ലേഖനം: സത്യ സുവിശേഷത്തിൻ വക്താക്കൾ ആവുക നാം | ജിറ്റോ ജോൺ കാർത്തികപ്പള്ളി

ലോകമെമ്പാടും ഉള്ള ജനങ്ങൾ കോറണ എന്ന രോഗഭീതിയിൽ ആയിരിക്കുന്ന ഒരു കാലഘട്ടമാണ് കടന്ന് പൊക്കോണ്ടിരിക്കുന്നത്. ദിവസേന സ്ഥിതിഗതികൾ മാറുന്ന അവസ്ഥ. ഒരിക്കലും നിലയ്ക്കാത്ത വമ്പന്‍ പട്ടണങ്ങളും, രാജ്യങ്ങളും പൂര്‍ണമായി നിശ്ചലമാവുന്ന കാഴ്ച . ക്രിസ്തീയ ഗോളവും മുന്‍പ് ഉണ്ടായിട്ടില്ലാത്ത അവസ്ഥകളെ അഭിമുഖികരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് പെന്തകോസ്ത് വിശ്വാസികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സഭായോഗവും, മറ്റുള്ള കൂട്ടായ്മകളും. എന്നാല്‍ അവയും ലോക് ഡൗണിൽ ആയിരിക്കുന്നു. ആഴ്ചകളായി ഒരു പ്രാർത്ഥനയോഗങ്ങള്‍ പോലും ഇല്ലാതെ നമ്മുടെ ചര്‍ച്ചുകള്‍ മാറിയിരിക്കുകയാണ്. ഇങ്ങനെ ഒരു അവസരത്തിലാണ് ടെക്നോളജി ഉപയോഗപ്പെടുത്തി കൊണ്ട്‌ ഓൺലൈൻ പ്രാർത്ഥനകളും, വിട്ടിലെ സഭായോഗവും ഒക്കെ കടന്ന് വരുന്നത്. ഒരര്‍ത്ഥത്തില്‍ നിരവധി ആളുകള്‍ക്ക് ഇ കോറോണക്കാലത്ത് ഓൺലൈൻ മീറ്റിംഗുകൾ വളരെ ഗുണം ചെയതു എന്ന് തന്നെ പറയാം. എന്നാൽ അതിനൊപ്പം തന്നെ വിവാദങ്ങളും ഉണ്ടായി. പ്രത്യേകിച്ചും തിരുമേശ തുടങ്ങിയ കാര്യങ്ങളിൽ, വളര്‍ത്ത് മൃഗങ്ങളോടോപ്പം വരെ തിരുമേശയിൽ പങ്കെടുക്കുന്നത് നാം കണ്ടു.

പക്ഷെ ഇവ ഒക്കെയും കാണുമ്പോൾ നാം ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ഇത് പോലെ ഉള്ള ഉപദേശങ്ങളും, തെറ്റായ പ്രവണതകളും ക്രിസ്തീയ ഗോളത്തില്‍ അടിക്കടി ഉണ്ടാകുന്നത് എന്ന്. അതിനുള്ള കാരണം തിരക്കി പോയാൽ ഒന്ന് മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ, നാം നമുക്ക് തന്നിട്ടുള്ള കടമ ചെയ്യുന്നില്ല. അതുകൊണ്ട്‌ തന്നെയാണ് വളരെ അധികം തെറ്റായ ഉപദേശങ്ങള്‍ വരുന്നതും പലരും അതിൽ വിശ്വസിക്കുന്നതും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നമുക്ക് നല്‍കിയിരിക്കുന്നതും, നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്നതുമായ നമ്മുടെ കടമ, അത് ഇപ്രകാരമാണ്. പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. മർക്കൊസ് 16:15. സത്യ സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് ഉള്ളത്. നാം നമ്മൾ പഠിച്ചതും, പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നതുമായ ബൈബിൾ സത്യങ്ങൾ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാത്തത് മൂലമാണ് ഇത്തരം തെറ്റായ ഉപദേശങ്ങള്‍ സമൂഹത്തിൽ പടരുന്നതും ആളുകൾ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. ഇന്ന്‌ ഇത്തരം തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നവരോട് നിങ്ങൾ പറയുന്നതും, പഠിപ്പിക്കുന്നതും തെറ്റാണ് എന്ന് പറയുവാൻ ആരും മെനക്കെടാറില്ല. അതിനു ഒരളവ് വരെ ഇത്തരക്കാരെ അന്ധമായി വിശ്വസിക്കുന്ന അവരുടെ ഫാന്‍സ് തന്നെ കാരണം. എന്നാൽ നാം നമ്മുടെ കടമ ചെയ്യുകയാണ് എങ്കിൽ ജനം സത്യം മനസിലാക്കുകയും, ബൈബിൾ സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യും.

ബൈബിൾ നാം പഠിക്കുമ്പോൾ ദൈവം മോശയിലൂടെ ഇസ്രായേല്‍ മക്കള്‍ക്ക് ഓരോ കല്‍പനകള്‍ നല്‍ക്കുമ്പോഴും ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ എന്റെ കല്‍പനകള്‍ അനുസരിക്കണം എന്ന് മാത്രം അല്ല, നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. ആവർത്തനം 6:7 ദൈവീക കല്‍പനകളും, പ്രമാണങ്ങളും നമുക്ക് അനുസരിക്കാൻ മാത്രം ഉള്ളതല്ല മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ഉള്ളതാണ് അതിനായി നമുക്ക് ഇ സമയം വിനിയോഗിക്കാം. നമുക്ക് ഓരോരുത്തര്‍ക്കും സത്യ സുവിശേഷത്തിൻ വക്താക്കൾ ആയി മാറാം.

ജിറ്റോ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.