ലേഖനം: കഷ്ടതയിലെ വാഗ്ദത്തങ്ങൾ | ജിനീഷ് പുനലൂര്‍

ദൈവമക്കളായ നമ്മൾ പലതരം വാഗ്‌ദത്തങ്ങൾ കേട്ടു അറിവുള്ളവർ ആണ്. എന്നാൽ “കഷ്ടതയിലെ വാഗ്ദത്തങ്ങൾ” വേദപുസ്‍തകത്തിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വാഗ്‌ദത്തം ആണ്. എന്നാൽ നാം ആകുന്ന മനുഷ്യവർഗം ഈ വാഗ്‌ദത്തത്തെ മനസിലാക്കുവാൻ ശ്രമിച്ചട്ടില്ല. ദൈവമക്കളുടെ ഇടയിൽ തിളങ്ങി നിൽക്കുന്ന ഒരു വാഗ്‌ദത്തം ആണ് “ഭൗതിക അനുഗ്രഹം”. ഈ ഒരു വാഗ്‌ദത്തത്തെ ആണ് കൂടുതൽ അറിയുവാനും കേൾക്കുവാനും നാം ആഗ്രഹിക്കുന്നത്.

post watermark60x60

ഒരു ദൈവ പൈതലിനെ സംബന്ധിച്ചു കഷ്ടത എന്നുള്ളത് അവന്റെ ഉറ്റ സുഹൃത്ത് ആണ്. അവൻ ജീവിതത്തിൽ എവിടെ വീഴുന്നുവോ, അവിടെ നിന്നും പിടിച്ചുകയറി വീഴുവാൻ ഉണ്ടായ സാഹചര്യത്തെ മനസിലാക്കി ജീവിതത്തെ വിജയിക്കുവാൻ സഹായിക്കുന്ന സുഹൃത്ത് ആണ് കഷ്ടത. എന്തിനാണ് ദൈവമക്കളുടെ സുഹൃത്തായി കഷ്ടതയെ ആക്കി വെച്ചിരിക്കുന്നത്‌. വേദപുസ്തകത്തിൽ തന്നെ മറുപടി ഉണ്ട്. സെഖര്യാവു 13:9 ൽ ‘മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.’ ദൈവത്തിന്റെ ആത്മാവ് ഇവിടെ പൊന്നിനെയും വെള്ളിയെയും കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ഈ പൊന്നിന്റെയും വെള്ളിയുടെയും പ്രത്യേകത, ഉപയോഗത്തിൽ അശ്രദ്ധ വരുമ്പോൾ ഇതിൽ അഴുക്കു അടിഞ്ഞു കൂടുകയും, കറുത്ത പാടുകൾ ഉണ്ടാകുകയും ചെയ്യും.

കറുത്ത പാടുകൾ ആയ പൊന്നും, വെള്ളിയും തട്ടാന്റെ കൈയിൽ കൊണ്ട് കൊടുക്കുകയും, തട്ടാൻ അതിനെ കഴുകി അടിച്ചു മിനുക്കി ശോധന ചെയ്തു സൗന്ദര്യം ഉള്ളത് ആക്കി പുറത്തു വരുത്തും. ഇതുപോലെ തന്നെ ആയിരിക്കും ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ നടക്കുന്നത്. അവന്റെ ആത്മീയ ജീവിതത്തിൽ വിള്ളലുകൾ സംഭവിക്കുമ്പോൾ, അവന്റെ ഹൃദയത്തിൽ കറുത്ത പാടുകൾ ആയ ലോകമോഹങ്ങൾ കയറുമ്പോൾ, ദൈവം അവനെ ചെത്തി മിനുക്കി ശോധന ചെയ്തു എടുക്കും. ഈ ഒരു പ്രക്രിയയെ പറയുന്ന പേര് ആണ് കഷ്ടത. ഒന്നുകൂടെ തെളിച്ചു പറഞ്ഞാൽ, പൊന്നും, വെള്ളിയും തട്ടാന്റെ കൈയിൽ കൊടുക്കുന്ന സമയത്തിനും ശോധന ചെയ്തു പുറത്തു വരുന്ന സമയത്തിനും ഇടയിൽ നടക്കുന്ന വളരെ മഹത്തരമായ പ്രക്രിയയെ നമ്മൾ ചെല്ലപ്പേരിൽ വിളിക്കുന്നതാണ് ‘കഷ്ടത’! എന്നാൽ ഈ കഷ്ട്ടതയിൽ തകർന്നു പോകാതെ ഇരിക്കാൻ വേണ്ടി ദൈവം നമ്മോട് സംസാരിക്കും. ഇതിനെ ആണ് കഷ്ടതയിലെ വാഗ്‌ദത്തം എന്ന് വിളിക്കുന്നത്. ദൈവം നമ്മെ പണിയുന്ന സമയത്തു അസഹനീയമായ വേദന, കണ്ണുനീർ, നഷ്ടങ്ങൾ ഇവ ജീവിതത്തിൽ കടന്നുവരുമ്പോൾ ദൈവവചനം ഇങ്ങനെ പറയുന്നു: സങ്കീർത്തനങ്ങൾ 50:15 – ‘കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.’ ദൈവം കഷ്ടതയിൽ വാഗ്‌ദത്തം തരിക മാത്രമല്ല, അത്‌ നമ്മളുടെ ജീവിതങ്ങളിൽ പൂർത്തീകരിക്കുകയും ചെയ്യുന്നു. സങ്കീർത്തനങ്ങൾ 37:23, 24 ൽ ‘ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.’
വേദപുസ്തകത്തിൽ അനേകം വാഗ്‌ദത്തങ്ങൾ ഉണ്ട്. എന്നാൽ പ്രധാന്യം അർഹിക്കുന്ന ഒരു വാഗ്‌ദത്തം ആണ് “കഷ്ടതയിലെ വാഗ്‌ദത്തം”. ഈ കഷ്ടതയുടെ പ്രത്യേകത ദൈവത്തെ കൂടുതൽ അറിയുവാനും, പഠിക്കുവാനും കഴിയും എന്നുള്ളതാണ്. കഷ്ടതയിൽ ദൈവത്തോട് പിറുപിറുക്കാതെയും, ദൈവസന്നിധിയിൽ നിന്നും പിന്മാറി പോകാതെയും ഇരിക്കാൻ വേണ്ടി ഈ വാഗ്‌ദത്തെ മുറുകെ പിടിച്ചു ദൈവശബ്ദത്തിനായി കാതോർത്തു ഇരിക്കാം.

Download Our Android App | iOS App

ജിനീഷ് പുനലൂർ

-ADVERTISEMENT-

You might also like