ലേഖനം: ആത്മീയതയിൽ കൊറോണ കടന്നാൽ! | അജു ഡൽഹി

പ്രിയരേ ഇന്ന് ലോകം അതിഭീതിതമാം വിധം അഭിമുഖീകരിക്കുന്ന ജീവന്മരണ പോരാട്ടമാണല്ലോ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി. ഇതിനു കാരണമായ വൈറസിന്റെ ഉത്ഭവവും ഉറവിടവും എവിടെ നിന്നു എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ ഊഹാഭോഗങ്ങൾ ഉത്തരമായി ഉയർന്നു വരുന്നു. അതൊക്കെ അവിടെ നിൽക്കട്ടെ. ഈ ചുരുങ്ങിയ വാക്കുകളിൽ നാം ചിന്തിക്കുവാൻ ആഗ്രഹിക്കുന്നത് ഒരു മനുഷ്യന്റെ ആത്മീയ ജീവിതത്തിൽ ഈ ലോകത്തിലെ തിന്മകൾ എന്ന (കൊറോണ) വൈറസ് കടന്നാൽ അവന്റെ ജീവിതത്തിൽ സംഭവിക്കുവാൻ സാധ്യതയുള്ള കാര്യങ്ങൾ ആണ്. അതിലേക്കു ശ്രദ്ധ തിരിക്കാം!

കൊറോണ വൈറസ് ഒരുവനിൽ പ്രവേശിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും ഒന്നുകിൽ ആ മനുഷ്യൻ അതിനെ അതിജീവിക്കും; അല്ലെങ്കിൽ അതിനോട് ജയിക്കാനാകാതെ മരണത്തിനു അവൻ കീഴടങ്ങും.
പര്യാപ്തമായ ചികിത്സാവിധികൾ ഇതേവരെ കണ്ടുപിടിച്ചിട്ടില്ല എന്നതിനാൽ ഈ വൈറസിന്റെ ആക്രമണ പ്രഹരം പലമടങ്ങു കൂടുതലാണ്. അതേസമയം സംഭവ്യമായ മുൻകരുതലുകൾ സ്വീകരിച്ചു രോഗപ്രതിരോധവും രോഗവ്യാപനം തടയലുമാണ് പ്രതിവിധിയെന്ന മുന്നറിയിപ്പ് സർക്കാർ-ആരോഗ്യവകുപ്പുകൾ ജനത്തിന് നൽകിക്കഴിഞ്ഞു.

അതിൽ പ്രധാനമാണ് മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നീ ശീലങ്ങൾ വികസിപ്പിക്കുന്നതിലൂടെ സാധിതമാകുന്നത്. അതിനു മീതെ ‘ലോക്ക് ഡൌൺ’ കൂടെയായപ്പോഴേക്കും രോഗം അതിവേഗം പടരുന്നതിനുള്ള സാധ്യത ഒരു പരിധിവരെ തടയപ്പെട്ടിരിക്കുന്നു.

അതെല്ലാം നാം ചെയ്തു കൊണ്ടേ ഇരിക്കുന്നു. എന്നാൽ ഇന്നു നാം കാണുന്നതുപോലെ ആദ്യം ഇതെല്ലാം നമ്മൾ വളരെ കൃത്യതയുടെ ചെയ്യും; എന്നാൽ കുറച്ചു കഴിയുമ്പോൾ മടുക്കും.
ഇത്രനാളും ഇതെല്ലാം ചെയ്തില്ലേ ഇനി അല്പം വിട്ടുവീഴ്ചയൊക്കെ ആവാം എന്ന മാനസിക സ്ഥിതിയിൽ നാമെത്തിച്ചേരും. അങ്ങനെ പതുക്കെ മാസ്കിന്റെ ഉപയോഗം കുറയ്ക്കും; പിന്നെ കൈകഴുകലിന്റെ തവണകൾ കുറയും; സാമൂഹിക അകലം ഒഴിവാക്കും; അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഇതെല്ലാം പാലിക്കുന്ന അവസ്ഥയിലേക്ക് സാവധാനം മാറും.

