ലേഖനം: ഭക്തിയുടെ അർത്ഥതലങ്ങൾ | ഡോ. ജെയിംസ്‌ ജോർജ് വെൺമണി

പ്രതിസന്ധികളിൽ ഉദിക്കുകയും കരകയറുമ്പോൾ അസ്തമിക്കുകയും ചെയ്യുന്ന ഭക്തിയുടെ ഉദ്ദേശശുദ്ധി കണ്ടെത്താൻ ഒരുവൻ പണ്ഡിതനാകണമെന്നില്ല.
ഉദ്ദിഷ്ട കാര്യങ്ങൾക്ക് ദൈവത്തെ തേടുകയും പിന്നെ നിർദ്ദിഷ്ട അകലം ദൈവത്തോട്
പാലിക്കുകയും ചെയ്യുന്ന *’സമയോചിത ആത്മീകത’* ഭക്തിയുടെ വേഷപകർച്ചകൾ മാത്രം. ഉയർച്ചയിലും താഴ്ച്ചയിലും ദൈവത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനുഭവത്തിലേക്ക് വളരുന്നതാണ് യഥാർത്ഥ ഭക്തി. ഭക്തിയുടെ വേഷം ധരിക്കാത്ത ഒരു ഭക്തനായിരുന്നു ഇയ്യോബ്. ഭക്തികൊണ്ട് ഉള്ളടക്കം വളർത്തിയ, ഭക്തനു ചുറ്റും ദൈവം സംരക്ഷണത്തിന്റെ വേലിയും ഉയർത്തി. പത്തു മക്കളും ദൈവത്തോടുള്ള ഭക്തിയിൽ *എ പ്ലസ്* വാങ്ങിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്ന ഇയ്യോബ് അവരെ ശുദ്ധീകരിക്കുകയും അവരുടെ സംഖൃക്ക് ഒത്തവണ്ണം ഹോമയാഗം കഴിക്കുകയും ചെയ്തിരുന്നു.

‘ദൈവത്തിൽ നിന്ന് നേടുക’ എന്ന ചിന്താഗതിയിൽ നിന്നും
ദൈവത്തിന്റെ ഇഷ്ടത്തിനായി സമർപ്പിക്കുന്ന പരിജ്ഞാനത്തിലേക്ക് വളരുന്നതാണ് യഥാർത്ഥ
ഭക്തി. ഒരിക്കലും ഭക്തി ‘സീസണൽ’ ആകരുത്. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ കാലങ്ങളിൽ മാത്രം ഉണ്ടാക്കുകയും പിന്നീട് ഇല്ലാതാകുകയും ചെയ്യുന്ന മതാത്മകതയുടെ ഭാഗമായ *സീസണൽ*
*ഭക്തിയിൽ* നിന്നും ദൈവാത്മകതയുടെ അനുഭവമായ *ശിഷൃത്വത്തിലേക്ക്* കടന്നു ചെല്ലണം. പ്രതിസന്ധികളിൽ മാത്രം ഉണ്ടാകുന്ന ദൈവാശ്രയം ഭക്തി അളക്കുവാനുള്ള ശരിയായ മാനദണ്ഡം ആകണമെന്നില്ല. കോവിഡ് കാലം നമ്മിൽ ‘കൂടുതൽ ഭക്തിയും’ ‘പ്രാർത്ഥനയും’ ‘ദൈവീക ബോധവും’ ‘മനസ്സാന്തരവും’ സൃക്ഷടിക്കുന്നു എന്നത് ഒരു സത്യമാണ്. ഈ അനുഭവങ്ങൾ ഒരിക്കലും തെറ്റാണെന്ന് പറയുകയല്ല.
എന്നാൽ പ്രതിസന്ധികൾ തീർന്നാലും ദൈവാശ്രയ ബോധവും സമർപ്പണ ജീവിതവും തുടരുവാൻ കഴിയുമ്പോഴാണ് ഭക്തി ശരിയായി നിർവചിക്കപ്പെടുന്നത്.
‘അനുതാപവും’ ‘ആത്മപരിശോധനയും’, ‘ജീവിതത്തിന്റെ പുനർ വായനയും’ ‘സ്വയ ശാക്തീകരണവും’ ജീവിതത്തിന് ഒരു ‘u റ്റേണിനായി’ പുനസമർപ്പണം ചെയ്യേണ്ടുന്ന സമയങ്ങളാണ് കോവിഡ്കാലം സമ്മാനിക്കുന്നത് എന്നതിൽ രണ്ടു
പക്ഷമില്ല. പക്ഷേ, ഈ യാത്ര നിലയ്ക്കരുത്‌. ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ആത്മീക മുന്നേറ്റം പുറകോട്ടു പോകാതെ സൂക്ഷിക്കണം. വർത്തമാനകാലത്ത്‌ ലഭിക്കുന്ന നല്ല ‘ *തിരിച്ചറിവുകൾ* ‘ സൗകരൃപൂർവ്വം പിന്നീട് വിസ്മരിക്കരുത്. ദാവീദ് പറയുന്നു: ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. ആപത്തുകാലത്ത് ദൈവത്തെ അടുത്തറിഞ്ഞ ദാവീദ് ജീവിതകാലത്തും ദൈവത്തിനു ഒന്നാം സ്ഥാനം നല്കിയിരുന്നു. ആപത്തുകൾ ഒഴിഞ്ഞുമാറിയപ്പോഴും ദാവീദിന്റെ വാക്കുകൾ: ഞാൻ യഹോവയെ എപ്പോഴും എന്റെ മുബിൽ വെച്ചിരിക്കുന്നു. അവൻ എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകയില്ല. (സങ്കീ: 16:8). ആപത്തു ഘട്ടത്തിലും ശാന്തതയുടെ തുറമുഖത്തും പ്രഥമ സ്ഥാനം ദൈവത്തിന് തന്നെ ആയിരിക്കേണം.

