കൗൺസിലിംഗ് കോര്‍ണര്‍: പ്രതിസന്ധികളെ അതിജീവിക്കുക | ബാബു തോമസ്സ് അങ്കമാലി

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ നിരാശ തോന്നിയിട്ടുണ്ടോ?

post watermark60x60

എനിക്ക് പാട്ട് പാടാൻ കൂടി കഴിവുണ്ടായിരുന്നെങ്കിൽ എന്നോർത്ത് നിരാശനായിട്ടുണ്ടോ?

ഞാൻ കുറച്ച് പണമുള്ള വീട്ടിൽ ജനിച്ചിരുന്നെങ്കിൽ, ….. എൻ്റെ മാതാപിതാക്കൾ തമ്മിൽ വഴക്കു കൂടിയില്ലായിരുന്നെങ്കിൽ, കുറച്ച് കൂടി ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ ……
ഇങ്ങനെ ഒരു പാട് നിരാശയോടെ ജീവിതത്തെ നോക്കി കാണുന്ന കുറച്ചു പേരൊക്കെയുണ്ട്…..

Download Our Android App | iOS App

ഇന്നത്തെ പാഠം ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാനുള്ള മനസുണ്ടാക്കിയെടുക്കാൻ വേണ്ടിയുള്ളതാണ്

വർണശബളമായ ലോകത്ത്‌ പാറിനടക്കുന്ന ചിത്രശലഭത്തിന്റെ ചിറകുകൾ പെട്ടെന്ന്‌ അറ്റുപോകുക… അതിന്റെ ലോകം എന്നെന്നേക്കുമായി അവസാനിക്കുന്നതിന്‌ തുല്യമാണത്‌. അറ്റുപോയ ചിറകുകളുമായി ഒരു അതിജീവനം… അത്‌ എത്രത്തോളം സാധ്യമാണ്‌…?

എന്നാൽ, മനസ്സുവച്ചാൽ സാധ്യമെന്ന്‌ തെളിയിച്ച ഒരു കൊച്ചുപൂമ്പാറ്റയുണ്ട്‌… അങ്ങ്‌ ബ്രിട്ടനിൽ… ചിത്രശലഭം പോലൊരു പെൺകുട്ടി.

ആറുവയസ്സുവരെ വർണാഭമായ തന്റെ ലോകത്ത്‌ അവൾ പാറിപ്പറന്ന്‌ നടന്നു… സ്കൂളിലും വീട്ടിലും നാട്ടിലുമെല്ലാം. പെട്ടെന്നൊരുനാൾ അവൾ ചിറകൊടിഞ്ഞ്‌ വീണു… രണ്ടുകൈകളും കാലുകളും മുറിച്ചുമാറ്റപ്പെട്ടു. ആറുവയസ്സുകാരിയുടെ ലോകം ഇനി നാല്‌ ചുവരുകൾക്കുള്ളിൽ എന്ന്‌ വിധിയെഴുതപ്പെട്ടു.

എന്നാൽ തന്റെ ആത്മവിശ്വാസവും, മനക്കരുത്തും കൊണ്ട്‌ അവൾ അതിജീവിച്ചു. ഇന്ന്‌ ലോകം അറിയുന്ന ജിംനാസ്റ്റിക്‌ എന്ന്‌ അവളെ വിളിക്കണം. ‘ഇസി വിയോൾ’ എന്ന ‘ഇസബെല്ല വിയോൾ’ ആണ്‌ ആ പെൺകൊടി.

ബ്രിട്ടനിലെ ഡെർബി എന്ന സ്ഥലത്താണ്‌ ‘ഇസി’ ജനിച്ചത്‌. കാതറിൻ ലോയിഡ്‌ അമ്മ… അച്ഛൻ ഒലിവർ വിയോൾ. പതിവുപോലെ മകളെ സ്കൂളിലേക്ക്‌ യാത്രയാക്കിയ മാതാപിതാക്കളെ തേടി പതിവില്ലാതെ ഒരു ഫോൺവിളിയെത്തി: ‘മകൾ സ്കൂളിൽ സുഖമില്ലാതിരിക്കുന്നു…’ ഓടി സ്കൂളിലെത്തിയ അവർ പൊന്നോമനമകളെയും എടുത്ത്‌ ആശുപത്രിയിൽ എത്തി.

