ലേഖനം: കൊറോണ എന്ന ആധുനിക ഫറവോൻ | പാ. സണ്ണി പി. സാമുവൽ

കോവിഡ് 19 ബാധിച്ചാൽ മരിക്കാനുള്ള സാദ്ധ്യത പുരുഷന്മാരിൽ കൂടുതലാണെന്നു മെഡിക്കൽ സയൻസ് കണ്ടെത്തിയിരിക്കുന്നു. മരണനിരക്ക് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇരട്ടിയിലധികം ആണ്. ഇപ്പോൾ, അതിന്റെ യഥാർത്ഥ കാരണം ജർമ്മനിയിൽ കണ്ടെത്തിയിരിക്കുന്നു. ഹാംബർഗ് എപ്പെൻഡോർഫിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ICU-ൽ പ്രവേശിപ്പിച്ച 45 കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് തെളിയിക്കപ്പെട്ടത്. രോഗികളായി സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു.

പുരുഷ ഹോർമോൺ എന്നു വിവക്ഷിക്കപ്പെടുന്ന ടെസ്റ്റോസ്റ്റീറോണിന്റെ അളവു കുറവുള്ള രോഗികളിൽ മരണസംഖ്യ ഏറുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഹോർമോൺ കൂടെയാണ് ടെസ്റ്റോസ്റ്റീറോൺ. ഈ ഹോർമോൺ കുറവുള്ള പുരുഷന്മാരിലെ പ്രതിരോധ സംവിധാനം തകരാറിലാകുയൊ, പരാജയപ്പെടുകയോ ചെയ്യുന്നു. തന്മൂലം ശരീരത്തിൽ ‘സൈറ്റോകയ്ൻ സ്റ്റോം’ (cytocine storm) എന്ന അവസ്ഥ രൂപപ്പെടുവാൻ ഇടയാകുന്നു. കോവിഡ് കുടുംബത്തില്പെട്ട വൈറസുകൾ ശരീരത്തിൽ കടന്നു കൂടിയാൽ ശരീരം വളരെ ഉയർന്ന തോതിൽ സൈറ്റോകയ്നുകളെ ഉല്പാദിപ്പിച്ചു തുടങ്ങും. തന്മൂലം പ്രതിരോധ സംവിധാനം വളരെ ഉയർന്ന തോതിൽ പ്രവർത്തിച്ചു തുടങ്ങും. അനിയന്ത്രിതമായ പ്രതിരോധ പ്രവർത്തനം അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) എന്ന ഗുരുതരാവസ്ഥയിലേക്ക് രോഗിയെ എത്തിച്ച് മരണം സംഭവിക്കുന്നു. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് നോർമൽ ആയവരിൽ ‘സൈറ്റോകയ്ൻ സ്റ്റോം’ എന്ന പ്രതിഭാസം ഉണ്ടാവാറില്ല. ചുരുക്കത്തിൽ, രോഗപ്രതിരോധ വ്യൂഹത്തെ അമിതമായി പ്രതികരിപ്പിച്ചാണ് കൊറോണ വ്യക്തികളെ മരണത്തിലേക്ക് തള്ളി വിടുന്നത്. സൈറ്റോകൈയ്ൻ എന്നത് രക്തത്തിലെ ചെറിയ പ്രോട്ടീനുകളാണ്. സൈറ്റോകൈയ്ൻ സ്റ്റോം ഉണ്ടാകുമ്പോൾ രക്തത്തിൽ അമിതമായി ശ്വേതരക്താണുക്കൾ പ്രതിപ്രവർത്തനം ആരംഭിക്കുന്നു. തന്മൂലം ലിംഫോസൈറ്റ്, ന്യൂട്രോഫിൽ എന്നീ പ്രതിരോധ കോശങ്ങൾ ഉത്തേജിക്കപ്പെടുകയും അവ ശ്വാസകോശത്തിൽ കടന്നു ചെന്നു ടിഷ്യൂകൾക്കു കേടു വരുത്തുകയും ചെയ്യുന്നു. ക്രമേണ ശ്വാസകോശത്തിൽ നിർജ്ജീവമായ പ്രോട്ടീനുകളുടെയും കോശങ്ങളുടെയും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഹയലയ്ൻ (hyaline)എന്നൊരു സ്തരം സൃഷ്ടിക്കപ്പെടുന്നു. ഈ പാളി ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയാൽ പിന്നെ പ്രാണവായു രക്തത്തിൽ എത്തുക ദുഷ്കരം- മരണം ഉറപ്പ്.

