചോദിച്ചാൽ ഉത്തരം ബുദ്ധിമുട്ടാണ്. ഉപദേശപരമായ കാര്യങ്ങളിലെല്ലാം കർശനക്കാരനാണെങ്കിലും അടുത്തയിടക്കായി ചെറിയ മാറ്റമൊക്കെയില്ലേ എന്നൊരു സംശയമുണ്ട്. കഴിഞ്ഞ തവണ അമേരിക്കയിൽ പോയി വന്നപ്പോൾ സഭയ്ക്ക് ഒരു കീബോർഡ് വാങ്ങി നൽകി അച്ചായൻ. തമ്പേറടിച്ചു പാടിയാൽ മതി എന്ന് വാശി പിടിച്ചിട്ടുള്ള അച്ചായൻ്റെ ഈ മാറ്റം എല്ലാവരിലും ആശ്ചര്യമുളവാക്കിയിരുന്നു. എന്തായാലും യുവജനങ്ങൾക്ക് അത് വലിയ ഉത്സാഹത്തിനു കാരണമായിത്തീർന്നു. നല്ല കാര്യം.

പിന്നീടാണ് സഭാഹോൾ ഒന്ന് ശീതീകരിക്കാം എന്ന് അച്ചായന് തോന്നിയത്. ചൂട് സമയത്ത് ഹോളിനകത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് എ.സി വെച്ചുകളയാം എന്ന് അച്ചായൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനമെടുത്തു. ആദ്യമായി ചില എതിർപ്പുകളുണ്ടായത് അന്നാണ്. കുറച്ച് ചൂട് സഹിക്കാൻ കഴിയുന്നവരൊക്കെ സഭായോഗത്തിന് വന്നാൽ മതിയെന്നായി ഒരു കൂട്ടർ. കാലം മാറിയതനുസരിച്ച് കുറച്ചൊക്കെ മാറ്റം വരുന്നതിൽ തെറ്റില്ലെന്ന് മറ്റൊരു കൂട്ടർ.

അങ്ങനെ ആദ്യമായി ചില അഭിപ്രായവ്യത്യാസങ്ങൾ സഭയിൽ ഉയർന്നെങ്കിലും പെട്ടെന്നുതന്നെ അത് കെട്ടടങ്ങി. ചില മാസങ്ങൾക്ക് ശേഷം വീണ്ടും അച്ചായൻ ഒരു അമേരിക്കൻ സന്ദർശനം നടത്തി. അച്ചായൻ മടങ്ങിയെത്തിയ ശേഷമുള്ള ആദ്യ സഭായോഗത്തിലാണ് ആ സംഭവം നടന്നത്. സാക്ഷ്യത്തിനുള്ള സമയത്തിലായിരുന്നു അത്.
അച്ചായൻ തന്നെ കഴിഞ്ഞ നാളുകളിൽ ദൈവം നടത്തി വിധങ്ങളൊക്കെ പ്രസ്താവിച്ചു. അതിനുശേഷമാണ് ശ്രദ്ധേയമായ ആ കാര്യം പ്രസ്താവിച്ചത്. “ഞാൻ സഭയ്ക്കുവേണ്ടി ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ട്. സഭായോഗത്തിനു ശേഷം ഞാനത് കൈമാറുന്നതായിരിക്കും”.

എന്തായിരിക്കും ആ ‘കാര്യം’?
സത്യത്തിൽ അച്ചായൻ്റെ സാക്ഷ്യത്തിനു ശേഷം പാസ്റ്ററുടെ വചനശുശ്രൂഷ ശ്രദ്ധിക്കുവാൻ ആർക്കും കഴിഞ്ഞില്ല.

“എന്തെങ്കിലും കാര്യമായിട്ടായിരിക്കും… അല്ലെങ്കിൽ അച്ചായൻ അങ്ങനെ പറയില്ലല്ലോ…” സഹോദരിമാർ പലരും അടക്കം പറഞ്ഞു.

മുമ്പിലിരുന്ന കുഞ്ഞുങ്ങൾ അച്ചായൻ്റ കസേരയുടെ പുറകിൽ ഇരിക്കുന്ന വലിയ പൊതി എത്തി നോക്കി കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.

സഭായോഗത്തിൻ്റെ അവസാനഭാഗത്ത്, അടുത്ത ആഴ്ചത്തെ കൂട്ടായ്മകൾ എവിടെയാണെന്ന് പ്രസ്താവിച്ച ശേഷമാണ്, ആ ‘കാര്യം’ അച്ചായൻ സഭക്ക് കൈമാറിയത്. വളരെ സന്തോഷത്തോടെ പാസ്റ്റർ അത് ഏറ്റുവാങ്ങി. ആകാംക്ഷാഭരിതരായവരുടെ പിരിമുറുക്കം അവസാനിപ്പിച്ച് പാസ്റ്റർ ആപൊതി തുറന്നു.

“ഒരു പാത്രമാണല്ലോ അത് !! “. ചെറിയ ശബ്ദങ്ങൾ അവിടവിടെയായി ഉയർന്നു.
അത് ശരിയായിരുന്നു.
ഒരു വലിയ പാത്രം. അതിനകത്ത് ചെറിയ ചെറിയ നൂറിലധികം പാത്രങ്ങൾ. പലരുടെയും നെറ്റി ചുളിഞ്ഞു. എന്താണെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. പാസ്റ്റർക്കും പിടികിട്ടിയില്ല എന്ന് തോന്നുന്നു. തിരിച്ചും മറിച്ചും പാസ്റ്റർ അത് പരിശോധിച്ചു.