ഇനിയും എങ്ങനെ? എങ്ങോട്ട്? എന്നതാണ് പ്രസക്തമായ ചോദ്യം.
ഭക്തിയുടെ വേഷങ്ങളിൽ നിന്ന് സമർപ്പണത്തിന്റെ അനുഭവങ്ങളിലേക്കും, പുറം കവറുകളുടെ മനോഹാരിതയിൽ നിന്നും ഉള്ളടക്കത്തിന്റെ ആഴങ്ങളിലേക്കുമുളള ഒരു ‘പറിച്ചുനടീൽ’ ഉണ്ടാകണം. വൃക്തി സ്വാതന്ത്രൃവും സ്വത്വാവബോധവും നഷ്ടമാക്കി മറ്റുള്ളവരുടെ തടവറയിൽ ജീവിക്കുന്നത് ഭക്തിയല്ല, നിലനിൽപ്പിന്റെ കേവല തത്രപാടുകൾ മാത്രം. ഈ മുഖംമൂടികളെ പിഴുതെറിഞ് സ്വയത്തോടെ നീതി പുലർത്തിയും ദൈവത്തെ മുൻനിർത്തിയും ജീവിക്കണം. യഥാർത്ഥ ഭക്തി ആന്തരീകവും ദൈവീക ബന്ധത്തിൽ നിന്നും ഉരുത്തിരിയുന്ന ജീവിത സമർപ്പണവുമത്രേ. ദൈവത്തിന്റെ പദ്ധതിയിൽ ഇല്ലാത്തത് ഒന്നും നമ്മുടെ ചിന്തയുടെ ഭൂപടത്തിലും ഉണ്ടാകരുത്. സംഭവങ്ങളുടെ പിൻപിലുളള കാരണങ്ങൾ കണ്ടുപിടിക്കാനുളള വ്യഗ്രതയല്ല, അതിന്റെ പിന്നിലുള്ള ദൈവീക ഉദ്ദേശങ്ങൾ എന്തെണാന്ന കണ്ടെത്തലാണാവശൃം. ആത്മീയതയുടെ സൗന്ദര്യവൽക്കരണവും വിപണന ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ എഴുത്തുകളും സുവിശേഷ പ്രസംഗങ്ങളും ഭക്തി ഇല്ലായ്മയുടെ ജീർണ്ണിച്ച മുഖങ്ങളാണന്നു ഒരിക്കലും മറക്കരുത്. ഭക്തി വിരുദ്ധമായ വൃഥാലാപങ്ങളെ നാം ഒഴിഞ്ഞ് ഇരിക്കണം. സഹനത്തിന്റെ പാതകളാണ് ഭക്തർ എപ്പോഴും ഇഷ്ടപ്പെടുന്നത്. നിത്യതയ്ക്കാണ് ഭക്തർ ഏറ്റവും വലിയ വില ഇടുന്നത്.
അവർക്ക് ദൈവം രക്ഷപ്പെടുവാനുള്ള ‘ *എമർജൻസി എക്സിറ്റ്* ‘ അല്ല. പിന്നെയോ രക്ഷിക്കപ്പെടുവാനുള്ള യഥാർത്ഥ *ഇടുക്കു വഴിയാണ്.* ആ വഴി ചിലപ്പോൾ ഒറ്റപ്പെടലിന്റേതും മറ്റുചിലപ്പോൾ തിരസ്കരണത്തിന്റേതുമാകാം. അവർ ആൾക്കൂട്ടത്തിൽ തനിച്ചാണങ്കിലും ദൈവത്തിന്റെ പദ്ധതിയിൽ നിറഞ്ഞുനിൽക്കുന്നവരാണ്. ഭക്തന്റെ പാത ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിലേക്കുള്ള യഥാർത്ഥ വഴിയാണന്ന സത്യം ഒരിക്കലും മറക്കരുത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.