ലേഖനം: ഏലിയാവ് നമ്മുക്ക് സമസ്വഭാവമുള്ള മനുഷ്യൻ | അജു ഡൽഹി

പഴയ നിയമ പുസ്തകത്തിലെ പ്രമുഖ കഥാപത്രമായ ഏലീയാവിനെ പറ്റി അറിയാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല. പുതിയ നിയമത്തിലും ചില ഭാഗങ്ങളിൽ ഏലീയാവിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. യഹോവയുടെ അരുളപ്പാടു അറിയിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്ത ഒരു പ്രവാചകൻ ആയിരുന്നു ഏലിയാവ് എന്ന് വേണമെങ്കിൽ പറയാം.
യിസ്രായേൽ രാജാവായ ആഹാബിന്റെ മുന്നിൽ ചെന്ന് “ഞാൻ സേവിച്ചു നിൽക്കുന്നവനായ യിസ്രായേലിന്റെ ദൈവമായ യഹോവയാണ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകില്ല “എന്ന് വിളിച്ചു പറയാൻ ഏലീയാവിനു ധൈര്യം ഉണ്ടായി (1 രാജാ. 17: 1).
ചരിത്രം പഠിച്ചാൽ ഇത്രയും ദുഷ്ടനായ ഒരു ഭരണാധികാരിയുടെ മുന്നിൽ ചെന്ന് ഇതു പോലെ പറഞ്ഞാൽ എന്തായിരിക്കും അനുഭവം എന്ന് ഓർക്കണം. എന്നാൽ ദൈവത്തിൽ ആശ്രയിക്കയും ദൈവം ആശ്രയമായിരിക്കയും ചെയ്യുന്ന ഏലീയാവിനു ധൈര്യം ദൈവം തന്നെ ആയിരുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് എന്നരുളി ചെയ്ത ദൈവത്തോട് പാപം ചെയ്തു അന്യദൈവങ്ങൾക്ക് ബലി കഴിച്ചു നടന്നിരുന്ന ആഹാബിനോട് തന്റെ അരുളപ്പാടു അറിയിക്കാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തി ആയിരുന്നു ഏലിയാവ്. എന്റെ നിരീക്ഷണത്തിൽ ഉയർന്ന ബാങ്ക് ബാലൻസ് ഉണ്ടാക്കിയിട്ട് ദൈവത്തെ സേവിക്കാൻ ഇറങ്ങിയ വ്യക്തി അല്ലായിരുന്നു ഏലിയാവ്.
ഈ അരുളപ്പാടൊക്കെയും ആഹാബിനോട് പറഞ്ഞ ശേഷം 1രാജ. 17:3 നാം കാണുന്നു ദൈവം അവനോട് “ഇവിടെ നിന്നും പുറപ്പെട്ടു കിഴക്കോട്ട് ചെന്ന് യോർദ്ദാനു കിഴക്കുള്ള കേരിത്തു തോട്ടിനരികെ ഒളിച്ചിരിക്ക; തോട്ടിൽ നിന്നും കുടിക്കണം അവിടെ നിനക്ക് ഭക്ഷണം തരുവാൻ ഒരു കാക്കയോട് കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ദൈവത്തിനു വേണ്ടി ഒരു ഭക്തൻ ഒരു കാര്യം ചെയ്താൽ ദൈവം അവനെ ജീവനോടെ പരിപാലിക്കും എന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. ഒരു പക്ഷെ ഇടുങ്ങിയ വഴി ആയിരിക്കാം. എന്നാൽ അതിന്റെ അവസാനം എത്തിച്ചേരുന്നത് നിത്യ ജീവന്റെ വഴിയിലേക്കാണ്. ഏലീയാവിനു തന്റെ ദൈവത്തിന്റെ കരുതലിനെ കുറിച്ചു നന്നായി അറിയാമായിരുന്നു. വിളിച്ച ദൈവം വിശ്വസ്തനാണ്; വഴിയിൽ ഉപേക്ഷിച്ചു പോകുന്നവനല്ല എന്നും അറിയാമായിരുന്നു. അങ്ങനെ ഏലിയാവ് പുറപ്പെട്ടു ചെന്ന് കേരീത്തിൽ പാർത്തു. തോട്ടിൽ നിന്നും വെള്ളം കുടിച്ചു കാക്ക കൊണ്ടുവന്ന ആഹാരവും കഴിച്ച്‌..…
