ഭാവന: നാട്ടിൻപുറത്തെ ലോക്ക് ഡൗൺ വിശേഷങ്ങൾ | എഡിസൺ ബി ഇടയ്ക്കാട്

ലോക്ക് ഡൗൺ അധികം ബാധിക്കാത്ത ഒരു കൊച്ചു ഗ്രാമം. വെൺകുളം ഏലാ എന്നറിയപ്പെടുന്ന വയൽ, അതിനോടു ചേർന്നു ഒഴുകുന്ന കൊച്ചു തോട്, നിറയെ മീനുകളുള്ള കുളം, ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന കുറേ മനുഷ്യരുമുള്ള കൊച്ചുഗ്രാമം. വയൽ അടുത്തുള്ളതിനാൽ കന്നുകാലി കൃഷി ധാരാളമായി ഇവിടുത്തുകാർ ചെയ്യുന്നുണ്ട്. കൊറോണ കാര്യമായ പ്രശ്നം സൃഷ്ടിക്കാത്ത ഈ കൊച്ചു ഗ്രാമത്തിൽ സാധാരണക്കാരായ ജനങ്ങൾ രാവിലെ തങ്ങൾ വളർത്തുന്ന പശു, ആട്, പോത്ത് എന്നിവയുമായി വയലിലേക്ക് ഇറങ്ങും. കുളത്തിന്റെയോ തോടിന്റെയോ ഓരങ്ങളിൽ നിർത്തി അവയെ കുളിപ്പിച്ച് വയലിൽ കെട്ടും. കുറേപ്പേർ അവിടെത്തന്നെ കൂടുതൽ സമയം ചെലവഴിക്കും. കാരണം ഈ കന്നുകാലികളെ വീട്ടിലെത്തിച്ചാൽ അവിടെയും അവർക്ക് കഴിക്കാൻ എന്തെങ്കിലും വേണ്ടേ. അതുകൊണ്ട് കുറെപ്പേർ ആ വയലുകൾ കേന്ദ്രീകരിച്ച് പുല്ലുകൾ കണ്ടെത്താൻ ശ്രമിക്കും.
ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങരുത് എന്ന കർശന നിർദ്ദേശം ഉണ്ടെങ്കിലും സാധാരണക്കാരായ ഈ കർഷകർ വയലിൽ പോകുന്നത് നാട്ടിലെ പോലീസുകാർക്ക് അത്രകണ്ട് ഇഷ്ടമല്ല. നാട്ടിലെ പ്രധാന വഴികളിലൂടെ നിരീക്ഷണത്തിന് പൊലീസുകാർ വരാറുണ്ടെങ്കിലും ഈ വയലിലേക്ക് വരാൻ സാധ്യത ഇല്ലെന്ന് പാവം കർഷകർ ചിന്തിച്ചു. യൂണിഫോമിട്ട പോലീസുകാരെ പരിചയമുണ്ട്. പക്ഷേ മുകളിലൂടെ പറന്നു വരുന്ന ഹെലിക്യാം വലിയ പിടുത്തം ഇല്ലാത്തവരാണ് ഈ നാട്ടുംപുറംകാർ.
അങ്ങനെയിരിക്കെ പതിവുപോലെ ഈ കർഷകർ തങ്ങളുടെ കന്നുകാലികളുമായി വയലിലെത്തി. കൂടെ പോലീസിന്റെ ഹെലിക്യാമും. തലേന്നു വൈകിട്ട് വാർത്ത കണ്ട ഏതോ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു, “എടാ അത് പോലീസാ”. കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും ഓട്ടം, വെപ്രാളം പിടിച്ചു ഓടാൻ തുടങ്ങി. ഇസ്രായേൽ ചരിത്രത്തിൽ ചെങ്കടൽ പിളർന്നപ്പോൾ ഫറവോനെയും കൂട്ടരെയും കണ്ട് ഓടിയ അതേ ഓട്ടം ഇവിടെ വെൺകുളം ഏലായിൽ നടന്നു. ചിലർ ഓടി