‘മെനിഞ്ചൈറ്റിസ്‌’ എന്ന മാരകരോഗമാണ്‌ മകൾക്കെന്ന്‌ തിരിച്ചറിഞ്ഞപ്പോഴേക്കും അവൾക്ക്‌ ഹാർട്ട്‌ അറ്റാക്ക്‌ വന്നുകഴിഞ്ഞിരുന്നു. ഈ ലോകത്തിൽ മകളുടെ ജീവിതം ഒരുപക്ഷേ, മണിക്കൂറുകൾ മാത്രമായേക്കാമെന്ന്‌ ഡോക്ടർമാർ നൽകിയ സൂചനയ്ക്കു മുന്നിൽ അവർ ഹൃദയംതകർന്ന്‌ നിന്നു. ഒടുവിൽ അവരുടെ പ്രാർത്ഥനയ്ക്ക്‌ ഉത്തരമായി മകളുടെ ജീവൻ തിരിച്ചുകിട്ടി… പക്ഷേ, രണ്ട്‌ കൈകളും കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. രണ്ടാഴ്ച ‘കോമ’യിലായിരുന്നു ഇസി. തലച്ചോറിനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നാണ്‌ കരുതിയത്‌… എന്നാൽ അങ്ങനെ ഉണ്ടായില്ല… അവൾ അതിജീവിച്ചു.

ജീവിതത്തെ ഇത്ര ആത്മവിശ്വാസത്തോടെ, ശുഭചിന്തയോടെ നേരിടുന്ന ‘ഇസി’യെപ്പോലെ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന്‌ അവളുടെ അച്ഛൻതന്നെ പറയുന്നു. കൈകളും കാലുകളും നഷ്ടപ്പെട്ട ആ പെൺകുട്ടി, ജീവിതം തിരികെപ്പിടിക്കുക തന്നെ ചെയ്തു.

തന്റെ അവയവങ്ങൾ മാത്രമാണ്‌ നഷ്ടമായതെന്നും തന്റെ കഴിവുകളും ആത്മവിശ്വാസവും ഇല്ലാതായിട്ടില്ലെന്നും അവൾ ലോകത്തിന്‌ കാണിച്ചുകൊടുത്തു. വീൽച്ചെയറിൽ നിന്ന്‌ അവൾ കൃത്രിമക്കാലിലേക്ക്‌ ജീവിതം മാറ്റിച്ചവിട്ടി. രണ്ടുമാസത്തെ ആശുപത്രിജീവിതത്തിനു ശേഷം എട്ടുമാസം മാത്രമാണവൾ വീൽച്ചെയറിനെ ആശ്രയിച്ചത്‌.

2011-ൽ കൃത്രിമ കാലുകളുപയോഗിച്ച്‌ നടന്നുതുടങ്ങിയ ‘ഇസി’ അഞ്ചുകൊല്ലം കൊണ്ട്‌ കഠിനാധ്വാനം ചെയ്ത്‌ ‘ജിംനാസ്റ്റിക്‌’ (‘ട്രാംപോളിൻ’) ഇനത്തിൽ ദേശീയ ചാമ്പ്യനായി. അവളുടെ മടങ്ങിവരവ്‌ ഒരു രാജ്യത്തെയാകെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു… ദേശീയതലത്തിൽ ഒരു സ്കൂൾ വിദ്യാർഥിനി രണ്ട്‌ കൈയും കാലുമില്ലാതെ നേടിയ വിജയം.

വരുംദിനങ്ങളിൽ അന്തർദേശീയ തലത്തിൽ സമ്മാനം നേടാനുള്ള കഠിനപരിശ്രമത്തിലാണ്‌ ഇസി ഇപ്പോൾ… മണിക്കൂറുകൾ ഇതിനായി പരിശീലിക്കുന്നു. സ്കൂളിൽ തന്റെ കൂട്ടുകാർ ‘ട്രാംപോളിൻ’ പരിശീലിക്കുന്നത്‌ കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമാണ്‌, അവളെ ഒടുവിൽ ദേശീയതലത്തിൽ വിജയിയാക്കിയത്‌. ഇന്ന്‌ മാതാപിതാക്കൾ ‘ഇസി’യെക്കുറിച്ച്‌ പറയുന്ന്‌, ‘അവൾ ഞങ്ങളുടെ അഭിമാനമാണ്‌’ എന്നാണ്‌.