ജനിക്കുന്ന ആൺതലമുറകളെ ഒക്കേയും നീലനദിയിൽ ഇട്ടു കളയണമെന്ന നയം ആവിഷ്കരിച്ചു നടപ്പിലാക്കിയ ഫറവോന്റെ (പുറപ്പാട് 1:22) ആധുനിക പതിപ്പായി കോവിഡ് 19 ബാധയെ വിശേഷിപ്പിക്കാം. ഇത് പ്രവചന നിവൃത്തിയാണ്. ദൈവം നേരിട്ടു് പറഞ്ഞ പ്രവചനം തന്നെ. “ഞാൻ അപ്പം എന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ട് തൃപ്തരാകയില്ല (ലേവ്യാ: 26:26). “ഷെയറിങ്ങ് കിച്ചൺ”എന്ന പുതിയ സമ്പ്രദായം സാർവ്വത്രികമാകുമെന്ന് ഈ പ്രവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഉല്പന്നത്തിന്റെ തൂക്കം അനുസരിച്ച് കൂലി എന്ന ധനതത്വശാസ്ത്രം ലോകവ്യാപകമായി നിലവിൽ വരും. നോക്കുകുലിയും, കുത്തുകൂലിയും, കെട്ടുകൂലിയും തെട്ടുകൂലിയും ഒന്നും ഇല്ലാത്ത തൊഴിൽ നയം. കർഷകതൊഴിലാളി ക്ഷേമനിയമങ്ങൾ എന്ന വരട്ടു തത്വശാസ്ത്രം അന്നു വിലപ്പോകില്ല. നോ പ്രൊഡക്ഷൻ, നോ വെയ്ജസ് നിയമം മാൻഡെറ്ററിയായി നടപ്പിൽ വരും. ‘വരമ്പത്ത് കൂലി’ എന്ന ചൊല്ല് മാറി ‘കളത്തിൽ കൂലി’ എന്ന പുതിയ ചൊല്ല് പറഞ്ഞു തുടങ്ങും. കൊടി കുത്തിയിട്ടും സമരം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിൽ ഇന്ന് ഇതു ചിന്തിക്കാനാവില്ല. പക്ഷേ അതു നടന്നിരിക്കും.

അന്ന് സ്ത്രീകളുടെ എണ്ണം വർദ്ധിച്ച് ശരാശരി 1:7 എന്ന അനുപാതത്തിൽ എത്തിച്ചേരും. “അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു; ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർ മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും (യെശയ്യാ: 4:1). വിവാഹം ഇല്ലാത്ത കാലം. സ്ത്രീകൾ പുരുഷന്മാരെ പിടിക്കുന്ന കാലം. സ്ത്രീലൈംഗിക അരാജകത്വത്തിന്റെ കാലം. പണ്ടത്തെ അന്ത:പുര സമ്പ്രദായം സാധാരണയാകുന്ന കാലം. സ്ത്രീക്കു നീതി കിട്ടാതെ നിന്ദിക്കപ്പെടുന്ന കാലം. ഫെമിനിസം തകർന്നടിഞ്ഞ് വനിതസംരക്ഷണ കമ്മറ്റികൾ നോക്കുകുത്തികളായി തീരുന്ന ഒരു കാലം.

എല്ലാറ്റിനുമുപരി, വൻ ഭക്ഷ്യക്ഷാമത്തിന്റെ കാലം. ഭൂമി വിളവു നല്കിയെങ്കിലല്ലേ ധാന്യം ഉണ്ടാകൂ. ദൈവം കനിഞ്ഞെങ്കിലല്ലേ വിളവ് കൊയ്യാൻ പറ്റൂ. കിഴക്കൻ ആഫ്രിക്കയിലെ ഏഴു രാജ്യങ്ങളെ തകർത്തു തരിപ്പണമാക്കിയ വെട്ടുകിളി സൈന്യം പാകിസ്ഥാൻ വഴി ഇന്ത്യയിൽ രാജസ്ഥാനിലും ഗുജറാത്തിലും എത്തിക്കഴിഞ്ഞു. അവിടെ ഇതു വിളവെടുപ്പിന്റെ കാലം. ദൈവത്തിന്റെ സൈന്യം വിളവെടുത്തു കഴിഞ്ഞ് വല്ലതും മിച്ചമുണ്ടെങ്കിൽ കർഷകനും കിട്ടും.
ഇന്ത്യയിൽ ഭക്ഷ്യക്ഷാമം ഉണ്ടായാൽ അത് ആഗോള പ്രതിസന്ധിയും ക്ഷാമവുമാണ്. ഇന്ത്യൻ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുന്നവയാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും!