അടുത്ത് കരകൃഷി നടക്കുന്ന വാഴത്തോട്ടത്തിൽ എത്തി വാഴകൈകൾ കൊണ്ട് തങ്ങളെ മറക്കാൻ ശ്രമിച്ചു. നമ്മുടെ ആദവും ഹവ്വയും ഇലകൾ കൊണ്ട് തങ്ങളുടെ നാണം മറയ്ക്കാൻ ശ്രമിച്ചതുപോലെ. മറ്റു ചിലർ കുളത്തിലേയ്ക്ക് എടുത്തുചാടി. വയലിന് അടുത്ത് വീട് ഉള്ളവരൊക്കെ ഓടിക്കിതച്ചു തങ്ങളുടെ വീട്ടിൽ കയറി.
പോലീസുകാരും നാട്ടുകാരും തമ്മിൽ അത്ര കണ്ട് ചേർച്ചയില്ലാത്ത ആ രംഗം അവിടെ നിൽക്കട്ടെ.
വൈകിട്ട് ആ വയലിന്റെ മറ്റൊരു ഭാഗത്ത് ഫുട്ബോൾ കളിയുണ്ട്. ആ പ്രദേശത്തെ ചെറുപ്പക്കാർ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവിടെ എത്താറുണ്ട്. കളി തുടങ്ങി പകുതി സമയം പിന്നിടുമ്പോഴേക്കും പരിചിതമല്ലാത്ത ഒരു വ്യക്തി അവിടെയെത്തി. അവിടെ കണ്ട കുട്ടികളോട് ഒരു ചെറിയ ഉപദേശം ആ മനുഷ്യൻ വക. ‘ഡാ പിള്ളേരെ കൊറോണ അല്ലേ, കൂട്ടംകൂടി കളിക്കാൻ പാടില്ല’. ചോദ്യം കേട്ട കുട്ടികൾ അല്പം ദേഷ്യം കലർത്തി മറുപടി നൽകി. മറുപടി കേട്ട് തൃപ്തനായ അപരിചിതൻ സംഗതി അത്ര പന്തിയല്ലന്ന് മനസ്സിലാക്കി സ്ഥലംവിട്ടു. കുട്ടികൾ ഒരാളെ കണ്ടം വഴി ഓടിച്ചു എന്ന സന്തോഷത്തിൽ ആർത്തുചിരിച്ചു.
അടുത്ത ദിവസവും ഇതേപോലെ വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കാൻ കുട്ടികൾ ഒത്തുചേർന്നു. കളി തുടങ്ങാനുള്ള ആദ്യ വിസിൽ മുഴങ്ങി. ഇന്നത്തെ കളിക്ക് ചില പുതുമുഖങ്ങൾ കൂടി ഉണ്ട്. അടുത്ത പോലീസ് സ്റ്റേഷനിലെ കാക്കിയിട്ട പോലീസുകാർ. പോലീസുകാരെ കണ്ടപാടെ കുട്ടികൾ ഓടാൻ തുടങ്ങി. നന്നായി ഓടാൻ അറിയുന്നവർ ഒക്കെ ഓടി രക്ഷപ്പെട്ടു. ചിലരെ പോലീസുകാർ പൊക്കി. ഇന്നലെ തെറി പറഞ്ഞു ഓടിച്ച അപരിചിതനെ കാക്കി ഇട്ട് കണ്ടപ്പോൾ പിള്ളേര് വിറയ്ക്കാൻ തുടങ്ങി. നന്ദിയുണ്ടെന്ന് ആ അപരിചിതൻ. ക്ഷമിക്കണമെന്ന് പിടിക്കപ്പെട്ട കുട്ടികൾ. മാപ്പ് അനുവദിച്ച പോലീസ് ഏമാന്മാർ ഇനി ഇവിടെ കണ്ടു പോകരുത് എന്ന് താക്കീതും നൽകി.

ഇവിടെ പരാമർശിച്ച കഥയുമായി ഏതെങ്കിലും സംഭവങ്ങൾക്ക് സാമ്യം ഉണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം…..

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.