“ഇന്ന് മുതൽ ഇതാണ് നമ്മുടെ കർത്തൃമേശയുടെ പാത്രം. ഈ കാണുന്ന ചെറിയ പാത്രങ്ങളിൽ വീഞ്ഞ് പകർന്ന ശേഷം ഓരോരുത്തർക്കും ഓരോന്ന് കൊടുക്കാം. അങ്ങ് അമേരിക്കയിലൊക്കെ ഇതാണ് ഇപ്പോഴത്തെ രീതി. അല്ല ഇപ്പോൾ നാട്ടിലും ഇതൊക്കെ പതിവായിട്ടുണ്ട്”. അഭിമാനത്തോടെ അച്ചായൻ പറഞ്ഞു.

അവിടവിടെയായി പല മുറുമുറുപ്പുകളും അതിനകം ഉയർന്നു തുടങ്ങിയിരുന്നു.

ജോൺ ബ്രദറാണ് ആദ്യം എഴുന്നേറ്റത്.

” ഈ പരിപാടിയൊന്നും ഇവിടെ നടക്കില്ല. ഒരു പാത്രത്തിൽ നിന്ന് കുടിക്കാൻ പറ്റുന്നവർ കുടിച്ചാൽ മതി”. ദേഷ്യം കൊണ്ട് ജോൺ ബ്രദർ വിറക്കുന്നുണ്ടായിരുന്നു.

“അതെ, ഈ പരിഷ്കാരങ്ങളൊന്നും ഇവിടെ വേണ്ട. നമ്മൾ ഒരു പാനപാത്രത്തിൻ്റെയും ഒരപ്പത്തിൻ്റെയും അംശികളാണ് “. മാത്യു ബ്രദറും ജോൺ ബ്രദറിനെ പിന്താങ്ങി.

മറിച്ച് അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു. യുവജനങ്ങൾ ചിലർ എഴുന്നേറ്റു.
” പണ്ടത്തെ കാലമല്ല, പകർച്ചവ്യാധികളും പല പുതിയ രോഗങ്ങളും പടരുന്ന കാലമാണിത്”. ഒരു നഴ്സ് കൂടിയായ ജോജി അഭിപ്രായപ്പെട്ടു.

കുറച്ച് ആളുകൾ ജോജിയേയും സപ്പോർട്ട് ചെയ്തു.

പാസ്റ്റർ ആകെ കുഴഞ്ഞു.

എന്താണ് ഒരു പരിഹാരം? പാസ്റ്റർക്കും മനസ്സുകൊണ്ട് പുതിയ സമ്പ്രദായത്തോട് താൽപര്യമുണ്ടായിരുന്നില്ല. ഇത്രയും നാൾ പഠിച്ചതും ജീവിച്ചതും തിരുത്താൻ എളുപ്പമല്ല.

” ഹോട്ടലിൽ കഴിക്കാൻ പോകുമ്പോൾ പ്ലേറ്റും ഗ്ലാസ്സും കൊണ്ടു പോകാറുണ്ടോ?”

“അത് കഴുകിയിട്ടാണ് ഉപയോഗിക്കുന്നത് ”

” അല്ലെങ്കിലും അമേരിക്കക്കാർക്ക് പാവങ്ങൾ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കാൻ ബുദ്ധിമുട്ട് കാണും
“അങ്ങനെയുള്ളവർ വേറെ സഭയിൽ പോകട്ടെ”

പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. ശബ്ദ മുഖരിതമായ അന്തരീക്ഷം ശാന്തമാക്കാൻ പാസ്റ്റർ ഏറെ പണിപ്പെട്ടു.

അവസാനം ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളുവാൻ ധാരണയായി.
ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം പുതിയ പാത്രം വേണ്ട എന്നുള്ളതായിരുന്നു.

“പുരോഗമനമായി ചിന്തിക്കുവാൻ നമ്മുടെ വിശ്വാസികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സാരമില്ല, കുറച്ച് നാൾ കഴിഞ്ഞ് ഇതൊക്കെ സാധാരണമായിക്കൊള്ളും”. അച്ചായൻ തൻ്റെ വിഷമം അങ്ങനെ പറഞ്ഞുതീർത്തു.

അങ്ങനെ അച്ചായൻ്റെ ആ പാത്രം ഹാളിന് മൂലയിലുള്ള അലമാരയുടെ മുകളിൽ സ്ഥാനം പിടിച്ചു. പൊടിപിടിച്ചിരിക്കുന്ന പാത്രം കാണുമ്പോൾ ഇടക്കിടക്ക് അച്ചായൻ പറയും, “കർത്താവിൻ്റെ മേശക്ക് വേണ്ടി ഒത്തിരി ആഗ്രഹത്തോടെ ഞാൻ കൊണ്ടുവന്നതാ…”

സഭയിലെ ചില രസികരായ യുവാക്കൾ അതിന് മറുപടി കൊടുക്കും.
“മേശ കർത്താവിൻ്റെയാണെങ്കിലും പാത്രം അച്ചായൻ്റെ ആയിപ്പോയില്ലേ…”

ആഷേർ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.