ലേഖനം: ദൈവീക ഇടപെടലുകൾ | ബോബൻ ശാമുവേൽ തുവയൂർ

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം ദൈവത്തോട് ആലോചന പറയുന്നവരാണ്. എന്നെക്കുറിച്ചുള്ള അവിടുത്തെ ഇഷ്ടം എന്താണ് എന്ന് ചോദിക്കേണ്ടതിനു പകരം നമ്മുടെ ഇഷ്ടങ്ങളുടെ ഒരു നീണ്ട പദ്ധതി ദൈവത്തിനു നാം സമർപ്പിക്കും. അതിനു വേണ്ടി തുറക്കപ്പെടേണ്ട വാതിലുകളും സ്ഥാനങ്ങളും വ്യക്തികളേയും പ്രാർത്ഥനയിലൂടെ ദൈവത്തിനു കാട്ടികൊടുക്കും. പിന്നെ ഉപവാസം, പ്രാർത്ഥന, കണ്ണുനീർ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആഗ്രഹപൂർത്തീകരണത്തിനു ശ്രമിക്കും. ഒന്നും നടക്കാതെ വരുമ്പോൾ പിന്നെ ദൈവത്തെ കുറ്റം പറയും. എന്നാൽ നമ്മിലൂടെ വെളിപ്പെടേണ്ട ദൈവത്തിന്റെ ഹിതം എന്തെന്ന് ആരാഞ്ഞറിയുവാൻ നാം മനസ്സുവെച്ചാൽ ദൈവം നമ്മെ അതിനുവേണ്ടി സജ്ജരാക്കും. അതിനു നമ്മുടെ കുറുക്കു വഴികൾ ദൈവത്തിനു ആവശ്യമില്ല. ക്രിസ്തീയ ജീവിതത്തിൽ മടുപ്പു വരാൻ ഒന്നാമത്തെ കാരണം ദൈവ ഇഷ്ടങ്ങളേക്കാൾ നമ്മുടെ ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതാണ്. അത് പിന്നീട് ആത്മീയ മന്ദതയിലേക്ക് എത്തപ്പെ ട്ടേക്കാം. അതു പിശാചിന്റെ വലിയ ഒരു കെണിയാണ്. നമ്മെ അലസത ഉള്ളവരാക്കുക. അലസമായ മനസ് സാത്താന്റെ പണിപ്പുര ആണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.

ഇന്ന് നാം ദൈവീക പദ്ധതിക്കകത്തോ അതോ സാത്താന്റെ പണിപ്പുരയിലോ? ഈ lockdown കാലത്തു ഒരുമിച്ചുള്ള ആരാധനയും കൂട്ടായ്മകളും ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി ദൈവത്തോടുള്ള ബന്ധത്തിനു കോട്ടം സംഭവിച്ചോ? അതോ ദൈവസാന്നിധ്യത്തി ലേക്കു മടങ്ങിവന്നോ? ദൈവം നമ്മെകുറിച്ചു ആഗ്രഹിക്കുന്ന ഇടത്തു നാം ആയിരിക്കുന്നതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനം.നാം അതിനു പുറത്തെങ്കിൽ നമ്മോടുള്ള സ്നേഹം നിമിത്തം ചില ഇടപെടലുകൾ ദൈവം നടത്തിയേക്കും. അത് ചിലപ്പോൾ വേദനാ പൂർണമായേക്കാം. നമുക്ക് സുരക്ഷിതമെന്ന് നാം കരുതുന്ന കൂടുകളുടെ തകർക്കപ്പെടൽ ആയിരിക്കാം.യോസേഫിന്റെ ജീവിതത്തിലേക്ക് നോക്കിയാൽ അപ്പന്റെ സുരക്ഷിതത്വത്തിൽ നിന്നും പൊട്ടകിണറിന്റെ അഗാതതയിലേക്കും അടിമച്ചന്തയിലെ കോലാഹലത്തിലേക്കും പോത്തിഫറിന്റെ വീട്ടിലെ പരീക്ഷണങ്ങളിലേക്കും കാരാഗ്രഹത്തിലെ ഏകാന്തതയിലേക്കും വലിച്ചെറിയപെട്ടു എങ്കിലും അവൻ ദൈവീക ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിലേക്കു എത്തിച്ചേർന്നു. ഇന്ന് നാം നേരിടുന്ന പ്രതികൂല കാറ്റുകൾ കൂടുതൽ ശോഭനമായ തുറമുഖത്തേക്ക് നമ്മെ എത്തിക്കുന്നതിന് മുഖാന്തിരമായേക്കാം. എല്ലാറ്റിനും ദൈവത്തിനു ഒരു പ്ലാൻ ഉണ്ട്. ഒരു ശുഭ ഭാവിയിലേക്ക് നാം എത്തിച്ചേരേണ്ടതിന് നമുക്കായുള്ള ദൈവിക നിരൂപണങ്ങൾ ഒരിക്കലും തിന്മക്കല്ല നന്മക്കത്രേ… തീർച്ച.

ബോബൻ ശാമുവേൽ തുവയൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.