ഈ മേഖലയിൽ മാത്രമല്ല ‘ഇസി’ തിളങ്ങിയത്‌. സൗന്ദര്യമേഖലയിലും ഈ സുന്ദരി ഇന്ന്‌ പ്രസിദ്ധയാണ്‌. സ്വന്തമായി മേക്കപ്പിട്ടുകൊണ്ട്‌ അവൾ ചെയ്ത വീഡിയോകൾ ഏറെ ആകർഷകമാണ്‌. യുട്യൂബ്‌ ചാനലിൽ മേക്കപ്പിനൊപ്പം, സൗന്ദര്യത്തിനുള്ള നുറുങ്ങുവഴികളും പാഠങ്ങളുമെല്ലാം ഇസി നൽകിവരുന്നു. അതുവഴി ധാരാളമാളുകളെ പ്രചോദിപ്പിക്കാനും അവൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ഇപ്പോൾ ‘ബ്രിറ്റ്‌’ എന്ന, ഭിന്നശേഷിക്കാരുടെ ‘മോട്ടോർ റെയ്‌സിങ്‌ ടീമി’ൽ അവൾ അംഗമാണ്‌.

അങ്ങനെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ട്‌ ഈ പതിനേഴുകാരി പകരുന്ന പ്രത്യാശ അനേക ജീവിതങ്ങൾക്ക്‌ വഴികാട്ടിയാണ്‌.

2017-ൽ ‘യങ്‌ അച്ചീവർ’ വിഭാഗത്തിൽ ‘നാഷണൽ പ്രൈഡ്‌ ഓഫ്‌ സ്പോർട്‌സ്‌’ അവാർഡ്‌ അവൾക്ക്‌ ലഭിച്ചു. നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്‌ ഇസി ഇന്ന്‌.

നന്നേ ചെറുപ്രായത്തിൽ കാലുകളും കൈകളും നഷ്ടപ്പെട്ടിട്ടും പതറാതെ, തളരാതെ മുന്നേറിയ ഇസി നമുക്കും ഒരു മാതൃകയും പാഠവുമാണ്‌.

ഇല്ലായ്മയെ പഴിക്കാതെ, ഉള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്‌ സംതൃപ്തിയോടെ ജീവിക്കുക… സന്തോഷത്തോടെ മുന്നേറുക… ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക… ജീവിതവിജയം കൈവരിക്കുക… ഈ പാഠങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ്‌ ഇസിയുടെ ജീവിതം.

നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകാം… നഷ്ടങ്ങൾ അപ്രതീക്ഷിതമായി കടന്നുവരാം… അവിടെ തളരാതെ, പതറാതെ മുന്നോട്ടുപോകാൻ നമുക്ക്‌ സാധിക്കണം, ധീരമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കണം… അതിനെല്ലാം നമുക്ക്‌ കരുത്തുപകരുന്നതാണ്‌ ‘ഇസി’ എന്ന ചെറുപ്പക്കാരിയുടെ ജീവിതം.

മാതാപിതാക്കളോട്‌ :
~~~~~~
ജീവിതം ഒന്നേയുള്ളൂ. അവിടെ പല അവസരങ്ങൾ ഉണ്ട്‌. അത്‌ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ വിജയം.

പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തോടെ അവയെ അതിജീവിക്കാൻ മക്കൾ പഠിക്കണം. അതിന്‌ അവരോടൊപ്പം കരുത്തായി നിൽക്കേണ്ടവരാണ്‌ നിങ്ങൾ.

‘‘എനിക്ക്‌ കഴിയും… എനിക്ക്‌ കഴിയില്ല… എന്നിങ്ങനെ ആലോചിച്ചിരിക്കുന്നതിന്‌ പകരം ഇറങ്ങിച്ചെന്ന്‌ ശ്രമിക്കുക’’
– ഇസി വിയോൾ

ബാബു തോമസ്സ് അങ്കമാലി

-ADVERTISEMENT-

You might also like