ചെറുചിന്ത: സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു | ദീന ജെയിംസ്, ആഗ്ര

ലോക്‌ഡൌൺ കാലം ആത്മീകഗോളത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ആരാധനകളും പ്രാർത്ഥനാക്കൂട്ടങ്ങളും നിലച്ചു, എല്ലാവരും അവരവരുടെ വീടുകളിൽ ദൈവത്തെ പാടിസ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കാലം. ദൈവമക്കൾ ഒരുമിച്ചു കൂടി ആരാധിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്ന ദിനങ്ങൾ ഓർമ്മകളാകുന്നു. എന്നാൽ ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങൾ ഒക്കെ നമുക്ക് കൂട്ടായി ഉള്ള ഈ കാലഘട്ടത്തിൽ ആരാധനയും പ്രാർത്ഥനയും ഒക്കെ ലൈവ് ആയി നടന്നുകൊണ്ടിരിക്കുന്നു. വളരെ നല്ലത് തന്നെ. വീടുകളിൽ ഏകരായി കഴിഞ്ഞു കൂടുന്ന ദൈവ ജനത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ് ഇങ്ങനെയുള്ള പ്രോഗ്രാമുകൾ.ദൈവവചനം ശ്രവിക്കാനും പാട്ടുകൾ കേൾക്കുവാനും കാണുവാനും ഉള്ള ശുഭ അവസരം. എന്നാൽ ഇതിനിടയിൽ ആത്മീയത പ്രഹസനമാക്കി മാറ്റുന്നവരുടെ കാര്യമാണ് ആശ്ചര്യമുളവാക്കുന്നത്. കുടുംബപ്രാർത്ഥന ലൈവ്, പ്രഭാതപ്രാർത്ഥന ലൈവ്….. ഇങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഒന്നു ശ്രദ്ധിച്ചേ, അവരുടെ ശ്രദ്ധയും ഏകാഗ്രതയും മുഴുവൻ മൊബൈലിന്റെ അല്ലെങ്കിൽ ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ മാത്രമായിരിക്കും. പാടുന്നു, പ്രാർത്ഥിക്കുന്നു, അന്യഭാഷ പറയുന്നു, ഒരിക്കലും ഏകാഗ്രഹൃദയത്തോടെ പ്രാർത്ഥിക്കുവാനോ ആരാധിക്കുവാനോ അവർക്ക് സാധിക്കുകയില്ലഎല്ലാം ഒരു പ്രകടനം മാത്രം. യേശുകർത്താവ് പറഞ്ഞത് പോലെ മനുഷ്യർക്ക് വിളങ്ങേണ്ടതിനു ഇതൊക്കെ ചെയ്യുന്നു.
ഇപ്പോഴത്തെ പുതിയൊരു ആരാധനയാണ് “സൂം ആരാധന “. നിങ്ങളുടെ സഭയിൽ സൂം ആരാധന ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടിയെങ്കിൽ എന്തോ വലിയ പാപംചെയ്തപോലെയാണ്…പലരും ഓൺലൈൻ ആരാധനയിൽ സംബന്ധിക്കുന്നത് കിടക്കയിൽ കിടന്നുകൊണ്ടും ആഹാരം കഴിച്ചുകൊണ്ടും ഒക്കെയാണ്. ആര് കാണാൻ, വീഡിയോ ഓഫ്‌ ആക്കിയാൽ പോരേ… എന്നാൽ നമ്മെ ദർശിക്കുന്ന കണ്ണുകൾ ഉയരത്തിൽ ഉണ്ട് എന്ന നഗ്നസത്യം നാം മറന്നുപോകുന്നു. ഓൺലൈൻ കർത്തൃമേശയും നടക്കുന്നു എന്ന് കേൾക്കുന്നു. വീടുകളിൽ വീഞ്ഞ് ഇല്ലാത്തവർ കട്ടൻ ചായയും ഉപയോഗിക്കുന്നു.

ആത്മീകമനുഷ്യൻ എത്ര അധ:പതിച്ചിരിക്കുന്നു. ഇതൊക്ക കാണുമ്പോൾ സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുകയാണ്. നാം സ്വയം ഒന്നു വിലയിരുത്തൽ നടത്തിനോക്കു, നമ്മുടെ പ്രവർത്തികളിൽ ദൈവമഹത്വം ഉയരുന്നുണ്ടോ? ദൈവം നമ്മിൽ പ്രസാദിക്കുന്നുണ്ടോ? നമുക്കറിയാം പഴയ നിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനു ചട്ടങ്ങളും വിധികളും ഉണ്ടായിരുന്നു. ഇന്നിപ്പോൾ നാം ചെയുന്നത് ചട്ടങ്ങൾ ആയി മാറുന്നു, മറ്റുള്ളവർ അത് അനുകരിക്കുന്നു -ശരിയായാലുംതെറ്റായാലും. ദൈവഭയവും ഭക്തിയും നമ്മിൽ നിന്നും നഷ്ടമായി കൊണ്ടിരിക്കുന്നു പകരം പേരിനും പ്രശസ്തിയ്ക്കും വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഒന്നോർക്കണം, ഒരുനാൾ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുൻപാകെ നിൽക്കേണ്ടവരാണ് നാമോരോരുത്തരും.
നമ്മുടെ ആത്മീകത ഒരു പ്രകടനമായി മാറാതിരിക്കട്ടെ !!!കർത്താവ് നമ്മെ നോക്കിചിരിക്കാൻ ഇടയാകാതിരിക്കട്ടെ !!!

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.