കൊറോണാനന്തര ലോകം എന്തായിരിക്കുമെന്ന് ചിന്താതീതം. രാഷ്ടീയ-രാജ്യാന്തര സമവാക്യങ്ങൾ പൊളിച്ചെഴുതുന്ന കാലം ആയിരിക്കുമത്. പുതിയ സാമ്പത്തിക-ധനതത്വ ശാസ്ത്രങ്ങൾ ഉരുത്തിരിഞ്ഞു വരും. ഇപ്പോൾ തന്നെ മൾട്ടി നാഷനൽ കമ്പനികളും അവരുടെ ഉല്പന്നങ്ങളുമാണ് ലോക വിപണിയെയും സമ്പത് ഘടനയെയും നിയന്ത്രിക്കുന്നത്. കൊറോണ കാരണം ഉല്പാദനം കുറയുകയും ഉല്പന്നങ്ങൾ ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്യുന്നു. നിക്ഷേപിച്ച പണം തിരിച്ചു പിടിക്കാനാവാതെ കമ്പനികൾ കുഴയുന്നു. വിപണന നിരക്ക് പൂജ്യത്തിലെത്തി നില്ക്കുന്നു. സമ്പന്നരുടെ മൊത്തം ആസ്തിയുടെ മൂന്നിൽ ഒന്നുവരെ കുറഞ്ഞതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

മൾട്ടി നാഷണൽ കമ്പനികൾ തമ്മിൽ
വൻ മൽസരം ആയിരുന്നു വിപണിയിൽ നാളിതുവരെ കാഴ്ച വച്ചിരുന്നത്. കൊറോണയുടെ ഉത്ഭവം തന്നെ ആഗോള ബിസ്സിനസ് യുദ്ധത്തിന്റെ ഉപോല്പന്നമാണെന്ന ആരോപണം നിലനില്ക്കുന്നുണ്ടല്ലോ. ചില കമ്പനികളുടെ മൊത്തം വിറ്റുവരവ് ചില രാജ്യങ്ങളുടെ വാർഷിക ബജറ്റിനെ കവിയുന്ന തുക ആയിരുന്നു. എന്നാൽ ഇപ്പോൾ സകലവും നിശ്ചലമായിരിക്കുന്നു. കൊറോണ കഴിഞ്ഞു വിപണി സജീവമാകുമ്പോൾ ഈ കമ്പനികൾ തമ്മിൽ യാതൊരു ധർമ്മികതയുമില്ലാത്ത ‘വൻ ബിസ്സിനസ്/ട്രെയ്ഡ് വാർ’ അരങ്ങേറുവാൻ പോവുകയാണ്. നിലനില്പ് എന്നതായിരിക്കും ഏവരുടെയും ആപ്തവാക്യം. ചില കമ്പനികൾ ഇപ്പോഴേ അത് മുഖമുദ്രയാക്കി കഴിഞ്ഞു.
ലോകത്തിലെ മിക്ക രാജ്യങ്ങളും -പ്രത്യേകിച്ച് വൻ സാമ്പത്തിക ശക്തികൾ- തകർന്നടിഞ്ഞു കഴിഞ്ഞു. പിടിച്ചു നില്ക്കാൻ കറൻസികൾ വെറുതെ അച്ചടിച്ചാൽ മതി എന്ന ഘട്ടത്തിൽ വരെ കാര്യങ്ങൾ എത്തി. കൊറോണാനന്തര കാലം The age of cool distress എന്നു വിവക്ഷിക്കപ്പെടാം. Cool എന്നത് മാറി frozen എന്നാകാനും സാദ്ധ്യതയുണ്ട്.

ബൈബിൾ പ്രവചിക്കുന്ന ഏകലോകഭരണ ക്രമത്തിലേക്ക് ലോകം നയിക്കപ്പെടുന്നതിന്റെ മുന്നോടിയായിരിക്കും കൊറോണാ കാലാനന്തര ലോക വിപണിയും സാമ്പത്തിക ധനതത്വ ശാസ്ത്രങ്ങളും. അതെ, എതിർക്രിസ്തുവിനായി ലോകം ഒരുങ്ങിക്കഴിഞ്ഞു.

എല്ലാറ്റിനുമുപരി, ദൈവത്തിന്റെ ഹിതാനുസരണം കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്ന ദൈവക്രോധത്തിന്റെ കാലം ആയിരിക്കും. “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, ” (സങ്കീ:2:6)എന്നു പിതാവായ ദൈവം ക്രോധത്തോടെ ഭൂമിയിലെ രാജാക്കന്മാരോട് അരുളിച്ചെയ്യുന്ന ദിവസം വരുന്നതിന്റെ ഒരുക്കങ്ങളാണിതെല്ലാം.
അങ്ങനെയെങ്കിൽ നാം ജാഗരൂകരാകുക. കാരണം മനുഷ്യപുത്രൻ വാതുക്കൽ. അവന്റെ വരവിന്റെ ഉണർത്തുപാട്ട് (wake-up calls) ആണിതെല്ലാം. അടയാളങ്ങൾ വിരൽ ചൂണ്ടുന്നത് ആ ദിശയിലേക്കാണ്. ഇതാ അവൻ മേഘാരൂഢനായി വരുന്നു (വെളി: 1:7). നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങികൊൾക.

“അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ
മദ്ധ്യവാനിൽ യേശു വെളിപ്പെടുമേ”.

പാസ്റ്റർ സണ്ണി പി. സാമുവൽ,
റാസ് അൽ ഖൈമ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.