അപ്പോഴേക്കും എവിടെ നിന്നെങ്കിലും ഈ വൈറസ് പതുക്കെ നമ്മുടെ ശരീരത്തിൽ കടക്കും. മുൻപ് പാലിച്ചിരുന്ന നിയമങ്ങളുടെ പിൻബലത്തിൽ ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കുക പ്രയാസമാണെന്ന് തിരിച്ചറിയുമ്പോഴേക്കും വൈറസിന്റെ ആക്രമണം തീവ്രമായിത്തീരുകയും അതിജീവനപ്രാപ്തിയില്ലെങ്കിൽ മരണം കീഴടക്കുകയും ചെയ്തിരിക്കും. ഇതൊക്കെ ആണ് പൊതുവെ ഈ വൈറസിന്റെ പ്രവൃത്തിപഥം.

നമ്മുടെ വിഷയത്തിലേക്കു വരാം! കഴിഞ്ഞ കാലങ്ങളിൽ ദൈവത്തിനു വേണ്ടി നിലനിന്ന അനേകർ, ഈ ലോകത്തിലെ സകല തിന്മകളെയും വെറുത്തു മുന്നേറിയവരിൽ പലർ, പതുക്കെ ഈ ലോകത്തിന്റെ മോഹങ്ങളിലേക്കു വീണുപോയത് നമുക്ക് ചൂണ്ടുപലകകളായി തീരണം.

മാസ്ക് ധരിക്കുന്നതു അണുബാധിതരിൽ നിന്ന് മറ്റൊരുവനിലേക്കു സംക്രമണം ഏൽക്കാതിരിക്കുന്നതിനുള്ള മുൻകരുതലാണല്ലോ. കൈകഴുകുന്നതിനാൽ രോഗബാധിത പ്രതലങ്ങളിലെ സ്പർശനത്താൽ കൈകളിലേറ്റ അണുബാധയുടെ സാധ്യത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സാമൂഹിക അകലത്താൽ സമ്പർക്കം നിമിത്തം രോഗം പകരുവാനുള്ള സാധ്യത ഇല്ലായ്‌മ ചെയ്യുന്നു. ലോക്ക് ഡൌണിൽ കൂടെ തിരക്കുകളുടെ ലോകത്തിൽ നിന്നും സ്വസ്ഥമായിരുന്നു പുരോഗമനപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അവസരവും ലഭിക്കുന്നു.

ഇവ ആത്മീക കാഴ്ചപ്പാടിൽ വിലയിരുത്തിയാൽ അധരങ്ങളെ സൂക്ഷിച്ചു (സങ്കീ. 39 :1) കൈ കഴുകി (സങ്കീ.26 :7) സാമൂഹിക അകലം പാലിച്ചു (സങ്കീ. 97 :10) ലോക്ക് ഡൌൺ നിയമങ്ങളിൽ ബദ്ധരായിരുന്നു (സങ്കീ. 73 :28) ലോകം, ജഡം, പിശാചിനോടുള്ള പോരാട്ടത്തിൽ ജയിച്ചു ജീവൻ വരികുവാൻ നമുക്കിടയാകും (യോഹ. 5 :24); കീഴെയുള്ള പാതാളത്തെ നാം ഒഴിഞ്ഞു പോകുവാൻ ഇടയായിത്തീരും (സദൃ. 15 :24b).

ആത്മീക ജീവിതത്തെ അപകടകരമായ വിധത്തിൽ ബാധിക്കുവാൻ സാധ്യതയുള്ള ലോകത്തിനനുരൂപമായ ‘വൈറസ്’കളെ വിട്ടകലുവാൻ നമുക്കിടയാകണം. നിത്യതയെന്ന വിഷയത്തിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങാതെ അതിജീവനത്തിന്റെ പാതയിൽ നിത്യജീവനെ പിടിച്ചുകൊള്ളുവാൻ നാം ശ്രദ്ധിക്കണം. നശിക്കുന്നതും നശിപ്പിക്കുന്നതുമായ ലോകസ്നേഹത്തെ വിട്ടൊഴിഞ്ഞു ദൈവേഷ്ടം ചെയ്തു എന്നേക്കും ജീവിക്കുവാൻ (1 യോഹ. 2 :17) നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം.

അജു ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.