നാം ആ അദ്ധ്യായം താഴോട്ട് വായിച്ചാൽ 17:10 മുതൽ കാണുന്നത് ദൈവം തന്റെ ഭൃത്യനെ പരിപാലിക്കുന്നതിനോടൊപ്പം അവൻ പാർത്തിരിക്കുന്ന ഭവനവും പരിപാലിക്കപ്പെടുന്നതായിട്ടാണ്. കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമേ ഉള്ളു അതു തിന്നിട്ടു മരിക്കാൻ ഇരികയാണെന്നു ഏലീയാവിനോട് ആ വിധവ പറയുമ്പോൾ അവൾ അറിയുന്നില്ല മുന്നമേ ദൈവം അവൾക്കു വേണ്ടി കരുതുന്ന കരുതലിനെ കുറിച്ച്‌. 17:14 കാണുന്നു “ഭൂമിയിൽ മഴ പെയ്യുന്ന നാൾ വരെ നിന്റെ കലത്തിലെ മാവും തുരുത്തിയിലെ എണ്ണയും തീർന്നു പോകയില്ല”.
പ്രിയരേ ഇവിടെ നാം കാണുന്നത് ദൈവത്തിന്റെ ഭൃത്യനെ പരിപാലിക്കുന്ന ഈ വിധവയുടെ പക്കൽ ഒരു നേരത്തേക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവൾ അവനു വേണ്ടി കൊടുത്തതു കൊണ്ട് ദൈവം അവളുടെ കലത്തിലെ മാവും തുരുത്തിയിലെ എണ്ണയും കുറയുവാൻ സമ്മതിച്ചില്ല. പലപ്പോഴും നാം വിചാരിക്കും എനിക്ക് അല്പമേ ഉള്ളു; ഞാൻ എങ്ങനെ മറ്റുള്ളവരെ സഹായിക്കും എന്ന്. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (മത്താ. 25 :40) എന്ന കർത്താവിന്റെ വാക്കുകൾ നാം ഓർക്കണം. നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ നമ്മുടെ കലത്തിലെ മാവും തുരുത്തിയിലെ എണ്ണയും തീർന്നു പോകാതെ നോക്കേണ്ടത് കർത്താവിന്റെ കടമയായി മാറുകയല്ലേ? .
അങ്ങനെ ഏലിയാവ് ദൈവത്തിന്റെ അരുളപ്പാടു അറിയിച്ചു കൊണ്ടേയിരുന്നു. 1 രാജാ. 18 മുതൽ താഴോട്ടു വായിച്ചാൽ അനേക ദൈവിക പ്രവർത്തികളും കാണുവാൻ സാധിക്കും.
എന്നാൽ ഇത്രയുമൊക്കെ ആയിട്ടും ഏലിയാവും ഇടക്കൊന്നു ഭയപ്പെട്ടു പോയ നിമിഷങ്ങൾ ഉണ്ട്. 18:40 കാണുന്നു ബാലിന്റെ പ്രവാചകന്മാരെ കൊന്നു കളഞ്ഞത് കൊണ്ട് ഇസബെൽ അവനെ കൊന്നു കളവാൻ ഭാവിച്ചു. ഈ വാർത്ത കേട്ടതു കൊണ്ട് ഏലിയാവ് മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ കീഴിൽ ഇരുന്നു കൊണ്ട് മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ ദൈവത്തിനു അറിയാമായിരുന്നു തന്റെ ഭൃത്യനെ എങ്ങനെ പരിപാലിക്കണം എന്ന്. 19:5 ,
ചൂരച്ചെടിയുടെ കീഴിൽ ഉറങ്ങുമ്പോൾ ഒരു ദൂതൻ അവനെ തട്ടി; എഴുന്നേറ്റു തിന്നുക ഇനിയും നിനക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നു പറയുകയും അവൻ നോക്കുമ്പോൾ കനലിന്മേൽ ചുട്ട അടയും ഒരു തുരുത്തി വെള്ളവും കണ്ടു.
