ലേഖനം: മക്കൾ യഹോവ നൽകുന്ന അവകാശം | ചിപ്പി ജോമോൻ, കോട്ടയം

‌യഹോവ നൽകിയ മക്കളാകുന്ന അവകാശത്തെ ദൈവീകപാതയിൽ,അവന്റെ ഹിതപ്രകാരം വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.മക്കളുടെ ശിക്ഷണത്തിലും പോഷണത്തിലും മാതാപിതാക്കൾ തുല്യപങ്ക് വഹിക്കേണ്ടതാണ്.എന്നിരുന്നാലും മിക്കകുടുംബങ്ങളിലും നാം ഇന്ന് അങ്ങനെ അല്ല കണ്ടുവരുന്നത്.ഒരു മാതാവിനാണ് കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നത്. തന്റെ ഉദരത്തിൽ ഒരു ശിശു ഉരുവാകുന്നത് മുതൽ ജീവിതത്തിലുടനീളം സ്വന്തം പൈതലിനോടൊപ്പം സമയം ചിലവഴിക്കുന്ന അമ്മക്ക് മാത്രമല്ല ആ കുഞ്ഞിനും അത് വിലപ്പെട്ടകാര്യമാണ്.അതിനാൽ യഹോവയുടെ കല്പനകൾ അനുസരിച്ച് അവന്റെ പാതയിൽ മക്കളെ നടത്തുന്നതിൽ മാതാവിനുള്ള പങ്ക് അതുല്യമാണ്. ദൈവ വഴിയിൽ നടക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് മാതാപിതാക്കളുടെ കടമ.

കുഞ്ഞുങ്ങൾ സ്വഭാവമഹിമയുള്ളവരും മാതൃകയുള്ളവരുമായി ജീവിക്കാൻ ആണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും മറിച്ച് സംഭവിക്കുമ്പോൾ എന്തുചെയ്യണം എന്നു അറിയാതെ പകച്ചുനിന്നുപോകുന്നു. ചീത്തകൂട്ടുക്കെട്ടിലും ചീത്തസ്വഭാവങ്ങളിലും പെട്ട് വഴിപിഴച്ച് പോകാതെ മക്കളെ നേർവഴിയിൽ കൊണ്ടുവരുവാൻ,ദൈവപൈതലായി വളർത്തുവാൻ ഒരു മാതാവിന്റെ ശ്രദ്ധയോടുള്ള പ്രാർത്ഥനക്കും പരിശ്രമത്തിനും സാധിക്കും.

post watermark60x60

അബ്രഹാമിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ദൈവം പറഞ്ഞിരിക്കുന്നത് “യഹോവ അബ്രഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു”(ഉല്പത്തി 18:19) എന്നാണ്. അതുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് മാതാപിതാക്കളുടെ കടമ.

“മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും” (സദൃ.18:21). നാം എന്തിൽ ഇഷ്ടപ്പെടുന്നുവോ അഥവാ നമ്മുടെ നാവുകൊണ്ട് നാം എന്ത് ഏറ്റു പറയുന്നുവോ അതിൻ്റെ ഫലം നാം അനുഭവിക്കും. “നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും” (യിരെ.15:19).

Download Our Android App | iOS App

അനേക മാതാപിതാക്കൾ തങ്ങളുടെ നാവ് തങ്ങളുടെ കുഞ്ഞുങ്ങളെ ശപിക്കുന്നതിനും അവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നതിനുമാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ മൃഗങ്ങളുടെ പേര് വിളിക്കുന്നതിനും ചീത്ത വാക്കുകൾ ഉപയോഗിച്ച് ശാസിക്കുന്നതിനും പലരും മടിക്കുന്നില്ല. എന്നാൽ, നിങ്ങൾ അങ്ങനെ ആയിരിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നില്ല. “ശപിക്കാതെ അനുഗ്രഹിപ്പിൻ”(റോമർ 12:14) എന്നും “നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ” (1 പത്രൊ. 3:9) എന്നും തിരുവചനത്തിൽ വായിക്കുന്നു. ആയതിനാൽ മക്കളെ ശപിക്കാതെ അനുഗ്രഹിക്കുന്നവരായിരിക്കുക.

ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം വിലയേറിയതാണ്. ജ്ഞാനമുള്ള സ്ത്രീ വീട് പണിതപ്പോൾ ഏഴ് തുണുകൾ തീർത്തു. ഏഴ് പൂർണ്ണതയെ കാണിക്കുന്നതു പോലെ മാതാപിതാക്കൾക്ക് ക്രിസ്തുവിൽ പ്രശംസിക്കുവാൻ കഴിയുന്ന പൂർണ്ണതയുള്ള തലമുറകൾ നമ്മുടെ ഭവനങ്ങളിൽ വളരട്ടെ. മേശയക്ക് ചുറ്റും ഒലിവ് തൈയുടെ അനുഭവം തരുന്നവരായി അവർ നിമിത്തം പട്ടണവാതില്ക്കൽ പ്രശംസിക്കുവാൻ ഇടവരത്തക്കവണ്ണം തിരുവചനത്തിൽ അധിഷ്ഠിതമായ ധാർമ്മിക മൂല്യമുള്ള തലമുറകളായി അവരെ നമുക്ക് ക്രിസ്തുവിലുള്ള ശിഷണത്തിൽ വളർത്താം. കർത്താവ് വളർത്തുവാൻ തന്നിരിക്കുന്ന തൻ്റെ ദാനമായ മക്കളെ ദൈവോന്മുകരായി വളർത്തുവാൻ നമുക്ക് പരിശ്രമിക്കാം.

ചിപ്പി ജോമോൻ, കോട്ടയം

-ADVERTISEMENT-

You might also like