പ്രിയരേ, നാം ആദ്യഭാഗത്തു കണ്ടു ദൈവം അവനെ കേരീത്തു തോട്ടിൽ കാക്കയാൽ ആഹാരം കൊടുത്തു പോഷിപ്പിച്ചു. എന്നാൽ മരുഭൂമിയിൽ വാടി തളർന്നു കിടക്കുമ്പോൾ ദൈവം തന്റെ ദൂതനെ തന്നെ അവനു വേണ്ടി അയക്കുന്നു. ദൈവത്തിനു അറിയാം കാക്കയെ വിടേണ്ട സമയവും ദൂതനെ വിടേണ്ട സമയവും!

നമ്മുടെ ജീവിതത്തിലും ഇതു പോലെ പ്രതിസന്ധികളുടെ വേളകളിൽ നാം പകച്ചു പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. നമ്മുടെ നേരെ അപവാദങ്ങൾ, നാം പോലും ചിന്തിക്കാത്ത കാര്യങ്ങൾ നാം ചെയ്തു എന്ന് പറയുമ്പോൾ ദൈവമേ ഇനി എനിക്ക് ജീവിച്ചിരിക്കേണ്ട എന്നു തോന്നുന്ന നിമിഷങ്ങൾ കണ്ടേക്കാം. എന്നാൽ ആ അവസരങ്ങളിലും ഏലീയാവിനെ കാത്തതുപോലെ നമ്മെയും കാക്കുവാൻ ശക്തനാണ് നമ്മുടെ ദൈവമെന്നു നാം തിരിച്ചറിയേണം. നാം അവന്റെ മക്കൾ ആണ്.
മുന്നോട്ടുള്ള അദ്ധ്യായത്തിൽ നാം ഏലീയാവിനെ വീണ്ടും കാണുന്നത് ഇസബേലിന് അവന്റെ രോമത്തിൽ തൊടാൻ പോലും കഴിഞ്ഞില്ല എന്ന വസ്തുതയാണ്. ഞാൻ ഇപ്പോൾ ഇസബേലിന്റെ കയ്യാൽ മരിക്കും എന്ന് അവൻ പറഞ്ഞിതിനു ശേഷവും അവൻ അനേക നാളുകൾ ദൈവത്തിനു വേണ്ടി നില കൊണ്ടു. ഏലിയാവും നമ്മെ പോലെ ഒരു മനുഷ്യൻ ആയിരുന്നു. അവനെ അവിടെ വ്യത്യസ്തനാക്കിയത് ദൈവത്തോടുള്ള ഭയവും ഭക്തിയും ആയിരുന്നു.

പാട്ടുകാരൻ പറയുന്ന പോലെ “മരുഭുപ്രയാണത്തിൽ ചരിടുവാൻ ഒരു നല്ല നായകൻ നമുക്കില്ലയോ ചുടു ചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഇ ലോകതാങ്ങുകളിൽ”. വരും നാളുകളിൽ ഏലീയാവിനെ പോലെ നമ്മൾക്കും ദൈവത്തിനു വേണ്ടി നില കൊള്ളാം. പ്രതിസന്ധി വരുമ്പോൾ പ്രയാസങ്ങൾ വരുമ്പോൾ അതിൽ പതറാതെ മുന്നോട്ടു നീങ്ങുവാൻ ദൈവം കൃപ നൽകട്ടെ.

അജു ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.